നാഗ്പൂര്‍: സ്ത്രീശാക്തീകരണം വീടുകളില്‍ നിന്ന് ആരംഭിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക്. ജീവശാസ്ത്രപരമായ വ്യത്യാസങ്ങള്‍ ഒഴികെ, എല്ലാ കാര്യങ്ങളിലും സ്ത്രീയും പുരുഷനും തുല്യരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രസേവികാസമിതി തൃതീയ പ്രമുഖ് സംചാലിക ആയിരുന്ന ഉഷാതായ് ചാഠിയുടെ മൂന്നാം അനുസ്മരണ സമ്മേളനത്തില്‍ സംഘമിത്ര സേവാ പ്രതിഷ്ഠാന്‍ പുറത്തിറക്കിയ ‘മഹിളാചരിത്ര കോശ്’ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകളെ ജഗത്ജനനിയായാണ് ഭാരതം കണക്കാക്കുന്നത്. എന്നാല്‍ പല വീടുകളിലും അടിമകളെപ്പോലെയാണ് അവര്‍ പരിഗണിക്കപ്പെടുന്നത്. ആ സാഹചര്യം മാറിയേ തീരൂ. സ്ത്രീകളെ ഉയര്‍ത്താന്‍ പുരുഷന്മാരുടെ സഹായം ആവശ്യമില്ല. സാമര്‍ത്ഥ്യത്തിലും പ്രതിഭയിലും സ്ത്രീകള്‍ മുന്നിലാണ്. അവര്‍ക്ക് മാര്‍ഗനിര്‍ദേശം ആവശ്യമില്ല. സ്വതന്ത്രമായി സ്വന്തം വഴി തെരഞ്ഞെടുക്കാനുള്ള അവസരം മാത്രമാണ് ആവശ്യം.
സ്ത്രീയും പുരുഷനും രഥത്തിന്‍റെ ഇരുചക്രങ്ങള്‍ പോലെയാണ്. നമുക്ക് ഒരു ‘വിശ്വ ഗുരു ഭാരതം’ കെട്ടിപ്പടുക്കണമെങ്കില്‍, സ്ത്രീകളുടെ പങ്കാളിത്തം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ സ്ത്രീകളോടുള്ള മനോഭാവം മാറിക്കൊണ്ടിരിക്കുകയാണ്. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ക്ക് വേഗത കൂട്ടേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 30 ശതമാനം സംവരണം നല്‍കുന്നതിനെച്ചൊല്ലി ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതീയ സ്ത്രീ കഷ്ടപ്പാടുകള്‍ സ്വയം ഏറ്റെടുത്ത് വിളക്കിന്‍റെ തിരി പോലെ സ്വയം പ്രകാശിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് വെളിച്ചം നല്‍കുന്നുവെന്ന് പുസ്തകം ഏറ്റുവാങ്ങിയ സേവികാസമിതി പ്രമുഖ സംചാലിക ശാന്തക്ക പറഞ്ഞു.. അത്തരം നൂറുകണക്കിന് കഥാപാത്രങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടാണ് സ്ത്രീകളെ ശക്തി സ്വരൂപ എന്ന് വിളിക്കുന്നത്.
എല്ലാവരെയും ഒരുമിച്ചുകൂട്ടുകയും കൂട്ടിക്കൊണ്ടുപോകുകയും എളുപ്പമുള്ള കാര്യമല്ല. ഇതിന് ക്ഷമ വേണം. ഈ സഹജമായ ഗുണം ഇന്ത്യന്‍ സ്ത്രീകളിലുണ്ട്. അവര്‍ക്ക് ഭൂമിയെപ്പോലെ സഹിഷ്ണുതയുണ്ട്. ത്യാഗം സ്ത്രീകളുടെ സഹജഗുണമാണ്, അത് വീട്ടിലേക്ക് പരിമിതപ്പെടുത്തരുത്, പുറത്തു വന്ന് സമൂഹത്തിലും രാജ്യത്തും മികച്ച അന്തരീക്ഷം സൃഷ്ടിക്കണം, ശാന്തക്ക ഓര്‍മ്മിപ്പിച്ചു.
ചിത്രതായ്, വിദ്യാതായ്, മേഘജി എന്നിവര്‍ ചേര്‍ന്നാണ് മഹിളാചരിത്ര കോശ് രചിച്ചത്.
Discussion about this post