തൃശൂർ : രാഷ്ട്രീയത്തിൻ്റെ പേരിൽ അദ്ധ്യാപകർക്കും വൈസ് ചാൻസലർമാർക്കുമെതിരെ നടക്കുന്ന സമരാഭാസങ്ങൾ അപലപനീയമാണെന്ന് തപസ്യ കലാസാഹിത്യവേദി കേന്ദ്ര ഭരണ സമിതി യോഗം അഭിപ്രായപ്പെട്ടു. കാലടി സംസ്‌കൃത സർവകലാശാല വിസി ഡോ. സിസാ തോമസിനെതിരെ നടന്നത് നിന്ദ്യമായ ആക്രമണമാണ്. വിസിയുടെ മതം തെരഞ്ഞ് പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്ന വാർത്ത പ്രബുദ്ധകേരളത്തിൻ്റെ പാരമ്പര്യത്തെ അപമാനിക്കുന്നതാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഓണാഘോഷത്തിൻ്റെ മറവിലാണ് കേരള സർവകലാശാല വിസിയെ പ്രതീകാത്മകമായി ചവിട്ടിത്താഴ്ത്തുന്ന വൈകൃതം അരങ്ങേറിയത്.
അദ്ധ്യാപകർക്ക് കുഴിമാടം ഒരുക്കിയും അവരുടെ കസേര കത്തിച്ചുമൊക്കെ നടത്തുന്ന അക്രമങ്ങളെ കലയുടെ പേര് പറഞ്ഞ് ന്യായീകരിക്കുന്ന വിചിത്രമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് തപസ്യ ചൂണ്ടിക്കാട്ടി.
കലയുടെയും സാഹിത്യത്തിൻ്റെയും വസന്തം തീർത്തിരുന്ന കലാലയങ്ങളിൽ നിന്ന് ഇന്ന് പുറത്തു വരുന്ന ഇത്തരം വർത്തമാനങ്ങൾ സാംസ്‌കാരിക കേരളത്തെ ഞെട്ടിക്കാത്തത് അതിശയകരമാണ്.
സമരങ്ങൾക്ക് സർഗാത്മകവും ഭാവാത്മകവുമായ രീതിശാസ്ത്രം കണ്ടെത്തുന്നിടത്താണ്
വിദ്യാർത്ഥിരാഷ്ടീയം സാർത്ഥകമാവുന്നത്.
ചോരയുടെ ഗന്ധം വമിക്കുന്ന പ്രത്യയശാസ്ത്രത്തിൽ മുളച്ച വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് അത് അസാധ്യമാണെന്ന്
അവർ അനുദിനം തെളിയിച്ചു കൊണ്ടിരിക്കയാണ്.
വിദ്യ അർത്ഥിക്കുകയല്ല, ആർത്തി വിദ്യയാക്കുകയാണ് അവർ. സാംസ്കാരികമായി കേരളം ഉയരണമെങ്കിൽ സർഗാത്മക യുവത്വത്തെ വീണ്ടെടുത്തേ മതിയാകൂ. സങ്കുചിത കക്ഷി രാഷ്ട്രീയത്തിൻ്റെ പിടിയിൽ നിന്ന് മോചിതരായി യുവസമൂഹം നാടിൻ്റെ വിശാലമായ താല്പര്യങ്ങൾ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്ന് തപസ്യ അഭ്യർത്ഥിച്ചു.
തൃശ്ശൂർ പ്രസ് ക്ലബ് ഹാളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ പി. വിജയകൃഷ്ണൻ, കാര്യാദ്ധ്യക്ഷൻ പ്രൊഫ. പി.ജി. ഹരിദാസ് , ജനറൽ സെക്രട്ടറി എം.സതീശൻ തുടങ്ങിയവർ സംസാരിച്ചു.














Discussion about this post