ചെന്നൈ: ദേശഭക്ത മഹാകവി സുബ്രഹ്മണ്യ ഭാരതിയാരുടെ ജന്മദിനത്തില്‍ ഭാവാത്മക അര്‍ച്ചനയുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍. കവിഭാരതി എന്ന പേരില്‍ പുതിയ ഘോഷ് രചനയ്ക്ക് രൂപം നല്‍കിയാണ് മഹാകവിക്ക് സ്മരണാഞ്ജലി ഒരുക്കിയത്. തിരുവല്ലിക്കേണിയിലെ ഭാരതി ഹൗസിന് മുന്നില്‍ മഹാകവിയുടെ ‘ഒളി പടൈത കന്നിനൈ വാ വാ വാ’ എന്ന ഗീതം ഓടക്കുഴലില്‍ ഘോഷുപകരണങ്ങളുടെ പിന്നണിയോടെ പ്രവര്‍ത്തകര്‍ ആലപിച്ചു.
ഓടക്കുഴല്‍, സാക്സോഫോണുകള്‍, ക്ലാര്‍നറ്റ്, ശംഖ് എന്നിവ ഉപയോഗിച്ചായിരുന്നു ആലാപനം. പരിശീലനം നേടിയ ആയിരത്തോളം പ്രവര്‍ത്തകരാണ് പരിപാടിയില്‍ പങ്കെടുത്തത്. രാഷ്ട്രത്തെപ്പറ്റി അപാരമായ അഭിമാനവും വിശ്വാസവും പുലര്‍ത്തിയ മഹാനാണ് സുബ്രഹ്മണ്യഭാരതി എന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച പ്രശസ്ത സംഗീതജ്ഞന്‍ അനില്‍ ശ്രീനിവാസന്‍ പറഞ്ഞു. ഒരുമിച്ച് വരികയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് മാറ്റത്തിന്റെ അടിസ്ഥാനമെന്ന് കവിതകളിലൂടെ ഭാരതിയാര്‍ പറഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യത്തില്‍ നിന്ന് സ്വാശ്രയത്വത്തിലേക്കുള്ള പരിവര്‍ത്തനമായിരുന്നു ഭാരതി മുന്നോട്ടുവെച്ച സന്ദേശമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍ പറഞ്ഞു. തൊട്ടുകൂടായ്മയ്ക്കെതിരെയും ജാതി വിവേചനത്തിനുമെതിരെ മഹാകവി പ്രചാരണം നടത്തി. അക്കാലത്ത് താഴ്ന്ന ജാതിയില്‍ പെട്ട ഒരാള്‍ക്കായി അദ്ദേഹം സ്വന്തംവീട്ടില്‍ ഗായത്രി മന്തം ഉപദേശിച്ചു.
ദരിദ്രരോട് സ്‌നേഹവും സേവാഭാവവും സമാജത്തില്‍ അനിവാര്യമാണ്. സ്വദേശി തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്വാശ്രയത്വത്തിനുവേണ്ടി അദ്ദേഹം നിരന്തരം വാദിച്ചുവെന്ന് രാംദത്ത് പറഞ്ഞു
Discussion about this post