—കെവിഎസ് ഹരിദാസ്
അധികാരത്തിന് വേണ്ടി, രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി എന്ത് വൃത്തികേടും ചെയ്യാൻ കോൺഗ്രസ് പാർട്ടി എന്നും തയ്യാറായിട്ടുണ്ട്. രാഷ്ട്രീയം എന്നത് ജനങ്ങളെ സേവിക്കുന്നതിന് വേണ്ടിയാണ് എന്നതാണല്ലോ ഒരു ഇന്ത്യൻ സങ്കല്പം. ധർമ്മാധിഷ്ഠിതമാണ് ആ ചിന്തകൾ. അതാണ് സ്വാതന്ത്ര്യ സമര കാലഘട്ടത്തിന്റെ, ഏതാണ്ടൊക്കെ, അവസാന നാളുകൾ വരെ നമ്മൾ പാലിച്ചതും. എന്നാൽ പിന്നീട് കോൺഗ്രസുകാർ, അതിന്റെ തലപ്പത്തുള്ള കുടുംബം, രാഷ്ട്രീയമെന്നാൽ എല്ലാം അധികാരത്തിന് വേണ്ടിയാണ്, അധികാരമാണ് ഏറെ പ്രധാനം എന്നൊക്കെ കരുതി. ‘അധികാര’മെന്ന് പറയുമ്പോൾ തന്നെ അതിന്റെ സിരാകേന്ദ്രം തങ്ങൾ ആവണമെന്ന് ആ ഒരു കുടുംബം എന്നും ചിന്തിച്ചിരുന്നു എന്നതും പറയാതെ പോയിക്കൂടാ. ഗാന്ധിജിയുടെ മഹത്തായ സ്വപ്നങ്ങളെ പോലും അവർ അവഗണിച്ചത് ചരിത്രമാണല്ലോ. ഇതൊക്കെ അയോദ്ധ്യ പ്രശ്നത്തിലും നമുക്ക് കാണാനാവും……. അയോദ്ധ്യ അതിന് ഏറ്റവും നല്ല ഉദാഹരണമാണ് എന്ന് പറയുന്നതാവും കൂടുതൽ ഉചിതം; അതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ് താനും.
അയോധ്യയെ ഏറ്റവുമധികം രാഷ്ട്രീയമായി ഉപയോഗിച്ചതും പ്രയോജനപ്പെടുത്തിയതും ബിജെപിയാണ് അല്ലെങ്കിൽ സംഘ- ഹിന്ദുത്വ പ്രസ്ഥങ്ങളാണ് എന്നൊക്കെയാണ് സാധാരണ പൊതുജനങ്ങൾ പറയാറുള്ളത്. അങ്ങിനെയൊരു ചിന്തയാണ് ജനമനസ്സിൽ പലപ്പോഴും ഉയർന്നുവരാറുള്ളത്. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ നെറുകയിൽ ഉണ്ടായിരുന്നത് സംഘ- ദേശീയ- ഹിന്ദുത്വ പ്രസ്ഥാനങ്ങളുമായി ചേർന്ന് നിൽക്കുന്നവരായിരുന്നു എന്നത് കൊണ്ടുകൂടിയുണ്ടായ ധാരണയാണത്. ശരിയാണ്, ഇക്കാര്യത്തിൽ ഒരു സംശയവും സാധാരണക്കാർക്ക് ഉണ്ടാവേണ്ടതില്ല…… ” മന്ദിർ വഹാം ബാനയെംഗെ ” എന്ന് ഉച്ചത്തിൽ സംശയലേശമന്യേ പ്രഖ്യാപിച്ചവരാണ് അവർ. അതിനായി ജീവിതം തന്നെ സമർപ്പിച്ച എത്രയോ സന്യാസിവര്യന്മാർ, എത്രയോ ഹിന്ദു നേതാക്കൾ ……. അവരാണ് ആ പ്രക്ഷോഭത്തിന് നേതൃത്വമേകിയത്; അവരാണ് ഹിന്ദുവിന്റെ മാനം കാക്കാനായി രംഗത്തുവന്നത്. അവർക്കൊപ്പം കോടാനുകോടി ജനങ്ങൾ അണിനിരന്നുവെങ്കിൽ അത് സ്വാഭാവികം. അതിന്റെ പ്രയോജനം ആ പ്രസ്ഥാനങ്ങൾക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അത് അതൊക്കെക്കൊണ്ടാണ്. പിന്നെ, പിൽക്കാലത്ത് ഇന്ത്യയിലുണ്ടായിട്ടുള്ള രാഷ്ട്രീയ മാറ്റങ്ങളും ഇതോടൊപ്പം വായിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമാണല്ലോ.
