കൊച്ചി: ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഓൾ കേരള ഇന്റർ കോളേജ് എൻജിനീയറിങ് ക്വിസ് മത്സരമായ ‘മെയ്സ് 8.0’-ന്റെ സോണൽ മത്സരം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ സെപ്റ്റംബർ ഏഴിന് നടന്നു.
സ്വദേശി സയൻസ് മൂവ്മെന്റും പ്രമുഖ എൻജിനീയറിങ് പരിശീലന സ്ഥാപനമായ സിവിലിയൻസും സംയുക്തമായി എ.ഐ.സി.ടി.ഇ., എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിലെ വിദ്യാർഥികളാണ് മത്സരത്തിൽ മാറ്റുരച്ചത്.
21 കോളേജുകളിൽനിന്നുള്ള 154 ടീമുകൾ പങ്കെടുത്ത ആവേശകരമായ മത്സരത്തിൽ ആലപ്പുഴ കാർമൽ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ റിഹാന എ., അരവിന്ദ് രവി എ. എന്നിവർ ഒന്നാം സ്ഥാനം നേടി. കുസാറ്റിലെ റസൽ, ധനരാജ് എന്നിവർ രണ്ടാം സ്ഥാനവും വിഘ്നേഷ് എ., മനസ്കൃഷ്ണ കെ.എസ്. എന്നിവർ മൂന്നാം സ്ഥാനവും മുനീസ്, ഷിബിൽ എന്നിവർ നാലാം സ്ഥാനവും അനന്തു സി. രാജൻ, ഓസ്റ്റിൻ സി. ജേക്കബ് എന്നിവർ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.
ആദ്യ അഞ്ച് സ്ഥാനങ്ങൾ നേടിയ ടീമുകൾ സെപ്റ്റംബർ 17-ന് തിരുവനന്തപുരം എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമനിൽ നടക്കുന്ന ‘മെയ്സ് 8.0’ ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടി.
കുസാറ്റിലെ മത്സരത്തിനു പിന്നാലെ സെപ്റ്റംബർ ഒമ്പതിന് പാലക്കാട് എൻ.എസ്.എസ്. കോളേജ് ഓഫ് എൻജിനീയറിങ്ങിലും സെപ്റ്റംബർ 11-ന് കണ്ണൂർ ഗവൺമെന്റ് കോളേജ് ഓഫ് എൻജിനീയറിങ്ങിലും സെപ്റ്റംബർ 14-ന് തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിലും മറ്റു സോണൽ മത്സരങ്ങൾ നടക്കും.
വിജ്ഞാന ഭാരതി സെക്രട്ടറി ജനറൽ ആർക്കിടെക്ട് പി.എ. വിവേകാനന്ദ പൈ, പ്രിവലന്റ് എ.ഐ. സഹസ്ഥാപകനും സി.ഒ.ഒയുമായ എൻജിനീയർ അരുൺ എസ്. രാജ്, കുസാറ്റ് സിവിൽ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. ജോബ് തോമസ്, കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ഫാക്ട് ചെയർ പ്രൊഫസറും ഐ.എസ്.ടി.ഇ. ആജീവനാന്ത അംഗവും ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ) ദേശീയ കൗൺസിൽ അംഗവുമായ ഡോ. ജി. മധു, ഐ.ജി.എസ്. കൊച്ചി ചാപ്റ്റർ വൈസ് ചെയർപേഴ്സൺ ഡോ. ശോഭ സൈറസ്, വിജ്ഞാന ഭാരതി ദക്ഷിണേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി ശ്രീ അബ്ഗ ആർ., സിവിലിയൻസ് ജനറൽ മാനേജർ എൻജിനീയർ രേവിത് സി.കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.














