ഗുരുവായൂര്‍ അമ്പലത്തിലെ പാചകവിവാദം, തൃപ്പൂണിത്തുറയിലെ കാലുകഴുകിച്ചൂട്ടുവിവാദം, കൂടല്‍മാണിക്യത്തിലെ നൃത്തവിവാദം, കലോത്സവത്തിലെ സസ്യഭക്ഷണവിവാദം, ഗണപതിവിവാദം, സനാതനധര്‍മ്മവിവാദം എന്നിങ്ങനെ വിവാദങ്ങളുടെ ഒരു ഘോഷയാത്ര തന്നെ കേരളക്കരയില്‍ നമുക്കു ഈ അടുത്ത കാലത്ത് കാണാന്‍ കഴിയുന്നു.
ഈ വിവാദങ്ങള്‍ക്ക് തുടര്‍ച്ച എന്നപോലെ ഒരു ലക്ഷ്യവും ഘടനയും കാണാന്‍ കഴിയും. ഏതദ്ദേശീയമായ ആചാരാനുഷ്ഠാനങ്ങള്‍, വിശ്വാസപദ്ധതികള്‍, തത്വചിന്തകള്‍ എന്നിവയേയും അവയെ പിന്തുടരുന്ന ഹിന്ദുവിഭാഗങ്ങളേയുമാണ് അവ ഉന്നംവയ്‌ക്കുന്നത്. നിഷ്‌കളങ്കം എന്ന മട്ടില്‍ ഏതെങ്കിലും ഒരു കോണില്‍ നിന്ന് ആരെങ്കിലും ഒരാള്‍ ഒരു വിവാദപ്രസ്താവം, തിരി കൊളുത്തുമ്പോലെ നടത്തുന്നു. തുടര്‍ന്ന് പല കോണുകളില്‍ നിന്ന് പലര്‍ അതിനെ കാട്ടുതീ എന്ന പോലെയോ സൃഗാലഘോഷം എന്ന പോലെയോ ആളിപ്പടര്‍ത്താന്‍ ശ്രമിക്കുന്നു. പുസ്തകപ്രസാധനം, പ്രബന്ധാവതരണം, മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും ലേഖനമെഴുതല്‍, ചര്‍ച്ച നടത്തല്‍, അഭിമുഖം നല്‍കല്‍ മുതലായ എല്ലാ വഴികളും പ്രയോജനപ്പെടുത്തി സമൂഹത്തില്‍ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു.
ഇത്തരം വിവാദശൃംഖലയിലൂടെ സമൂഹബോധത്തില്‍ ദ്വന്ദ്വനിര്‍മ്മാണം (ബൈനറി ക്രിയേഷന്‍)നടത്തുകയാണ് വൈദേശികങ്ങളായ മത- ഇസവിഘടനശക്തികള്‍ ആസൂത്രിതമായി ചെയ്യുന്നതെന്ന് വ്യക്തം. ജാതിവിഭാഗീയത (Cast Divide)ദേശവിഭാഗീയത(North-South Divide), ഗോത്രവിഭാഗീയത (North-East Divide), സമ്പ്രദായവിഭാഗീയത (Hindu -Sikh Divide, Hindu -Bauddha Divide, Hindu -Jaina Divide) എന്നിങ്ങനെ വേറെയും പല തരം ബൈനറികളുടെ നിര്‍മ്മാണം, അവയുടെ പ്രയോഗത്തിനുള്ള ടൂള്‍കിറ്റുകള്‍ തയ്യാറാക്കല്‍ എന്നിവയും തകൃതിയായി ഇക്കൂട്ടര്‍ ചെയ്തുവരുന്നു.
തുടക്കത്തില്‍ പറഞ്ഞ മറ്റു വിവാദങ്ങള്‍ കേരളക്കരയിലും മലയാളികളിലും ഏറക്കുറെ ഒതുങ്ങിനിന്നപ്പോള്‍ സനാതനധര്‍മ്മവിവാദത്തിന് പ്രാദേശികമാനത്തിനു പുറമേ ദേശീയവും അന്തര്‍ദ്ദേശീയവുമായ മാനങ്ങള്‍ കൈവന്നു. സനാതനധര്‍മ്മം എന്ന പദത്തിന്റെ പ്രയോഗം, ആ പദത്തിന്റെ പിന്നിലുള്ള ആശയം എന്നിവയെക്കുറിച്ചുള്ള ചൂടേറിയ വാദവിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. മേല്‍വിവരിച്ച എല്ലാ വിവാദങ്ങളുടെയും വിക്ഷേപണത്തിനുള്ള അടിത്തറപോലെ നിലക്കൊള്ളുന്നതാണ് ഈ സനാതനധര്‍മ്മവിവാദം.
ഭിന്നിപ്പിച്ചു ഭരിക്കല്‍
ഭാരതത്തെ, ഭാരതീയതയെ, ഭാരതീയരെ പഠിക്കാന്‍ തുനിഞ്ഞിറങ്ങിയ ആംഗ്ലോ- ജര്‍മ്മന്‍ പണ്ഡിതന്മാര്‍ സനാതനധര്‍മ്മത്തെ കുറിച്ചു സൃഷ്ടിച്ച ആശയക്കുഴപ്പം ആണ് ഈ വിവാദത്തിന് അടിസ്ഥാനം. അവരെ പിന്തുടര്‍ന്ന സ്വദേശികളായ യാഥാസ്ഥിതിക പണ്ഡിതന്മാരും മാര്‍ക്‌സിയന്‍ പണ്ഡിതന്മാരും ഇതിന് ആക്കം കൂട്ടി. ഈ പാശ്ചാത്യ പണ്ഡിതര്‍ മുന്നോട്ടു വെച്ച ആര്യദ്രാവിഡവാദം, ആര്യ-ദസ്യുക്കള്‍ തമ്മിലുള്ള സംഘര്‍ഷകഥയായി വേദത്തിന്റെ അവതരണം, ഭാരതീയരുടെ ഏക വിശുദ്ധഗ്രന്ഥം എന്ന നിലക്ക് വേദത്തെ പുകഴ്‌ത്തല്‍, ഹിന്ദു= വൈദികം എന്ന സമവാക്യപ്രചരണം, അതുപോലെ ജാതിയും വര്‍ണ്ണവും കാസ്റ്റും ഒന്നാണെന്ന തെറ്റായ സമീകരണം മുതലായ ആഖ്യാനങ്ങള്‍ പില്‍ക്കാലങ്ങളില്‍ ഭാരതീയസമൂഹത്തില്‍ പല തരത്തിലുള്ള ധ്രുവീകരണത്തിനു സഹായകം ആയി.