കോൺഗ്രസിന്റെ ‘അയോദ്ധ്യ രാഷ്ട്രീയ’- മാണ് വിഷയം. ആദ്യമായി നമ്മുടെ മുന്നിലുള്ളത് 1949 ഡിസംബർ 22- 23 എന്നീ തീയതികളാണ്. ആ രാത്രിയാണ് അയോധ്യയിലെ തർക്കമന്ദിരത്തിനുള്ളിൽ ശ്രീരാമ വിഗ്രഹം പ്രത്യക്ഷമാവുന്നത്; മനോഹരമായ രാമ ലാലയുടെ പുഞ്ചിരിതൂകുന്ന വിഗ്രഹം. അതിന് പിന്നാലെയാണ് 1950 ജൂൺ 19 -ന്റെ കീഴ് കോടതി ഉത്തരവ് വരുന്നത്; ആ രാമലാല വിഗ്രഹം എടുത്തുമാറ്റുന്നതും അലങ്കോലപ്പെടുത്തുന്നതുമൊക്കെ തടഞ്ഞുകൊണ്ടുള്ള ഓർഡർ. 1950 ജൂൺ 19 -ന് ആ കീഴ്കോടതി ഉത്തരവ് സിവിൽ കോടതി ജഡ്ജി സ്ഥിരപ്പെടുത്തി. പിന്നീട് ഒരു കോടതിയും ആ ഉത്തരവിൽ തൊട്ടിട്ടില്ല ……. അതായത് അവിടെയുള്ള രാമവിഗ്രഹം മാറ്റിക്കൂടാ എന്ന വിധി അന്നു മുതൽ രാജ്യത്തുണ്ട് എന്നർത്ഥം. ഇത് സംബന്ധിച്ച ഹിന്ദു വിശ്വാസം കൂടി ഓർക്കേണ്ടതുണ്ടല്ലോ; ശ്രീരാമചന്ദ്രൻ തന്റെ ജന്മസ്ഥാനത്ത് സ്വയമേവ പ്രത്യക്ഷപ്പെട്ടു എന്നതാണ് രാമഭക്തർ വിശ്വസിക്കുന്നത്. അടച്ചുപൂട്ടപ്പെട്ട ഒരു കെട്ടിടത്തിൽ, അതും മുസ്ലിം പള്ളി എന്ന് പറഞ്ഞിരുന്ന ഒരു സ്ഥലത്ത് അസമയത്ത് ഹിന്ദുക്കൾക്ക് കടന്നുകയറിച്ചെന്ന് വിഗ്രഹം പ്രതിഷ്ഠിക്കാൻ കഴിയുകയില്ലല്ലോ എന്ന് കരുതുന്നവരുമുണ്ട്. ശ്രീരാമചന്ദ്രൻ ഈശ്വരനാണ്; അതുകൊണ്ട് സ്വയം ഉയർന്നുവന്നതാണ് വിഗ്രഹം എന്ന ചിന്തയിൽ ഒരു വിശ്വാസിക്കും ഹിന്ദുവിനും അതിൽ അസ്വാഭാവികത തോന്നേണ്ടതുമില്ല.
1949 ഡിസംബർ മൂന്നാം വാരം മുതൽ ഒരിക്കലും ഒരു മുസ്ലിമും രാമജന്മഭുമിയിലെ ആ കെട്ടിടത്തിൽ ചെന്നിട്ടില്ല; പണ്ടേയില്ലായിരുന്ന നമാസും മറ്റും പിന്നീട് ഒരിക്കലും നടന്നിട്ടുമില്ല. ഇത് ആർഎസ്എസുകാരുടെ അഭിപ്രായമല്ല, ഹിന്ദുക്കളുടെ മാത്രം നിലപാടുമല്ല എന്നതും സ്മരിക്കേണ്ടതുണ്ട്. 1993 ഫെബ്രുവരിയിൽ പിവി നരസിംഹറാവു സർക്കാർ അയോദ്ധ്യ സംബന്ധിച്ച് ഒരു ധവള പത്രം പുറത്തിറക്കിയിരുന്നുവല്ലോ. അത് ഈ വേളയിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. അതിന്റെ രണ്ടാമത്തെ ഖണ്ഡികയിൽ സർക്കാർ പറയുന്നത്, “അതുകൊണ്ട് യഥാർഥത്തിൽ 1949 ഡിസംബർ മുതൽ 1992 ഡിസംബർ ആറ് വരെ ആ കെട്ടിടം മുസ്ലിം പള്ളിയായി ഒരിക്കലും ഉപയോഗിച്ചിരുന്നില്ല” എന്നാണ്. അതായത്, 1992 ഡിസംബർ ആറിന് തകർന്നുവീണ തർക്കമന്ദിരം ഒരു മുസ്ലിം പള്ളിയായിരുന്നില്ല എന്ന് കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ തുറന്നുപറഞ്ഞിരുന്നു എന്നർത്ഥം. ഇനി മറ്റൊന്ന് കൂടി പറയേണ്ടതുണ്ട്; 122 പേജുകളുള്ള ആ ധവള പത്രത്തിൽ ഒരിടത്തും, ഒരിക്കൽ പോലും, റാവു സർക്കാർ ‘ബാബറി മസ്‌ജിദ് ‘ എന്ന് പറഞ്ഞിട്ടേയില്ല