വാൽമീകിയുടെ രാമായണത്തെ പോലെ ഇത്രയും പ്രചുര പ്രചാരം കിട്ടിയ മറ്റൊരു പ്രാചീനകൃതി വേറെ ഇല്ല തന്നെ. ഇന്നും എല്ലാ തരം ഡിവൈഡുകളേയും മറികടക്കുന്ന അതിന്റെ പുതുമയും അംഗീകാരവും കുറഞ്ഞിട്ടില്ല.
ഭാരതീയ ഭാഷകളിൽ അതിന്റെ നിരവധി പകർപ്പുകൾ കാണാം. കേരളത്തിലെ വനവാസി സമൂഹവും അവരുടെ മനസ്സിൽ രാമന് ഒരു പ്രത്യേക ഇടം കൊടുത്തിരിക്കുന്നു. ഇവിടുത്തെ ഇസ്ലാമിക സാഹിത്യത്തിലും അത് സ്ഥാനം പിടിച്ചിരിക്കുന്നു. ക്രൈസ്തവരും രാമായണത്തിന് വിശുദ്ധി കൽപ്പിച്ചു കാണുന്നു.
അതിന് ബൗദ്ധ, ജൈന അവതരണങ്ങളും ഉണ്ടായിട്ടുണ്ട്. ചരിത്രപണ്ഡിതർ Greater India എന്നു വിളിക്കുന്നതും സാംസ്കാരികമായ അഖണ്ഡഭാരതത്തിന്റെ സീമാവലംബികളും ആയ കംബോഡിയ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, തായ് ലാൻഡ്, ലാവോസ്, ബർമ്മ, നേപ്പാൾ, മാലദ്വീപ്, വിയറ്റ്നാം, ടിബറ്റ്, മലായ് എന്നിവിടങ്ങളിലെ സമൂഹങ്ങളുടെ ജീവിതത്തെയും അത് ഇന്നും സ്വാധീനിച്ചു വരുന്നു.
ഭാരതത്തിൽ ആകെ ഉള്ള ആറര ലക്ഷം ഗ്രാമങ്ങളിൽ ഒന്നര ലക്ഷം ഗ്രാമങ്ങൾ രാമന്റെ പേരിൽ അറിയപ്പെടുന്നു എന്ന് ഒരു പണ്ഡിതൻ പ്രസ്താവിച്ചത് കണ്ടു. രാമാനന്ദസാഗറിന്റെ രാമായണം 2020-ൽ ദൂരദർശൻ പുന: സംപ്രേഷണം ചെയ്തപ്പോൾ അതിന്റെ വ്യൂവർഷിപ്പ് 545 മില്യൺ ആയി കുതിച്ചുയർന്നത്രേ. രാമാനന്ദസാഗറിന്റെ മകനായ മോടി സാഗർ പറയുന്നത് തന്റെ പിതാവ് ഉറങ്ങിക്കിടന്ന ഒരു അതികായ (Giant) നെ അറിയാതെ ഉണർത്തിയതുപോലെ തോന്നുന്നു എന്നാണ്. അരുൺ രാജഗോപാൽ എഴുതിയ Politics after Television എന്ന പുസ്തകത്തിൽ ഈ “ഉണരൽ” ഭാരതത്തിന്റെ രാജനൈതികരംഗത്തെ മാറ്റിമറിച്ചതിനെ വിവരിക്കുന്നു.
രാമകഥയുടെ ആരിലും അൽഭുതം ഉണർത്തുന്ന ഈ ജനസമ്മതിയുടെ കാരണം തേടിയാൽ അതിന്റെ ഉറവിടം സഹസ്രാബ്ദങ്ങളിലൂടെ, സംവാദങ്ങളിലൂടെ രൂപപ്പെട്ടതും ഇന്നും ഇവിടുത്തെ ജനകോടികളുടെ ഉപബോധത്തിലും ജീവിതത്തിലും നിറഞ്ഞു നിൽക്കുന്നതും നിരവധി സവിശേഷതകളാർന്നതും ആയ ഒരു ജീവിതവീക്ഷണത്തെ രാമൻ പ്രതിനിധാനം ചെയ്യുന്നു എന്നതാണ് എന്നു കണ്ടെത്താൻ കഴിയും.
എന്താണ് ആ വീക്ഷണം? ധാർമ്മികമായ ജീവിതത്തിലൂടെ അർത്ഥകാമമോക്ഷസമ്പാദനം എന്നതാണ് ഒറ്റവാക്കിൽ ആ വീക്ഷണത്തിന്റെ നിർവചനം. ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്ന നാല് ആശയങ്ങളുടെ സമ്യക്കായുള്ള ചേരുവ ആണ് ഇത്. ഈ നാലിനേയും ചേർത്ത് “പുരുഷാർത്ഥ ചതുഷ്ടയം” എന്നു പറയുന്നു. പുരുഷാർത്ഥം എന്നാൽ പുരുഷന്മാരാൽ അതായത് മനുഷ്യരാൽ അർത്ഥിക്കപ്പെടുന്നത്, ആഗ്രഹിക്കപ്പെടുന്നത്, തേടപ്പെടുന്നത് എന്നർത്ഥം.
