റായ്‌പൂര്‍: ഛത്തിസ്ഗഡിലെ മാവോയിസ്റ്റ് മുക്തമായ പ്രദേശങ്ങളില്‍ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഇത്തവണ ആദ്യമായി ദേശീയ പതാക ഉയര്‍ത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ബസ്തര്‍ ഡിവിഷനിലെ 94 ഗ്രാമങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായിരുന്ന ബിജാപുര്‍ ജില്ലയിലെ 35 ഗ്രാമങ്ങളിലും സുക്മയിലെ 50 ഗ്രാമങ്ങളിലും നാരായണ്‍പൂരിലെ ഒന്‍പത് ഗ്രാമങ്ങളിലും ദേശീയ പതാക ഉയര്‍ത്തുമെന്ന് ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ വിജയ് ശര്‍മ അറിയിച്ചു.
സ്വാതന്ത്ര്യ ലബ്ധിക്ക്‌ശേഷം പലതവണ ഈ പ്രദേശങ്ങളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും മാവോയിസ്റ്റുകളുടെ ഭീഷണിയില്‍ ഭയന്ന് അധികൃതര്‍ ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു. ആഗസ്ത് 15, ജനുവരി 26 തുടങ്ങിയ ദേശീയ ആഘോഷങ്ങള്‍ ബഹിഷ്‌കരിക്കാന്‍ മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്യുകയും അന്നേദിവസം കരിദിനമായി ആചരിക്കാന്‍ ആവശ്യപ്പെടുന്നതും പതിവായിരുന്നു.
ഈ ഗ്രാമങ്ങളില്‍ സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാന തല തിരംഗ യാത്ര ആഗസ്ത് 10ന് രാവിലെ 10 മണിക്ക് റായ്‌പൂരിലെ മറൈന്‍ ഡ്രൈവില്‍ നിന്ന് ആരംഭിക്കും. സംസ്ഥാനത്തെ അഞ്ഞൂറിലധികം സ്‌കൂളുകള്‍, കമ്മ്യൂണിറ്റി കെട്ടിടങ്ങള്‍ എന്നിവയ്‌ക്ക് ബലിധാനികളുടെ പേരിടാനും ഛത്തിസ്ഗഡ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് ഇതുസംബന്ധിച്ച് അന്തിമ പ്രഖ്യാപനം നടത്തുമെന്നും വിജയ് ശര്‍മ കൂട്ടിച്ചേര്‍ത്തു.

















Discussion about this post