പരിസ്ഥിതി ദിനങ്ങളില്‍ നമ്മള്‍ നട്ട തൈകളത്രയും വളര്‍ന്നിരുന്നെങ്കില്‍ ഈ നാടിപ്പോളൊരു കാടായേനെ എന്ന പരിഹാസച്ചൊല്ലിന് അര്‍ത്ഥം പലതാണ്. എല്ലാറ്റിനും വേണമൊരു ദിനം എന്നായിരിക്കുന്നു സാഹചര്യം. അമ്മയെയും അച്ഛനെയും പരിപാലിക്കാനും പരിപാലിക്കുന്നത് മാലോകരെ കാണിച്ച് ആഘോഷിക്കാനും വരെ ദിനങ്ങള്‍. പരിസ്ഥിതി ദിനവും അതുപോലെ ചടങ്ങുകളും പരിപാടികളുമായി ആണ്ടുനേര്‍ച്ചപോലെ കൊണ്ടാടുകയാണ്. അതിനപ്പുറം ആത്മാര്‍ത്ഥമായ സമീപനം നമുക്ക് നമ്മുടെ ചുറ്റുപാടിനോട് വേണ്ടതുണ്ടെന്നതാണ് അനുഭവപാഠങ്ങള്‍.
രാഷ്ട്രത്തിന്റെ തനിമയെ അതിന്റെ വേരുകളിലേക്ക് കടന്നുചെന്ന് ഉയര്‍ത്തുക എന്ന ചരിത്രദൗത്യം ഒരു നൂറ്റാണ്ടായി ചെയ്തുകൊണ്ടിരിക്കുന്ന ആര്‍എസ്എസ് അതിന്റെ ശതാബ്ദിയില്‍ പ്രവര്‍ത്തകരോടും സമാജത്തോടും ആവശ്യപ്പെട്ടത് അത് മാത്രമാണ്. നീ നിനക്ക് വിളക്കായി തീരുക എന്ന ആര്‍ഷവാക്യത്തിന്റെ സനാതനമായ ആഹ്വാനമായിരുന്നു അത്. മാറ്റം നമ്മില്‍ നിന്ന് ആരംഭിക്കണമെന്നതായിരുന്നു ആ സന്ദേശം. ലോകം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ആകുലത പ്രകടിപ്പിച്ച ആഗോള ഉച്ചകോടികള്‍ ഭാരതത്തിലേക്ക് നോക്കുന്നു എന്ന സമകാല യാഥാര്‍ത്ഥ്യം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് കഴിഞ്ഞ ഒരു പതിറ്റാണ്ടായി തുടര്‍ന്നുപോരുന്ന തന്റെ അനേകം പ്രഭാഷണങ്ങളിലൂടെ നാം നേടേണ്ട ആത്മനിര്‍ഭരതയെക്കുറിച്ച് ചിന്തിപ്പിച്ചത്.
പ്രകൃതിയും മനുഷ്യനും ഭിന്നരല്ല എന്നതാണ് അതിലെ ആദ്യപാഠം. പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ വിനോദസഞ്ചാര മേഖലകളിലേക്ക് യാത്ര ചെയ്യുന്ന ഒരുവന്‍ മലയുടെ, മണല്‍പ്പരപ്പിന്റെ, പുഴയുടെ, കടലിന്റെ, കാട്ടാറിന്റെ, കാടിന്റെ സുന്ദരഭാവങ്ങള്‍ കണ്ട് മനം കുളിര്‍ത്ത് ‘ഹാ! എത്ര മനോഹരം’ എന്ന് ആര്‍ത്തുവിളിക്കും. എന്നാല്‍ ഇതേ പ്രകൃതിക്ക് മനുഷ്യനെയും എത്ര സുന്ദരമെന്ന് കണ്ട് ആസ്വദിക്കാന്‍ അവസരമുണ്ടാകുമോ എന്നതാണ് ചോദ്യം. മലയും കടലും പുഴയും പാടശേഖരങ്ങളും എത്ര ആകര്‍ഷകമാണോ അതിലേറെ ആകര്‍ഷകമാകണം മനുഷ്യന്റെ പെരുമാറ്റം എന്നര്‍ത്ഥം. എന്നാല്‍ അവന്‍ വലിച്ചെറിയുന്ന മാലിന്യങ്ങളില്‍ ശ്വാസം മുട്ടുന്ന പ്രകൃതി, അവന്‍ കുമിച്ചുകൂട്ടുന്ന പ്ലാസ്റ്റിക് കൂമ്പാരങ്ങളില്‍ ഞെരിഞ്ഞമരുന്ന ജീവന്റെ നാമ്പുകള്‍ എങ്ങനെ ഈ മനുഷ്യനെ ആസ്വദിക്കും എന്ന ചോദ്യത്തിന് നമ്മുടെ കാലം ഉത്തരം കണ്ടെത്തണം.പരിസരത്തെ മാലിന്യമുക്തമാക്കാനുള്ള പരിശ്രമത്തില്‍ നമുക്ക് ഓരോരുത്തര്‍ക്കും പങ്കാളികളാകാം.
