തൃപ്പൂണിത്തുറ: കർമം നിർവഹിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുകയും പ്രപഞ്ചത്തിലെ സകല ഘടകങ്ങളെയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്ന ചരടാണ് ധർമമെന്ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് സംസ്കൃത വിഭാഗം മേധാവി ഡോ. ലക്ഷ്മി ശങ്കർ പറഞ്ഞു. വിശ്വംഭരസ്മൃതിയുടെ ഭാഗമായി സംഘടിപ്പിച്ച വിഷയാവതരണ സദസ്സിൽ ധർമാനുഷ്ഠാനത്തിലെ സ്വാതന്ത്ര്യാനുഭൂതി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ.
ധർമം കേവലം ആശയമല്ലെന്നും അനുഷ്ഠാനത്തിലൂടെയാണ് അത് യാഥാർഥ്യമാകുന്നതെന്നും ലക്ഷ്മി ശങ്കർ പറഞ്ഞു. പ്രപഞ്ചത്തിലെ സകലതിനെയും പരസ്പരം ബന്ധിപ്പിച്ച്, അവയുടെ നിലനിൽപ്പിനും സംരക്ഷണത്തിനുമായി യഥാസമയങ്ങളിൽ ധീരമായി നിലകൊള്ളുക എന്നത് സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ പൗരന്റെ ധർമമാണ്. പിതാവിന്റെ വിയോഗസന്ദർഭത്തിൽ ചേരാനല്ലൂരിലെ ഭദ്രകീർത്തി സ്വീകരിക്കുന്ന നിലപാടും ഈ ധർമബോധത്തിന്റെ പ്രതിഫലനമാണെന്ന് അവർ കൂട്ടിച്ചേർത്തു.
ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും പിന്തുടർച്ചക്കാരെ അനുഭൂതിയുടെ ആഴങ്ങളിലേക്ക് നയിക്കുകയെന്നത് കാവ്യസാഹിത്യത്തിന്റെ ധർമമാണെന്ന് നേമം എൻ.എസ്.എസ്. കോളജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലക്ഷ്മിദാസ് പറഞ്ഞു.
യുവത്വത്തെ വിഷാദത്തിലേക്കും ഇരുട്ടിലേക്കും നയിക്കുന്ന കുട്ടികൃഷ്ണ മാരാരുടേതുൾപ്പെടെയുള്ള വ്യാഖ്യാനങ്ങളെ തിരുത്തുന്നതായിരുന്നു പ്രൊഫ. തുറവൂർ വിശ്വംഭരന്റെ ചിന്തകളെന്ന് ആധ്യാത്മിക പ്രഭാഷകൻ പീയൂഷ് ജി അഭിപ്രായപ്പെട്ടു. വിഷയാവതരണ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്രപ്രവർത്തകനും കവിയും സാഹിത്യകാരനുമായ കാവാലം ശശികുമാർ ചർച്ചയിൽ മോഡറേറ്ററായി.













