എ. വിനോദ്
ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് ദേശീയ സംയോജക്
ഭാരതം ഇന്ന് എല്ലാ മേഖലകളിലും തന്റെ തനിമയും ഗരിമയും വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. ഈ പരിവര്‍ത്തനത്തിന്റെ ഏറ്റവും പ്രകടമായ പ്രതിഫലനം വിദ്യാഭ്യാസരംഗത്താണ് കാണാന്‍ കഴിയുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ ഭാരതീയ വിദ്യാഭ്യാസത്തിന്റെ ദിശയിലും ഉള്ളടക്കത്തിലും കാമ്പസ് സംസ്കാരത്തിലും ഉണ്ടായ മാറ്റങ്ങള്‍ ഒരു പുതിയ യുഗത്തിന്റെ തുടക്കമാണ് സൂചിപ്പിക്കുന്നത്.
2004 ജൂലൈ 2-ന് ആരംഭിച്ച ‘ശിക്ഷാ ബചാവോ ആന്ദോളന്’ ഈ മാറ്റത്തിന്റെ സുപ്രധാന നാഴികക്കല്ലായിരുന്നു. പാഠപുസ്തകങ്ങളിലെ വസ്തുതാവിരുദ്ധവും ഭാരതവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ ആദ്യമായി സമൂഹത്തിനും മാധ്യമങ്ങള്‍ക്കും മുന്നില്‍ തുറന്നുകാട്ടപ്പെട്ടു. ബ്രിട്ടീഷ് അധിനിവേശകാലത്ത് രൂപപ്പെട്ട ചരിത്രാഖ്യാനങ്ങള്‍ സ്വാതന്ത്ര്യാനന്തരം പോലും മാറ്റമില്ലാതെ തലമുറകളിലേക്ക് പകര്‍ന്നു കൊണ്ടിരുന്ന വിദ്യാഭ്യാസരീതിയെ ചോദ്യം ചെയ്യാന്‍ ഈ പ്രസ്ഥാനം വഴിയൊരുക്കി. മാര്‍ക്സിസ്റ്റ് ചരിത്രവീക്ഷണങ്ങളും മെക്കാളേ ചിന്തയുടെ സ്വാധീനങ്ങളും മതമൗലികവാദപരമായ വ്യാഖ്യാനങ്ങളും വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കപ്പെട്ടു. കോടതികളിലും പൊതുസമൂഹത്തിലും നടന്ന ചര്‍ച്ചകള്‍ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കപരമായ ശുദ്ധീകരണത്തിന് പുതിയ തുടക്കമായി.
ഈ പ്രസ്ഥാനത്തിന്റെ മറ്റൊരു പ്രധാന നേട്ടം മാതൃഭാഷയില്‍ പഠിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശം ശക്തിപ്പെട്ടു എന്നതാണ്. മത്സരപരീക്ഷകളിലെ ഇംഗ്ലീഷിന്റെ അനിവാര്യത കുറഞ്ഞു. ഭാരതീയ ഭാഷകള്‍ക്ക് പുതിയ അംഗീകാരം ലഭിച്ചു. ദേശീയ വിദ്യാഭ്യാസ നയം-2020 ഈ മാറ്റങ്ങള്‍ക്ക് ഔദ്യോഗികമായ ദിശാബോധം നല്കി. ഭാരതീയ ജ്ഞാനപാരമ്പര്യവും ഭാരതീയഭാഷകളും മൂല്യങ്ങളും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ശക്തമായി. ഭാരതീയ ജ്ഞാനസംവിധാനങ്ങള്, ഭാരതീയ ഭാഷകള്‍, സംസ്കാരപഠനം, തദ്ദേശീയ ഗവേഷണപാരമ്പര്യങ്ങള് എന്നിവ ഉന്നതവിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. സാങ്കേതിക വിദ്യാഭ്യാസവും മെഡിക്കല്‍ വിദ്യാഭ്യാസവും ഭാരതീയ ഭാഷകളില്‍ പഠിക്കാനുള്ള സൗകര്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.