സ്വച്ഛ് ഭാരത് അടക്കമുള്ള ശുചീകരണയജ്ഞങ്ങളുടെ പ്രഖ്യാപനത്തിന് പിന്നില്‍ നമ്മുടെ മഹത്തായ സംസ്‌കൃതി പകര്‍ന്നുതന്ന ശീലങ്ങളുണ്ട്. പൊട്ടി പുറത്ത് ശ്രീഭഗവതി അകത്ത് എന്ന് സംക്രാന്ത്രി നാളുകളില്‍ പൊട്ടും പൊടിയും മാറാലയും അകറ്റി ഐശ്വര്യത്തെയും ആരോഗ്യത്തെയും കുടിയിരുത്തുന്ന തനതുകേരളത്തിന്റെ അനുഷ്ഠാനങ്ങള്‍ അത് പറഞ്ഞുതരും. കേരളത്തിലങ്ങോളമിങ്ങോളം ഗ്രാമക്ഷേത്രങ്ങളോട് ചേര്‍ന്നുള്ള ആറാട്ടുകുളങ്ങള്‍ എങ്ങനെ ജലാശയം പവിത്രമായി സംരക്ഷിക്കണമെന്ന് പറഞ്ഞുതരും. പാടശേഖരങ്ങളും നാട്ടമ്പലങ്ങളും തമ്മിലുള്ള പാവനമായ ബന്ധത്തിന്റെ പാരമ്പര്യങ്ങള്‍ നിറപുത്തരി സമര്‍പ്പണം പോലുള്ള ചടങ്ങുകള്‍ പറഞ്ഞുതരും. നമുക്ക് പ്രകൃതി ദേവതയാണ്. അന്നപൂര്‍ണയാണ്.ആകാശ നക്ഷത്രപീഠങ്ങളില്‍ലീലാരസധ്യാന ലോലയായിവീണവായിക്കും പ്രപഞ്ചമാതാവിന്റെപാദസരങ്ങളിലൊന്നിന്റെ ചിഞ്ചിലം കാട്;അവള്‍ കാലൊന്നിളക്കിയിള കൊള്‍കെകാലമുന്മേഷ നിമേഷനം കൊള്ളുന്നു….(കാട് – ഡി. വിനയചന്ദ്രന്‍) എന്തൊരു കരുത്താണ് പ്രകൃതിയെക്കുറിച്ച് പാടുമ്പോള്‍ നമ്മുടെ ഭാഷയ്ക്ക്….
എന്നിട്ടും സസ്യശ്യാമള കോമളയെന്ന് കവികള്‍ പാടിപ്പുകഴ്ത്തിയ കേരളം ഇന്ന് അതിവൃഷ്ടിയും അനാവൃഷ്ടിയും കൊണ്ട് ദുരിതകാലത്തിലാകുന്നെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ സങ്കല്പങ്ങളില്‍ നിന്നേ പ്രകൃതിയെ അടര്‍ത്തിമാറ്റിയ നമ്മളാണ്.
