ആലുവ: അക്രമം, ക്രമസമാധാന തകര്‍ച്ച, പൊതുമുതല്‍ നശിപ്പിക്കല്‍, രാഷ്ട്രീയ അജണ്ടകള്‍ എന്നിവയിലൂടെയല്ല, മറിച്ച് സംവാദത്തിലൂടെയും ജനാധിപത്യ പ്രക്രിയകളിലൂടെയും ഘടനാപരമായ പരിഷ്‌കാരങ്ങളിലൂടെയും, സുതാര്യമായ ഭരണസംവിധാനം എന്നിവയിലൂടെയാണ് വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി. എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതല്‍ നീതിയുക്തവും സുതാര്യവും വിശ്വാസയോഗ്യവുമായ മെഡിക്കല്‍ പ്രവേശന സംവിധാനം ഉറപ്പാക്കാന്‍ നീറ്റ് പരീക്ഷ നടപ്പിലാക്കണമെന്ന ആവശ്യത്തിനായി ആദ്യം മുതല്‍ പോരാടിയ പ്രസ്ഥാനമാണ് എബിവിപി. ചോദ്യപേപ്പര്‍ ചോര്‍ച്ച പോലെയുള്ള വീഴ്ചകളോ സംഭവങ്ങളോ ഉണ്ടാകുമ്പോള്‍, പരീക്ഷാ സംവിധാനത്തെ തകര്‍ത്തെറിയുകയല്ല, മറിച്ച് അതിനെ കൂടുതല്‍ ശാക്തീകരിക്കുകയാണ് വേണ്ടത്. ഈ പ്രശ്‌നങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താനും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും, ദേശീയ പരീക്ഷാസംവിധാനത്തില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുത്താനും എബിവിപി തുടക്കം മുതലേ ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷകളിലെ ക്രമക്കേടുകള്‍ കാരണം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് കഠിനാധ്വാനം ചെയ്യുന്ന വിദ്യാര്‍ത്ഥികളാണ്. അതിനാല്‍ പരീക്ഷാ മാഫിയകള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍, ശക്തമായ ശിക്ഷാനടപടികള്‍, സാങ്കേതിക സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വീരേന്ദ്ര സിങ് സോളങ്കി കൂട്ടിച്ചേര്‍ത്തു.
പരീക്ഷാ മാഫിയകളെ തടയുന്നതിനും, സംഘടിത പരീക്ഷാ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കുന്നതിനും, ഭാരതത്തിലെ പരീക്ഷാ സംവിധാനത്തെ കൂടുതല്‍ സുതാര്യവും സുരക്ഷിതവും വിശ്വാസയോഗ്യവുമാക്കുന്നതിനും ഈ നിയമനിര്‍മാണം ഒരു നാഴികക്കല്ലായി മാറും. ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ലക്ഷ്യങ്ങള്‍ ഉള്‍ക്കൊണ്ട്, ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനും സുതാര്യമായ പരീക്ഷാ സംവിധാനത്തിനും ഓരോ വിദ്യാര്‍ത്ഥിക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുന്നതിനുമായി എബിവിപി വിശ്രമമില്ലാതെ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.













Discussion about this post