യാഥാസ്ഥിതിക പണ്ഡിതര്‍ ആകട്ടെ വൈദികം മാത്രമാണ് ഭാരതീയതയുടെ ഉരകല്ല് എന്ന നിലപാടിലുറച്ചു. സനാതനധര്‍മ്മം=വൈദികധര്‍മ്മം= വര്‍ണ്ണാശ്രമധര്‍മ്മം എന്നു വാദിക്കുന്ന ചില ഹിന്ദുക്കള്‍ സനാതനികള്‍ എന്നു സ്വയം കരുതി മറ്റു ഹിന്ദുവിഭാഗങ്ങളെ അകറ്റി നിര്‍ത്തി. മാര്‍ക്‌സിയന്‍ പണ്ഡിതന്മാര്‍ ആകട്ടെ സവര്‍ണ്ണ/അവര്‍ണ്ണ, വൈദിക/അവൈദിക, ചൂഷക/ചൂഷിതാദി ദ്വന്ദ്വബോധങ്ങളെ ചേരുംപടി ചേര്‍ത്ത് സമൂഹത്തിന്റെ താഴെതട്ടില്‍ വരെ എത്തിക്കാന്‍ ആംഗ്ലോ- ജര്‍മ്മന്‍ പണ്ഡിതന്മാരുടെയും സനാതനികളുടെയും ആഖ്യാനങ്ങളെ അതിസമര്‍ത്ഥമായി ഉപയോഗിച്ചു. അങ്ങനെ ഇന്ന് ഹിന്ദുക്കള്‍ അഥവാ സവര്‍ണ്ണര്‍ അഥവാ സനാതനധര്‍മ്മികള്‍ ഒരു വശത്തും അവര്‍ണ്ണര്‍ + ദളിതര്‍ + ന്യൂനപക്ഷര്‍ എന്ന വിശാല ഐക്യമുന്നണി മറുവശത്തും എന്ന നിലക്കുള്ള ബൈനറി തട്ടിക്കൂട്ടാനുള്ള തിരക്കിലാണ് വിഘടനശക്തികള്‍. മറ്റു ബൈനറി നിര്‍മ്മാണവും കാസ്റ്റ് സെന്‍സസ്സും മറ്റും അതിലേക്കുള്ള രാജപാത ആയി അവര്‍ കരുതുന്നു.
ഇതിന്റെ കൂടെ യുവജനങ്ങളെ ലക്ഷ്യമാക്കി പുരോഗമനപരം, ശാസ്ത്രീയം എന്ന മട്ടില്‍ കലാലയങ്ങളിലും മറ്റു വ്യാപകമായി പ്രചരിപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന നവലിബറലിസം അഥവാ അതിരില്ലാത്ത സ്വാതന്ത്ര്യവാദം, ലൈംഗിക അരാജകവാദം, മയക്കുമരുന്നുപയോഗം തുടങ്ങിയ ചേരുവകള്‍ കൂടി ചേര്‍ക്കുമ്പോള്‍ ഒരു സമൂഹത്തെ വേരോടെ തകര്‍ക്കുവാന്‍ പര്യാപ്തമായ മസാലക്കൂട്ടു പൂര്‍ണ്ണമാകുന്നു.
ഭാരതീയര്‍ ഒരൊറ്റ സമൂഹമോ രാഷ്‌ട്രമോ ആയിരുന്നില്ല. അതിനാവശ്യമായ ആശയപരമായ പൊതുഅടിത്തറ ഭാരതീയര്‍ക്ക് ഇല്ലായിരുന്നു. ബ്രിട്ടീഷ് ഭരണം ആണ് രാഷ്‌ട്രബോധം നമ്മില്‍ നിര്‍മ്മിച്ചത് എന്നതും നമ്മെക്കുറിച്ചുള്ള പല ആംഗ്ലോ-ജര്‍മ്മന്‍, മാര്‍ക്‌സിസ്റ്റ് ആഖ്യാനങ്ങളില്‍ ഒന്നാണ്. ആധുനികകാലത്തെ ഹിന്ദുത്വവാദികള്‍ അവരുടെ രാജനൈതികമായ താല്‍പ്പര്യം സംരക്ഷിക്കുവാന്‍ മെനയുന്ന ഒന്നാണ് ഹിന്ദുരാഷ്‌ട്രസിദ്ധാന്തം എന്ന ആഖ്യാനവും ഇതോടൊപ്പം നവമാര്‍ക്സ്സിസ്റ്റുകള്‍ ഉയര്‍ത്തുന്നുï്. ഈ ഒരൊറ്റ ആഖ്യാനത്തിന്റെ സത്യാവസ്ഥ തേടിയാല്‍ തന്നെ സനാതനധര്‍മ്മത്തിന്റെ പൊരുളും ആംഗ്ലോ-ജര്‍മ്മന്‍, മാര്‍ക്‌സിസ്റ്റ് ആഖ്യാനങ്ങളിലെ പതിരും നമുക്കു തെളിഞ്ഞു കിട്ടും.
