മാധ്യമ വാർത്തകൾ അനുസരിച്ച് കേരളത്തിൽ ഒരു ദിവസം ഏകദേശം 30 കിലോ എങ്കിലും കഞ്ചാവ് പിടികൂടുന്നുണ്ട്.
എംഡിഎംഎ പോലുള്ള മാരക മയക്കു മരുന്നുകൾ വേറെയും.
പിടിക്കപ്പെടുന്നത് ആകെ കടത്തുന്നതിന്‍റെ 5% പോലും വരില്ല എന്നുവേണം കരുതാൻ. സത്യത്തിൽ ഈ വാർത്തകൾ കാണുമ്പോൾ എന്‍റെ ചിന്ത പോകുന്നത് കടത്തുന്നതിന് പിടിക്കപ്പെടുന്ന ആളുകളെ കുറിച്ചല്ല, അവർ കടത്തുകാർ മാത്രമാണ്, ഇത് ഉപയോഗിക്കുന്നവർ ആരാണ്? ഇത്രയുമധികം ആളുകളെ പിടികൂടിയിട്ടും ഓരോ ദിവസവും മയക്കുമരുന്ന് കടത്തുന്നത് കൂടുന്നത് എന്തുകൊണ്ടാണ്?
ഉത്തരം സിമ്പിൾ ആണ്, കേരളത്തിൽ മയക്കുമരുന്നിന് ഉയർന്ന മാർക്കറ്റ് ആണുള്ളത്. സ്കൂളും, കോളേജും ഒക്കെ ലഹരി കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. പണ്ടൊക്കെ കുട്ടികൾ സ്കൂൾ കഴിഞ്ഞാൽ നേരെ പാടത്തും പറമ്പിലും ക്രിക്കറ്റ് കളിക്കാനും, ഫുട്ബോൾ കളിക്കാനും ഒക്കെ പോകുമായിരുന്നു എങ്കിൽ ഇന്നത് കൂട്ടം കൂടി മൊബൈലിൽ ഗെയിം കളിയും, കഞ്ചാവും ലഹരിയും ആണ്.
അധ്യാപകർക്ക് ഒന്നും പ്രതികരിക്കാൻ പോലും പറ്റില്ല. ഗുണദോഷിച്ചാൽ ഉടൻ അത് വേറൊരു രീതിയിൽ ചിത്രീകരിക്കും. സദാചാര പൊലീസിങ്ങ് എന്നൊക്കെ പറഞ്ഞ് അധ്യാപകരുടെ മേലെ കുതിര കയറും. മാതാപിതാക്കളെ വിളിച്ച് പറഞ്ഞാലോ, അവിടെയും അധ്യാപകർ ആകും കുറ്റക്കാർ. കാരണം മാതാപിതാക്കൾക്ക് കുട്ടികൾ പറയുന്നതാണ് വിശ്വാസം. ഇതൊക്കെ കൊണ്ട് തന്നെ അധ്യാപകരും കണ്ടില്ല എന്ന് നടിക്കും. അവർക്കും ജീവിക്കണ്ടേ.
കേരളത്തിലെ റോഡിലൂടെ വണ്ടി എടുത്ത് ഇറങ്ങാൻ തന്നെ ഭയമാണ്. എന്ത് വലിച്ചു കയറ്റിയിട്ടാണ് ഓരോരുത്തരും വണ്ടി ഓടിക്കുന്നത് എന്ന് അറിയില്ലല്ലോ. ഇനി വണ്ടി ഇടിച്ച് ആരെയെങ്കിലും കൊന്നാലും നിയമത്തിന്റെ പിടിയിൽ നിന്ന് ഈസി ആയി പുറത്തും പോകാം. ആ സമയത്ത് പിടികൊടുക്കാതിരുന്നാൽ മതി…
ചെറുപ്പക്കാർക്കെല്ലാം പെട്ടന്ന് കാശ് ഉണ്ടാക്കണം. പക്ഷെ അധ്വാനിക്കാൻ വയ്യ. ഇതാകുമ്പോൾ എളുപ്പമാണല്ലോ. എത്രയെത്ര കുടുംബങ്ങളാണ് തകരുന്നത്…!
ലഹരി എന്നത് കഞ്ചാവിന്‍റെയും, എംഡിഎംഎയുടെയും, ഹാഷിഷിന്‍റെയുമൊക്കെ രൂപത്തിൽ മാത്രമല്ല അത് മൊബൈൽ ഗെയിം, ഓൺലൈൻ ബെറ്റിങ്ങ്, ഓൺലൈൻ ലോട്ടറി, ഓൺലൈൻ ഫാന്റസി ആപ്പുകൾ അങ്ങനെ പോകുന്നു.
