ലഖ്‌നൗ: ഗംഗാനദിയിലേക്ക് മലിനജലം ഒഴുകാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അത്യന്താധുനിക മാലിന്യ സംസ്‌കരണപ്ലാന്റ് സ്ഥാപിച്ചു. നമാമി ഗംഗാ പദ്ധതിയുടെ ഭാഗമായാണ് വാരാണസിയിലെ രാംനഗറില്‍ പത്ത് എംഎല്‍ഡി ശേഷിയുള്ള പുതിയ പ്ലാന്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിച്ചു. പ്ലാന്റ് തുറക്കുന്നതോടെ വാരാണസിയിലെ അഞ്ച് ഓടകളില്‍ നിന്ന് ഗംഗയിലേക്ക് മലിനജലം പതിക്കുന്നത് പൂര്‍ണമായി നിലയ്ക്കും.
ഗംഗാശുചീകരണ പദ്ധതി ഫലവത്തായി പുരോഗമിക്കുന്നതിനു പുറമേയാണ് ഗംഗയിലേക്ക് ഒഴുകിയെത്തുന്ന ജലം ശുദ്ധീകരിക്കാനും ഊന്നല്‍ നല്‍കുന്നത്. പവിത്രഗംഗയെ വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം വ്യക്തമാക്കി.
പതിനഞ്ച് വര്‍ഷത്തെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന തരത്തിലാണ് മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നത്. ഗംഗാതീരത്തെ നഗരങ്ങളുടെ ശുചിത്വവും വികസനവും പദ്ധതിയുടെ ഭാഗമാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ പ്ലാന്റാണ് രാംനഗറിലേത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച വെള്ളം മാത്രമേ ഇനി ഗംഗാ നദിയില്‍ പതിക്കൂയെന്നതാണ് പ്രത്യേകത.
2018 നവംബര്‍ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്ലാന്റിന് തറക്കല്ലിട്ടത്. 72.91 കോടി രൂപയാണ് നിര്‍മ്മാണത്തിന് ചെലവഴിച്ചത്.
വാരാണസിയിലെ എട്ട് പുണ്യതീര്‍ത്ഥങ്ങളും പ്രധാനമന്ത്രി സമര്‍പ്പിച്ചു. കലഹ, ദുധിയ, ലക്ഷ്മി, പഹാരിയ, പഞ്ച്‌കോസി, കബീര്‍, രേവ, ബഖാരിയ കുണ്ഡുകളാണിവ. പരമ്പരാഗത മനുഷ്യനിര്‍മിത ജലാശയങ്ങളാണിവയെന്നും അവ കുടിവെള്ളം, മഴവെള്ള സംഭരണം, ഭൂഗര്‍ഭജലം റീചാര്‍ജ് എന്നിവയുടെ പ്രധാന സ്രോതസ്സുകളാണെന്നും ജലശക്തി മന്ത്രാലയം ചൂണ്ടിക്കാട്ടി.
Discussion about this post