അടിയന്തരാവസ്ഥ
1975 ജൂണ്‍ 25-ാം തീയതി അര്‍ദ്ധരാത്രിയില്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാക്കളെ മാത്രമല്ല, കോണ്‍ഗ്രസിലെ ഇന്ദിരാവിരുദ്ധ വിഭാഗക്കാരെയും രാജ്യവ്യാപകമായി തടങ്കലിലാക്കിയ ഇന്ദിരാഗാന്ധി, പത്രങ്ങളുടെ മേല്‍ കര്‍ക്കശമായ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനുശേഷം ഒരാഴ്ചകൂടി ജന്മഭൂമി പുറത്തിറങ്ങി.
1975 ജൂലൈ രണ്ടാം തീയതി രാത്രിയില്‍ പത്രമോഫീസും പ്രസ്സും പോലീസ് റെയ്ഡു ചെയ്തു. അവിടെയുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തു. പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടിയടക്കം അറസ്റ്റു ചെയ്യപ്പെട്ടവരെ കരുതല്‍ തടങ്കല്‍ നിയമപ്രകാരം ജയിലിലടച്ചു. പില്‍ക്കാലത്ത് മുഖ്യപത്രാധിപരായിരുന്ന പി. നാരായണന്‍, കണ്ണൂര്‍ റസിഡന്റ് എഡിറ്റര്‍ എ. ദാമോദരന്‍ തുടങ്ങിയവര്‍ അന്ന് ജയിലില്‍ കിടന്നവരാണ്.
ജന്മഭൂമിയുടെ മേല്‍ നിയമനടപടികളൊന്നുമുണ്ടായില്ലെങ്കിലും പത്രം തുടര്‍ന്ന് നടത്താവുന്ന അന്തരീക്ഷമുണ്ടായിരുന്നില്ല. ഓഫീസില്‍ കുറേ ആഴ്ചക്കാലം പോലീസ് കാവലുണ്ടായിരുന്നു. പിന്നീട് അത് പിന്‍വലിച്ചു. പത്രം പ്രസിദ്ധീകരിക്കാന്‍ അടിയന്തരാവസ്ഥ പിന്‍വലിക്കുംവരെ കാത്തിരിക്കുകയല്ലാതെ, മാര്‍ഗമില്ലെന്നുറപ്പായി.
1977-ലെ പൊതുതെരഞ്ഞെടുപ്പോടെ അന്തരീക്ഷമാകെ മാറി. ജനസംഘവും ഘടകമായ ജനതാമന്ത്രിസഭ കേന്ദ്രത്തില്‍ അധികാരത്തിലേറി. ഈ സാഹചര്യത്തില്‍ പത്രം പുനരാരംഭിക്കണമെന്ന ആശയം വീണ്ടും നാമ്പെടുത്തു. പ്രസിദ്ധീകരണം എറണാകുളത്തുനിന്നാകണമെന്ന് പൊതുവെ അഭിപ്രായമുണ്ടായി. രാഷ്ട്രീയ സംഭവങ്ങളുടെ സിരാകേന്ദ്രം അന്ന് എറണാകുളമായിരുന്നു. മൂലധനം സ്വരൂപിക്കാന്‍ വ്യാപകമായ ശ്രമം നടന്നു, പ്രോത്സാഹജനകമായിരുന്നു.
(തുടരും)
Discussion about this post