എന്നതാണത്; മറിച്ച് അതിലെമ്പാടും “ആർജെബി- ബിഎം കോംപ്ലെക്സ്”, ‘തർക്ക മന്ദിരം’, ‘തർക്ക കെട്ടിടം’ എന്നൊക്കെയാണ് കോൺഗ്രസ് സർക്കാർ അതിനെ അഭിസംബോധന ചെയ്തിട്ടുള്ളത്. അത് ശ്രീരാമ വിഗ്രഹമുള്ള ഒരു ക്ഷേത്രമായിരുന്നു, കെട്ടിടമായിരുന്നു എന്നതല്ലേ അതിലൂടെ നരസിംഹ റാവു വ്യക്തതയോടെ പറഞ്ഞത്?. അതിൽ സംശയമുണ്ടാവേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഒന്ന് നോക്കിയാൽ അയോദ്ധ്യ ചരിത്രത്തിൽ കോൺഗ്രസുകാർ കുറെയെങ്കിലും സത്യസന്ധതയോടെ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് മേൽ സൂചിപ്പിച്ച ധവളപത്രത്തിലെ വരികളാണ്. തർക്ക മന്ദിരം തകർന്ന 1992 ഡിസംബർ ആറിന് ശേഷമാണിത് എന്നത് പ്രത്യേകം ഓർക്കേണ്ടതുമുണ്ട്.
സോമനാഥവും അയോധ്യയും കോൺഗ്രസും
അയോധ്യ സംബന്ധിച്ച കോൺഗ്രസിന്റെ രാഷ്ട്രീയ കള്ളത്തരം വെളിവാകണമെങ്കിൽ സോമനാഥ ക്ഷേത്രത്തെ പരാമർശിച്ചേ പറ്റൂ. സൗരാഷ്ട്രയിലെ ജുനഗഢ് എന്ന നാട്ടുരാജ്യത്താണ് സോമനാഥ ക്ഷേത്രമുള്ളത്; അവിടത്തെ 85- 90 ശതമാനം ജനതയും ഹിന്ദുക്കൾ;പക്ഷെ രാജാവ് ഒരു മുസ്ലിം. ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ ജുനഗഢിനെ പാക്കിസ്ഥാനിൽ ലയിപ്പിക്കാൻ രാജാവ് സ്വയം തീരുമാനിച്ചു; അതായത് പത്ത് ശതമാനത്തോളം മുസ്ലിങ്ങളുള്ള ഭൂപ്രദേശത്തെയാണ് മുസ്ലിം രാജ്യത്തിലേക്ക് ലയിപ്പിക്കുന്നത്. അതറിഞ്ഞതോടെ ജനങ്ങൾ തെരുവിലിറങ്ങി; രാജാവിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് അരങ്ങൊരുങ്ങി. കോൺഗ്രസ് നേതാവായ സമൽ ദാസ് ഗാന്ധിയുടെ നേതൃത്വത്തിൽ സമാന്തര സർക്കാരുണ്ടാക്കി. ജനങ്ങൾ പ്രക്ഷോഭത്തിനിറങ്ങിയപ്പോൾ രാജാവ് രാജ്യം വിട്ടു, പാക്കിസ്ഥാനിലേക്ക് അദ്ദേഹം ചേക്കേറി. അതിനിടയിൽ സർദാർ പട്ടേലും മറ്റും സജീവമായി രംഗത്ത് വന്നു; അന്നത്തെ അവിടത്തെ ദിവാൻ പിന്നീട് പാക് പ്രധാനമന്ത്രി ആയ സുൾഫിക്കർ അലി ഭൂട്ടോയുടെ പിതാവായ ഷാനവാസ് ഭൂട്ടോ ആയിരുന്നു. ഭൂട്ടോയും സമൽ ദാസ് ഗാന്ധിയും ചേർന്ന് ജുനഗഢ് ഇന്ത്യയിൽ ലയിക്കുകയാണ് എന്ന് പ്രഖ്യാപിച്ചു. ഒരു സംശയവും വേണ്ട, അതായിരുന്നു സർദാർ പട്ടേലിന്റെ ഇടപെടൽ. രണ്ടുനാൾ കഴിഞ്ഞ് സർദാർ പട്ടേൽ അവിടെയെത്തി; ചരിത്രത്തിലിടം നേടുന്ന ഒരു സ്വീകരണമാണ് ജനങ്ങൾ അദ്ദേഹത്തിന് ഒരുക്കിയത്. അന്ന് അവിടെവെച്ചാണ് പട്ടേലിന്റെ സുപ്രധാന പ്രഖ്യാപനം വരുന്നത്……….. ” വിദേശ അക്രമികൾ തകർത്ത സോമനാഥ ക്ഷേത്രം കേന്ദ്ര സർക്കാർ മുൻകയ്യെടുത്ത് പുനര്നിര്മ്മിക്കും” എന്ന്. വൻ കരഘോഷത്തോടെയാണ് ജനതതി ആ പ്രഖ്യാപനത്തെ വരവേറ്റത്.