പൊതുവായ ആശയ അടിത്തറ
ദേബീപ്രസാദ് ചട്ടോപാധ്യായ ഭാരതത്തിലെ മാര്‍ക്‌സിസ്റ്റ് ചിന്തകരില്‍ പ്രഥമഗണനീയനാണ്. ഭാരതീയസമൂഹത്തെയും തത്വചിന്തയേയും മാര്‍ക്‌സിയന്‍ കാഴ്‌ച്ചപ്പാടില്‍ അവതരിപ്പിച്ച അദ്ദേഹത്തിന്റെ Lokayata: A Study in Ancient Indian Materialism പ്രസിദ്ധമാണ്. അദ്ദേഹം രാധാകുമുദ് മുഖര്‍ജിയുടെ ഫണ്ടമെന്റല്‍ യൂണിറ്റി ഓഫ് ഇന്‍ഡ്യ എന്ന പുസ്തകത്തിന് എഴുതിയ എഡിറ്റോറിയല്‍ നോട്ടില്‍ ഇപ്രകാരം പറയുന്നു: ”ഇന്ത്യയുടെ ദേശീയത ബ്രിട്ടീഷ് ഭരണത്തിന്റെ ഫലമാണ് എന്ന ആധുനിക ആശയം സങ്കുചിതവും അംഗീകരിക്കാനാവാത്തതും ആണ്.” മാത്രമല്ല, അതിന്റെ അന്തസ്സത്ത സാംസ്‌കാരികമാണ് എന്നും നിരവധി വൈദേശികമായ ആക്രമണങ്ങളെ അതിജീവിക്കാനും ആക്രമണകാരികളെ ഇവിടുത്തെ ദേശീയമുഖ്യധാരയില്‍ ലയിപ്പിക്കാന്‍ തക്ക കെല്‍പ്പുറ്റതായിരുന്നു അതെന്നും വിലയിരുത്തുന്നു. തലമുറകളായി ഇവിടെ നടന്നുവരുന്ന ധാമ- തീര്‍ത്ഥ- ക്ഷേത്ര പരിക്രമണം ആണ് അതിന്റെ ജീവവായു എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആ എഡിറ്റോറിയല്‍ നോട്ടിന്റെ തലവാചകം തന്നെ Editors Introduction: The Deep Structure of India’s Fundamental Unity എന്നാണ്! അതുപോലെ മാര്‍ക്‌സിയനും പ്രമുഖ സോഷ്യോളജിസ്റ്റുമായ ധൂര്‍ജ്ജടീ പ്രസാദ് മുഖര്‍ജി തന്റെ Modern Indian Culture (1942) എന്ന പുസ്തകത്തില്‍ ബ്രിട്ടീഷുകാര്‍ വരുന്നതിനു മുമ്പ് ഇവിടുത്തെ ഭാരതീയസമൂഹത്തിന് ഒരു Religio -Ideological Unity ഉണ്ടായിരുന്നു എന്നു പ്രസ്താവിക്കുന്നു. A. R. Desai (Social Background of Indian Nationalism,1948) എന്ന മറ്റൊരു മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ഇതിനെ പിന്താങ്ങുന്നുമുണ്ട്. ഇവരാരും തന്നെ ഹിന്ദുത്വവാദികള്‍ ആയിരുന്നില്ല എന്നതു സ്പഷ്ടമാണല്ലോ.
പ്രാചീനശിലായുഗം മുതല്‍ ഭാരതീയരുടെ ആവാസസ്ഥാനമായിരുന്നു ആസേതുഹിമാചലപര്യന്തയായ ഈ ഭാരതഭൂമി എന്ന് പുരാവസ്തുശാസ്ത്രം സമര്‍ത്ഥിക്കുന്നു. ആ ചരിത്രാതീതകാലം തൊട്ട് നമ്മുടെ പൂര്‍വികര്‍ കര, കടല്‍ മാര്‍ഗങ്ങള്‍ വഴി പരസ്പരം ബന്ധപ്പെട്ടിരുന്നതിന്റെയും സോദ്ദേശമനുഷ്യനിര്‍മ്മിതികള്‍ (Artifacts) കൈമാറിയിരുന്നതിന്റെയും ആ പാരസ്പര്യത്തിലൂടെ ഒരൊറ്റ സമൂഹം ആയി മാറിയതിന്റെയും സൈന്ധവനാഗരികതയില്‍ തന്നെ സനാതനധര്‍മ്മം ഭാരതീയരുടെ പൊതുസ്വത്തായി ഉരുത്തിരിഞ്ഞതിന്റെയും ചരിത്രം തെളിവുകളുടെ പിന്‍ബലത്തോടെ ദിലീപ് കെ. ചക്രബര്‍ത്തി എന്ന വിശ്വവിശ്രുതനായ പുരാവസ്തുശാസ്ത്രജ്ഞന്‍ തന്റെ India An Archaeological History Paleolithic Beginnings to Early Historic Foundations, Indus Civilization Sites in India: New Discoveries, India of the Vedic Texts, Hinduism from Prehistory to History, Mahajanapada States of Early Historic India എന്നീ കൃതികളിലൂടെ വിശദമാക്കുന്നുണ്ട്.
നമ്മുടെ പൂര്‍വികര്‍ നിത്യജീവിതത്തില്‍ ആവശ്യമായ മനുഷ്യനിര്‍മ്മിത ഉപകരണങ്ങള്‍ക്കൊപ്പം ആശയങ്ങളും ആചാരാനുഷ്ഠാനങ്ങളും കൈമാറിയിരുന്നു എന്നും അതിനാല്‍ ഒരു സാമൂഹ്യശാസ്ത്രവിദ്യാര്‍ത്ഥി ഭാരതത്തിന്റെ ഏതു മുക്കിനും മൂലയിലും ചെന്നാലും ഏതു നിമിഷവും ‘അപരിചിതങ്ങളില്‍ പരിചിതങ്ങളേയും പരിചിതങ്ങളില്‍ അപരിചിതങ്ങളേയും കണ്ടുമുട്ടാന്‍ ഇടയുണ്ടെന്നും’ ആണ് പ്രസിദ്ധസാമൂഹ്യശാസ്ത്രജ്ഞനായ എം. എന്‍. ശ്രീനിവാസന്‍ ഭാരതീയതയുടെ പ്രത്യേകതയായ വൈവിധ്യാന്തര്‍ഗതമായ ഏകാത്മതയെ വിവരിക്കുമ്പോള്‍ (Social Change in Modern India) ചൂണ്ടിക്കാണിക്കുന്നത്.
