ആറ്റിങ്ങൽ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം (RSS) ആറ്റിങ്ങൽ ജില്ലയുടെ നേതൃത്വത്തിൽ ‘യുവ മീറ്റ് 2026’ എന്ന പേരിൽ യുവാക്കളുടെ സംഗമം സംഘടിപ്പിച്ചു. ആറ്റിങ്ങൽ വീരളം ദ്വാരക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ 700ഓളം വിദ്യാർഥികളും യുവാക്കളും പങ്കെടുത്തു.
VSSC മുൻ ചെയർമാൻ എ. രാജരാജൻ മുഖ്യാതിഥിയായി. RSS ദക്ഷിണ കേരള പ്രചാർ പ്രമുഖ് എം. ഗണേശൻ മുഖ്യപ്രഭാഷണം നടത്തി. RSS ആറ്റിങ്ങൽ ജില്ലാ സംഘചാലക് അഡ്വ. സുശീലൻ വേദിയിൽ സന്നിഹിതനായിരുന്നു.
യുവാക്കൾ രാജ്യത്തിന്റെ സമ്പത്താണെന്നും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ യുവതലമുറയ്ക്ക് നിർണായക പങ്കുണ്ടെന്നും എം. ഗണേഷ് പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്കായി യുവാക്കൾ കഴിവുകളും ആശയങ്ങളും സാമൂഹിക ഉത്തരവാദിത്വവും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ബഹിരാകാശ സാങ്കേതികവിദ്യയുടെ പ്രാധാന്യവും യുവാക്കൾ ഈ മേഖലയിലേക്ക് കടന്നുവരേണ്ടതിന്റെ ആവശ്യകതയും എ. രാജരാജൻ വിശദീകരിച്ചു. ഭാരതത്തിന്റെ സാങ്കേതിക മുന്നേറ്റത്തിനും സാമ്പത്തിക വളർച്ചയ്ക്കും പുതിയ ആശയങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കൾ നൂതന ആശയങ്ങളുമായി സംരംഭകത്വ മേഖലയിലേക്ക് കടന്നുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പരിപാടിയുടെ ഭാഗമായി യുവതീ-യുവാക്കളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പരിപാടിയുടെ സമാപന ഘട്ടത്തിൽ യുവതികളുടെ കൈകെട്ടിക്കളി, മ്യൂസിക്കൽ ഫ്യൂഷൻ ഉൾപ്പെടെയുള്ള കലാപരിപാടികൾ അവതരിപ്പിച്ചു.
RSS ആറ്റിങ്ങൽ ജില്ലാ വിദ്യാർഥി പ്രമുഖ് എസ്. ശരത് സ്വാഗതം പറഞ്ഞു. ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് സുഖീന്ദ്രൻ നന്ദി രേഖപ്പെടുത്തി.
ദേശീയബോധം, യുവശക്തി, സാമൂഹിക ഉത്തരവാദിത്വം എന്നിവ ഉയർത്തിപ്പിടിച്ച് സംഘടിപ്പിച്ച ‘യുവ മീറ്റ് 2026’ യുവാക്കളുടെ സജീവ പങ്കാളിത്തത്തോടെ സമാപിച്ചു.

















Discussion about this post