മാറ്റം പാഠപുസ്തകങ്ങളില്‍ മാത്രം ഒതുങ്ങിയില്ല. സര്‍വകലാശാലകളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും കാമ്പസ് സംസ്കാരത്തിലും അത് പ്രകടമായി. ദീര്‍ഘകാലം ബ്രിട്ടീഷ് മാതൃക പിന്തുടര്ന്നിരുന്ന ബിരുദദാനച്ചടങ്ങുകളും പ്രവേശനോത്സവങ്ങളും സ്ഥാപനാഘോഷങ്ങളും ഇന്ന് ഭാരതീയ പാരമ്പര്യത്തിന്റെ ചൈതന്യത്തോടെ പുതുരൂപം കൈക്കൊള്ളുന്നു. ഭാരതീയ വേഷധാരണം, ഭാരതീയ സംഗീതം, കല, ആചാരങ്ങള്‍, ഉപനിഷത്തുകളിലെ സന്ദേശങ്ങള്‍ എന്നിവ ഇത്തരം ചടങ്ങുകളുടെ ഭാഗമായി മാറുന്നു. ‘സത്യം വദ, ധര്‍മ്മം ചര’ എന്ന തൈത്തിരീയോപനിഷത്തിന്റെ സന്ദേശം ഇന്ന് നിരവധി സര്‍വകലാശാലകളിലെ ബിരുദദാന പ്രഭാഷണങ്ങളില്‍ മുഴങ്ങുന്നു.
അടുത്തിടെ മധ്യപ്രദേശിലെ റാണി ദുര്‍ഗാവതി സര്‍വകലാശാലയിലെ ബിരുദദാനച്ചടങ്ങ് ഈ മാറ്റത്തിന്റെ പ്രതീകമായി മാറി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സാന്നിധ്യത്തില്‍ ബിരുദസര്ട്ടിഫിക്കറ്റുകളില് ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരതം’ എന്ന പേര് ഉപയോഗിച്ച തീരുമാനം രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് നിരവധി സര്‍വകലാശാലകള്‍ സമാനമായ നടപടികള്‍ സ്വീകരിച്ചതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ നിര്‍ദ്ദേശമില്ലാതെതന്നെ അക്കാദമിക സമൂഹം സ്വമേധയാ ഭാരതീയതയെ സ്വീകരിക്കുന്ന മനോഭാവം വളരുന്നതിന്റെ സൂചനയാണിത്.
ഇന്ന് സര്‍വകലാശാലകളില്‍ ഭാരതീയ ജ്ഞാനപാരമ്പര്യവും ആധുനിക ശാസ്ത്രസാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ഒരുമിച്ച് മുന്നേറുന്ന പുതിയ വിദ്യാഭ്യാസ മാതൃക രൂപംകൊള്ളുകയാണ്. പരിസ്ഥിതി സൗഹൃദ ക്യാമ്പസുകള്‍, സുരക്ഷിതവും സൗഹാര്‍ദപരവുമായ പഠനാന്തരീക്ഷം, സമരസതയും, സ്വാവലംബന ശീലവും, സാമൂഹിക ഉത്തരവാദിത്വവും വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ നവോത്ഥാനത്തിന്റെ ഭാഗമാണ്. സമാന സ്വഭാവമുള്ള സ്ഥാപനങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് വിദ്യാഭ്യാസരംഗത്ത് എന്തെല്ലാം പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് ചിന്തിക്കുകയും, തങ്ങള്‍ നടത്തിയ പ്രേരണാദായകമായ പ്രവര്‍ത്തനങ്ങളും മാറ്റങ്ങളും പരസ്പരം പങ്കുവെക്കുകയും ചെയ്യുന്നു.
ഭാരതീയ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കേവലം തൊഴില്സമ്പാദനമല്ല; വ്യക്തിയുടെ സമഗ്രവികാസമാണ്. ശാരീരികവും മാനസീകവും ബൗദ്ധികവും ആത്മീയവുമായ വളര്‍ച്ച ഒരുപോലെ ഉറപ്പാക്കുന്ന വിദ്യാഭ്യാസമാണ് ഭാരതം മുന്നോട്ടുവെക്കുന്നത്. അതുകൊണ്ടുതന്നെ യോഗ, ആയുര്‍വേദം, ഭാരതീയ ജീവിതരീതികള്‍, സംഗീതം, കല, കായികം, കൃഷി, പരിസ്ഥിതി ബോധം എന്നിവയും വിദ്യാഭ്യാസത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടുന്നു. പഞ്ചകോശീയ വികസനവും, പഞ്ചപതീയമായ ബോധന പ്രക്രിയകളും, പഞ്ചപരിവര്‍ത്തനം എന്ന സാമൂഹിക മാറ്റവും ഇന്ന് സര്‍വ്വകലാശാലകളിലെ പ്രധാന അക്കാദമിക വിഷയങ്ങള്‍ ആയിരിക്കുന്നു.
