സ്വകാര്യ പഥേർ പാഞ്ജലിയുടെ ചിത്രീകരണം പണമില്ലാതെ രണ്ടു കൊല്ലത്തിലേറെ മുടങ്ങി സത്യജിത് റേ ആകുലനായപ്പോൾ അദ്ദേഹത്തെ സഹായിക്കുവാനായി വെസ്റ്റ് ബംഗാൾ സർക്കാർ അവരുടെ പി ഡബ്ലിയു ഡി ഫണ്ടിൽ നിന്നും ചിത്രീകരണത്തിനുള്ള നിർമ്മാണച്ചെലവു നൽകി . പി ഡബ്ലിയു ഡി ഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ചു നിർമ്മിച്ചതു കൊണ്ടാണ് പഥേർ പാഞ്ജലിക്ക് പാതയുടെ സംഗീതം എന്നർത്ഥം വരുന്ന പഥേർ പാഞ്ജലി എന്ന പേരിട്ടത് എന്നൊരു തമാശ അന്ന് പ്രചരിച്ചിരുന്നു… അത് ഒരു വെറും തമാശ മാത്രമായിരുന്നു… എന്നാൽ , സാഹിത്യഅക്കാദമി പ്രസിദ്ധീകരിച്ച , കഴിഞ്ഞ ദിവസം അക്കാദമി പുരസ്‌കൃതമായ ജയശീലൻ മാഷുടെ പുസ്തകമുൾപ്പടെ മുപ്പതോളം പുസ്തകങ്ങളുടെ കവർ പേജ് സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിനുള്ള പരസ്യപ്പലക ആക്കിയതിൽ അത്തരം ഒരു തമാശയുമില്ല…. കേരളസാഹിത്യ അക്കാദമി ഒരു സ്വകാര്യ സ്ഥാപനമല്ല… മറിച്ച് സാഹിത്യത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ,എഴുത്തുകാർക്കു വേണ്ടി പ്രവർത്തിക്കേണ്ട ഒരു സർക്കാർ -സ്വയം ഭരണ സാംസ്കാരിക സ്ഥാപനം ആണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് . സ്വകാര്യ പുസ്തക പ്രസാധകർ പോലും ഇന്നേവരെ പിൻചട്ടയിൽ പോലും എഴുത്തുകാരന്റെ ചിത്രത്തിനൊപ്പം മുതലാളിയുടെ ചിത്രം വച്ചു കണ്ടിട്ടില്ല… ഇനി ഉണ്ടെങ്കിലും അത് ആ സ്വകാര്യ സ്ഥാപനവുമായി കരാറിൽ ഏർപ്പെടുന്ന എഴുത്തുകാരന്റെ discretion ൽ വരുന്ന കാര്യമാണ്…സർക്കാർ ഫണ്ട് ഉപയോഗിച്ചു ചെയ്തതു കൊണ്ട് അതിൽ എന്താണ് കുഴപ്പം എന്ന് സെക്രട്ടറി പറയുന്നത് അങ്ങേയറ്റം പരിഹാസ്യം ആണ്… പുസ്തകം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു എന്നല്ലാതെ പ്രസിദ്ധീകരിച്ചു കഴിഞ്ഞാണ് ഇത് അറിയുന്നത് എന്നു പറഞ്ഞ് സച്ചിമാഷ് ഇതിൽ നിന്നൊഴിയുന്നതും അങ്ങനെ തന്നെ . കേരളം മുഴുവൻ ഉറ്റുനോക്കുന്ന ഒരു സാംസ്കാരിക സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കുന്ന ആൾ അത് നേരത്തേ അറിയേണ്ടതാണ്…. വിവാദം ആകുന്നതിനും എത്രയോ മുൻപ് അത് അറിഞ്ഞു പിൻവലിപ്പിക്കേണ്ടതാണ്…. കേന്ദ്രസാഹിത്യഅക്കാദമി ഒരു പുസ്തകം പ്രസിദ്ധീകരിച്ച് അതിൽ മോദിയുടെ ചിത്രം പതിച്ചാൽ ഉണ്ടാകാവുന്ന അതേ ജുഗുപ്സ , പല മഠങ്ങളും പാവങ്ങൾക്ക് വീടു നിർമിച്ചു നൽകി വലിയ അക്ഷരത്തിൽ അവരുടെ കുടീരം എന്ന് അവകാശവാദം ഉന്നയിച്ച് പേരെഴുതി വയ്ക്കുമ്പോൾ ഉണ്ടാകുന്ന അതേ ജുഗുപ്സ ഇക്കാര്യത്തിലും അനുഭവപ്പെടുന്നു…. ഇത് അത്യന്തം പരിഹാസ്യമായിപ്പോയി…. എഴുത്തുകാരുടെ അസ്തിത്വത്തിന് ഇവിടെ എന്താണ് വില ???


















