രജനി സുരേഷ്
(കഥാകാരി)
ഗൃഹാതുരത്വത്തിൻ്റെ സ്മൃതികളുണർത്തിക്കൊണ്ട് വീണ്ടും ഒരു പൊന്നോണം കൂടി…
പാലക്കാട് ജില്ല. എൻ്റെ ബാല്യകൗമാരങ്ങളിൽ പൂക്കളിറുക്കുന്ന
കുട്ടിപ്പട വയലേലകൾ താണ്ടി നാട്ടിക്കല്ല് കടന്ന് കാടും മേടുംചവിട്ടി പുല്ലാണിമല കയറും. കൂർത്തുമൂർത്ത വാളൻപുല്ല് കാലിൽ തട്ടി കോറിയാലും അതൊന്നും ഞങ്ങൾ വകവയ്ക്കാറില്ലായിരുന്നു. താളിൻ്റിലയിൽ പൂക്കൾ നുളളിയിട്ട് ഞങ്ങൾ പൂവിളികളുമായി നടന്നു നീങ്ങും. തൊട്ടാവാടിച്ചെടി എൻ്റെ പട്ടുപാവാടയിൽ കൂട്ടിപ്പിടിച്ച് കിന്നാരം പറഞ്ഞു വരും. സ്നേഹത്തോടെ പിടിവിടർത്തി വീണ്ടും ഞങ്ങൾ’ പൂവേ പൊലി’യുമായി യാത്ര തുടരും. മഞ്ഞപരവതാനി വിരിച്ച പോലെ മേടുകൾ മുക്കുറ്റിപ്പൂക്കൾ കൊണ്ട് പുതച്ചിരിക്കുന്ന കാഴ്ച അതിമനോഹരമായിരുന്നു.
പുല്ലാണിമലയിലെത്തിയാൽ ഓണപ്പൂക്കളും പൂച്ചെടി പൂക്കളും സുലഭമായി കിട്ടും.തുമ്പപ്പൂവ്, മുക്കുറ്റി, തുളസി, കാശിത്തുമ്പ, ചെമ്പരത്തി തുടങ്ങിയ പൂക്കൾക്ക് ഞങ്ങളുടെ പൂക്കളത്തിൽ പരമോന്നത സ്ഥാനം ഉണ്ടായിരുന്നു.
തറവാടിൻ്റെ കൊട്ടിലിൽ ഓണത്തപ്പനും മാതേരുകളും രൂപപ്പെടുത്തുന്നതിലും അന്ന് ഞങ്ങൾ കുട്ടികൾ പ്രധാന പങ്കുവഹിച്ചിരുന്നു.എല്ലാവരും ചേർന്ന് ഒരുക്കുന്ന തറവാട്ടിലെ ഓണസദ്യയും കെങ്കേമം.
“തെക്കുനിന്ന് വടക്കോട്ടേയ്ക്ക് മാതേവരുടെ വരവുണ്ടെന്നേ… “
ഉത്രാടദിവസം രാത്രി മാവേലിയെ എഴുന്നള്ളിക്കുന്ന, അയ്യപ്പൻ്റെയും കുറുമ്പയുടെയും ഓണം കൊണ്ടുവരവാഘോഷം ഇന്നും എനിക്ക് കേൾക്കാം. അത് കേൾക്കാനും കാണാനുമായി ഉറക്കമൊഴിച്ച് ചിങ്ങനിലാവെട്ടത്തിൽ വഴിക്കണ്ണുമായുള്ള കാത്തിരിപ്പ്…ഒടുവിൽ തറവാട്ടിലെ ഇളയകുട്ടിയായ എൻ്റെ പേര് ചൊല്ലി വിളിച്ച് ഓണം കൊണ്ടുവരവ് അവസാനിക്കുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്തി. ഓർമയിലെ ആ ഓണത്തെ ഇന്നും വാരിപ്പുണരാറുണ്ട്.
Discussion about this post