സോമനാഥിൽ അത് സാധ്യമായത് സർദാർ പട്ടേൽ എന്ന ഹിന്ദുത്വാഭിമാനിയായ കോൺഗ്രസ് നേതാവുണ്ടായത് കൊണ്ടാണ്; ജനാഭിലാഷം മനസിലാക്കുന്ന ഉപപ്രധാനമന്ത്രി ഇന്ത്യക്ക് ഉണ്ടായത് കൊണ്ടുമാണ്. എന്നാൽ അയോധ്യയുടെ കാര്യത്തിൽ അത് ചെയ്യാൻ, പറയാൻ കോൺഗ്രസുകാരുണ്ടായില്ല. ഗുജറാത്തിൽ സർദാർ പട്ടേലിനായിരുന്നു ആധിപത്യവും നിയന്ത്രണവുമെങ്കിൽ യു. പിയിൽ അത് പണ്ഡിറ്റ് നെഹ്‌റുവിനായിരുന്നു എന്നതാണ് അതിന് കാരണം. മുസ്‌ലിം വോട്ട് മാത്രമായിരുന്നു നെഹ്‌റുവിന് വേണ്ടിയിരുന്നത്; ശ്രീരാമനും ശ്രീകൃഷ്ണനും കാശി വിശ്വനാഥനുമൊക്കെ അദ്ദേഹത്തിന് പ്രശ്നമേയായിരുന്നില്ലല്ലോ;ഒരി
ഇവിടെ ഒന്നുകൂടി നാം കാണേണ്ടതുണ്ട്; നേരത്തെ സൂചിപ്പിച്ചുവല്ലോ, രാമജന്മസ്ഥാനത്ത് രാമലാല വിഗ്രഹം സ്വയംപ്രത്യക്ഷപ്പെടുകയാണ് ഉണ്ടായത് എന്നതാണ് ഹിന്ദു വിശ്വാസം. എന്നാൽ അത് തങ്ങൾ അറിഞ്ഞുകൊണ്ട് ചെയ്തതാണ് എന്ന് വരുത്തിത്തീർത്ത് വോട്ട് തേടാൻ പോലും അക്കാലത്തെ കോൺഗ്രസ് സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ മുസ്ലിം വോട്ട് കൈമോശം വരുമെന്ന ആശങ്ക കൊണ്ട് യു. പിയിലെ നിയോജകമണ്ഡലത്തിന്റെ സ്വഭാവം നോക്കി ഇക്കാര്യം പറയുകയും പറയാതിരിക്കുകയുമാണ് ചെയ്തത്. യഥാർഥത്തിൽ അതിൽ കോൺഗ്രസിന് ഒരു റോളും ഇല്ലായിരുന്നു. കോടതി ശക്തമായി ഇടപെട്ടത് കൊണ്ടാണ് ആ വിഗ്രഹം എടുത്തുമാറ്റാതിരുന്നത് എന്നതും ഓർമ്മിക്കുക.
