ന്യൂദല്‍ഹി: ഹലാല്‍ ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നും വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. വിഭോര്‍ ആനന്ദ് എന്ന അഭിഭാഷകന്‍ അഡ്വ. രവികുമാര്‍ തോമര്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ സര്‍വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജമിയത്ത് ഉലമ-ഇ-ഹിന്ദ് ഹലാല്‍ ട്രസ്റ്റ് എന്നിവയുള്‍പ്പെടെ ബന്ധപ്പെട്ട അധികാരികള്‍ക്ക് ഹലാല്‍ സാക്ഷ്യപ്പെടുത്തിയ എല്ലാ ഉത്പന്നങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അറുക്കുന്ന മാംസത്തിന് 1974ലാണ് ആദ്യമായി ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ആരംഭിച്ചതെന്നും അതിനു മുമ്പ് അതുണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. 1974 മുതല്‍ 1993 വരെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ മാംസ ഉല്‍പന്നങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. അതിനുശേഷമാണ് മറ്റ് ഉത്പന്നങ്ങളുടെ മേലും ഹലാല്‍ മുദ്ര പതിഞ്ഞത്.
1974 മുതല്‍ നല്‍കിയ എല്ലാ ഹലാല്‍ സര്‍ട്ടിഫിക്കറ്റുകളും അസാധുവായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.
ജനസംഖ്യയുടെ 15 ശതമാനം പേര്‍ക്ക് വേണ്ടി, ശേഷിക്കുന്ന 85 ശതമാനം ആളുകളും അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ഹലാല്‍ ഉത്പന്നങ്ങള്‍ കഴിക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്നും ഒരാളുടെ മതവിശ്വാസം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
Discussion about this post