പ്രസിദ്ധ തത്വചിന്തകനായ സുരേന്ദ്രനാഥ ദാസ്ഗുപ്ത തന്റെ History of Indian Philosophy, Philosophical Essays എന്നീ പുസ്തകങ്ങളില്‍ വൈദികവും അവൈദികവും ആയ ചിന്താധാരകളിലെയും സമ്പ്രദായങ്ങളിലേയും ആശയ-പ്രയോഗതലങ്ങളില്‍ പൊതുവായി കാണപ്പെടുന്ന നിരവധി ഘടകങ്ങളെ എണ്ണിപ്പറയുന്നുണ്ട്. ഇവയെല്ലാം ഒരു പൊതുശേഖരത്തില്‍ നിന്നും ഒരു പൊതു ഉറവിടത്തില്‍ നിന്നും ഉത്ഭവിച്ചതാണ് എന്നും ഇവയ്‌ക്കെല്ലാം ഒരു പൊതു അടിത്തറ ഉണ്ട് എന്നും ഇത്തരം പഠനങ്ങളില്‍ നിന്നും കണ്ടെത്തലുകളില്‍ നിന്നും നമുക്ക് അനുമാനിക്കാന്‍ കഴിയും. ഉദാഹരണത്തിന് ബൗദ്ധജൈനസാഹിത്യങ്ങളില്‍ സനാതനധര്‍മ്മം എന്ന പദം പ്രയോഗിച്ചിരിക്കുന്നതു കാണാം. ‘ഏഷോ ധമ്മോ സനാതനോ’ എന്ന് ശ്രീബുദ്ധന്‍ തന്നെ പാലി ഭാഷയില്‍ അരുളിയിട്ടുണ്ട് (ധമ്മപദം, ശ്ലോകം 5). ഈ പൊതു അടിത്തറയെ ആണ് ഹിന്ദുത്വം, ഭാരതീയത, ഹിന്ദു ധര്‍മ്മം, സനാതനധര്‍മ്മം എന്നെല്ലാം ഇന്ന് സാന്ദര്‍ഭികമായി വിളിച്ചു വരുന്നത്.
ആന്ത്രോപോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ 1985-92 കാലഘട്ടത്തില്‍ People of India Project എന്ന പേരില്‍ എല്ലാ വിഭാഗങ്ങളിലും പെട്ട ഭാരതീയരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു സര്‍വ്വേ നടത്തുക ഉണ്ടായി. കാസ്റ്റ്, സ്വദേശി/വിദേശി വിശ്വാസപദ്ധതികള്‍, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവയിലെ വൈവിധ്യങ്ങള്‍ക്കെല്ലാം അതീതമായി തങ്ങളുടെ ഭാരതീയതയിലും ഭാരതീയപാരമ്പര്യത്തിലും എല്ലാവരും അഭിമാനം കൊള്ളുന്നു എന്ന് അതില്‍ വെളിവായി.
മനുഷ്യസമൂഹങ്ങളുടെ കൂട്ടായ്മകളെ ആധുനികരാഷ്‌ട്രതന്ത്രജ്ഞര്‍ പല തരത്തില്‍ നിര്‍വചിച്ചിരിക്കുന്നു. രാജ്യം, സാമ്രാജ്യം, നേഷന്‍, നേഷന്‍-സ്റ്റേറ്റ്, സിവിലിസേഷന്‍ സ്റ്റേറ്റ് തുടങ്ങിയവയാണ് അവ. അവയില്‍ സിവിലിസേഷന്‍ സ്റ്റേറ്റ് എന്ന ഇനത്തിലാണ് ഭാരതത്തെ പരിഗണിക്കുന്നത്. അതിനു കാരണമായി പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നത് ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തിനും ഇസ്ലാമിക ആക്രമണത്തിനും മുമ്പു തന്നെ ഇവിടെ ഇന്ത്യക്കാര്‍ ഇന്ത്യത്വം എന്ന ബോധം പൊതുവായി പങ്കിട്ടിരുന്നു എന്നതാണ്.
Ascetics of Kashi An Anthropological Exploration by Surajit Sinha and Baidyanath Saraswati (1978) എന്ന പുസ്തകം നേരിട്ടുള്ള നിരവധി അഭിമുഖങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ശാസ്ത്രീയമായ പഠനം ആണ്. കാശിയില്‍ ഇന്നും പരമ്പരാഗത ഹിന്ദുജീവിതത്തിന്റെ നേര്‍കാഴ്‌ച്ച കാണാം. ഭാരതത്തിന്റെ വിവിധപ്രദേശങ്ങളില്‍ വേരുകളുള്ള മിക്കവാറും എല്ലാ ആധ്യാത്മിക സമ്പ്രദായങ്ങളുടെയും മഠങ്ങള്‍ കാശിയില്‍ സജീവമാണ്. വൈദികവും അവൈദികവും ആയ ഈ സമ്പ്രദായങ്ങളിലെ പണ്ഡിതരായ ആചാര്യന്മാരുമായി ഗ്രന്ഥകര്‍ത്താക്കള്‍ അഭിമുഖം നടത്തി. വൈദികമായ സംപ്രദായങ്ങള്‍ അവൈദികസംപ്രദായങ്ങളില്‍നിന്നും ഭിന്നമാകുന്നതെങ്ങനെ എന്ന ഗ്രന്ഥകര്‍ത്താക്കളുടെ ചോദ്യത്തിനു മതിയായ സമാധാനം അവര്‍ക്കാര്‍ക്കും തന്നെ നല്‍കാന്‍ കഴിഞ്ഞില്ല. എന്നു മാത്രമല്ല, ഓരോരോ സമ്പ്രദായത്തില്‍ പെട്ടവരെല്ലാവരും തന്നെ ഇതരസമ്പ്രദായികളുടെ ആരാധനാലയങ്ങളില്‍ ദര്‍ശനം നടത്തല്‍, തീര്‍ത്ഥസ്‌നാനം, മറ്റു മാര്‍ഗ്ഗങ്ങളിലെ അനുഷ്ഠാനങ്ങളുടെ സ്വാംശീകരണം, ഉത്സവാഘോഷങ്ങളില്‍ പങ്കുചേരല്‍ തുടങ്ങിയവ സര്‍വസാധാരണമാണെന്ന വസ്തുതയും വെളിവായി. ഇതില്‍ നിന്നും അവര്‍ക്ക് പ്രധാനമായും രണ്ടു വസ്തുതകള്‍ തെളിഞ്ഞു കിട്ടി. ഒന്നാമത്തെ വസ്തുത ഹിന്ദുക്കളുടെ എല്ലാ ആധ്യാത്മികസംപ്രദായങ്ങള്‍ക്കും സചേതനമായ ഒരു പൊതു അടിത്തറ ഉണ്ട് എന്നതാണ്. രാജനൈതികസമ്മര്‍ദ്ദങ്ങള്‍ സാമൂഹ്യജീവിതത്തെ സ്വാധീനിക്കുന്നതിനാലാണ് സമ്പ്രദായപരവും സമുദായപരവും ആയ ഭേദഭാവനകള്‍ പത്തിവിടര്‍ത്തുന്നത് എന്നതാണ് രണ്ടാമത്തേത്.