അയോധ്യയും വിപി സിങ്ങും രാജീവ് ഗാന്ധിയും
നേരത്തെ നരസിംഹ റാവുവിന്റെ നിലപാട് സൂചിപ്പിച്ചിരുന്നുവല്ലോ. റാവുവിന് മുൻപ് ഇന്ത്യയുടെ പ്രധാനമന്ത്രിയായ വിപി സിങ്ങും സ്വകാര്യ വേളകളിലൊക്കെ അയോധ്യയിലേത് ഒരു ഹിന്ദു ക്ഷേത്രം തന്നെയാണല്ലോ എന്ന് പറയാറുണ്ടായിരുന്നു. വിപി സിങ് സർക്കാരിന് പിന്തുണ കൊടുക്കുന്നതിന് ചില വ്യവസ്ഥകൾ ബിജെപി മുന്നോട്ട് വെച്ചിരുന്നു; അധികാരത്തിലേറിയാൽ നാല് മാസത്തിനകം അയോദ്ധ്യ പ്രശ്നത്തിന് പരിഹാരം കണ്ടുകൊള്ളാമെന്ന വിപി സിംഗിന്റെ ഉറപ്പാണ് അതിലൊന്ന്; രാമ ക്ഷേത്രനിർമ്മാണത്തിന് വേദിയൊരുക്കാം എന്നുതന്നെ. അക്കാര്യം ചർച്ചചെയ്യാനായി ഒരിക്കൽ കൂടിയപ്പോൾ വിപി സിങ് പറഞ്ഞത്, ” എന്താ നിങ്ങൾ പറയുന്നേ…… അതിപ്പൊഴേ ഒരു ക്ഷേത്രമല്ലേ; അവിടെയുള്ളത് രാമലാല വിഗ്രഹമല്ലേ; പിന്നെ ആ കെട്ടിടം, അതൊന്ന് തൊട്ടാൽ വീണുപോകുന്ന നിലയിലുള്ളതാണ്………”. ഇത് എൽകെ അദ്വാനി വിശദീകരിച്ചു കണ്ടിട്ടുണ്ട്; അരുൺ ശൗരി അക്കാര്യം ഒരു ലേഖനത്തിലും അക്കാലത്ത് പരാമർശിച്ചിരുന്നു. ഇങ്ങനെ സ്വകാര്യമായി സമ്മതിച്ചിരുന്നു വിപി സിങ്ങുമാർ പക്ഷെ ഒരിക്കലും പരസ്യമായി രാമക്ഷേത്ര പുനർനിർമ്മാണ പദ്ധതിയെ തുണച്ചില്ല. മാത്രമല്ല കേന്ദ്രത്തിൽ സർക്കാരുണ്ടാക്കാൻ ക്ഷേത്രം നിർമ്മിക്കാൻ വഴിയൊരുക്കും എന്ന് സമ്മതിച്ചിരുന്ന വിപി സിങ്ങും കൂട്ടരും രാമക്ഷേത്ര പ്രക്ഷോഭത്തെ തകർക്കാനാണ് ശ്രമിച്ചതും എന്നതൊക്കെ ചരിത്രത്തിന്റെ ഭാഗമാണല്ലോ. വിപി സിങ് കോൺഗ്രസുകാരനായല്ല പ്രധാനമന്ത്രി ആയത് എന്നതൊക്കെ ശരി; എന്നാൽ എന്നും എക്കാലത്തും ആത്യന്തികമായി അദ്ദേഹം മനസ്സുകൊണ്ടും പ്രവർത്തികൊണ്ടും കോൺഗ്രസുകാരൻ തന്നെയായിരുന്നു. ആ സ്വഭാവമാണ് ക്ഷേത്ര നിർമ്മാണ പ്രശ്നത്തിൽ കാണിച്ചുകൊണ്ടിരുന്നതും.
ഇതിന് സമാനമായിരുന്നു രാജീവ് ഗാന്ധിയുടെ നിലപാടുകൾ. ഷാബാനോ കേസിലെ വിധി വന്നതോടെ ഉയർന്ന മുസ്ലിം പ്രതിഷേധത്തിന് രാജീവ് ഗാന്ധി വഴങ്ങിയതും നിയമനിർമാണത്തിന് തയ്യാറായതുമൊക്കെ ഓർക്കുക. യഥാർഥത്തിൽ മുസ്ലിം മതമൗലിക വാദികളുടെ സമ്മർദ്ദങ്ങൾക്ക് കോൺഗ്രസ് വഴങ്ങുകയായിരുന്നു; അതിലൂടെ അവർ വഞ്ചിച്ചത് വലിയൊരു മുസ്ലിം മഹിളാ സമൂഹത്തെയും. ഇതുപോലെ ഒരു വഞ്ചന ഇന്ത്യയിൽ സ്ത്രീ സമൂഹം വേറെ അനുഭവിച്ചിരിക്കുകയില്ല. അന്ന് ആ നീക്കങ്ങളെ എതിർത്തുകൊണ്ട് കേന്ദ്ര മന്ത്രിപദം രാജിവെച്ച മഹാനാണ് ഇപ്പോഴത്തെ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീം കോടതി വിധി മറികടക്കാനായി നിയമ നിർമ്മാണത്തിന് അന്ന് തയ്യാറായത് കോൺഗ്രസിന്റെയും കേന്ദ്ര സർക്കാരിന്റെയും രാജീവ് ഗാന്ധിയുടെയും പ്രതിച്ഛായയെ ബാധിച്ചു എന്ന് വിലയിരുത്തപ്പെട്ടു. ആ ചീത്തപ്പേര് മറികടക്കാനാണ് അയോധ്യയെ കോൺഗ്രസ് ഉപയോഗപ്പെടുത്താൻ തീരുമാനിച്ചത്. സുപ്രീം കോടതി വിധി അട്ടിമറിച്ചതിലൂടെ മുസ്ലിം വോട്ട് കിട്ടുമ്പോൾ ഹിന്ദു വോട്ട് ബാങ്ക് നിലനിർത്തണം എന്നതായിരുന്നു ചിന്ത. എല്ലാം വെറും താത്കാലിക വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം.
