ആര്‍.സഞ്ജയന്‍
അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ പൂര്‍ത്തീകരിച്ചിരിക്കുന്ന പ്രാണപ്രതിഷ്ഠ നിരവധി മാനങ്ങളുള്ള ഒരു ചരിത്രമുഹൂര്‍ത്തമാണ്. ഏതാണ്ട് 500 വര്‍ഷം മുന്‍പ് ഹിന്ദുക്കള്‍ക്ക് അന്യാധീനപ്പെട്ട അവരുടെ ഒരു തീര്‍ത്ഥസ്ഥലി തിരികെ കിട്ടുക മാത്രമല്ല, അവിടെ പൂര്‍വാധികം മഹത്വമാര്‍ന്ന ഒരു ക്ഷേത്രം പടുത്തുയര്‍ത്തുകയും ചെയ്തിരിക്കുന്നു.
സ്വാമി വിവേകാനന്ദന്റെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: ”നിങ്ങളുടെ പൂര്‍വികന്മാര്‍ ചുണയോടുകൂടി എല്ലാം, മരണം പോലും സഹിച്ചു. പക്ഷേ മതത്തെ അവര്‍ സംരക്ഷിച്ചു. വൈദേശികനായ ആക്രമി കണക്കറ്റ അമ്പലങ്ങള്‍ തകര്‍ത്തു. പക്ഷേ ആക്രമണതരംഗം പിന്‍വാങ്ങിയ ഉടനെ, അമ്പലത്താഴികക്കുടം വീണ്ടും പൊങ്ങിവരികയായി. ദക്ഷിണ ഭാരതത്തിലുള്ള പുരാതന ക്ഷേത്രങ്ങളില്‍ ചിലതും ഗുജറാത്തിലെ സോമനാഥം പോലുള്ള ക്ഷേത്രങ്ങളും നിങ്ങള്‍ക്ക് ഒട്ടേറെ പ്രാജ്ഞത പകര്‍ന്നു തരുവാന്‍ മതി. എത്രയേറെ ഗ്രന്ഥങ്ങളെക്കാളുമേറെ അവ നമ്മുടെ വംശ്യരുടെ ചരിത്രത്തിലേക്ക് സൂക്ഷ്മമായ ഉള്‍ക്കാഴ്ച നല്‍കുകതന്നെ ചെയ്യും. നൂറുനൂറ് ആക്രമണങ്ങളുടെയും നൂറുനൂറ് പുതുക്കലുകളുടെയും ചിഹ്നങ്ങള്‍ ഈ ക്ഷേത്രങ്ങളിലുണ്ടെന്ന കാര്യം ശ്രദ്ധിക്കണം. അവ തുടര്‍ച്ചയായി നശിപ്പിക്കപ്പെടുകയും അവയുടെ തന്നെ നഷ്ടശിഷ്ടങ്ങളില്‍ നിന്ന് ഉയിര്‍ക്കുകയും ചെയ്യുകയാണ്. പിന്നെ എന്നത്തേയും പോലെ അവ അഭിനവത്വവും പ്രാബല്യവും പൂണ്ട് നില്‍ക്കുകയായി! ഇതാണ് ജനതയുടെ മനോഗതിയും ജീവിതപ്രവാഹവും. അത് പിന്തുടരുക, അപ്പോള്‍ അത് മഹത്ത്വത്തിലേക്ക് നയിക്കും.” (പ്രഭാഷണം – ഭാരതത്തിന്റെ ഭാവി)
സ്വാമിജി തുടര്‍ന്ന് പറയുന്നു: ”രാഷ്‌ട്രീയമോ സാമൂഹികമോ ആയ പരിഷ്‌കാരങ്ങള്‍ വേണ്ടാ എന്നല്ല എന്റെ വിവക്ഷ. പക്ഷേ ഇവയൊക്കെ ഇവിടെ രണ്ടാംകിടയില്‍പ്പെട്ടതാണെന്നും മതം പ്രാഥമികമെന്നുമത്രേ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നതും നിങ്ങള്‍ ഓര്‍ക്കണമെന്നു ഞാന്‍ താല്‍പ്പര്യപ്പെടുന്നതും. ഭാരതീയരുടെ മനസ് ഒന്നാമതായി മതനിഷ്ഠമാണ്; പിന്നെ അത് മറ്റെന്തുമാകാം. അതിനാല്‍ ഇത് പ്രബലപ്പെടുത്തണം.” ഏതാണ്ട് 126 വര്‍ഷം മുന്‍പ് സ്വാമിജി ഭാരതീയര്‍ക്ക് നല്‍കിയ ഈ ഉപദേശം പുതിയ കാലത്ത് ദേശീയജനത അവരുടെ ഇച്ഛാശക്തികൊണ്ടും ത്യാഗസന്നദ്ധതകൊണ്ടും പ്രയോഗവല്‍ക്കരിച്ചിരിക്കുന്നു എന്നതാണ് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ നല്‍കുന്ന ഒന്നാമത്തെ സന്ദേശം.
