ന്യൂദല്‍ഹി: രാമായണത്തെ ആസ്പദമാക്കി സപ്തംബര്‍ 18, 19, 20 തീയതികളില്‍ കൊച്ചിയില്‍ ജന്മഭൂമി സംഘടിപ്പിക്കുന്ന ദേശീയ കോണ്‍ക്ലേവ് ‘വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ എക്രോസ് ഭാരത് ആന്‍ഡ് ബിയോന്‍ഡ്’ 18ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസത്തെ കോണ്‍ക്ലേവില്‍ കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍, നിയമ മന്ത്രി അര്ജുന് റാം മേഘ്വാള് എന്നിവരും പങ്കെടുക്കും.
ഭാരതത്തിലും വിദേശത്തും നിലനില്‍ക്കുന്ന വിവിധ രാമകഥാ പാരമ്പര്യങ്ങളെയും അവയുടെ വൈവിധ്യമാര്‍ന്ന ആവിഷ്കാരങ്ങളെയും കേന്ദ്രീകരിച്ചായിരിക്കും ചര്‍ച്ചകള്‍. രാമകഥയുടെ ആഗോള സാംസ്കാരിക പ്രസക്തി, ഏഷ്യന്‍ രാജ്യങ്ങളില്‍ രാമകഥയ്ക്ക് ലഭിച്ച സ്വീകാര്യത, വിവിധ രാജ്യങ്ങളിലെ പ്രാദേശിക സംസ്കാരങ്ങളുമായുള്ള സമന്വയം, ഭാരതത്തിലെ വിവിധ ഭാഷകളിലും പ്രദേശങ്ങളിലുമായി രൂപപ്പെട്ട രാമകഥാ പാരമ്പര്യങ്ങള്‍, ഭാരതവും ഏഷ്യന്‍ രാജ്യങ്ങളും തമ്മില്‍ നൂറ്റാണ്ടുകളായുള്ള സാംസ്കാരിക ബന്ധം, തെക്കുകിഴക്കന്‍ ഏഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ രാമായണ പാരമ്പര്യം എങ്ങനെ വളര്‍ന്നു, അവിടങ്ങളിലെ കല, സാഹിത്യം, സംസ്കാരം, സാമൂഹിക ജീവിതം എന്നിവയില്‍ അത് ചെലുത്തിയ സ്വാധീനം തുടങ്ങിയ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും.
ചരിത്ര, സാഹിത്യ, സാംസ്കാരിക, കല, അക്കാദമിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. വിവിധ രാജ്യങ്ങളിലും സംസ്കാരങ്ങളിലും വ്യത്യസ്ത രൂപങ്ങളില്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും രാമകഥ പങ്കുവയ്ക്കുന്ന മാനവികവും സാംസ്കാരികവുമായ മൂല്യങ്ങളെ മുന്നോട്ടുവയ്ക്കുകയാണ് കോണ്‍ക്ലേവിന്റെ പ്രധാന ലക്ഷ്യം.













Discussion about this post