ഇവയിൽ അർത്ഥം പല തരം ഭൗതികസമ്പത്തുകളെ കുറിക്കുന്നു. കാമം എന്നത് ശരീരമനോബുദ്ധിവ്യാപാരങ്ങളിലൂടെ ഏതൊരു മനുഷ്യനും നേടാൻ പരിശ്രമിക്കുന്ന ക്ഷണികസുഖങ്ങളെ കുറിക്കുന്നു. കാമം നേടണമെങ്കിൽ അർത്ഥം കൂടിയേ തീരൂ. അതിനാൽ അർത്ഥത്തിനും ഈ വീക്ഷണത്തിൽ പ്രാധാന്യം ഉണ്ട്. അതായത് ഈ അർത്ഥകാമദ്വയം ഭൗതികസമ്പത്തുകളെ ആശ്രയിച്ചുള്ള ജീവിതത്തെയും അതിൽ നിന്നുളവാകുന്ന സുഖത്തെയും അവയുടെ എല്ലാ തലങ്ങളും ഉൾപ്പടെ ഉൾക്കൊള്ളുന്നു എന്നു കാണാം. ആ നിലക്ക് ഈ വീക്ഷണത്തിന് ഇതരസമൂഹങ്ങളുടെ ജീവിതവീക്ഷണവുമായി സാദൃശ്യം ഉണ്ട്.
ധർമ്മമോക്ഷകൽപ്പനകൾ ആണ് ഭാരതീയ ജീവിതവീക്ഷണത്തെ സവിശേഷമാക്കുന്നത്. സരയൂ തീരത്തെ സാകേതമെന്ന അയോധ്യയിൽ ആ രാമദേവന്റെ ഭവ്യമായ പുന: പ്രതിഷ്ഠ നടക്കുന്ന ഈ വേളയിൽ രാമനെ ലോകാഭിരാമനാക്കിയ ഭാരതീയജീവിതവീക്ഷണത്തിന്റെ ആ രണ്ടു സവിശേഷതകളെ നമുക്കു പരിശോധിക്കാം.
- 1.കസ്റ്റമൈസബിൾ
വേദാന്തികൾ മോക്ഷം എന്നും താന്ത്രികർ ആനന്ദം എന്നും ജൈനർ കൈവല്യം എന്നും ബൗദ്ധർ നിർവാണം എന്നും വ്യവഹരിക്കുന്ന ആ “സിങ്ഗുലാരിറ്റി”യിൽ ആണ്, ഈ വീക്ഷണത്തിൽ, ഓരോ വ്യക്തിയുടെയും ചാക്രികമായ ജീവിതത്തിന്റെ ആത്യന്തികമായ പര്യവസാനം. ഭൗതികമായ ദ്വൈതബോധത്തിന്
ആധാരമായ അദ്വയതലമാണിത്. ഗുരുദേവന്റെ വാക്കുകളിൽ പറഞ്ഞാൽ “അരുളാനന്ദക്കൂത്തി”ന്റെ തലം.
അതിന് വഴികൾ ഒന്നല്ല പലതാണ്… അദ്വൈതവേദാന്തം, ഭക്തിവേദാന്തം, തന്ത്രം, യോഗം, ബൗദ്ധം, ജൈനം, ശൈവം, ശാക്തം, വൈഷ്ണവം എന്നിങ്ങനെ നൂറുനൂറു വഴികൾ.
അവനവന് ഇഷ്ടമുള്ള വഴി തിരഞ്ഞെടുക്കാം. അതായത് വഴിയെ നമുക്ക് ഉതകുന്ന തരത്തിൽ കസ്റ്റമൈസ് ചെയ്യാം. വേണമെങ്കിൽ തിരുത്താനും കഴിയുന്ന മുജ്ജന്മങ്ങളിലെ കർമ്മങ്ങളുടെ ഫലമായ അഭിരുചി ആണ് കസ്റ്റമൈസേഷന്റെ ഒരേ ഒരു മുന്നുപാധി- നാം ഓരോരുത്തരും ആസ്വദിച്ചു മതി മറക്കുന്ന ഓരോ ചോറുരുളയുടെയും നാം തന്നെ ഒരുക്കുന്ന രുചിക്കൂട്ട് പോലെ.
കാഷായാംബരം മാത്രമല്ല ശോണാംബരവും കൃഷ്ണാംബരവും പീതാംബരവും ശ്വേതാംബരവും ദിഗംബരവും ഈ തീർത്ഥയാത്രയിൽ ചേരുംപടി അണിയാം. പോകുന്ന പോക്കിൽ വനവേടനും ശിലയിൽ പ്രാണപ്രതിഷ്ഠ നടത്തി സായൂജ്യം അടയാം എന്നും ശിവാനന്ദ ലഹരിയിലൂടെ ശ്രീശങ്കരൻ ഓതുന്നു.
