ഗുവാഹത്തി: മുഗളാധിപത്യത്തിനെതിരെ പോരാടിയ സ്വാതന്ത്ര്യസമരനായകന്‍ വീര ലചിത് ബര്‍ഫുകന്റെ 400-ാം ജന്മവാര്‍ഷികാഘോഷത്തിന് 25ന് ഗുവാഹത്തിയില്‍ തുടക്കമാകും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ആസാമിലെത്തുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സരാഘട്ടിലെ അവസാന യുദ്ധത്തില്‍ മുഗളരെ പരാജയപ്പെടുത്തിയ വീര ലചിത് ബര്‍ഫുക്കന്റെ നാലാം ജന്മശതാബ്ദിയുടെ ഭാഗമായി ആസാം സര്‍ക്കാര്‍ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ബര്‍ഫുക്കന്റെ നേതൃത്വത്തിലുള്ള കേവലം 20,000 യോദ്ധാക്കള്‍ അടങ്ങുന്ന ചെറിയ അഹോം സൈന്യത്തിന് മുന്നില്‍ അറുപതിനായിരത്തിലേറെ വരുന്ന മുഗളസേന തോറ്റോടിയ യുദ്ധവിജയത്തിന്റെ സ്മരണകൂടിയാണ് ആഘോഷം. പിന്നെ ഒരിക്കല്‍കൂടെ ആസാമിനെ ആക്രമിക്കാന്‍ മുഗള്‍ ഭരണാധികാരികള്‍ക്ക് ധൈര്യമുണ്ടായില്ല. ജോര്‍ഹട്ടില്‍ ലച്ചിത് ബര്‍ഫുകന്റെ ‘സമാധി’ മണ്ഡപത്തിന് തറക്കല്ലിടലും രാഷ്ട്രപതി കോവിന്ദ് നിര്‍വഹിക്കും.
കാംരൂപ് ജില്ലയിലെ ദാദര മേഖലയില്‍ നിര്‍മിക്കുന്ന ‘അലബോയ്’ യുദ്ധസ്മാരകത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. 1669-ലെ അലബോയ് യുദ്ധത്തിലാണ് മുഗളന്മാരുടെ ആക്രമണത്തില്‍ നിന്ന് മാതൃരാജ്യത്തെ രക്ഷിക്കാന്‍ 10,000 അഹോം യോദ്ധാക്കള്‍ ജീവന്‍ ബലിയര്‍പ്പിച്ചത്. ആത്മവീര്യം വീണ്ടെടുത്ത അഹോം പോരാളികള്‍ 1671-ലെ സരാഘട്ട് യുദ്ധത്തില്‍ മുഗളരെ പരാജയപ്പെടുത്തി തിരിച്ചടിച്ചതാണ് ചരിത്രം.
25ന് ഗുവാഹത്തിയിലെ ശങ്കര്‍ദേവ് കലാക്ഷേത്രയില്‍ നടക്കുന്ന പരിപാടിയില്‍ രാഷ്ട്രപതി കോവിന്ദ് രണ്ട് സ്മാരകങ്ങള്‍ക്കും ശിലാസ്ഥാപനം നിര്‍വഹിക്കും. 26ന് തേജ്പൂര്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും. കാസിരംഗ നാഷണല്‍ പാര്‍ക്കും കാമാഖ്യ ക്ഷേത്രവും സന്ദര്‍ശിക്കുന്ന അദ്ദേഹം ആസാം സര്‍ക്കാരിന്റെ പ്രത്യേക യോഗത്തെ അഭിവാദ്യം ചെയ്യും. 27ന് രാഷ്ട്രപതി ദല്‍ഹിയിലേക്ക് മടങ്ങും.
Discussion about this post