ഈ പുസ്തകത്തില്‍ ഒരിടത്ത് കാശിയിലെ ഹിന്ദുവിഭാഗങ്ങളില്‍ ഒന്നായ ഡോമുകളെ (Dom)പരാമര്‍ശിക്കുന്നുണ്ട്. അവരാണ് തലമുറകളായി മണികര്‍ണ്ണികാഘട്ടില്‍ ശവദാഹം നടത്തിവരുന്നത്. കൃസ്തുമതം സ്വീകരിച്ച ഒരു ഡോം ഹിന്ദുവിനോട് ഒരു കൃസ്ത്യാനി എന്ന നിലക്ക് താങ്കള്‍ ഉറ്റവരുടെ ശവം ദഹിപ്പിക്കാന്‍ പാടില്ല; കുഴിച്ചിടുകയേ പാടുള്ളൂ എന്നു പാതിരി പറഞ്ഞു. അപ്പോള്‍ ആ ഡോം പറഞ്ഞ ശ്രദ്ധേയമായ മറുപടി ഇതാണ്: ”നിങ്ങള്‍ നിങ്ങളുടെ കൈകൊണ്ട് ഒഴിച്ച വെള്ളം ഞങ്ങളുടെ തലയില്‍ ഞങ്ങള്‍ സ്വീകരിച്ചു എന്നതു ശരി തന്നെ. പക്ഷേ, അതുകൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ ഹിന്ദുധര്‍മ്മത്തെ ഉപേക്ഷിക്കണം എന്നാണെങ്കില്‍ അതു സാധ്യമല്ല.” സാധാരണക്കാരില്‍ സാധാരണനായ ആ ഹിന്ദുവിന്റെ ഈ മറുപടിയില്‍ നിന്നും വിശ്വാസവും പ്രവൃത്തിയും എന്തുതന്നെ ആയാലും ഒരിക്കലും ഉപേക്ഷിക്കാന്‍ തോന്നാത്ത തരത്തിലുള്ള ഹിന്ദുത്വത്തിന്റെ തനിമ വെളിവാകുന്നു എന്നാണ് ഗ്രന്ഥകര്‍ത്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഇവിടെ അന്യവത്കരണം അതായത് അഹിന്ദുവല്‍ക്കരണം നടപ്പാക്കുന്ന രീതിയും ഇതില്‍ നിന്നും നമുക്കു മനസ്സിലാക്കാം.
ഹിന്ദുദൃഷ്ടിയില്‍ ജീവിതത്തിന്റെ ലക്ഷ്യവും മാര്‍ഗവും
വൈശാലി ജയരാമന്‍ സംസ്‌കൃതസാഹിത്യത്തിലെ സനാതനധര്‍മ്മകല്‍പ്പനയെക്കുറിച്ച് Sanatanadharma in Sanskrit Literature, May 2019 എന്ന ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുവര്‍ഷം ഒന്നാം സഹസ്രാബ്ദത്തെ മധ്യകാലമായി കരുതി ആ കാലഘട്ടത്തിലെ സംസ്‌കൃതഗ്രന്ഥങ്ങളെ ആണ് അവര്‍ പഠിച്ചത്. അതില്‍ അവര്‍ മഹാഭാരതം, രാമായണം, ശൈവവൈഷ്ണവ സാഹിത്യങ്ങള്‍, ധര്‍മ്മശാസ്ത്രങ്ങള്‍, പഞ്ചതന്ത്രം മുതലായ ഗ്രന്ഥങ്ങളില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി സനാതനധര്‍മ്മം എന്ന പദവും ആശയവും എങ്ങനെയെല്ലാമാണ് പ്രയോഗിച്ചിരിക്കുന്നത് എന്ന് വിശദമായി ആരായുന്നു. ധാര്‍മ്മികമായ എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന ഒരു ഏകശിലാത്മഘടന എന്ന നിലക്ക് സനാതനധര്‍മ്മത്തെ കരുതിത്തുടങ്ങിയത് പത്തൊന്‍പതാം നൂറ്റാണ്ടിനു ശേഷം മാത്രം ആണെന്നും അവര്‍ പരിശോധിച്ച സംസ്‌കൃതഗ്രന്ഥങ്ങളിലുള്ള സനാതനധര്‍മ്മത്തെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ അത്തരമൊരു പൊതുഘടനയുടെ സൂചന നല്‍കുന്നില്ലെന്നും അവര്‍ പറയുന്നു.
പാശ്ചാത്യമായ മതകല്‍പ്പനക്കു ബദലെന്ന നിലക്ക് ആണ് അതിന്റെ അത്തരത്തിലുള്ള അവതരണം ഉണ്ടായതെന്നും അവര്‍ അഭിപ്രായപ്പെടുന്നു. പാശ്ചാത്യനാഗരികതയുടെ പല തരത്തിലുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായി ഹിന്ദുത്വത്തിന് പല തരം നിര്‍വചനങ്ങള്‍ ഉണ്ടായി എന്നതു ശരിയാണ്. പക്ഷേ അതിനു മുന്‍പ് ഒന്നുമില്ലായിരുന്നു എന്ന നിഗമനം മേല്‍കൊടുത്ത തെളിവുകളുമായി പൊരുത്തപ്പെടുന്നില്ല.
സഹസ്രാബ്ദങ്ങളുടെ തുടര്‍ച്ചയും പേറി, അതിനിടയില്‍ രാജനൈതികവും മതപരവും സാംസ്‌കാരികവും മറ്റുമായ എണ്ണമറ്റ ആക്രമണങ്ങളേയും നേരിട്ട് അവയെ എല്ലാം അതിജീവിച്ച്, മേല്‍പ്പറഞ്ഞ ആന്ത്രോപോളജിക്കല്‍ സര്‍വ്വേയിലും സാധാരണക്കാരനായ നമ്മുടെ കാശിയിലെ ഡോം സഹോദരന്റെ മറുപടിയിലും തെളിയുന്ന തരത്തില്‍ ഈ ഹിന്ദു കൂട്ടായ്മ ഇന്നും സജീവമായി നിത്യനൂതനമായി നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ആഴമാര്‍ന്നതും ഏവര്‍ക്കും ഒരുപോലെ സ്വീകാര്യമായതും ഫലദാനസമര്‍ത്ഥവും ആയ ഒരു ജീവിതവീക്ഷണത്തിന്റെയും ജീവിതപദ്ധതിയുടെയും പൊതുചട്ടക്കൂട് ദേശീയ, പ്രാദേശികതലങ്ങളില്‍ ഇവിടെ രൂപപ്പെട്ടു പുലര്‍ന്നിരിക്കണമല്ലോ.