ഇവിടെ ഒന്ന് ശ്രദ്ധിക്കേണ്ടതുണ്ട്; സന്യാസിവര്യന്മാരും ഹിന്ദു സംഘടനകളുമാണ് ക്ഷേത്രം തുറന്നുകൊടുക്കണം എന്ന് ആവശ്യപ്പെട്ടത്. എന്നാൽ കോടതിയിൽ പോയതും അതിനായി അനുമതി വാങ്ങിയതും യു. പിയിലെ കോൺഗ്രസ് സർക്കാർ. തുറന്നുതന്നില്ലെങ്കിൽ അടുത്ത ശിവരാത്രി നാൾ അവിടേക്ക് ആയിരക്കണക്കിന് സന്യാസിമാർ നയിക്കുന്ന ലക്ഷങ്ങൾ അണിനിരക്കുന്ന മാർച്ച് നടത്താനും ആ താഴ് തല്ലിപ്പൊളിക്കാനും തീരുമാനിച്ചിരുന്നു. അതാണ് കോൺഗ്രസുകാരെ വിഷമിപ്പിച്ചത്. താഴ് തുറന്നുകൊടുക്കുന്നത് കൊണ്ട് ഒരു പ്രശ്നവുമുണ്ടാവില്ല എന്ന് സർക്കാർ കോടതിയിൽ ബോധിപ്പിക്കുകയും ചെയ്തു. യഥാർഥത്തിൽ 1949 ഡിസംബർ മുതൽ ആ ക്ഷേത്രത്തിൽ നിത്യപൂജ ഉണ്ടായിരുന്നു; എന്നാൽ ഭക്തർക്ക് അവിടെച്ചെന്ന് ദർശനം നടത്താൻ കഴിയാത്ത അവസ്ഥയും. അതാണ് അവിടെ പോയി തോഴുവാൻ സൗകര്യം ഒരുക്കണം എന്ന് ഹിന്ദുക്കൾ ആവശ്യപ്പെട്ടത്. ഈ ആവശ്യം കുറേനാളുകളായി അവർ ഉന്നയിച്ചുവരികയുമായിരുന്നു. എന്തായാലും യുപി സർക്കാർ അത് കോടതിയെ ധരിപ്പിച്ചു; ക്ഷേത്രം തുറന്നുകൊടുക്കാൻ അനുമതി വാങ്ങി. 1986 ഫെബ്രുവരിയിലായിരുന്നു അത്. അടുത്ത തിരഞ്ഞെടുപ്പിൽ അതുപറഞ്ഞും അവർ യു. പിയിൽ വോട്ട് പിടിക്കാൻ ശ്രമിച്ചു എന്നത് കൂടി പറഞ്ഞാലേ ഈ കഥ പൂർത്തിയാവൂ.
അതുകൊണ്ടും രാജീവ് ഗാന്ധി ഹിന്ദു പ്രീണന തന്ത്രങ്ങൾ അവസാനിപ്പിച്ചില്ല. 1989- ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് കോൺഗ്രസ് തുടക്കമിട്ടത് അയോധ്യയിൽ നിന്നായിരുന്നുവല്ലോ. അതിന് മുൻപ് ആ വര്ഷം സെപ്റ്റംബറിൽ ശിലാന്യാസത്തിനുള്ള തയ്യാറെടുപ്പുകൾ രാജ്യമെമ്പാടും നടന്നിരുന്നു. ലക്ഷക്കണക്കായ പ്രദേശങ്ങളിൽ നിന്ന് പൂജിച്ച ശ്രീരാമ ശിലകളുമായി ഭക്തർ അയോധ്യയിലേക്ക് എത്തുന്ന പദ്ധതിയായിരുന്നു അത്. അപ്പോഴും രാജീവ് ഗാന്ധി സർക്കാർ പ്രത്യക്ഷത്തിൽ സ്വീകരിച്ചത് ഹിന്ദു പക്ഷ നിലപാടാണ് എന്നത് പറയാതെവയ്യ. അങ്ങിനെയാണ് തർക്കങ്ങൾ ഏറെയുണ്ടായെങ്കിലും നവംബർ എട്ടിന് അയോധ്യയിൽ രാമ ക്ഷേത്രത്തിന്റെ ശിലാന്യാസം നടന്നത്. തർക്ക മന്ദിരത്തോട് ചേർന്നായിരുന്നു അത്. ആ സ്ഥലം പറ്റില്ല എന്ന നിലപാടാണ് കോടതിയും സർക്കാരും ആദ്യമെടുത്തത്; എന്നാൽ ക്ഷേത്രനിർമ്മാണത്തിനായി രംഗത്തുവന്നവർ അവിടെത്തന്നെ വേണം ശിലാന്യാസം എന്ന നിലപാടെടുത്തു. അവസാനം യുപി- കേന്ദ്ര സർക്കാരുകൾ പറഞ്ഞു, അതൊരു തർക്ക ഭൂമി അല്ല എന്ന്. അവിടെ ബീഹാറിൽ നിന്നുള്ള പട്ടികജാതിക്കാരനായ കാമേശ്വർ ചോപ്പാൽ ആണ് ശിലാന്യാസം നടത്തിയത്. ഇതൊക്കെ ചെയ്തുവെങ്കിലും 1989 -ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടു; രാജീവ് ഗാന്ധി അധികാരഭ്രഷ്ടനായി. രാജ്യം മുൻപ് കേട്ടിട്ടില്ലാത്ത ഭൂരിപക്ഷവുമായി അഞ്ചുവർഷം മുൻപ് അധികാരത്തിലേറിയ ഒരു പ്രധാനമന്ത്രിയുടെ ഗതികേടാണ് ഇത് . ആത്മാർത്ഥത തീരെയില്ലാതെ ശ്രീരാമനെ വോട്ട് ലക്ഷ്യമാക്കി ഉപയോഗിക്കാനുള്ള പദ്ധതിയാണ് തിരിച്ചടിച്ചത് എന്ന് പറയാമോ എന്നതറിയില്ല; ആ സർക്കാർ ബൊഫോഴ്‌സ് അടക്കം അനവധി വിവാദങ്ങളിൽ പെട്ട കാലഘട്ടം കൂടി ആയിരുന്നല്ലോ അത്.
