കന്യാകുമാരി : വിവേകാനന്ദ സ്മാരകത്തിൻ്റെ അദ്ധ്യക്ഷനും വിവേകാനന്ദ കേന്ദ്രം ദേശീയ അദ്ധ്യക്ഷനുമായ ശ്രീ എ. ബാലകൃഷ്ണൻ അന്തരിച്ചു. ഇന്ന് പുലർച്ചെ അഞ്ചിനായിരുന്നു ദേഹാന്ത്യം. അന്ത്യകർമ്മങ്ങൾ 29, ശനിയാഴ്ച കന്യാകുമാരിയിൽ.
പി. പരമേശ്വര്‍ജിക്കുശേഷം വിവേകാനന്ദ കേന്ദ്രത്തിന്റെ അധ്യക്ഷ പദവി ഏറ്റെടുത്ത അദ്ദേഹം ലാളിത്യവും സമർപ്പണവും നിറഞ്ഞ കർമ്മയോഗിയായിരുന്നു.
1973-ൽ വ്യോമസേനയിലെ ഉദ്യോഗം ഉപേക്ഷിച്ച്, ഏകനാഥ് റാനഡെയുടെ ആഹ്വാനം ഉൾക്കൊണ്ട് വിവേകാനന്ദ കേന്ദ്രത്തിന്റെ ആദ്യ ബാച്ച് ‘ജീവൻവ്രതിയായി’ (കുടുംബം ഉപേക്ഷിച്ച് പൂർണ സമയം പ്രവർത്തിക്കുന്നയാൾ) മാറിയ അദ്ദേഹം മുഴുവൻ സമയ രാഷ്ട്രസേവനത്തിനായി ജീവിതം മാറ്റിവെച്ചു.
1938 മേയ് മൂന്നിന് തൃശൂർ പഴയന്നൂരിലെ വെങ്ങാനെല്ലൂരിൽ ജനിച്ച അദ്ദേഹം, ചേലക്കര ഗവ. ഹൈസ്കൂൾ, തൃശൂർ കേരളവർമ്മ കോളേജ്, കോയമ്പത്തൂർ എയർഫോഴ്സ് അഡ്മിനിസ്ട്രേഷൻ കോളേജ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
1957-ൽ വ്യോമസേനയിൽ ചേർന്ന അദ്ദേഹം 16 വർഷം രാജ്യത്തിന്റെ വിവിധ അതിർത്തി മേഖലകളിൽ സേവനമനുഷ്ഠിച്ചു. വിവേകാനന്ദ കേന്ദ്രത്തിന്റെ ഭാഗമായ അദ്ദേഹത്തെ അരുണാചൽ പ്രദേശിലാണ് സേവന പ്രവർത്തനങ്ങൾക്കായി നിയോഗിച്ചത്.
അവിടുത്തെ വനവാസി മേഖലകളിൽ വീടുവീടാന്തരം കയറിയിറങ്ങി കുട്ടികളെ കണ്ടെത്തി വിദ്യാലയങ്ങൾ സ്ഥാപിക്കുകയും ആ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുക്കുകയും ചെയ്തു.
സ്വാമി വിവേകാനന്ദന്റെ ഭാരത പരിക്രമയെ അനുസ്മരിപ്പിച്ചുകൊണ്ട് കൊൽക്കത്ത മുതൽ കന്യാകുമാരി വരെ 347 ദിവസം കൊണ്ട് 22,000 കിലോമീറ്റർ സഞ്ചരിച്ച ചരിത്രയാത്രയുടെ മുഖ്യ സൂത്രധാരനായിരുന്നു.
ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുമ്പോഴും ലാളിത്യം കൈവിടാതെ കേന്ദ്രത്തിന്റെ ദൗത്യങ്ങൾ ലോകമെമ്പാടും എത്തിക്കാൻ അദ്ദേഹം അഹോരാത്രം പ്രയത്നിച്ചു.
ആ ത്യാഗപൂർണ്ണമായ ജീവിതം വരുംതലമുറകൾക്ക് എക്കാലവും വഴിവിളക്കായിരിക്കും.