ഹിന്ദു ജീവിത വീക്ഷണവും ജീവിതപദ്ധതിയും
ഹിന്ദുക്കളുടെ ഈ പാരമ്പര്യജീവിതവീക്ഷണ- പദ്ധതികളുടെ യുക്തിഭദ്രമായ അവതരണം ഭാസ്‌കരരായന്‍ (16901785 സി. ഇ.) എന്ന മഹാപണ്ഡിതന്റെ സേതുബന്ധം എന്ന സംസ്‌കൃതഗ്രന്ഥത്തില്‍ കാണാം. ഹിന്ദുദൃഷ്ടിയില്‍ ജീവിതത്തിന്റെ ലക്ഷ്യം, ആ ലക്ഷ്യം നേടാനുള്ള വിവിധമാര്‍ഗങ്ങള്‍, ആ മാര്‍ഗങ്ങളുടെ വൈവിധ്യത്തിനുള്ള കാരണവും അവയെ ഇണക്കിച്ചേര്‍ക്കാന്‍ സ്വീകരിച്ചിരിക്കുന്ന സവിശേഷഘടനയും, ആ വീക്ഷണത്തിന്റെ പരമ്പരാഗതമായ പാഠ്യപദ്ധതിയും പ്രായോഗികമായ ജീവിതചര്യയും തുടങ്ങിയവയെ എല്ലാം അതില്‍നിന്നും നമുക്കു മനസ്സിലാക്കാം.
ഒരു പൊതുലക്ഷ്യവും അത് നേടാനുള്ള പല വഴികളും എന്ന സവിശേഷമായ ഘടനയാണ് അതിനുള്ളത്. ജീവജാലങ്ങളുടെ സഹജമായ സ്വഭാവം, കര്‍മ്മസിദ്ധാന്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ ഘടനക്ക് രൂപഭാവങ്ങള്‍ നല്‍കിയിരിക്കുന്നത്. സഹസ്രാബ്ദങ്ങളിലൂടെ ഹിന്ദുസമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വന്ന നിരവധി ഭാരതീയ ദാര്‍ശനികര്‍ നടത്തിയ ശാസ്ത്രീയമായ നിരീക്ഷണപരീക്ഷണങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ആണ് ഇത് ഇത്തരത്തില്‍ ഉരുത്തിരിഞ്ഞു വന്നത്.
ഭാരതീയ കാഴ്‌ച്ചപ്പാടില്‍ മനുഷ്യന്‍ ഉള്‍പ്പടെ ഉള്ള സമസ്തജീവജാലങ്ങളുടെയും എല്ലാ തരം ചേഷ്ടകളുടെയും ആത്യന്തികമായ ലക്ഷ്യം സുഖത്തെ അനുഭവിക്കുക എന്നതാണ്. എല്ലാ ജീവികളുടെയും എല്ലാതരം പ്രവൃത്തികളും സുഖത്തിനു വേണ്ടി ആണ് എന്നാണ് പ്രസിദ്ധ ആയുര്‍വേദഗ്രന്ഥമായ ചരകസംഹിതയില്‍ ചരകാചാര്യര്‍ പറയുന്നത്. ജീവിതത്തിന്റെ ലക്ഷ്യപരം ആയ ഈ വീക്ഷണത്തിന്റെയും മഴവില്‍ മാതൃകയുടെയും പ്രയോജനം ഭാരതീയമായ എല്ലാ സമ്പ്രദായങ്ങളേയും (വനവാസി, ഗ്രാമീണ, ചാര്‍വാക, ബൗദ്ധ, ജൈന, ദൈ്വത, അദൈ്വതാദി എല്ലാം) അവയുടെ സിദ്ധാന്തപരവും സാധനാപരവും ചര്യാപരവും ആയ വ്യത്യസ്തതകളെ അംഗീകരിച്ചു കൊണ്ടു തന്നെ ഉള്‍പ്പെടുത്താന്‍ ഉതകുന്നു എന്നതാണ്.
ഈ ജീവിതവീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയ ഭാരതീയ ജീവിതമാതൃകയെ ഭാസ്‌കരരായര്‍ ഇപ്രകാരം വിശദമാക്കുന്നു:
”ഇവിടെ എല്ലാ ജനങ്ങളും അഭിലഷിക്കുന്ന സുഖമാണ് പുരുഷാര്‍ത്ഥം. അതാകട്ടെ കൃത്രിമം, അകൃത്രിമം എന്നു രണ്ടു തരം. അവ ക്രമത്തില്‍ കാമം, മോക്ഷം എന്ന് വിളിക്കപ്പെടുന്നു. ഇവ രണ്ടും നേടാന്‍ ധര്‍മ്മവും ധര്‍മ്മത്തെ അനുഷ്ഠിക്കാന്‍ അര്‍ത്ഥവും കൂടിയേ തീരൂ എന്നതിനാല്‍ അവയേയും എല്ലാവരും ആഗ്രഹിക്കുന്നു. അവ തമ്മില്‍ പ്രാധാന്യക്കൂടുതലും കുറവും ഉണ്ടെങ്കിലും എല്ലാവരാലും ആഗ്രഹിക്കപ്പെടുന്നു എന്നതിനാല്‍ അവ നാലും പുരുഷാര്‍ത്ഥങ്ങളായി കരുതപ്പെടുന്നു”.
മോക്ഷത്തിന് (വൈദികകല്‍പ്പന)കൈവല്യം (ജൈനകല്‍പ്പന), നിര്‍വാണം (ബൗദ്ധകല്‍പ്പന) എന്നും പേരുണ്ട്. ഇത് ശാശ്വതമായ സുഖാവസ്ഥ ആണ്. അതിനാല്‍ പരമപുരുഷാര്‍ത്ഥമായി കരുതപ്പെടുന്നു. ഇതിനെ നിരുപാധികസുഖം എന്നും പറയുന്നു. കാമം ആകട്ടെ ക്ഷണികവും സോപാധികവും ആണ്.
