കൊച്ചി: കേരള സര്‍ക്കാര്‍ പൊതുജനങ്ങളുടെ ആരോഗ്യസംബന്ധമായ വിവരങ്ങള്‍ കനേഡിയന്‍ ഗവേഷണ ഏജന്‍സിക്ക് കൈമാറിയത് മരുന്നുണ്ടാക്കാന്‍ വേണ്ടിയെന്ന് റിപ്പോര്‍ട്ട്. കേരളം ഡാറ്റ കൈമാറിയ കനേഡിയന്‍ ഗവേഷക കമ്പനി സംസ്ഥാനത്ത് മരുന്ന് പരീക്ഷണത്തിനും ശ്രമിച്ചുവെന്ന രേഖകള്‍ പുറത്തുവന്നതോടെ സര്‍ക്കാര്‍ വീണ്ടും വെട്ടിലാകുകയാണ്. കാനഡയില്‍ പരീക്ഷണാര്‍ഥം നല്‍കിയ ഗുളിക കേരളത്തില്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാക്കി രോഗികള്‍ക്ക് നല്‍കാന്‍ പിഎച്ച്ആര്‍ഐ തീരുമാനിച്ചതിന്റെ രേഖകള്‍ പുറത്തുവിട്ടത് ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ്. കിരണ്‍ ആരോഗ്യ സര്‍വേ വഴി സംസ്ഥാനത്തെ പത്ത് ലക്ഷം ആളുകളുടെ ആരോഗ്യവിവരങ്ങളാണ് ശേഖരിച്ചത്. ഇതിന്റെ ആദ്യഘട്ട ഡാറ്റകള്‍ ലഭ്യമായതോടെയാണ് കനേഡിയന്‍ ഗവേഷണ ഏജന്‍സിയായ പിഎച്ച്ആര്‍ഐ തലവന്‍ മലയാളികൂടിയായ ഡോ. സലിം യൂസഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ മരുന്ന പരീക്ഷണത്തിന് കളമൊരുക്കിയത്.
ജീവിതശൈലി രോഗങ്ങള്‍ കൂടിയ കേരളത്തില്‍ കൊളസ്ട്രോളിനും രക്തസമ്മര്‍ദത്തിനും ഹൃദയസംബന്ധമായ പ്രശ്നത്തിനും ഉപയോഗിക്കാവുന്ന ഒറ്റ മരുന്ന് എന്ന നിലയില്‍ പോളി പില്‍ എന്ന പുതിയ ഗുളികക്ക് വലിയ വിപണി ഒരുക്കാനായിരുന്നു നീക്കം. എന്നാല്‍ പോളി പില്‍ എന്ന പേരില്‍ കേരളത്തില്‍ കൊണ്ടുവന്നാല്‍ വിവാദങ്ങളുണ്ടാകുമെന്നും പോളിഫാര്‍മസി എന്നുപയോഗിച്ചാല്‍ മതിയെന്നും സര്‍വേയുമായി സഹകരിച്ച ഹെല്‍ത്ത് ആക്ഷന്‍ ബൈ പിപ്പിളിന്റെ ഡോ. വിജയകുമാര്‍ ഡോ.സലിം യൂസഫിന് മെയില്‍ അയച്ചു. പിന്നീട് മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട് കാനഡയില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ രാജീവ് സദാനന്ദനും ഡോ. വിജയകുമാറും ആരോഗ്യവകുപ്പിലെ ഡോ. ബിപിന്‍ ഗോപാലും പങ്കെടുത്തു. അതിനുശേഷമാണ് കാനഡിയില്‍ കുറച്ചാളുകളില്‍ പരീക്ഷിച്ചശേഷം അടുത്ത ഘട്ടം എന്ന നിലയില്‍ ഈ ഗുളിക സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ സൗജന്യമായി നല്‍കാന്‍ നീക്കം നടത്തിയത്. ഇതിനായി വമ്പന്‍ ബഹുരാഷ്ട്ര മരുന്ന് കമ്പനികളും രംഗത്തെത്തിയിരുന്നു. ഇത് തെളിയിക്കുന്ന രേഖകളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കിരണ്‍ ആരോഗ്യ സര്‍വേയുടെ വിവരങ്ങള്‍ കനേഡിയന്‍ ഗവേഷണ ഏജന്‍സിക്ക് കൈമാറിയെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ അതിനെ നിഷേധിച്ചു കൊണ്ടായിരുന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ അടക്കമുള്ളവര്‍ രംഗത്തുവന്നത്. എന്നാല്‍ ഇവരുടെ നിധേഷക്കുറിപ്പ് വെറുതേയായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. സര്‍ക്കാര്‍ പദ്ധതിയിലുല്‍പ്പെടുത്തി സൗജന്യമായി മരുന്ന് നല്‍കിയാല്‍ നിരവധി രോഗികള്‍ അതുപയോഗിക്കും. ഇവരിലെ മാറ്റങ്ങള്‍ കിരണ്‍ സര്‍വേയുടെ മറവില്‍ കനേഡിയന്‍ ഗവേഷണ ഏജന്‍സിക്ക് കൃത്യമായി വിലയിരുത്താനുമാകുമെന്നതായിരുന്നു ഈ നീക്കത്തിന് പിന്നില്‍. അതേസമയം ഈ മരുന്ന് പരീക്ഷണം സര്‍ക്കാര്‍ മേഖലയില്‍ നടത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് പ്രതികരിച്ചു.
Discussion about this post