ശ്രീനഗര്‍: 23 കശ്മീരി ഹിന്ദുക്കളെ അരുംകൊല ചെയ്ത വാന്ദമ കൂട്ടക്കൊലക്കേസ് വീണ്ടും അന്വേഷിക്കാന്‍ ജമ്മു കശ്മീര്‍ പോലീസ്. 28 വര്‍ഷത്തിന് ശേഷമാണ് ഈ കേസില്‍ സംസ്ഥാന അന്വേഷണ ഏജന്‍സി(എസ്‌ഐഎ) പുനരന്വേഷണം ആരംഭിക്കുന്നത്. സര്‍ല ഭട്ട്, ടിക്ക ലാല്‍ തപ്ലൂ, സര്‍വാനന്ദ് കൗള്‍ പ്രേമി എന്നിവരെ കൊലപ്പെടുത്തിയ കേസും അടുത്തിടെ വീണ്ടും അന്വേഷിക്കാന്‍ ആരംഭിച്ചിരുന്നു.
ഗന്ദര്‍ബാല്‍ ജില്ലയിലെ വാന്ദമ ഗ്രാമത്തില്‍ 1998 ജനുവരി 25ന് കടന്നുകയറിയ ഭീകരര്‍ ഗ്രാമവാസികളെ വീട്ടില്‍ നിന്ന് പുറത്തിറക്കി നിരത്തി നിര്‍ത്തി വെടിവച്ചു കൊല്ലുകയായിരുന്നു.
രണ്ടും നാലും വയസുള്ള രണ്ട് കുട്ടികളുള്‍പ്പെടെ 23 പേരാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്.
ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുമായി ബന്ധമുള്ള ഭീകരരാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് സൂചനകള്‍ ലഭിച്ചിരുന്നത്. കശ്മീരി ഹിന്ദുക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട മറ്റ് നിരവധി കേസുകള്‍ എസ്ഐഎ പുനരാരംഭിച്ചതിന് പിന്നാലെയാണ് വാന്ദമ കേസും തുറക്കുന്നത്.
ശ്രീനഗറിലെ ഷേര്‍-ഇ-കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (സ്‌കിംസ്) നഴ്‌സായി ജോലി ചെയ്തിരുന്ന സര്‍ല ഭട്ടിന്റെ കൊലപാതകക്കേസില്‍ 2025 ആഗസ്തില്‍ പുനരന്വേഷണം ആരംഭിക്കുകയും ഈ വര്‍ഷം ജൂണ്‍ 29ന് 737 പേജുള്ള കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 1990 ഏപ്രില്‍ 18ന് ഹോസ്റ്റലില്‍ നിന്ന് സര്‍ല ഭട്ടിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അടുത്ത ദിവസം നിരവധി വെടിയുണ്ടകള്‍ തറച്ച നിലയില്‍ മൃതദേഹം കണ്ടെത്തി.
പ്രമുഖ കശ്മീരി കവിയും എഴുത്തുകാരനുമായ സര്‍വാനന്ദ് കൗള്‍ പ്രേമിയെയും മകനെയും കൊലപ്പെടുത്തിയ കേസില്‍ 2025 ആഗസ്ത് 12ന് വീണ്ടും അന്വേഷണം തുടങ്ങി. അനന്ത്നാഗില്‍ നിന്നാണ് 66 കാരനായ പ്രേമിയെയും ഇളയ മകന്‍ വെരീന്ദറിനെയും(27) തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നത്. അവരുടെ മൃതദേഹങ്ങള്‍ ഒരു മരത്തില്‍ തൂങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഈ സംഭവത്തിന് ശേഷം കൗള്‍ കുടുംബം കശ്മീരില്‍നിന്ന് പലായനം ചെയ്തിരുന്നു.
1989 സെപ്റ്റംബര്‍ 13 ന് ശ്രീനഗറില്‍ കൊല്ലപ്പെട്ട അഡ്വ. ടിക ലാല്‍ തപ്ലൂവിന്റെ കേസും എസ്ഐഎ പുനരാരംഭിച്ചിരുന്നു.