മോക്ഷം എന്ന ആത്യന്തിക മൂല്യം കയ്യെത്താദൂരത്ത് ആയതിനാല്‍ അതിന് സമൂഹത്തില്‍ നേരിട്ടു സ്വാധീനം ചെലുത്താന്‍ കഴിവില്ല. പക്ഷേ മുതിര്‍ന്ന ഹിന്ദുക്കള്‍ അനുവര്‍ത്തിക്കുന്ന നിത്യപൂജ, ധ്യാനം, ക്ഷേത്രദര്‍ശനം, തീര്‍ത്ഥാടനം, ഭജന, ആധ്യാത്മികസാഹിത്യപാരായണം, ആധ്യാത്മികമായ കാര്യങ്ങളില്‍ ശ്രദ്ധയും ഭൗതികമായ കാര്യങ്ങളില്‍ വിരക്തിയും പുലര്‍ത്തുന്ന ജീവിതശൈലി എന്നിവയിലൂടെ അതിന്റെ പരോക്ഷസ്വാധീനം കാണാന്‍ കഴിയും എന്നാണ് പ്രസിദ്ധസാമൂഹ്യശാസ്ത്രജ്ഞനായ എം. എന്‍. ശ്രീനിവാസന്‍ പറയുന്നത് (Appendix: Changing Values in India Today, Social Change in Modern India, 2016).
ധാര്‍മ്മികമായ പത്ഥ്യാപത്ഥ്യപാലനങ്ങള്‍
ധര്‍മ്മം എന്ന പദത്തിന് സന്ദര്‍ഭം (Context) അനുസരിച്ച് പല അര്‍ത്ഥങ്ങള്‍ പറയാം. ഇവിടെ ധര്‍മ്മം എന്നാല്‍ വ്യക്തികള്‍ ജീവിതത്തിന്റെ വ്യത്യസ്തഘട്ടങ്ങളില്‍ അതായത് ശൈശവം, ബാല്യം, കൗമാരം, തരുണം, യൗവ്വനം, പ്രൗഢം, വാര്‍ദ്ധക്യം എന്നീ, പ്രായത്തിന്റെ അവസ്ഥകള്‍, കുടുംബം, സമൂഹം മുതലായ ജീവിതതലങ്ങള്‍, ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നീ വൈദികമായ ആശ്രമതലങ്ങള്‍, തൊഴില്‍ തലങ്ങള്‍, വൈദികം, വേദാന്തം, താന്ത്രികം, യോഗം, ജൈനം, ബൗദ്ധം മുതലായ സമ്പ്രദായങ്ങളെ പിന്തുടരല്‍ തുടങ്ങിയ തലങ്ങളില്‍ സ്വയം അനുവര്‍ത്തിക്കേണ്ട പത്ഥ്യാപത്ഥ്യപാലനം ആണ്. വ്യക്തി-കുടുംബ- സമൂഹജീവിതങ്ങളുടെ മേല്‍പ്പറഞ്ഞ വിവിധതലങ്ങളുടെ നിലനില്‍പ്പിന് ഏതു കാലത്തും ഈ പത്ഥ്യാപത്ഥ്യപാലനം അനിവാര്യം ആയതിനാലാണ് അതിനെ സനാതനം എന്നു വിശേഷിപ്പിക്കുന്നത് എന്നതു വ്യക്തം ആണല്ലോ.
അര്‍ത്ഥം എന്നത് ധര്‍മ്മാനുഷ്ഠാനത്തിന് ആവശ്യമായ പല തരം സമ്പത്തുകള്‍ ആണ്. പത്ഥ്യാപത്ഥ്യപാലനം എന്നാല്‍ പത്ഥ്യങ്ങള്‍ പാലിക്കലും അപത്ഥ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കലും ആണല്ലോ. അഭിരുചിക്കും കഴിവിനും അനുസൃതമായി ആര്‍ക്കും ഏതു തൊഴിലിലും പരിശീലനം നേടി അതില്‍ മുഴുകാം. പക്ഷേ, ഒരു അംഗീകൃത ഡോക്ടര്‍ക്ക് ചികിത്സയും അംഗീകൃത സിവില്‍ എഞ്ചിനീയര്‍ക്ക് പാലം പണി തുടങ്ങിയവയും ആണ് അവരവരുടെ തൊഴില്‍പരമായ പത്ഥ്യപാലനത്തില്‍ പെടുന്നത്. മറിച്ചായാല്‍ അത് അപത്ഥ്യാചരണം, അധര്‍മ്മം ആകുമല്ലോ.
പ്രപഞ്ചം എന്ന മഹത്സംവിധാനത്തിനും സമൂഹം എന്ന സംവിധാനത്തിനും അതിലെ പല തരം ഉപസംവിധാനങ്ങള്‍ക്കും അവയുടെ നിലനില്‍പ്പിന് ഒഴിച്ചുകൂടാനാവാത്ത സാമരസ്യം/പരസ്പരപൂരകത ഊട്ടി ഉറപ്പിക്കുന്ന ഒരു താളം ഉണ്ട് എന്നതാണ് ഭാരതീയ കാഴ്‌ച്ചപ്പാട്. അതു തെറ്റാതിരിക്കാന്‍ ആണ് ഈ പത്ഥ്യാപത്ഥ്യവിവേകരൂപമായ ഈ മഹാവ്രതത്തിന്റെ അതായത് ധര്‍മ്മത്തിന്റെ പാലനം. പാശ്ചാത്യമായ പൗരബോധത്തേക്കാള്‍ ഉദാത്തം ആണ് ഈ ധര്‍മ്മബോധം എന്നു കാണാം.
ഈ നാലു പുരുഷാര്‍ത്ഥങ്ങളും നേടാനാണ് പല തരത്തിലുള്ള ശാസ്ത്രങ്ങളും തൊഴിലുകളും വൈദികവും അവൈദികവും ആയ സാധനാമാര്‍ഗങ്ങളും ജീവിതക്രമങ്ങളും ചിട്ടപ്പെടുത്തപ്പെടുന്നത്. സമൂഹത്തിലെ ഓരോ വ്യക്തിക്കും അവനവന്റെ അഭിരുചിക്കിണങ്ങുന്ന ശാസ്ത്രം പഠിക്കാം. തൊഴിലില്‍ ഏര്‍പ്പെടാം. സാധനാമാര്‍ഗത്തില്‍ പ്രവേശിക്കാം. ജീവിതക്രമം സ്വീകരിക്കാം. ധര്‍മ്മാനുസൃതമായ എല്ലാ തരം പ്രവൃത്തികളും ചര്യകളും സാധനാ വഴികളും ആത്യന്തികമായി നമ്മെ പരമപുരുഷാര്‍ത്ഥമായ ശാശ്വതസുഖത്തിലേക്കു നയിക്കും.
