കോഴിക്കോട്ടു നിന്ന്
കോഴിക്കോട്ട് പത്രം അച്ചടിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ആരംഭിച്ചു. കല്ലായി റോഡിലുള്ള ജയഭാരത് അച്ചുകൂടത്തിലാണ് വ്യവസ്ഥ ചെയ്തത്. കേസരി വാരിക അവിടെയാണച്ചടിച്ചിരുന്നത്. ജയഭാരം മാനേജര്‍ ശ്രീ. എം. രാഘവന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി. പത്രാധിപര്‍ നെടുങ്ങാടി കോഴിക്കോട്ടേക്ക് താമസം മാറ്റി. സഹായത്തിന് ശ്രീ. കക്കട്ടില്‍ രാമചന്ദ്രന്‍ എന്ന എബിവിപി പ്രവര്‍ത്തകന്‍ നിയോഗിക്കപ്പെട്ടു. കോഴിക്കോട്ടെ ലേഖകനായി ശ്രീ. പി.ടി. ഉണ്ണിമാധവനെ നിയമിച്ചു. ശ്രീ. ദത്താത്രേയറാവു പ്രിന്ററും പബ്ലിഷറും ശ്രീ. പി.വി.കെ. നെടുങ്ങാടി പത്രാധിപരുമായി.
1975 ഏപ്രില്‍ 28 കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ഭവ്യമായ ചടങ്ങില്‍ ‘ജന്മഭൂമി’ സായാഹ്ന പതിപ്പായി പ്രകാശനം ചെയ്യപ്പെട്ടു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ ശ്രീ. വി.എം. നായര്‍, മലയാള മനോരമയുടെ റസിഡന്റ് എഡിറ്റര്‍ ശ്രീ. മൂര്‍ക്കോത്തു കുഞ്ഞപ്പ, പ്രദീപം പത്രാധിപര്‍ ശ്രീ. തെരുവത്ത് രാമന്‍, മാതൃഭൂമി ഡപ്യൂട്ടി എഡിറ്റര്‍ ശ്രീ. വി.എം കൊറാത്ത്, ശ്രീ. പി. പരമേശ്വരന്‍ മുതലായ പ്രമുഖര്‍ ചടങ്ങില്‍ സംസാരിച്ചു. രണ്ടുമാസമേ ആ സായാഹ്ന പതിപ്പിന് ആയുസുണ്ടായുള്ളു! അതിനിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, പിന്നാലെ, സര്‍ക്കാരിനെ എതിര്‍ത്തതിന് ജന്മഭൂമി അധികൃതര്‍ സീല്‍വെച്ചു.
അടിയന്തരാവസ്ഥയ്ക്ക് മുമ്പത്തെ ആ രണ്ടുമാസം അത്യന്തം സംഭവബഹുലമായിരുന്നു. അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയത് റിപ്പോര്‍ട്ട് ചെയ്യാനും ജന്മഭൂമിക്ക് കഴിഞ്ഞു. അന്നത്തെ പത്രം വാങ്ങാന്‍ ആളുകള്‍ പാളയം റോഡിലുള്ള ഓഫീസിലേക്ക് അക്ഷരാര്‍ഥത്തില്‍’ഒഴുകുക’യായിരുന്നു. തെരഞ്ഞെടുപ്പ് അസാധുവാക്കപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ദിരാഗാന്ധി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര രൂപംകൊണ്ടു. ജൂണ്‍ 30ന് ദല്‍ഹിയില്‍ പാര്‍ലമെന്റ് മന്ദിരം വളഞ്ഞ് ഭരണം സ്തംഭിപ്പിക്കാന്‍ തീരുമാനിച്ചു. ജൂണ്‍ 26-ാം തീയതി അര്‍ദ്ധരാത്രിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പ്രതിപക്ഷ നേതാക്കളെ മാത്രമല്ല, കോണ്‍ഗ്രസിലെ ഇന്ദിരാവിരുദ്ധ വിഭാഗക്കാരെക്കൂടി രാജ്യവ്യാപകമായി തടങ്കലിലാക്കുകയും ചെയ്താണ് ഇന്ദിരാഗാന്ധി അതിനെ നേരിട്ടത്. പത്രങ്ങളുടെ മേല്‍ കര്‍ക്കശമായ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി.
(തുടരും)
Discussion about this post