കോതമംഗലം: തൃക്കാരിയൂർ പ്രഗതി ബാലഭവന്റെ 14-മത് വാർഷികാഘോഷവും ദീപാവലി കുടുംബസംഗമവും ദീപാവലി ദിവസം (നവംബർ 8 ഞായറാഴ്ച )വൈകിട്ട് 6 മണി മുതൽ തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽവച്ച് ചലച്ചിത്രതാരം അഞ്ജലി നായർ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.
ദീപാലങ്കാരത്തോടെയും ബാലഭവൻ കുട്ടികളുടെ ഭജനയോടെയും ചടങ്ങുകൾക്ക് തുടക്കമായി. സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് അഡ്വ. എം. കെ. നാരായണൻ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സഹകാര്യവാഹ് ടി. എം. കൃഷ്ണകുമാർ ദീപാവലി സന്ദേശം നൽകി.

വിവിധ മേഖലകളിൽ മാതൃകാപരമായ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്ക് സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റി നൽകി വരുന്ന ‘സേവാകിരൺ സേവാകീർത്തി പുരസ്കാരം’ ഈ വർഷം സേവാശക്തി ഫൗണ്ടേഷൻ ചെയർമാൻ ശ്രീ. സി. എസ്. മോഹനനും, സമാജസേവനത്തിനായി ജീവിതം പൂർണമായി സമർപ്പിച്ച സേവാവ്രതി ആദരണീയ പി. ഡി. പൊന്നമ്മയ്ക്കും സമ്മാനിച്ചു.

സേവാശക്തി ഫൗണ്ടേഷനിലൂടെ കേരളത്തിലുടനീളം പാലിയേറ്റീവ് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെ നിരവധി സേവന പദ്ധതികൾക്ക് പ്രചോദനവും നേതൃത്വവും നൽകിവരുന്ന വ്യക്തിത്വമാണ് ശ്രീ. സി. എസ്. മോഹനൻ.
സ്വന്തം സുഖസൗകര്യങ്ങളും കുടുംബ ജീവിതവുമെല്ലാം മാറ്റിവച്ച് സമാജത്തിനായി സ്വജീവിതം സമർപ്പിച്ച സേവനത്തെ ജീവിതവ്രതമാക്കിയ മാതൃകാ വനിതയാണ് പി. ഡി. പൊന്നമ്മ.

പ്രഗതി ബാലഭവൻ സെക്രട്ടറി എം ജി ആനന്ദ് സ്വാഗതം അർപ്പിച്ചു. വാർഡ് മെമ്പർമാരായ ശ്രീമതി ശോഭാ രാധാകൃഷ്ണൻ, ശ്രീമതി സന്ധ്യ സുനിൽകുമാർ, പ്രഗതി ബാലഭവൻ പ്രസിഡന്റ് KK സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ശ്രുതിലയ മ്യൂസിക് അക്കാദമിയിലെ കൊച്ചുകുട്ടികളുടെ സംഗീതാർച്ചനയോടെയാണ് വേദിയിൽ കാര്യപരിപാടികൾക്ക് സമാരംഭം കുറിച്ചത്.