ഈ അഭിരുചി പ്രതിവ്യക്തി ഭിന്നമാണ് എന്നു കാണാം. കര്‍മ്മസിദ്ധാന്തപ്രകാരം ഇതിനു കാരണം ചിത്തശുദ്ധിയിലുള്ള വ്യത്യാസവും അതാകട്ടെ പൂര്‍വജന്മങ്ങളില്‍ ഓരോരുത്തരും ചെയ്ത കര്‍മ്മങ്ങളുടെ ഫലവ്യത്യാസം മൂലവും ആണ്. വ്യത്യസ്ത കര്‍മ്മങ്ങള്‍ക്ക് ഫലങ്ങളും വ്യത്യസ്തങ്ങളായിരിക്കും. വേണ്ടത്ര ഇച്ഛാശക്തിയുള്ള ഒരു വ്യക്തിക്ക് (സ്ത്രീ/ പുരുഷന്)കര്‍മ്മഫലത്തെ മാറ്റിഎടുക്കാനും കഴിയും. ആധുനികമായ കരിയര്‍ ഗൈഡന്‍സ് എന്ന പോലെ നാം നമ്മുടെ വഴിയെ ചേരുംപടി തിരഞ്ഞെടുക്കണം എന്നു മാത്രം.
ഈ കാഴ്‌ച്ചപ്പാട് അനുസരിച്ച് ആധ്യാത്മികവും ഭൗതികവും ആയ എല്ലാ വഴികളും തുല്യമാണ്. ഒരു വഴിയും മറ്റുള്ളവയേക്കാള്‍ ഉയര്‍ന്നതോ താഴ്ന്നതോ അല്ല എന്നു കാണാം. അവനവന് ഏതു ചേരും ഏതു ചേരില്ല എന്നു പരിഗണിക്കുമ്പോള്‍ മാത്രമാണ് താരതമ്യം പ്രസക്തം ആകുന്നത്. ധര്‍മ്മം എന്ന പത്ഥ്യാപത്ഥ്യപാലനത്തില്‍ എല്ലാവരും ശ്രദ്ധിക്കുമ്പോള്‍ ഒരു തരത്തിലുമുള്ള സംഘര്‍ഷത്തിനും ഇടവുമില്ല എന്നും കാണാം.
സനാതനധര്‍മ്മത്തിന്റെ സ്വരൂപം രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലെ സ്വയംസേവകര്‍ ഗുരുജി എന്നു ബഹുമാനത്തോടെ വിളിക്കുന്ന മാധവസദാശിവഗോള്‍വള്‍ക്കര്‍ (വിചാരസുധ, പുറം 49-51, ശ്രീ ഗുരുജി സാഹിത്യ സര്‍വസ്വം) വ്യക്തമാക്കുന്നുണ്ട്. ധര്‍മ്മത്തിന്റെ ‘യതോഭ്യുദയനിശ്ശ്രേയസസിദ്ധിഃ സ ധര്‍മ്മഃ, ധാരണാത് ധര്‍മ്മമിത്യാഹുഃ ധര്‍മ്മോ ധാരയതി പ്രജാഃ’ എന്ന രണ്ടു നിര്‍വചനങ്ങളെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം ധര്‍മ്മത്തിന് രണ്ടു വശങ്ങള്‍ ഉണ്ട് എന്നു ചൂണ്ടിക്കാട്ടുന്നു. ഒന്നാമത്തെ വശം വ്യക്തിയുടെ ഭൗതികവും ആധ്യാത്മികവും ആയ ഐശ്വര്യവുമായി ബന്ധപ്പെട്ടതാണ്. അവ രണ്ടും നേടാന്‍ ഓരോ വ്യക്തിയും ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട ധാര്‍മ്മികമായ പത്ഥ്യാപത്ഥ്യ പാലനമാണത്. രണ്ടാമത്തേതാകട്ടെ വ്യക്തിയുടെ സാമാജികജീവിതവുമായി ബന്ധപ്പെട്ടതാണ്. സമാജത്തിന്റെ സുസ്ഥിതി ഉറപ്പാക്കാനുതകുന്ന ധാര്‍മ്മികമായ പത്ഥ്യാപത്ഥ്യപാലനം ആണത്.
ചുരുക്കി പറഞ്ഞാല്‍, സനാതനധര്‍മ്മം മോക്ഷോന്മുഖമായ ഹിന്ദുജീവിതത്തിന്റെ മൂല്യാചരണഘടനയാണ്. ഭാരതീയജീവിതവീക്ഷണത്തിന്റെ പ്രയോഗതലമാണ്.
പാശ്ചാത്യങ്ങളായ മത- ഇസങ്ങളുടെ വീക്ഷണ- ഘടനകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ഭാരതീയ വീക്ഷണ-പദ്ധതികളുടെ ഘടന എന്നു കാണാം. പാശ്ചാത്യമായ Hedonism എന്ന സിദ്ധാന്തത്തിന് അര്‍ത്ഥ, കാമങ്ങള്‍ക്കപ്പുറത്തേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ല. ധര്‍മ്മ, മോക്ഷകല്‍പ്പനകള്‍ പാശ്ചാത്യതത്വചിന്തക്ക് ഇന്നും അന്യമാണ്. ഇവിടെ രാജനീതിയേയും ധര്‍മ്മത്തിന്റെ പരിധിയില്‍ പെടുത്തിയിരിക്കുന്നു! ‘വൈരുധ്യങ്ങളെ പോലും വൈവിധ്യങ്ങളായി കാണുവാനും അവയെ ഒരു പൊതു അടിത്തറയില്‍ ചേര്‍ത്തുനിര്‍ത്തുവാ
നും വേണ്ട അസാമാന്യശേഷി ഇന്ത്യക്കാര്‍ക്കുണ്ട്. ഇതു മനസ്സിലാക്കാതെ പാശ്ചാത്യര്‍ക്ക് ഇന്ത്യയെ ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ല’ എന്നാണ് Albert Schweitzer എന്ന വിഖ്യാത ജര്‍മ്മന്‍ ചിന്തകന്റെ അഭിപ്രായം (Indian Thought and Its Development,1936).
Discussion about this post