ന്യൂദല്‍ഹി: അടുത്ത ഒന്നരവര്‍ഷം കൊണ്ട് കേന്ദ്ര സര്‍വ്വീസുകളില്‍ പത്തുലക്ഷം പേരെ നിയമിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചു. വിവിധ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മനുഷ്യ വിഭവശേഷി അവലോകനം ചെയ്ത ശേഷം പ്രധാനമന്ത്രി തന്നെയാണ് തീരുമാനം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച് എല്ലാ മന്ത്രാലയങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ വകുപ്പുകളിലെ ഒഴിവുകള്‍ നികത്താനാണ് മുന്‍ഗണന. വിവിധ വകുപ്പുകളില്‍ നിരവധി ഒഴിവുകളുണ്ടെങ്കിലും നിയമന നടപടികള്‍ മന്ദഗതിയിലാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.
എല്ലാ വകുപ്പുകളും മന്ത്രാലയങ്ങളും ഒഴിവുള്ള തസ്തികകളുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. ഏപ്രിലില്‍ കേന്ദ്ര സെക്രട്ടറിമാരുടെ നാല് മണിക്കൂര്‍ യോഗത്തിലും റിക്രൂട്ട്മെന്റ് ഡ്രൈവിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചിരുന്നു.
2020 മാര്‍ച്ച് ഒന്നുവരെ വിവിധ കേന്ദ്ര വകുപ്പുകളിലായി 8.72 ലക്ഷം ഒഴിവുകള്‍ ഉണ്ടെന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ രാജ്യസഭയില്‍ കേന്ദ്രസഹമന്ത്രി ജിതേന്ദ്രസിങ് മറുപടി നല്‍കിയിരുന്നു, കേന്ദ്രവകുപ്പുകളുടെയും അംഗീകൃത അംഗബലം 40.05 ലക്ഷമാണ്. എന്നാല്‍ നിലവില്‍ 31.33 ലക്ഷം ജീവനക്കാരേ ഉള്ളൂ. ഇതില്‍ 40.55 ശതമാനം പേര്‍ റെയില്‍വേയിലും 30.5 ശതമാനം പേര്‍ ആഭ്യന്തരമന്ത്രാലയത്തിലും 12.31 ശതമാനം പേര്‍ പ്രതിരോധ മന്ത്രാലയത്തിലും. പോസ്റ്റല്‍ വകുപ്പില്‍ 5.66 ശതമാനം ജീവനക്കാരും റവന്യൂവകുപ്പില്‍ 3.26 ശതമാനം ജീവനക്കാരുമുണ്ട്. മറ്റെല്ലാ വകുപ്പുകളിലുമായി 7.72 ശതമാനം ജീവനക്കാരുണ്ട്. കേന്ദ്ര ജീവനക്കാര്‍ക്ക് പ്രതിവര്‍ഷം ശമ്പളവും മറ്റ് അലവന്‍സുകളും നല്‍കാന്‍ മാറ്റിവെയ്ക്കുന്നത് 2.25 ലക്ഷം കോടിയാണ്.
മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം 2014-20 കാലത്തു മാത്രം 5.6 ലക്ഷം പേര്‍ക്ക് കേന്ദ്രസര്‍വ്വീസില്‍ ജോലി നല്‍കിയിട്ടുണ്ട്. ഇതില്‍ മൂന്നുലക്ഷം പേര്‍ക്കും റെയില്‍വേയാണ് ജോലി നല്‍കിയത്. പുതിയ പ്രഖ്യാപനം അനുസരിച്ച് കേന്ദ്രപോലീസ് സേനകളില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് നിയമനം നല്‍കും. പ്രതിദിനം രണ്ടായിരം പേര്‍ക്കാണ് കേന്ദ്രസര്‍വ്വീസില്‍ ജോലി നല്‍കുക. യുപിഎസ്‌സി, എസ്എസ്സി, റെയില്‍വേ എന്നിവര്‍ക്കാണ് പത്തുലക്ഷം പേര്‍ക്ക് ജോലി നല്‍കാനുള്ള ഹിമാലയന്‍ ദൗത്യത്തിന്റെ ചുമതല.റെയില്‍വേയില്‍ തന്നെ രണ്ടു ലക്ഷത്തിലേറ ഒഴിവുകളുണ്ടെന്നാണ് പാര്‍ലമെന്റില്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഏപ്രില്‍ 11ന് അറിയിച്ചത്.
Discussion about this post