പല മാതാപിതാക്കളും അറിയാതെ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വൻ തുകകൾ കുട്ടികൾ ഗെയിം കളിച്ചും, ഓൺലൈൻ ബെറ്റിങ് നടത്തിയും കളയുന്നുണ്ട്. മാതാപിതാക്കളുടെ അക്കൗണ്ടിൽ പണം തീരുമ്പോൾ കടം വാങ്ങും. പതിനെട്ടു വയസുപോലും ഇല്ലാത്ത കുട്ടികളൊക്കെ കാട്ടികൂട്ടുന്ന കാര്യങ്ങൾ കേട്ടാൽ തലകറങ്ങിപോകും.
കുറച്ചു നാൾ മുമ്പ് ഞങ്ങളുടെ ബാങ്കിന്‍റെ മോണിറ്ററിഗ് സെല്ലിൽ നിന്നും ഒരു mail വന്നു. കുറെ അക്കൗണ്ടുകളിൽ വലിയ രീതിയിൽ ട്രാൻസക്ഷൻസ് നടക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. നോക്കിയപ്പോൾ മിക്കതും 18,19 വയസുള്ള കുട്ടികളാണ്, ചില അക്കൗണ്ടുകൾ മുതിർന്ന ആളുകളുടെ പേരിലുമുണ്ട്.
മുതിർന്ന ആളുകളെ വിളിച്ചപ്പോൾ അവർക്ക് ഒന്നും അറിയില്ല, മക്കളാണ് മൈബൈൽ ആപ്ലിക്കേഷൻ എല്ലാം ഉപയോഗിക്കുന്നത് എന്ന് പറഞ്ഞു. ഈ കുട്ടികളുടെ അക്കൗണ്ടിലൊക്കെ ഒരു മാസം തന്നെ 300 – 400 ട്രാൻസക്ഷൻസ് ആണ് നടക്കുന്നത്. ഒരുത്തന്റെ സ്റ്റേറ്റ്മെന്റ് എടുത്ത് നോക്കിയപ്പോൾ 60 പേജ് ഉണ്ടായിരുന്നു.. ഒരുമാസം കൊണ്ടാണ് അവൻ ആ നേട്ടം കൈവരിച്ചത്
എല്ലാം UPI വഴിയുള്ള ഇടപാടുകൾ ആണ്. വിളിച്ച് ചോദിച്ചപ്പോൾ കൂളായി പറഞ്ഞു ഞങ്ങൾ ഓൺലൈൻ ബെറ്റിങ്ങ് നടത്തുകയാണ് എന്ന്. റിപ്പോർട്ട് ചെയ്താൽ പ്രശ്നം ആകും എന്നൊക്കെ പറഞ്ഞപ്പോൾ, പോലീസുകാരൊക്കെ ഞങ്ങളുടെ കൂടെ കളിക്കുന്നുണ്ട് എന്നായിരുന്നു മറുപടി.!
സ്റ്റേറ്റ്മെന്റ് നോക്കുമ്പോൾ മാതാപിതാക്കളുടെ അക്കൗണ്ടിൽ നിന്നൊക്കെ പണം ഇവരുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടു. എല്ലാ അക്കൗണ്ടുകളും നേരെ ഫ്രീസ് ചെയ്തു. ഫ്രീസ് ചെയ്ത് നിമിഷങ്ങക്കകം ഫോണുകളുടെ ബഹളമായിരുന്നു. ഭീഷണി, കരച്ചിൽ, വാഗ്വാദം എല്ലാമുണ്ടായിരുന്നു.
പിന്നെ ഞങ്ങളും ഓർത്തു, എന്ത് വിവരക്കേടും കാണിക്കാൻ മടിയില്ലാത്തവരാണ്, ബാങ്ക് മാനേജർ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുന്നു എന്നെഴുതി വെച്ചിട്ട് തൂങ്ങിയാൽ നമ്മൾ അകത്താകും. നമ്മുടെ ഭാഗം കേൾക്കാൻ ആരും കാണില്ല. മാതാപിതാക്കളെ വിളിക്കാൻ പോലും മെനക്കെട്ടില്ല, അക്കൗണ്ട് Unfreeze ചെയ്തു കൊടുത്തു.
