സിംല: ഹിമാചല്‍പ്രദേശില്‍ സ്വാധീനമുറപ്പിക്കാന്‍ ആപ്പ് നേതാവ് അരവിന്ദ് കേജ്‌രിവാള്‍ രഥയാത്ര നടത്തിയതിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു. ആം ആദ്മി പാര്‍ട്ടി ഹിമാചല്‍ സംസ്ഥാന അധ്യക്ഷന്‍ അനൂപ് കേസരിയാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ വസതിയില്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ സാന്നിധ്യത്തിലാണ് അനൂപ് കേസരിയും സഹപ്രവര്‍ത്തരും ബിജെപിയില്‍ ചേര്‍ന്നത്.
അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാനും ഹിമാചലില്‍ റോഡ്ഷോ നടത്തി ദിവസങ്ങള്‍ക്കകമാണ് അനൂപ് കേസരിയുടെ നീക്കം. ദല്‍ഹിക്കും പഞ്ചാബിനും പിന്നാലെ ഗുജറാത്തും ഹിമാചലും അടക്കമുള്ള സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു റോഡ് ഷോ.
ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ അനൂപ് കേസരിക്ക് പുറമെ സംഘടനാ ജനറല്‍ സെക്രട്ടറി സതീഷ് താക്കൂര്‍, ഉന ജില്ലാ പ്രസിഡന്റ് ഇഖ്ബാല്‍ സിങ് എന്നിവരും ബിജെപിയില്‍ ചേര്‍ന്നു. മാണ്ഡിയിലെ റോഡ് ഷോ കേജരിവാളിന്റെയും ഭഗവന്ത് മന്നിന്റെയും ഏകാധിപത്യത്തിന് തെളിവായിരുന്നുവെന്ന് അനൂപ് കേസരി പറഞ്ഞു. ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വളരെ നേരത്തെ ആപ്പ് തുടക്കമിട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രസിഡന്റ് അടക്കമുള്ളവര്‍ ബിജെപിയിലേക്ക് പോയതോടെ നാണംകെട്ട അവസ്ഥയിലാണ് ആപ്പ് നേതൃത്വം.
ഗുജറാത്തില്‍ പഞ്ചാബ് മോഡല്‍ ആവര്‍ത്തിക്കുമെന്ന പ്രഖ്യാപനവുമായി അരവിന്ദ് കേജരിവാള്‍ റോഡ് ഷോ നടത്തിയതിനുപിന്നാലെ 150 ഓളം ആപ്പ് അംഗങ്ങള്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. സംസ്ഥാനത്തെ എല്ലാ എഎപി അംഗങ്ങളോടും പാര്‍ട്ടി വിടാന്‍ അവര്‍ അഭ്യര്‍ത്ഥിച്ചു.
Discussion about this post