ഭാരതീയമായ പുതുവർഷാരംഭമാണ് വർഷപ്രതിപദ. ഏറ്റവും പ്രാചീനമായ കാലഗണനാസമ്പ്രദായമാണ് ഭാരതത്തിന്‍റെത്. യുഗാബ്ദം ആരംഭിച്ചിട്ട് 5124 വർഷം പൂർത്തിയാകുന്നു. 5125-ാമത്തെ വർഷമാണ് ഈ വർഷപ്രതിപദയിൽ ആരംഭിക്കുന്നത്. ഇന്ന് പ്രചാരത്തിലുള്ള ഇംഗ്ലീഷ് കലണ്ടറിന് 2023 വർഷത്തെ പഴക്കമേയുള്ളൂ. ആ കലണ്ടറനുസരിച്ച് 21-ാം നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത്. എന്നാൽ യുഗാബ്ദം അനുസരിച്ച് ഇത് 52-ാം നൂറ്റാണ്ടാണ്. കലണ്ടർ മാറുമ്പോൾ നമുക്ക് നഷ്ടമാകുന്നത് മുപ്പത് നൂറ്റാണ്ടുകളാണ്; ഒരു സമൂഹത്തിന്‍റെ ദീർഘകാലത്തെ ജീവിതവും സംസ്കൃതിയും ചരിത്രവുമാണ്. ഓരോ സമൂഹവും അതിന്‍റെ തനിമ നിലനിർത്തുന്നത് ശരിയായ ചരിത്രബോധത്തിലൂടെയാണ്. കാലബോധത്തിൽ നിന്നാണ് ചരിത്രബോധം രൂപപ്പെടുന്നത്. കാലബോധം ഉടലെടുക്കുന്നത് കാലഗണനയിൽ നിന്നാണ്. നമ്മുടെ കാലഗണനയ്ക്കുമേൽ പാശ്ചാത്യമായ കാലഗണന അടിച്ചേൽപിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ച് ചരിത്രബന്ധത്തെ താളം തെറ്റിച്ചിരിക്കുന്നു. ചരിത്രബോധം നഷ്ടമാകുമ്പോൾ സമൂഹത്തിന്റെ ആധാരമാണ് നഷ്ടമാകുന്നത്. ഈ പ്രതിസന്ധിയുടെ പരിഹാരം ഭാരതീയമായ കാലഗണനയിലേക്ക് തിരിച്ചുപോവുക എന്നതാണ്. നമ്മുടെ പൈതൃകത്തിൽ അഭിമാനം കൊള്ളുന്ന ഒരു ജനതയെ സൃഷ്ടിച്ചെടുക്കൽ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. തനിമയിലൂന്നിയ മുന്നേറ്റത്തിന് രാഷ്ട്ര മൊന്നാകെ പ്രതിജ്ഞ എടുക്കുന്ന കാലമാണിത്.
പുതുവർഷത്തിന്‍റെ തുടക്കം എന്നത് മാറ്റത്തിന്‍റെ ഉദ്ഘോഷമാണ്. ഈ മാറ്റത്തിനു നമുക്ക് പ്രേരണ ലഭിക്കുന്നത് മഹാ വ്യക്തിത്വങ്ങളുടെ ജീവിത മാതൃകയിലൂടെയാണ്. ഇത്തരമൊരു ദിവസമാണ് രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ സ്ഥാപകനായ ഡോ. കേശവബലിറാം ഹെഡ്ഗേവാർ ജനിച്ചത്. അദ്ദേഹം ജനിച്ചത് യുഗാബ്ദം 4991-ലെ യുഗാദി നാളിലാണ്. ക്രി.വ. 1889), ജന്മനാ ദേശ ഭക്തൻ എന്നതാണ് ഡോക്ടർജിയുടെ സവിശേഷത. നാഗപ്പൂരിലെ ഒരു സാധാരണ കുടുംബത്തിൽ കഷ്ടപ്പാടുകളുടെ പരുക്കൻ ജീവിത യാഥാർത്ഥ്യങ്ങളിലൂടെ രൂപപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതം. പ്രസിദ്ധി പരാങ്മുഖനായ ഡോക്ടർജി തന്റെ ദൗത്യനിർവ്വഹണം എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ടു. 1925ൽ രാഷ്ട്രീയസ്വയംസേവകസംഘം രൂപീകൃതമാകുന്നതിനുള്ള കളമൊരുക്കലാണ് അതിനുമുമ്പുള്ള അദ്ദേഹത്തിന്‍റെ ജീവിതകാലഘട്ടം, കോൺഗ്രസ്സിലും വിപ്ലവപ്രസ്ഥാന ങ്ങളിലും ഒക്കെയുള്ള ഡോക്ടർജിയുടെ അനുഭവങ്ങളും രാജ്യത്തിന്റെ സാമൂഹ്യ അന്തരീക്ഷവുമെല്ലാം ഹിന്ദുത്വത്തിന്‍റെ കാഴ്ചപ്പാടിൽ ഉറച്ചു നിൽക്കുന്ന സംഘടിത സമൂഹത്തിന്‍റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടി. ആദർശനിഷ്ഠരായ വ്യക്തികളെ വളർത്തിയെടുത്തുകൊണ്ട് ഡോക്ടർജി തന്റെ ലക്ഷ്യത്തിന് അടിത്തറ പാകി. തന്‍റെ മരണത്തിനു മുമ്പ് സംഘപ്രവർത്തനം ഭാരതമാകെ വ്യാപിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഡോക്ടർജിയുടെ കാലത്ത് രാജ്യത്തെ ഗ്രസിച്ചിരുന്ന ശക്തികൾ പ്രച്ഛന്നവേഷത്തിൽ ഇന്നും സജീവമാണ്. ഹിന്ദുത്വദർശനത്തിനുമേൽ അവർ ചാപ്പകുത്തിയ ദളിത് വിരുദ്ധം, സ്ത്രീവിരുദ്ധം, വർഗ്ഗീയം, ഫാസിസം എന്നീ പ്രയോഗങ്ങൾ ദൂരെ വലിച്ചെറിയപ്പെടേണ്ടതുണ്ട്. ഫാസിസവും വർഗ്ഗീയതയും കൂടപ്പിറപ്പുകളായ സെമറ്റിക് മതവിശ്വാസങ്ങൾ ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്നു പ്രഖ്യാപിച്ച ഹിന്ദുത്വദർശനത്തെ അധിക്ഷേപിക്കുന്ന വിരോധാഭാസം നാമിന്നു നേരിൽ കാണുന്നു.