കടന്നുകയറിയ വൈദേശിക പ്രത്യയശാസ്ത്രങ്ങള്‍ തീര്‍ത്ത ധൂര്‍ത്തിന്റെയും ചൂഷണത്തിന്റെയും ആസക്തിയുടെയും ആകര്‍ഷണീയതയില്‍പ്പെട്ട് സ്വയം മറന്നുപോയ നമ്മളാണ്. അവരുടെ മയക്കുമരുന്നിന് അടിപ്പെട്ട നമ്മള്‍ കാവുകള്‍ ചുട്ടെരിക്കാന്‍ കൂട്ടുനിന്നു. ഫലവൃക്ഷങ്ങളെല്ലാം വെട്ടിമാറ്റി പണം കായ്ക്കുമെന്ന് പ്രചരിപ്പിച്ച തോട്ടങ്ങളിലേക്ക് ചേക്കേറി. കുന്നിടിച്ച് കുളം നികത്തി. മല തൂര്‍ത്ത് പാടം നികത്തി. മാവും പ്ലാവും ബോണ്‍സായികളായി. ചക്കയ്ക്കും മാങ്ങയ്ക്കും അരിക്കും വരെ അയല്‍നാടുകളിലേക്ക് കണ്ണുനട്ടു. ഉണ്ടായിരുന്ന മണ്ണെല്ലാം വിറ്റ് മാളുകളില്‍ നിന്ന് വാങ്ങിത്തിന്നുന്നത് ശീലമാക്കി. അറബിപ്പണം കൊതിക്കുന്ന പെറുക്കിത്തീനികളായി മാറി. ഫലം നമ്മള്‍ നമ്മളല്ലാതായി. കവി പണ്ടേ ഭയന്നതുപോലെ അംബ പേരാര്‍ ആകുലയാമൊരു അഴുക്കുചാലായി. കാലം തെറ്റി വേനലും വര്‍ഷവും വന്നു. പ്രളയവും വരള്‍ച്ചയും മണ്ണിടിച്ചിലും മരണമാരികളും ഭീതി പടര്‍ത്തി.
പരിഹാരം നമ്മളിലേക്ക് മടങ്ങുക തന്നെയാണ്. വീടും പരിസരങ്ങളും ശുചിയാക്കി വയ്ക്കണം. ഓരോ വീടും ഹരിതഗൃഹങ്ങളാകണം. നമ്മുടെ മുറ്റത്ത് തെച്ചിയും മുല്ലയും മന്ദാരവും തുളസിയും തളിരിടണം. വെണ്ടയും വഴുതനയും പച്ചമുളകും തക്കാളിയും കറിവേപ്പിലയമടക്കം അവശ്യം നമുക്ക് വേണ്ടുന്നവ നാം തന്നെ ഉത്പാദിപ്പിക്കും എന്ന് സ്വയം ശാഠ്യം പിടിക്കണം. പ്ലാസ്റ്റിക്കിനെ പരമാവധി പടിക്ക് പുറത്താക്കണം. നാട്ടിന്‍പുറത്തെ വിപണികളെ കഴിയുന്നത്ര പ്രോത്സാഹിപ്പിക്കണം. നമ്മുടെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്കണം. ഈ നാടിന്റെ കാലാവസ്ഥയ്ക്കും ജീവിതശൈലിക്കും ഇണങ്ങുന്ന ഭക്ഷണസംസ്‌കാരം സ്വീകരിക്കണം. നമ്മുടെ ആരോഗ്യമാണ് നാടിന്റെയും ആരോഗ്യം എന്ന ബോധ്യം വേണം. ബോധപൂര്‍വം പരമ്പരാഗത ജീവിതശൈലികളെക്കുറിച്ച് അറിയാന്‍ പരിശ്രമിക്കണം. അത് അടുത്ത തലമുറയ്ക്ക് പറഞ്ഞുകൊടുക്കണം. പാടശേഖരങ്ങള്‍ എങ്ങനെ ഇല്ലാതായെന്ന്, കാര്‍ഷികോത്സവങ്ങള്‍ എങ്ങനെ അവസാനിച്ചുവെന്ന് അവരും അറിയണം. പാടിപ്പഴകിയ കഥകളല്ല, നാടിന്റെ സമൃദ്ധിയുടെയും സ്വയംപര്യാപ്തതയുടെയും ഊര്‍ജ്ജ്വസ്വലമായിരുന്ന ഏടുകളാണ് അവയെന്ന് ബോധ്യപ്പെടണം.
ഒരു മരം നടുമ്പോള്‍ ഒരു തണല്‍ നടുന്നു എന്നത് പരിസ്ഥിതി ദിന മുദ്രാവാക്യം മാത്രമല്ലെന്ന് അറിയണം.”നീലകണ്ഠസ്വാമിയെപ്പോല്‍ വിഷം താനേ ഭുജിച്ചിട്ട്പ്രാണവായു തരുന്നോനെയിതാ തൊഴുന്നേന്‍” എന്ന സുഗതകുമാരിയുടെ പ്രാര്‍ത്ഥന പ്രകൃതിയോടുള്ള ഈ കാലത്തിന്റെ കൃതജ്ഞതയാണെന്ന വിവേകം വേണം.


