രാമജന്മഭൂമി വിമോചന പ്രക്ഷോഭം ഏറ്റവും വലിയ ജനകീയ പ്രസ്ഥാനം
പതിനാറാം നൂറ്റാണ്ടില്‍ അന്യാധീനപ്പെട്ട ശ്രീരാമജന്മഭൂമിയുടെ മേല്‍ തങ്ങള്‍ക്കുള്ള അവകാശം ഒരിക്കല്‍ പോലും ഹിന്ദുക്കള്‍ ഉപേക്ഷിച്ചിരുന്നില്ല എന്ന കാര്യം ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. തര്‍ക്കമന്ദിരത്തിനുള്ളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട കാലത്തും അതിന്റെ മുറ്റത്ത് രാമചബുത്തര (മണ്ഡപം) നിര്‍മ്മിച്ച് ആരാധന നടത്താന്‍ ഭക്തജനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ അന്നത്തെ അധികാരികള്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ഇത് ജനങ്ങളുടെ പോരാട്ടവീര്യത്തിന്റെ സാക്ഷ്യമാണ്. ആ തീര്‍ത്ഥ സ്ഥാനം മോചിപ്പിക്കാന്‍ ഇക്കാലമത്രയും പല തലമുറകള്‍ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. അവയെ മിക്കപ്പോഴും പ്രതിരോധിച്ചു കൊണ്ടിരുന്നത് അതതു കാലത്തെ അധീശ ശക്തികളായിരുന്നു. സ്വാതന്ത്ര്യാനന്തരവും ആ ശ്രമം തുടര്‍ന്നു. അധികാരികള്‍ ഭക്തജനങ്ങളുടെ വികാരം മാനിക്കാന്‍ വിസമ്മതിക്കുകയാണ് ചെയ്തത്. അതിനെതുടര്‍ന്ന് രാജ്യവ്യാപകമായ ക്ഷേത്രവിമോചന പ്രക്ഷോഭം അരങ്ങേറി.
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റങ്ങളില്‍ ഒന്നായിരുന്നു അയോദ്ധ്യ ക്ഷേത്രവിമോചന പ്രക്ഷോഭം. ജനകീയ ഭരണത്തിന്റെയും നിയമവാഴ്ചയുടെയും പുതിയ കാലത്ത്, ഒടുവില്‍, ഭാരതത്തിലെ പരമോന്നത നീതിപീഠത്തിന്റെ അനുകൂലമായ ഉത്തരവോടുകൂടിയാണ് അയോദ്ധ്യയില്‍ ഇപ്പോള്‍ ക്ഷേത്ര പുനര്‍നിര്‍മ്മാണം നടന്നതും വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടതും. ഇതാണ് ഭാരതത്തിന്റെ മനസും മനഃശാസ്ത്രവും. ശ്രീരാമ ജന്മഭൂമി പ്രസ്ഥാനത്തിലൂടെ, 1984ല്‍ തുടങ്ങി 1992 ഡിസംബര്‍ ആറ് വരെയുള്ള ഒരു കാലഘട്ടം, സ്വതന്ത്ര ഭാരതത്തിന്റെ അസ്തിത്വവും സ്വത്വവും യഥാര്‍ത്ഥത്തില്‍ എന്തിനെയാണ് ആധാരമാക്കേണ്ടത് എന്ന ഒരു വലിയ ചോദ്യമാണ് ധൈഷണിക മണ്ഡലത്തില്‍ ഉയര്‍ത്തിയത്.
ആ ചോദ്യത്തെ ശരിയായി മനസിലാക്കിയവരും മനസിലാക്കിയിട്ടും മനസിലായി എന്ന് സമ്മതിക്കാന്‍ വിസമ്മതിച്ചവരും ഒട്ടുമേ മനസിലാക്കാത്തവരുമായി ഒട്ടേറെ പേര്‍ ഉണ്ടായി, നമ്മുടെ നേതൃനിരകളില്‍. പക്ഷേ ഭാരതത്തിലെ മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവ ജനസാമാന്യം അക്കാലത്ത് സ്പഷ്ടമായും ശ്രീരാമ പക്ഷത്തായിരുന്നു. കാരണം രാമഭക്തി അവരുടെ സിരകളിലോടിയ രക്തത്തില്‍ കലര്‍ന്നതായിരുന്നു. അതുകൊണ്ടാണ്, ഭരണകൂടങ്ങളും അവരെ പിന്തുണയ്‌ക്കുന്ന വരേണ്യവര്‍ഗവും നഖശിഖാന്തം എതിര്‍പ്പുമായി വന്നപ്പോഴും അതിനെയെല്ലാം മറികടന്ന് രാമജന്മഭൂമി വിമോചന പ്രക്ഷോഭം ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമായി മാറിയത്.
