കൊല്ലം: വീരശ്രീ വേലുത്തമ്പി ദളവാ സ്മാരക സേവാ സമിതി കേരളത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കുണ്ടറ വിളംബരത്തിന്റെ 218-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും. രണ്ടു മാസം നീണ്ടുനില്‍ക്കുന്ന വിപുലമായ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നാളെ വൈകിട്ട് 5ന് കൊല്ലം ആശ്രാമം ദീനദയാല്‍ ഹാളില്‍ നടക്കും. ആര്‍എസ്എസ്. ദക്ഷിണ ക്ഷേത്രിയ കാര്യവാഹും ജന്മഭൂമി മാനേജിംഗ് ഡയറക്ടറുമായ എം. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സെമിനാറുകള്‍, ചരിത്ര ചിത്രപ്രദര്‍ശനം, സിനിമാ പ്രദര്‍ശനം, ക്യാന്‍വാസ് ചിത്രരചന, റീല്‍സ് മത്സരം, ജെന്‍സി ടോക്ക്, അവാര്‍ഡ് ദാനം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. ചരിത്രവും സംസ്കാരവും പുതുതലമുറയിലേക്ക് എത്തിക്കുന്നതിനൊപ്പം യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന പരിപാടികള്‍ക്കും പ്രത്യേക പ്രാധാന്യം നല്‍കും. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ പ്രമുഖര്‍ പങ്കെടുക്കും. ഡോ. ജെ. ശ്രീകുമാര്‍ ചെയര്‍മാനായി വിപുലമായ ആഘോഷ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
വേലുത്തമ്പി ദളവയുടെ പോരാട്ടവീര്യവും ഭരണനീതിയും കുണ്ടറ വിളംബരത്തിന്റെ ചരിത്രപ്രാധാന്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചരിത്രബോധം വളര്‍ത്തുകയുമാണ് രണ്ടു മാസം നീളുന്ന ആഘോഷങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് വേലുത്തമ്പി ദളവാ സ്മാരക സേവാ സമിതി ജനറല്‍ സെക്രട്ടറി എസ്. കെ. ദീപുകുമാര്‍ അറിയിച്ചു.