വികസനം സാമ്പത്തിക വളര്‍ച്ചയില്‍ മാത്രം ഒതുങ്ങുന്നില്ല. ആധുനിക വാര്‍ത്താവിനിമയ മാധ്യമങ്ങള്‍, തുറന്നിട്ട വിപണികള്‍, മേന്മയേറിയ പാതകള്‍, ആഡംബര ജീവിതസൗകര്യങ്ങള്‍ എന്നിവ മാത്രമല്ല, മനുഷ്യന്റെ ആരോഗ്യം, പ്രകൃതിയുടെ സംരക്ഷണം, സാമൂഹിക സമരസത, ധാര്‍മികബോധം, എല്ലാവരുടെയും ക്ഷേമം എന്നിവയും വികസനത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. സമൂഹത്തിലെ അവസാനത്തെ വ്യക്തിയുടെയും ജീവിതം മാന്യവും സമൃദ്ധവുമാകണമെന്ന ചിന്തയാണ് ഭാരതീയ വികസനദര്‍ശനത്തിന്റെ അടിസ്ഥാനം.
ഭാരതീയ ജീവിതദര്‍ശനത്തിന്റെ കേന്ദ്രബിന്ദുവാണ് ധര്‍മ്മം. ആദിശങ്കരാചാര്യര്‍ ധര്‍മ്മത്തെ നിര്‍വചിക്കുന്നത് ഇപ്രകാരമാണ്: ‘ജഗതഃ സ്ഥിതികാരണം പ്രാണിനാം സാക്ഷാദഭ്യുദയ നിഃശ്രേയസഹേതുഃ സ ധര്‍മ്മഃ’ ലോകത്തിന്റെ നിലനില്‍പ്പിനും മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ ഉന്നമനത്തിനും കാരണമാകുന്ന മൂല്യങ്ങളാണ് ധര്‍മ്മം. ആ ധര്‍മ്മത്തെ ജീവിതത്തില്‍ പ്രയോഗിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നതാണ് വിദ്യാഭ്യാസം.
അതുകൊണ്ടാണ് ഗുരു വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന ശിഷ്യനോട് ‘സത്യം വദ, ധര്‍മ്മം ചര’ എന്ന് ഉപദേശിക്കുന്നത്. അറിവ് വിനയത്തിലേക്കും, വിനയം പാത്രതയിലേക്കും, പാത്രത സമ്പത്തിലേക്കും, സമ്പത്ത് ധര്‍മ്മത്തിലേക്കും, ധര്‍മ്മം യഥാര്‍ത്ഥ സന്തോഷത്തിലേക്കും നയിക്കുന്നു എന്ന ‘വിദ്യാ ദദാതി വിനയം, വിനയാദ് യാതി പാത്രതാം, പാത്രത്വാത് ധനമാപ്നോതി, ധനാത് ധര്‍മ്മം തതഃ സുഖം’ എന്ന ശ്ലോകം ഭാരതീയ വിദ്യാഭ്യാസ ദര്‍ശനത്തിന്റെ സാരാംശമാണ്.
വികസിത ഭാരതം സാക്ഷാത്കരിക്കണമെങ്കില്‍ ഈ ഭാരതീയ വിദ്യാഭ്യാസചിന്തയെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനായി സര്‍ക്കാര്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, സമൂഹം എന്നിവരൊന്നിച്ച് പ്രവര്‍ത്തിക്കണം. ലോകത്തിന് ആധുനിക അറിവും സാങ്കേതികവിദ്യയും നല്‍കുന്നതിനൊപ്പം ശാശ്വതമായ മൂല്യങ്ങളും മാനവികതയും പകര്ന്നുനല്കാന് കഴിയുന്ന വിദ്യാഭ്യാസമാതൃക ലോകം ഇന്ന് ഭാരതത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ‘ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസ്’ ഈ ലക്ഷ്യത്തിനായി രാജ്യത്തുടനീളം സമാനചിന്താഗതിക്കാരെ ഒരുമിപ്പിക്കുകയും വിദ്യാഭ്യാസരംഗത്ത് ഒരു പുതിയ ദിശാബോധം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഭാരതീയ വിദ്യാഭ്യാസത്തിന്റെ ഈ നവോത്ഥാനം ഒരു നയപരിഷ്കാരത്തിന്റെ ഫലം മാത്രമല്ല; രാഷ്ട്രത്തിന്റെ ആത്മാവിനെ വിദ്യാഭ്യാസത്തിലൂടെ പുനരുജ്ജീവിപ്പിക്കുന്ന ഒരു ദേശീയ പ്രസ്ഥാനമാണ്. ഈ യാത്രയാണ് വികസിത ഭാരതത്തിന്റെ യഥാര്‍ത്ഥ അടിത്തറ.



















Discussion about this post