അക്കാലത്ത് അനാവശ്യമായി മനഃപൂര്‍വം സൃഷ്ടിക്കപ്പെട്ട ധ്രുവീകരണ പ്രവണതയും അലോസരങ്ങളും സംഘര്‍ഷങ്ങളും ഇന്നത്തെ തലമുറ വേണ്ടവണ്ണം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. കാരണം ഡിസംബര്‍ ആറിലെ സംഭവത്തിനുശേഷം മൂന്ന് പതിറ്റാണ്ടുകളാണല്ലോ ഓടിമറഞ്ഞത്. ഇപ്പോള്‍ പ്രാ
ണപ്രതിഷ്ഠയോടനുബന്ധിച്ച് ജനങ്ങളില്‍ ഉയരുന്ന ഉത്സാഹം ഈ നാട് ഭാവിയെക്കുറിച്ച് ആര്‍ജ്ജിച്ചിരിക്കുന്ന പുതിയ ആത്മവിശ്വാസത്തിന്റെ സൂചനയാണ്. ഭാരതം വര്‍ത്തമാനകാലത്ത് ശരിയായ പാതയിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്നര്‍ഥം.
‘സര്‍വ്വഭൂതഹിതം’ എന്ന മഹനീയ ആദര്‍ശത്തിന്റെ തിരുസന്നിധി
ശ്രീരാമന്‍ നമ്മുടെ മൂല്യ സങ്കല്‍പ്പങ്ങളുടെ പ്രതീകമാണ്. ‘രാമോ വിഗ്രഹവാന്‍ ധര്‍മഃ സാധുഃ സത്യപരാക്രമഃ’ -വാല്മീകി രാമായണം രാമന് നല്‍കുന്ന വിശേഷണം ശ്രദ്ധേയമാണ്. രാമന്‍ ധര്‍മ്മത്തിന്റെ ഉടല്‍പൂണ്ട രൂപമാണ്. ഗുണവാനാണ്. സത്യപരാക്രമനാണ്. ഈ പ്രമാണപത്രം രാമന് നല്‍കുന്നതോ, രാക്ഷസവംശജനായ മാരീചനും. സന്ദര്‍ഭം സാക്ഷാല്‍ രാവണനോടുള്ള ഉപദേശവേള. ഭാരതത്തിന്റെ സമാജ നിര്‍മ്മിതിയുടെയും രാഷ്‌ട്ര നിര്‍മ്മിതിയുടെയും മൂലക്കല്ല് ധര്‍മസങ്കല്‍പ്പമാണ്.
ധര്‍മത്തെ നാം ഇന്ന് എങ്ങനെ മനസ്സിലാക്കുന്നു എന്നത് ഒരു പ്രശ്‌നം തന്നെയാണ്. ധര്‍മം പ്രതിനിധീകരിക്കുന്നത് സാമാജിക കര്‍ത്തവ്യങ്ങളെയാണ്. വ്യക്തി അനുഷ്ഠിക്കുന്ന സാമൂഹിക കര്‍ത്തവ്യങ്ങളാണ് സമാജത്തിന്റെ നിലനില്‍പ്പിനും ക്ഷേമൈശ്വര്യങ്ങള്‍ക്കും നിദാനം. മൂല്യങ്ങള്‍ പിന്തുടരുക എന്നത് സാധാരണ മനുഷ്യരെ സംബന്ധിച്ച് കഠിനതരമായ ഒരു വെല്ലുവിളിയാണ്. ശ്രീരാമചന്ദ്രന്‍ ബാല്യകാലം മുതല്‍ ഈ വെല്ലുവിളികളെ അഭിമുഖീകരിച്ച് ധര്‍മം നടത്തിയ വീരശൂര പരാക്രമിയാണ്. ആ ജീവിതത്തിന്റെ പൊരുള്‍ മഹത്തായ ത്യാഗങ്ങളായിരുന്നുവെന്ന് നാം തിരിച്ചറിയുന്നു. അതുകൊണ്ടാണ് രാമന്‍ മൂല്യസങ്കല്‍പ്പത്തിന്റെ പ്രതീകമാകുന്നത്.