അയോദ്ധ്യ പ്രശ്നത്തിൽ, ഇതൊക്കെ കഴിഞ്ഞ്, കോൺഗ്രസ് എന്താണ് ചെയ്തത് എന്നത് കൂടി പരിശോധിക്കേണ്ടതുണ്ട്. തർക്ക മന്ദിരം തകർന്നപ്പോൾ അതിന്റെ ഉത്തരവാദിത്വം ഹിന്ദുത്വ- ദേശീയ പ്രസ്ഥാനങ്ങളുടെ തലയിൽ വെച്ച് കെട്ടാനും ആർഎസ്എസിനെ നിരോധിക്കാനുമൊക്കെ തയ്യാറായി; ബിജെപിയുടെ മുഴുവൻ സംസ്ഥാന സർക്കാരുകളെയും അന്ന് ആ സംഭവത്തിന്റെ മറവിൽ പിരിച്ചുവിട്ടു. നരസിംഹ റാവു സർക്കാരായിരുന്നു അതൊക്കെ ചെയ്തുകൂട്ടിയത്. പിന്നീടിങ്ങോട്ട് സോണിയ പരിവാറിന്റെ യുഗമായല്ലോ. അവർക്ക് സ്വാഭാവികമായും അയോധ്യയും ശ്രീ രാമനുമൊക്കെ മനസിലുണ്ടാവുകയില്ല. അവർ എന്നും ഹിന്ദു വികാരത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചുപോന്നത്. ഇറ്റാലിയൻ സംസ്കാരത്തിൽ വളർന്നവരിൽ നിന്ന് വേറെന്തെങ്കിലും പ്രതീക്ഷിക്കുന്നത് തന്നെ ശരിയാവണമെന്നില്ലല്ലോ. അമേത്തിയിൽ നിന്ന് ഓടി വയനാട്ടിലെത്തി മുസ്ലിം ലീഗിന് മുന്നിൽ അടിയറവ് പറഞ്ഞ രാഹുൽ ഗാന്ധിക്ക് ഇനി ഒരിക്കലും മറ്റൊന്നും പറയാനും ചെയ്യാനും കഴിയുകയുമില്ല . ഒരു കാരണവശാലും രാമ ക്ഷേത്രനിര്മാണത്തിന് അനുകൂലമായ സാഹചര്യം ഉണ്ടായിക്കൂടാ എന്നതാണ് അവരുടെ എന്നത്തേയും പദ്ധതി. അത് കോൺഗ്രസ് വക്കീലന്മാർ സുപ്രീം കോടതിയിൽ ബോധിപ്പിച്ചതും മറന്നുകൂടാ. അയോദ്ധ്യ കേസിലെ അപ്പീൽ സുപ്രീം കോടതി പരിഗണിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചപ്പോൾ കപിൽ സിബലാണ് എതിർപ്പുമായി രംഗത്ത് വന്നത്; കേസ് ഇപ്പോൾ പരിഗണിക്കരുത്; അത് പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞുമതി എന്നൊക്കെയായിരുന്നല്ലോ വാദഗതികൾ. അവർക്ക് എല്ലാം തിരഞ്ഞെടുപ്പാണ്; എന്തും തിരഞ്ഞെടുപ്പ് ലക്‌ഷ്യം വെച്ചാണ്. ആ കേസ് മാറ്റിവെയ്പ്പിച്ചിട്ട് അവർക്കെന്താണ് കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ കിട്ടിയത്. അമേത്തിയിൽ രാഹുൽ ഗാന്ധി പോലും തോറ്റല്ലോ. അതുകൊണ്ട് ചരിത്രത്തിൽ നിന്നോ അനുഭവങ്ങളിൽ നിന്നോ ഇക്കൂട്ടർ പാഠങ്ങൾ പഠിക്കുന്നില്ല . അതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗതികേടും.
