ഇൻഡോർ (മധ്യപ്രദേശ്): നൂറ് വർഷം പിന്നിട്ട ത്യാഗനിർഭരമായ സംഘയാത്രയുടെ അനുഭൂതി പകർന്ന് സംഘാനുഭവശാലയ്ക്ക് തുടക്കമായി. മഹാ സാഗരം കടഞ്ഞെടുത്ത നിധിശേഖരമാണ് സംഘാനുഭവങ്ങളെന്ന് ഡോ. ഹെഡ്‌ഗേവാർ സ്മാരക സമിതി സുദർശൻ ഭവനിൽ പ്രദർശന ശാല ഉദ്ഘാടനം ചെയ്ത് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പറഞ്ഞു. സംഘ ശതാബ്ദിയിൽ സംഘടിപ്പിച്ച വിവിധ പരിപാടികളിലൂടെയും ജനസമ്പർക്കത്തിലൂടെയും നൂറു വർഷത്തെ ഈ യാത്രയെക്കുറിച്ച് സമൂഹത്തിലെ വലിയൊരു വിഭാഗം മനസ്സിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘അനുഭവശാല’ എന്ന പേര് അന്വർത്ഥമാണ്. സംഘത്തിന് ഒരു തരത്തിലുള പ്രദർശന താൽപ്പര്യവുമില്ല. ഇത് സമാനതകളില്ലാത്ത സംഘടനയാണ്. അതുകൊണ്ടുതന്നെ സംഘത്തെ അറിയുന്നതിന് അനുഭവശാല എന്നത് ഒരു മികച്ച ഉദ്യമമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകചരിത്രത്തിലോ സമീപകാല ചരിത്രത്തിലോ സംഘത്തിന് സമാനമായ മറ്റൊരു സംഘടനയോ പ്രവർത്തനമോ ഉണ്ടായിട്ടില്ല.അടിസ്ഥാന ആശയങ്ങളിൽ ഉറച്ചു നിന്നു കൊണ്ട് കാലാനുസൃതമായി മാറാനിതിന് കരുത്തുണ്ട്. ഇത് മനസ്സിലാക്കാൻ അനുഭവം ആവശ്യമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.

















