കോഴിക്കോട്: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത നടപടി അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളെ ഓര്‍മിപ്പിക്കുന്നതാണെന്ന് മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ.
മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി ജനാധിപത്യ മൂല്യങ്ങളേയും പൗരാവകാശങ്ങളെയും മാധ്യമ സ്വാതന്ത്ര്യത്തേയും ഹനിക്കുന്നതാണെന്ന് ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
അര്‍ണാബ് ഗോസ്വാമി, ദേശവിരുദ്ധ ശക്തികളെ തുറന്നു കാണിച്ചതും അഴിമതി പുറത്തു കൊണ്ടു വന്നതുമാണ് ഭരണാധികാരികളുടെ ഉറക്കം കെടുത്തുന്നത്. ജനാധിപത്യവിരുദ്ധമായ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഇത്തരം ഭരണകൂട ഭീകരതക്കെതിരെ മാധ്യമ പ്രവര്‍ത്തകരുടെ സംഘടന രംഗത്തു വരാത്തത് ഇരട്ടത്താപ്പാണ്. അധികാരം ഉപയോഗിച്ച് മാധ്യമ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ കിരാത നടപടിക്കെതിരെ രംഗത്തു വരണമെന്ന് യോഗം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു.
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജനം ടി.വി ചീഫ് എഡിറ്റര്‍ ജി.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം.ബാലകൃഷ്ണന്‍ പ്രമേയം അവതരിപ്പിച്ചു. മാതൃഭൂമി മുന്‍ ഡപ്യൂട്ടി എഡിറ്റര്‍ പി.ബാലകൃഷ്ണന്‍, കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍ മധു, പി.ശ്രീകുമാര്‍, എ.കെ.അനുരാജ്, കെ.ജയേഷ്, എ.എന്‍ അഭിലാഷ്, ഗൗതം നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post