മുംബൈ: ജീവിക്കാന്‍ സഹായം തേടി മുംബൈ ക്രിക്കറ്റ് അസോസിയേഷന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി. അസോസിയേഷന്‍ ചില അസൈന്‍മെന്റുകള്‍ ജീവിതം പച്ച പിടിക്കുമെന്ന പ്രതീക്ഷയിലാണെന്നും ബിസിസിഐയില്‍ നല്‍കുന്ന 30,000 രൂപ പെന്‍ഷനാണ് ഏക വരുമാനമാര്‍ഗമെന്നും കാംബ്ലി മിഡ്-ഡേ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ബിസിസിഐയോടും ക്രിക്കറ്റിനോടും ഞാന്‍ നന്ദിയുള്ളവനാണ്. എന്റെ കുടുംബത്തെ പരിപാലിക്കുന്നത് ക്രിക്കറ്റാണ്. ബാല്യകാലസുഹൃത്തു കൂടിയായ സച്ചിനെക്കുറിച്ചുള്ള ചോദ്യതത്തിന് ‘അവന്‍ എനിക്ക് വേണ്ടി എപ്പോഴും ഉണ്ടായിരുന്നു’ എന്നായിരുന്നു കാംബ്ലിയുടെ ഉത്തരം. സച്ചിന്‍ ഇതിഹാസമാണ്. അവന് കാര്യങ്ങളെല്ലാല്ലാം അറിയാം, പക്ഷേ ഞാന്‍ അവനില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. എനിക്ക് ടിഎംജിഎ (ടെണ്ടുല്‍ക്കര്‍ മിഡില്‍സെക്സ് ഗ്ലോബല്‍ അക്കാദമി)യില്‍ അവസരം നല്‍കിയത് ഒരിക്കലും മറക്കാനാവില്ല, കാംബ്ലി പറഞ്ഞു.
2019 ടി20 മുംബൈ ലീഗിലെ ഒരു ടീമിന്റെ കോച്ചിങ് സ്റ്റാഫിന്‍റെ ഭാഗമായിരുന്നു കാംബ്ലി. പിന്നീട് നവി മുംബൈയിലെ നെരൂളിലുള്ള ടെണ്ടുല്‍ക്കര്‍ മിഡില്‍സെക്സ് ഗ്ലോബല്‍ അക്കാദമിയില്‍ യുവ ക്രിക്കറ്റ് താരങ്ങളുടെ ഉപദേശകനായി സച്ചിന്‍ നിയമിച്ചു. എന്നാല്‍ അതില്‍ അദ്ദേഹം തുടര്‍ന്നില്ല. ബാന്ദ്രയിലെ വീട്ടില്‍ നിന്ന് നെരൂള്‍ വരെ യാത്ര ചെയ്യാന്‍ പ്രയാസമാണെന്നതായിരുന്നു കാരണം പറഞ്ഞത്.
യുവാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അവസരങ്ങളാണ് ആവശ്യമെന്ന് കാംബ്ലി പറഞ്ഞു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ചുമതലക്കാരോട് ഞാന്‍ സഹായം തേടി. കുടുംബത്തോടൊപ്പം ഞാനിവിടെത്തന്നെയുണ്ട്, എപ്പോള്‍ വിളിച്ചാലും എന്തിനും തയ്യാറാണ്. മുംബൈ ക്രിക്കറ്റ് എനിക്ക് ഒരുപാട് തന്നു, അതിന് അവരോട് ഏറെ നന്ദിയുണ്ട്, കാംബ്ലി കൂട്ടിച്ചേര്‍ത്തു.
Discussion about this post