ന്യൂദൽഹി: മാതൃഭൂമിയുടെ സേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച സമ്പൂർണ കാര്യകർത്താവായിരുന്നു വിവേകാനന്ദ കേന്ദ്രം അദ്ധ്യക്ഷൻ എ. ബാലകൃഷ്‌ണൻജിയെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. അരുണാചൽ പ്രദേശിലെ അതിദുർഘട പ്രദേശങ്ങളിൽ വിദ്യാഭ്യാസവും സാമൂഹികമായ വികസനമെത്തിക്കാൻ അദ്ദേഹം പ്രയത്നിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷനിൽ സംഘടിപ്പിച്ച ശ്രദ്ധാഞ്ജലി സഭയിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക്.

ഉത്തരവാദിത്തങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയായിരുന്നു ബാലകൃഷ്‌ണൻജിയുടെ ജീവിതമെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ നേരിടുമ്പോഴും അദ്ദേഹത്തിൻ്റെ ചിന്തകൾ കർത്തവ്യങ്ങൾ പൂർത്തിയാക്കുന്നതിനെപ്പറ്റിയായിരുന്നു. അദ്ദേഹത്തിന്റെ സമർപ്പണബോധവും ലാളിത്യവും മാതൃകാപരമാണ്.സാമൂഹിക സേവന രംഗത്ത് ഒട്ടും പ്രശസ്തി ആഗ്രഹിക്കാതെ പ്രവർത്തിച്ച “സാധാരണക്കാരനായ അസാധാരണ വ്യക്തിയായിരുന്നു ബാലകൃഷ്ണൻജി, സർസംഘചാലക് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. അഞ്ച് പതിറ്റാണ്ടിലേറെക്കാലത്തെ നിസ്വാർത്ഥ സേവനങ്ങളെ അനുസ്മരിച്ച പ്രധാനമന്ത്രി, അരുണാചൽ പ്രദേശിലെ വിദൂര പ്രദേശങ്ങളിലെ കുട്ടികളിലേക്ക് വിദ്യാഭ്യാസം എത്തിക്കുന്നതിൽ അദ്ദേഹം വഹിച്ച അസാധാരണ പങ്കിനെ പ്രശംസിച്ചു.
മാതാ അമൃതാനന്ദമയീദേവി സന്ദേശത്തിലൂടെ ബാലകൃഷ്ണൻജിയുടെ വിയോഗത്തിലുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തി. സ്വാമി വിവേകാനന്ദന്റെ പാതയിലൂടെയുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥവും സമർപ്പിതവുമായ ജീവിതം വരുംതലമുറകൾക്ക് പ്രചോദനമാകുമെന്ന് അമ്മ ഓർമ്മിപ്പിച്ചു.
അരുണാചൽ പ്രദേശിലെ വിവേകാനന്ദകേന്ദ്ര വിദ്യാലയങ്ങളിലെ പൂർവ വിദ്യാർത്ഥികളുടെ പങ്കാളിത്തം ചടങ്ങിനെ വികാരനിർഭരമാക്കി. വിഐഎഫ് ചെയർമാൻ എസ്. ഗുരുമൂർത്തി, ഡയറക്ടർ അരവിന്ദ് ഗുപ്ത, വിവേകാനന്ദ കേന്ദ്രം ഉപാധ്യക്ഷ നിവേദിത ഭിഡെ എന്നിവർ സംസാരിച്ചു.

