അവസാനമായി ഒന്നുകൂടി നാമൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്; അതും കോൺഗ്രസിന്റ നികൃഷ്ടമായ കളികൾ തന്നെ. സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിതനായ ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചില മാധ്യമങ്ങൾക്ക് അഭിമുഖം അനുവദിച്ചിരുന്നു. ആദ്യമേ സൂചിപ്പിക്കട്ടെ, നിയുക്ത ചീഫ് ജസ്റ്റിസ് മാധ്യമങ്ങൾക്ക് അഭിമുഖം അനുവദിക്കുന്നത് സാധാരണ പതിവുള്ള കാര്യമല്ല. ഇദ്ദേഹം അഭിമുഖത്തിന് അനുമതി നൽകിയത് പ്രധാനമായും രണ്ടു പേർക്കാണ്; ഒന്ന്, ‘ഹിന്ദു’ പത്രം, മറ്റൊന്ന്, ‘ഇന്ത്യ ടുഡേ’ ന്യൂസ് ചാനൽ. ‘ഇന്ത്യ ടുഡേ’ -യ്ക്ക് വേണ്ടി അഭിമുഖം നടത്തിയത് രാജ്‌ദീപ് സർദേശായിയും. രാജ്‌ദീപ് നിയുക്ത ചീഫ് ജസ്റ്റിസിന് മുന്നിൽ ഉന്നയിച്ച ഒരു വിഷയമുണ്ട്…… ‘നിങ്ങൾ അയോധ്യയിൽ പരിഗണിക്കുന്നത് ഒരു ഭൂമി തർക്കമാണ്; എന്നാൽ അതിനൊപ്പം ആർക്കിയോളജിക്കൽ തെളിവുകൾ കൂടി പരിഗണിക്കുന്നു. ആ കേസിൽ വിധി പറയുമ്പോൾ അത് രാജ്യത്ത് ഭാവിയിൽ എന്തൊക്കെ കുഴപ്പമുണ്ടാക്കപ്പെടും എന്നത് കൂടി നിങ്ങൾ ചിന്തിക്കണ്ടേ ……. ‘. ഇങ്ങനെ പോയിരുന്നു ചോദ്യം. അതിനോട് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പ്രതികരിച്ചില്ലെങ്കിലും ആ ചോദ്യം സാധാരണ നിലക്ക് ജഡ്ജിമാരിലും പൊതു മണ്ഡലത്തിലും സൃഷ്ടിക്കാനുദ്ദേശിച്ച കലാപാന്തരീക്ഷം ഒന്നാലോചിക്കാതെ പറ്റുമോ?. അയോദ്ധ്യ കേസിൽ വിധി ഹിന്ദുക്കൾക്ക് അനുകൂലമായാൽ അത് രാജ്യത്ത് വലിയ അസ്വാസ്ഥ്യമുണ്ടാക്കില്ലേ, അതുകൊണ്ട് അങ്ങിനെ ഒരു വിധി പ്രസ്താവിക്കാമോ എന്നതല്ലേ രാജ്‌ദീപ് യഥാർഥത്തിൽ ഉദ്ദേശിച്ചത്…………. കോടതി വിധി എന്താവണം എന്ന സൂചനകൾ നൽകാനുള്ള ഒരു കുൽസിത ശ്രമം അങ്ങിനെയൊക്കെ ഒരു നിയുക്ത ചീഫ് ജസ്റ്റിസിനോട് ഉന്നയിക്കാമോ എന്നത് വേറെ ചോദ്യം. ഇത് എന്താണ് കാണിക്കുന്നത്?. ആരാണ് രാജ്‌ദീപ് സർദേശായി, എന്താണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ താല്പര്യങ്ങൾ എന്നതൊക്കെ കൂട്ടിവെച്ചുകൊണ്ട് ചിന്തിക്കുകയും വേണമല്ലോ. യാഥാർഥത്തിൽ കോൺഗ്രസിന് വേണ്ടിയുള്ള പടനീക്കമാണിത്……. ഹിന്ദുവിന് രാമജന്മഭൂമി വീണ്ടുകിട്ടില്ലെന്ന് ഉറപ്പാക്കാൻ ഇപ്പോഴും സോണിയ പരിവാർ, കോൺഗ്ര പാർട്ടി ഏതറ്റം വരെയും പോകുമെന്നാണ് ഇതൊക്കെ കാണിച്ചുതരുന്നത്. രാജ്യം പക്ഷെ അതിനെക്കുറിച്ചൊക്കെ ബോധവാന്മാരാണ് എന്നതാണ് ആശ്വാസവും.
Discussion about this post