പൂനെ: ‘ലതാ ദീദി വാക്കുകള്‍ക്കപ്പുറത്തെ വികാരമായിരുന്നുവെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. ‘ഈ ഭാരതവര്‍ഷമാകെ ഓരോമനസ്സിലും നിറയുമായിരുന്ന സമ്മര്‍ദ്ദത്തിന്റെ മേഘക്കൂട്ടങ്ങള്‍ ആ നാദത്തില്‍ പെയ്തുതോരുമായിരുന്നു. ആ സ്വരം നമുക്ക് നഷ്ടമായിരിക്കുന്നു. ലതാ ദീദിയുടെ വ്യക്തിജീവിതത്തില്‍ ഉണ്ടായിരുന്ന വിശുദ്ധി, നേതൃപാടവം, നിലപാടുകളുടെ ദാര്‍ഢ്യം, അനുകമ്പ തുടങ്ങിയ ഗുണങ്ങള്‍ പിന്തുടരുകയാണ് ഹിമവത് സദൃശമായ ആ സംഗീതത്തിനുള്ള സമാദരണം’ പൂനെ ദീനനാഥ് മങ്കേഷ്കര്‍ ആശുപത്രിയില്‍ ലതാമങ്കേഷ്കറുടെ കുടുംബം സംഘടിപ്പിച്ച അനുസ്മരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീനനാഥ് മങ്കേഷ്കര്‍ ആശുപത്രി ദീദിയുടെ സൃഷ്ടിയാണ്. പാട്ടിനപ്പുറം രാഷ്ട്രമാകെ പടര്‍ന്ന സേവനത്തിന്റെയും ദേശസ്നേഹത്തിന്റെ ആ അധ്യായങ്ങള്‍ പലതും പലര്‍ക്കും പരിചിതമല്ല. ദാദ്ര നഗര്‍ ഹവേലിയുടെ മോചനത്തിനായി ദീദി തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം അനുഷ്ഠിച്ച സേവനങ്ങള്‍ നാടിന് മറക്കാനാകില്ല.
ജീവിതമങ്ങനെയാണ്. അമാനുഷികമായ, തികച്ചും ഈശ്വരീയമായ ആദര്‍ശങ്ങള്‍ വിവിധ രൂപങ്ങളിലാണ് നമ്മെ സന്ദര്‍ശിക്കാന്‍ വരുന്നത്. അവര്‍ തങ്ങളുടെ സാധന പൂര്‍ത്തിയാക്കി മടങ്ങും. അവളുടെ ശബ്ദം ശാശ്വതമായിരിക്കും. ആ സന്ദര്‍ശനത്തില്‍ നമുക്ക് അനന്തമായ ശാന്തി അനുഭവപ്പെടും. ലതാദീദിയുടെ വരവ് അങ്ങിനെയായിരുന്നു. ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നാണ് ദീദി സമാജത്തിന് വേണ്ടി സ്വയം സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. സ്വന്തം പിതാവിന്റെ ദൈന്യതയും രോഗപീഡയും കണ്ട് അറിഞ്ഞാണ് സമാജത്തിന് ആ അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ഇത്തരമൊരു ആശുപത്രിക്ക് ദീദി ശ്രമിച്ചതെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
ജീവിതത്തിലാകെ ഇപ്പോള്‍ ഇരുട്ടാണെന്ന് ലതാ മങ്കേഷ്കറുടെ സഹോദരന് ഹൃദയനാഥ് മങ്കേഷ്കര്‍ പറഞ്ഞു. 80 വര്‍ഷം സഹവസിച്ചിട്ടും എനിക്ക് ദീദിയെ മനസ്സിലായില്ല. വിശുദ്ധ ജ്ഞാനേശ്വരനെപ്പോലായാണ് ദീദി വഴികാട്ടിയതെന്ന് അദ്ദേഹം അനുസ്മരിച്ചു.
അച്ഛനെപ്പോലെയായിരുന്നു ലതാദീദിയെന്നും ഇപ്പോള്‍ കുടുംബം ഒരിക്കല്‍കൂടി അനാഥമായെന്നും ഗായിക ആശാ ഭോസ്ലെ പറഞ്ഞു.
ദീനനാഥ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ധനഞ്ജയ് കേല്‍ക്കര്‍, ഗായകന് വിഭാവരി ജോഷി, മീന ഖാദികര്‍, ആദിനാഥ് മങ്കേഷ്കര്‍, വിദ്യ വാചസ്പതി ശങ്കര്‍ അഭ്യങ്കര്‍ വിശ്വനാഥ് കരാഡ്, സംഗീത സംവിധായകന് രൂപ്കുമാര്‍ റാത്തോഡ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post