ആദര്‍ശ വ്യക്തിത്വത്തിന്റെ മഹാമാതൃകയാണ് രാമന്‍. മര്യാദാ പുരുഷോത്തമന്‍ എന്നതാണല്ലോ രാമന്റെ ഖ്യാതി. ഭാരതത്തിന് ഒരു രാമരാജ്യ സങ്കല്‍പ്പം ഉണ്ട്. ഗാന്ധിജിയാണ് പുതിയ കാലത്ത് അതു നമ്മെ ഓര്‍മിപ്പിച്ചത്. രാമന്റെ ധര്‍മബോധവും സത്യനിഷ്ഠയും ത്യാഗസന്നദ്ധതയും മാതൃകയാക്കുന്ന ഒരു കാലം ഭാരതത്തില്‍ ഉദയം ചെയ്യുമോ? വര്‍ത്തമാനകാലത്ത് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് രാഷ്‌ട്രീയനിറം വന്നുഭവിക്കുന്നതില്‍ അതിശയകരമായിട്ടൊന്നുമില്ല. പക്ഷേ ഇത് ഒരു സാധാരണ അര്‍ത്ഥത്തിലുള്ള രാഷ്‌ട്രീയ പ്രശ്‌നമായി മാത്രം വിലയിരുത്തിയാല്‍ ശരിയാവുമെന്ന് തോന്നുന്നില്ല. 5000 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ഭാരതീയ സഭ്യതയുടെ പുനരുജ്ജീവനത്തിന്റെ ഒരു പ്രശ്‌നമാണിത്. അത് തിരിച്ചറിയുമ്പോള്‍, ജാതി-മത-ഭാഷാ ഭേദങ്ങള്‍ക്കെല്ലാം അതീതമായി, സകലമാന ഭാരതീയരുടെയും അഭിമാനത്തിന്റെ ഉറവിടമാണ് അയോദ്ധ്യ എന്ന ബോധ്യത്തിലേക്ക് നമ്മളെല്ലാം സ്വയം ഉയരും. രാമന്റെ മുന്നില്‍ എല്ലാ സങ്കുചിതത്വങ്ങളും അലിഞ്ഞ് ഇല്ലാതാകും. അത് ‘സര്‍വഭൂതഹിതം’ എന്ന മഹനീയ ആദര്‍ശത്തിന്റെ തിരുസന്നിധിയാകുന്നു.
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ സുപ്രധാനമായ മറ്റൊരു സുദിനം
1947 ആഗസ്റ്റ് 15ന് നാം സ്വരാജ്യം നേടി. 1950 ജനുവരി 26ന് ഭാരതം സ്വതന്ത്രപരമാധികാര ജനാധിപത്യ രാജ്യം എന്ന പദവിയും നേടി. അപ്പോഴും നമ്മള്‍ മാനസിക ദാസ്യം, ധൈഷണികമായി വിദേശീയരോടുള്ള വിധേയത്വം ഉപേക്ഷിക്കാന്‍ കൂട്ടാക്കിയില്ല. അതുകാരണം ഭാരതീയമായ എല്ലാറ്റിനോടും അവജ്ഞ, നിന്ദ, പുച്ഛം. ഭാരത്തിന്റെ സാംസ്‌കാരിക സ്വത്വത്തെ, വൃക്തിത്വത്തെ മനഃപൂര്‍വം തമസ്‌കരിക്കാന്‍ ശ്രമങ്ങള്‍ നടന്നു. ആത്മാവിഷ്‌ക്കാരത്തിന് അവസരം ലഭിക്കാതെ ഒരു ജനത ചേതനയറ്റവരായി നിലകൊണ്ടു.
കടംകൊണ്ട വൈദേശിക ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ഭാരതത്തെ ഭാരതമല്ലാതാക്കാനാണ് പുത്തന്‍ ഭരണാധികാരികള്‍ ശ്രമിച്ചത്. അവരുടെ വികലമായ രാഷ്‌ട്രീയ സമീപനത്തിന്റെ പേരാണ് നെഹ്‌റുവിയന്‍ സെക്യുറലിസം. ഇതിനെ ചിലര്‍ കപട മതേതരവാദം എന്ന് വിമര്‍ശിച്ചിട്ടുണ്ട്. ഈ സെക്യുലറിസത്തെ പൊളിച്ചടുക്കാന്‍ തുടങ്ങിയത് രാമജന്മഭൂമി വിമോചന പ്രക്ഷോഭകാലത്താണ്. ആ പ്രക്രിയയ്‌ക്ക് പൂര്‍ണത കൈവന്ന മുഹൂര്‍ത്തമാണ് രാം ലല്ലയുടെ പ്രതിഷ്ഠ നിര്‍വഹിക്കപ്പെട്ട സുദിനം. ഭാരതം അതിന്റെ സ്വത്വവും ആത്മാഭിമാനവും കൈവിടില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ ജനുവരി 22 സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും എന്നപോലെ സ്വാതന്ത്ര്യാനന്തര ഭാരതത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ മറ്റൊരു സുദിനമാണ്. സ്വതന്ത്രമായി, നിരുപാധികമായി ഭാരതത്തിന്റെ ദേശീയ പ്രതിഭ ആവിഷ്‌കൃതമാകാന്‍ ഈ സുദിനം നാന്ദികുറിക്കലാകട്ടെ.
Discussion about this post