എല്ലാവർക്കും കൂടി ഒരേ ഒരു വഴി അല്ല…ഏകശിലയിൽ കൊത്തിയെടുത്ത ആ ഒറ്റ വഴിക്ക് ഉതകുന്ന വിധം നാം നമ്മെത്തന്നെ പാകപ്പെടുത്തലല്ല, പരുവപ്പെടുത്തലല്ല ഇവിടെ വഴി. ഇനി വഴി തെറ്റിയാലോ? സാരമില്ല അതിനും പോംവഴിയുണ്ട്!
- 2.മഴക്കാടു പോലെ…
ഇത് ഒരു കുത്തഴിഞ്ഞ ഏർപ്പാട് ആണ് എന്ന ശങ്ക വേണ്ട. ഈ ഹൈന്ദവത, ഈ ഭാരതീയത, ഈ ഇന്ത്യൻനസ്സ് ഒരു മഴക്കാടു പോലെയാണ്. അതിസങ്കീർണമായ ജൈവവൈവിധ്യങ്ങളുടെ ഈറ്റില്ലം ആണ് ഉഷ്ണമേഖലയിലെ മഴക്കാടുകൾ. പക്ഷേ അതിന്റെ നിലനിൽപ്പിന് ആധാരമായി എല്ലാറ്റിനേയും പരസ്പരപൂരകങ്ങളാക്കുന്ന ആന്തരമായ ഒരു സവിശേഷ “സിംബയോസിസ്” ഘടന അവിടെ സദാ തുടിക്കുന്നുണ്ട്.
അതാണ് ധർമ്മം. ജൈവമോ അജൈവമോ ആയ ഏതൊരു വസ്തുവിനും തനിമയോടെ നിലനിൽക്കാൻ അതിന്റെ ഘടകങ്ങൾ സ്വയം പാലിക്കേണ്ട ചില പത്ഥ്യങ്ങൾ ഉണ്ട്. സാമാന്യം, വിശേഷം എന്നു രണ്ടു തരത്തിലുള്ള അവയുടെ സന്ദർഭോചിതം ആയ പാലനത്തെ ആണ് ധർമ്മം എന്നു പറയുന്നത്.
മേൽപ്പറഞ്ഞ അർത്ഥകാമമോക്ഷങ്ങളുടെ സമ്പാദനം ഈ ധർമ്മാചരണത്തിന്റെ വഴിയിലൂടെ ആകുമ്പോൾ ആണ് വ്യക്തി, കുടുംബം, സമാജം, ലോകം, പ്രകൃതി എന്നീ അഞ്ചു തലങ്ങളുടെ സിംബയോസിസ് വേണ്ടവണ്ണം സജീവമാകുന്നതും അതു വഴി ഓരോ വ്യക്തിക്കും ജീവിതസാഫല്യം കൈവരിക്കാൻ കഴിയുന്നതും.
ജീവിതത്തെ അതിന്റെ സമഗ്രതയിൽ ഉൾക്കൊള്ളുന്ന ഈ വീക്ഷണം മുന്നോട്ടു വെക്കുന്ന കസ്റ്റമൈസേഷനുള്ള സ്വാതന്ത്ര്യവും ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രാപഞ്ചിക ജീവിതത്തിന്റെ എല്ലാ തലങ്ങളേയും പരസ്പരപൂരകങ്ങൾ ആക്കുന്ന സിംബയോട്ടിക് ഘടനയും അതിനെ യൂസർഫ്രണ്ട്ലിയും അതുവഴി ജനകീയവും ആക്കുകയും അതിന്റെ പ്രതിനിധി ആയ രാമൻ ഭാരതത്തിലും പരിസരങ്ങളിലും ഉള്ള ജനകോടികളുടെ മാതൃകാ പുരുഷൻ ആയി വാഴ്ത്തപ്പെടുകയും ചെയ്തു. മുഴുവൻ ലോകത്തിന്റെയും ശ്രദ്ധാകേന്ദ്രമായി മാറുന്ന അയോധ്യയിലെ പ്രാണപ്രതിഷ്ഠയോടെ ആ രാമന്റെ രാജ്യം വീണ്ടും യഥാർത്ഥം ആകുന്നതിനായി നമുക്ക് ഏവർക്കും കാത്തിരിക്കാം.
(അവലംബം- Ramayana in Wikipedia, When Ram appeared before us all by Sanjukta Sarma in Hindustan Times, Politics after Television by Arun Rajagopal, ഭാസ്കരരായരുടെ സേതുബന്ധം, ശങ്കരാചാര്യരുടെ ശിവാനന്ദ ലഹരീ, ശ്രീ നാരായണ ഗുരുദേവന്റെ കുണ്ഡലിനിപ്പാട്ട്)
Discussion about this post