ഒരു വിഭാഗം മാതാപിതാക്കളും ഇതിൽ കുറ്റക്കാരാണ്. അക്കൗണ്ടിൽ നിന്ന് പൈസ പോയി എന്ന് പറഞ്ഞ് ഒരു ചേച്ചി വിളിച്ച് ഭയങ്കര ബഹളം. നോക്കി വന്നപ്പോൾ മകൻ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഗെയിം കളിച്ചതാണ്. കാര്യം പറഞ്ഞപ്പോൾ ചേച്ചി നേരെ പ്ലേറ്റ് മാറ്റി, അത് മോൻ അറിയാതെ പറ്റിപോയതാണ്. അവന്റെ കുഴപ്പമല്ല എന്ന്… ഞാനും തിരിച്ചു പറഞ്ഞു, ശരിയാണ്, അത് അവന്‍റെ കുറ്റമല്ല…!
ബാങ്കിന് ടൈ അപ്പ് ഉള്ള ഇൻഷുറൻസ് കമ്പനിയിൽ നിന്ന് RM ആയി ജോലി ചെയ്യുന്ന ഒരു പയ്യൻ ഇടയ്ക്കിടെ വരും. ഇവൻ എന്‍റെ ഓഫീസറോട് ഒരു ദിവസം പറഞ്ഞു, അവന്‍റെ ചേച്ചിയുടെ കുഞ്ഞ് ആക്‌സിഡന്റ് ആയി വളരെ ക്രിട്ടിക്കൽ സ്റ്റേജിൽ ഇടുക്കിയിലെ ഒരു ആശുപത്രിയിൽ ആണ്. എറണാകുളത്തേക് കൊണ്ടുപോകണം. ഒന്ന് സഹായിക്കണം എന്ന് പറഞ്ഞ് 40000 രൂപ വാങ്ങി.
പാവം ഓഫീസർ, കയ്യിൽ പൈസ ഇല്ലാഞ്ഞിട്ട് ഭാര്യയെ വിളിച്ചു പറഞ്ഞ് ആണ് പൈസ ഇട്ടുകൊടുത്തത്.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഇവന്‍റെ ബോസ്സ് എന്നെ വിളിച്ച് പറഞ്ഞു ‘ RM പലരോടും പൈസ ചോദിക്കുന്നുണ്ട്, കൊടുക്കരുത് എന്ന് പറയണം’ എന്ന്. അപ്പോഴാണ് 40000 രൂപയുടെ കാര്യം അറിയുന്നത് തന്നെ.
അക്കൗണ്ട് ട്രാൻസാക്ഷൻ നോക്കി വന്നപ്പോൾ പണം പോയത് മുഴുവൻ ഡ്രീം ഇലവൻ എന്ന ഗയിമിംഗ് ആപ്പിന്‍റെ അക്കൗണ്ടിലേക്ക്! എങ്ങനെ വിശ്വസിക്കും നമ്മൾ? ആര് പറയുന്നത് വിശ്വസിക്കും? എളുപ്പ വഴിയിൽ പണം ഉണ്ടാക്കാനുള്ള വ്യഗ്രതയാണ് ഇതെല്ലാം. ഇവന്‍റെ അക്കൗണ്ട് നോക്കിയാൽ അവന്‍റെ നാട്ടിലെ എല്ലാവരിൽ നിന്നും അവൻ കടം വാങ്ങിയിട്ടുണ്ട് എന്ന് മനസിലാകും.
അതിശക്തമായ അടിച്ചമർത്തലും, കർശന നിയമവും, വിവിധ തലങ്ങളിൽ ബോധവൽക്കരണവും ഉണ്ടായില്ലെങ്കിൽ വലിയ വിപത്തിലേക്കാകും നമ്മുടെ യുവജനത പോകുക. മയക്കുമരുന്നിന്റെ സപ്ലൈ കുറയ്ക്കാൻ ശ്രമിക്കുന്നത് ശ്രമകരമാണ്, അത് ഉപയോഗിക്കാതിരിക്കാൻ വേണ്ട നടപടികളാണ് കൈക്കൊള്ളേണ്ടത്.
അതുപോലെ പെട്ടെന്ന് പണം ഉണ്ടാക്കാനുള്ള വ്യഗ്രതയുടെ ആപത്തുകൾ യുവജനങ്ങൾക്ക് മനസിലാക്കികൊടുക്കാനും കഴിയണം. കുട്ടികൾ നമ്മളോട് പറയുന്നത് എല്ലാം സത്യമായിരിക്കില്ല എന്ന യാഥാർഥ്യം മനസിലാക്കാൻ നമ്മൾ മാതാപിതാക്കളും തയാറാകണം.
വലിയൊരു ആപത്തിന്റെ വക്കിലാണ് നമ്മൾ, സർക്കാരിന് മാത്രമായി ഒന്നും ചെയ്യാൻ കഴിയില്ല, നമ്മൾ ഓരോരുത്തരും കൂടി വിചാരിച്ചാലേ ഈ മാരക ക്യാൻസറിനെ തുരത്താൻ കഴിയൂ..
Discussion about this post