വന്ദേ മാതരം വൈവിധ്യമാര്‍ന്ന ജനങ്ങളെ ഒന്നിപ്പിച്ചു: മാലന് വി. നാരായണന്
പെരിയ: വന്ദേ മാതരം വെറുമൊരു ഗീതം മാത്രമല്ലെന്നും വൈവിധ്യമാര്‍ന്ന ജനങ്ങളെ ഒന്നിപ്പിച്ച രാജ്യത്തിന്റെ ഹൃദയമിടിപ്പാണെന്നും എഴുത്തുകാരന് മാലന് വി. നാരായണന് പറഞ്ഞു. വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയില്‍ സാഹിത്യ അക്കാദമി, അഖില ഭാരതീയ സാഹിത്യ പരിഷത്ത് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്ദേമാതരം എഴുതുമ്പോള്‍ ഭരണഘടനയോ ദേശീയപതാകയോ ഉണ്ടായിരുന്നില്ല. രാജ്യത്തെക്കുറിച്ചുള്ള സങ്കല്പമാണ് അതിന്റെ അടിസ്ഥാനം. രാജ്യമൊട്ടാകെ അതിന്റെ അലയൊലികള്‍ ഉയരുകയും മുഴുവന്‍ ജനങ്ങളുടെയും ശബ്ദമായി മാറുകയും ചെയ്തു. ക്ലാസ് മുറികളിലും ഘോഷയാത്രകളിലും പൊതുസ്ഥലങ്ങളിലും നിരോധിക്കപ്പെട്ടപ്പോഴും വന്ദേ മാതരം ഓരോ ഹൃദയത്തിലും ജീവിച്ചു. സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ധൈര്യം പകര്ന്നുനല്കി. തൂക്കുമരത്തിലേക്ക് നടന്നുപോകുമ്പോഴും അവരുടെ ചുണ്ടുകളില്‍ വന്ദേ മാതരം’ ഉണ്ടായിരുന്നു. ഒരു നേതാവിനെ തടവിലാക്കിയാലും ആശയത്തിന് ഇരുമ്പഴികളിലൂടെ പുറത്തേക്ക് കടക്കാം. അതിനാലാണ് ബ്രിട്ടീഷുകാര്‍ സാഹിത്യത്തെ കൂടുതലായി ഭയപ്പെട്ടത്. ബ്രിട്ടീഷുകാര്‍ സൈന്യത്തിന്റെ ശക്തിയോടെ ഭരിച്ചപ്പോള്‍ ഇന്ത്യ ആശയങ്ങളിലൂടെ പ്രതിരോധിച്ചു. ഒടുവില്‍ വിജയിച്ചത് ആശയങ്ങളായിരുന്നു. അദ്ദേഹം വിശദീകരിച്ചു.

വന്ദേ മാതര ആഘോഷങ്ങള്‍ രാജ്യത്തിന്റെ തിരിച്ചുവരവാണ് പ്രതിഫലിപ്പിക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പ്രജ്ഞാ പ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. വര്‍ഷങ്ങളോളം വന്ദേ മാതരം വിസ്മൃതിയിലായിരുന്നു. ഇപ്പോള്‍ സാഹചര്യം മാറിയിരിക്കുന്നു. ഇത് ആഘോഷിക്കുകയും വിലമതിക്കുകയും വേണം. ഒരു രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സ്മൃതിഭ്രംശം. അതിലൂടെയാണ് നമ്മള് കടന്നുപോയത്. ചില ഭാഗങ്ങളില്‍ നിന്നുണ്ടായ ശ്രമങ്ങളാണ് അതിന് കാരണം. ഇപ്പോള്‍ നാം അത് തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്. സ്വാമി വിവേകാനന്ദന് പറഞ്ഞതുപോലെ, എത്ര ദൂരം പിന്നിലേക്ക് നോക്കാന്‍ കഴിയുമോ, അത്രയും പിന്നിലേക്ക് നോക്കുക. വികസനത്തിന്റെ പൂര്‍ണതയോടെ മുന്നോട്ട് പോകുന്നതിനായി നാം പിന്നിലേക്ക് നോക്കണം.
വന്ദേ മാതരം മാത്രം കേട്ടുകൊണ്ട് വിദ്യാര്‍ഥികള്‍ സമരമുഖത്തേക്കിറങ്ങി. മറ്റൊരു പ്രേരണയും ആവശ്യമായിരുന്നില്ല. സാധാരണക്കാരായ സ്ത്രീകളും പുരുഷന്മാരും ഈ രണ്ട് വാക്കുകളില്‍ ശക്തി കണ്ടെത്തി. വന്ദേ മാതരത്തിന് ഒരു മഹത്തായ പോരാട്ടം വിജയിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നു- ഭാരതത്തെ മുഴുവന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ പ്രേരിപ്പിച്ചു. അവര്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ 1905ല്‍ ബംഗാള്‍ വിഭജനത്തെ ചെറുത്തുതോല്‍പ്പിച്ച നമുക്ക് എന്തുകൊണ്ട് 1947ലെ വിഭജനം തടയാന്‍ സാധിച്ചില്ലെന്നത് ചിന്തിക്കണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ വിശിഷ്ടാതിഥിയായി. പ്രമുഖ പണ്ഡിത സുനൈന സിങ് അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി ഡെപ്യൂട്ടി സെക്രട്ടറി നവീന്‍ കുമാര്‍ സ്വാഗതവും സ്കൂള്‍ ഓഫ് ലാംഗ്വേജസ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ ഡീന്‍ ഡോ. താരു എസ്. പവാര്‍ നന്ദിയും പറഞ്ഞു. ഡീന്‍ അക്കാദമിക് പ്രൊഫ. ജോസഫ് കോയിപ്പള്ളി സംസാരിച്ചു. ഇന്ന് രാവിലെ 11ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ മുഖ്യാതിഥിയാകും. സാഹിത്യ അക്കാദമി മലയാളം അഡൈ്വസറി ബോര്‍ഡ് കണ്‍വീനര്‍ കെ. പി. രാമനുണ്ണി സമാപന സന്ദേശം നല്‍കും. അഖില ഭാരതീയ സാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറി പവന്‍പുത്ര ബാദല്‍ അധ്യക്ഷത വഹിക്കും. സാഹിത്യ അക്കാദമി എഡിറ്റര്‍ (ഇംഗ്ലീഷ്) സ്നേഹ ചൗധരി സംസാരിക്കും. വൈകിട്ട് നാലിന് സാംസ്കാരിക പരിപാടിയും ഉണ്ടാകും.













