തൃപ്പൂണിത്തുറ: മഹാഭാരതത്തെക്കുറിച്ചുള്ള പരമ്പരാഗത ദർശനങ്ങളെ വെല്ലുവിളിച്ചും ഇതിഹാസത്തിന്റെ അന്തഃസത്ത കണ്ടെത്തിയും അതിനെ പുനർവായിച്ച ജ്ഞാനിയായ ദർശകനായിരുന്നു പ്രൊഫ. തുറവൂർ വിശ്വംഭരനെന്ന് ഭാരതീയ വിചാരകേന്ദ്രം ഉപാധ്യക്ഷൻ കെ.സി. സുധീർ ബാബു. മഹാഭാരതത്തെ കേരളീയ സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച കുട്ടികൃഷ്ണ മാരാരുടെ വ്യാഖ്യാനങ്ങളോട് വിയോജിച്ചുകൊണ്ടാണ് വിശ്വംഭരൻ മാഷ് ഇതിഹാസത്തെക്കുറിച്ച് പഠനങ്ങളും രചനകളും നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
തൃപ്പൂണിത്തുറ എൻ.എം. ഹാളിൽ തപസ്യ കലാസാഹിത്യവേദി കേരളം സംഘടിപ്പിച്ച പ്രൊഫ. തുറവൂർ വിശ്വംഭരൻ സ്മൃതിസദസ്സിൽ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹാഭാരതത്തെ വികലമായി അവതരിപ്പിച്ച എം.ടി. വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന കൃതിക്ക് മലയാളസമൂഹം നൽകിയ അംഗീകാരത്തോട് ശക്തമായി വിയോജിച്ച വ്യക്തിയായിരുന്നു വിശ്വംഭരൻ മാഷെന്നും സുധീർ ബാബു അനുസ്മരിച്ചു.
മഹാഭാരതത്തിന്റെ യഥാർഥ ദർശനം സമൂഹത്തിന് പകർന്നുനൽകാൻ നിയോഗിക്കപ്പെട്ട വ്യക്തിയായിരുന്നു പ്രൊഫ. തുറവൂർ വിശ്വംഭരനെന്ന് തപസ്യ സംസ്ഥാന അധ്യക്ഷൻ വിജയകൃഷ്ണൻ പറഞ്ഞു. ആ നിയോഗം ഉത്തരവാദിത്വത്തോടെ നിർവഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്മൃതിസദസ്സിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു വിജയകൃഷ്ണൻ.
തപസ്യ തൃപ്പൂണിത്തുറ അധ്യക്ഷൻ എം.എൽ. രമേശ് സംസ്ഥാന അധ്യക്ഷൻ വിജയകൃഷ്ണനെ പൊന്നാടയണിയിച്ച് ആദരിച്ചു.
തപസ്യ സംസ്ഥാന സെക്രട്ടറി സതീശ് ബാബു കെ., തൃപ്പൂണിത്തുറ കാര്യദർശി സുബ്ബു ചൊവ്വര എന്നിവർ സംസാരിച്ചു. ആർ.എൽ.വി. ശ്രീനാഥ് നാന്ദിഗീതം ആലപിച്ചു. വിശ്വംഭരൻ മാഷിനെക്കുറിച്ച് കവി മങ്കൊമ്പ് രചിച്ച കവിത അനവദ്യപ്രസാദ് അവതരിപ്പിച്ചു.