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം കോൺഗ്രസ്-കമ്മ്യൂണിസ്റ്റു കക്ഷികൾ വിജയകരമായി നടപ്പാക്കിയതിന്‍റെ ഫലമാണ് രാജ്യം നേരിട്ട വർഗ്ഗീയകലാപങ്ങൾ, ബാബരി പോലുള്ള പ്രശ്നങ്ങൾ സങ്കീർണ്ണമാക്കിയത് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരാണെന്നു നിഷ്പക്ഷചിന്തകന്മാർ തുറന്നു സമ്മതിക്കാൻ തുടങ്ങിയിരിക്കുന്നു. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നാൽ ഭാരതം വർഗ്ഗീയ കലാപത്തിന്റെ അഗ്നിഗോളമായി മാറും എന്നു പ്രവചിച്ചവർ ഇന്ന് എവിടെയാണ്..? കാശ്മീരിൽ പോലും അവരുടെ തന്ത്രങ്ങൾ പാളുന്നതും ഹിന്ദു-മുസ്ലീം കൂട്ടായ്മകൾ രൂപപ്പെടുന്നതും അവരെ അസ്വസ്ഥമാക്കുന്നു. രാജ്യത്തിന്റെ ശാന്തിയുടെ ഊടും പാവും തകർക്കാൻ അവർ ശ്രമിക്കുന്നു. ഇത്തരം ശക്തികളുടെ പ്രജനനകേന്ദ്രം കേരളമാണെന്നതാണ് വസ്തുത. ഈ മണ്ണിൽ തന്നെ ഭാരതവിരുദ്ധ , ഹിന്ദുവിരുദ്ധശക്തികൾക്കെതിരായ ജന മുന്നേറ്റം ഉണ്ടാകേണ്ടതുണ്ട്. അതിനുള്ള ഏറ്റവും യോജിച്ച മാർഗം ജനാധിപത്യമാണ്.
രാഷ്ട്രത്തിന്റെ സമസ്ത മേഖലകളിലും തനിമയുടെ ആവിഷ്കാരമുണ്ടാകണം. സ്വാഭിമാനത്തോടെ ഭാരതം ലോകത്തിന് നേതൃത്വം നൽകണം. അതിന് ഭിന്നത സൃഷ്ടിക്കുന്ന എല്ലാ ഘടകങ്ങളെയും സമാജ ജീവിതത്തിൽ നിന്ന് നിർമാർജനം ചെയ്യണം. ജാതി പോയേ തീരൂ എന്ന ആഹ്വാനം ഹൃദയത്തിൽ തറയ്ക്കണം. ഭാഷയുടെ പേരിൽ ഭിന്നത സൃഷ്ടിക്കുന്നവരെ തിരിച്ചറിയണം.
ഭാരതീയമായ പുതുവർഷത്തിലേക്ക് നാം കാലെടുത്തുവെയ്ക്കുന്നത് പുത്തൻ ഉണർവ്വ് സമൂഹത്തിൽ പരത്താനും ഉച്ചനീചത്തങ്ങൾ അവസാനിപ്പിച്ച് സാമൂഹ്യ സമരസത കൈവരിക്കാനുംവേണ്ടി യാവണം. അമൃത കാലത്തിലേക്കുള്ള യാത്രയിലാണ് ഭാരതം. ശരിയായ ചരിത്രാവബോധത്തോടുകൂടി മഹാപുരുഷൻമാരിൽനിന്ന് ചേരുന്ന ഉൾക്കൊണ്ട് രാഷ്ട്രവൈഭവത്തിനായി പ്രവർത്തിക്കുക എന്നതാണ് വർഷപ്രതിപദ ഉത്സവത്തിൽനിന്ന് നമുക്ക് ലഭിക്കുന്ന സന്ദേശം.
Discussion about this post