ഡോ. മോഹന്‍ദാസ്
അസാന്നിധ്യത്തിന്റെ നാലാണ്ടുകളല്ല, ജ്വലിച്ചു നില്‍ക്കുന്ന പ്രചോദനത്തിന്റെ സൂര്യതേജസ്സാണ് ആദരണീയനായ പരമേശ്വര്‍ജി. ഒരു പുരുഷായുസ്സില്‍ പി. പരമേശ്വരന്‍ അടയാളപ്പെടുത്തിയ ആദര്‍ശത്തിന്റെ രാമസേതുവിലൂടെയാണ് ലക്ഷ്യത്തിലേക്കുള്ള സമുദ്രങ്ങള്‍ ദേശീയ പ്രസ്ഥാനങ്ങള്‍ താണ്ടുന്നത്.
അദ്ദേഹത്തെ രാമായണത്തിലെ ഭരതനുമായാണ് മാതാ അമൃതാനന്ദമയിദേവി ഉപമിച്ചത്. ശ്രീരാമന്റെ സേവകനെപ്പോലെ നാടു ഭരിച്ച ഭരതന്‍ ത്യാഗത്തിന്റെയും ധര്‍മത്തിന്റെയും മൂര്‍ത്തരൂപമായിരുന്നു. പരമേശ്വര്‍ജിയുടെ ജീവിതം ത്യാഗത്തിലും സേവനത്തിലും അടിയുറച്ചതായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം ഭാരതത്തിനും ഭാരതീയ സംസ്‌കാരത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു എന്ന് മാതാജി ഓര്‍മപ്പെടുത്തി. തപസ്വി, ദാര്‍ശനികന്‍, കവി, ചിന്തകന്‍, അതുല്യ സംഘാടകന്‍, കിടയറ്റ പ്രഭാഷകന്‍, പ്രഗത്ഭ ഗ്രന്ഥകര്‍ത്താവ്, ചരിത്രകാരന്‍, സാമൂഹ്യപരിഷ്‌കര്‍ത്താവ് തുടങ്ങി നിരവധി വഴികളിലൂടെയാണ് ഇന്നും പരമേശ്വര്‍ജി മനസില്‍ വന്നുനിറയുന്നത്.
സ്വാമി ചിന്മയാനന്ദന്‍ അദ്ദേഹത്തെ കാവിയുടുക്കാത്ത സന്യാസി എന്നാണ് വിളിച്ചത്. ആര്‍എസ്എസ് സ്വയംസേവകന്‍ എന്ന നിലയിലാണ് പെരുമാറിയതും പ്രവര്‍ത്തിച്ചതും. ഡോ. മോഹന്‍ ഭാഗവതിന്റെവാക്കുകളില്‍ ആ ജീവിതം ഇങ്ങനെ വായിക്കാം. ”സമാജത്തിന്റെയും സംസ്‌കാരത്തിന്റെയും സംരക്ഷണത്തിനായും, രാഷ്‌ട്രത്തിന്റെ സര്‍വ്വതോമുഖമായ ഉന്നതിക്കായും അദ്ദേഹത്തിന്റെ സര്‍വ്വസ്വവും സമര്‍പ്പിച്ചു. തന്റെ ബുദ്ധിവൈഭവവും സാഹിത്യപരതയും രചനാപരമായ കഴിവുകളും സമാജത്തിന്റെ നന്മയ്‌ക്കായി സമര്‍പ്പിച്ചു. ഭാരതീയ തത്വശാസ്ത്രത്തില്‍ സമാനതകളില്ലാത്ത അവഗാഹവും പാണ്ഡിത്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ഭാരതത്തിന്റെ മഹാപുത്രനായിരുന്നു പരമേശ്വര്‍ജി. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന് കനത്ത നഷ്ടമായിത്തീരുന്നതും അതുകൊണ്ടുതന്നെ. അദ്ദേഹം ഋഷിയും പണ്ഡിതനും മാത്രമല്ല, എല്ലാവരോടും അനുകമ്പയുള്ള മനുഷ്യനുമായിരുന്നു. അദ്ദേഹത്തിന് ശത്രുവായി ഒരാള്‍പോലുമുണ്ടായിരിക്കില്ല.”
കുട്ടിക്കാലത്തെ വേദ-ആധ്യാത്മിക പഠനങ്ങള്‍ക്കുശേഷം ആഗമാനന്ദസ്വാമികളുടെ ശിഷ്യനെന്ന നിലയ്‌ക്കാണ് ആധ്യാത്മിക രംഗത്തേക്കും സാമൂഹ്യരംഗത്തേക്കും പരമേശ്വര്‍ജി സജീവമായത്. സ്വാമിജിയുമൊത്ത് ഭാരതം മുഴുവന്‍ സഞ്ചരിക്കാന്‍ സാധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആധ്യാത്മിക-സാമൂഹ്യ കാഴ്ചപ്പാടുകളെയും സാമൂഹ്യ പ്രതിബദ്ധതയെയും വികസിപ്പിക്കാന്‍ കഴിഞ്ഞു. സംഘപ്രവര്‍ത്തനത്തില്‍ സജീവമായപ്പോള്‍ ഇതെല്ലാം സാമൂഹ്യസേവനത്തിനും രാഷ്‌ട്രസേവനത്തിനും സമര്‍പ്പിക്കുകയായിരുന്നു.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കേരളത്തെ വരിഞ്ഞുമുറുക്കുന്ന കാലത്ത് അതിനെ ശാസ്ത്രീയമായ സംവാദത്തിലൂടെ തുറന്നുകാട്ടാനും അതേസമയം ആരേയും വ്യക്തിപരമായി ആക്ഷേപിക്കാതെ കാര്യ-കാരണസഹിതം അദ്ദേഹം കമ്യൂണിസ്റ്റ് ആശയത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി. പ്രത്യയശാസ്ത്രപരമായ അഭിപ്രായഭിന്നത ഉണ്ടായിട്ടുപോലും ഇഎംഎസ്സുമായും പി. ഗോവിന്ദപിള്ളയുമായും നല്ല വ്യക്തിബന്ധം പുലര്‍ത്തിയിരുന്നു.
”വാദിക്കാനും ജയിക്കാനുമല്ല- അറിയാനും അറിയിക്കാനും” എന്ന ശ്രീനാരായണഗുരു വാക്യമാണ് പരമേശ്വര്‍ജി സ്വീകരിച്ചത്. അതുകൊണ്ട് സംവാദങ്ങള്‍ തുടര്‍ന്നപ്പോഴും അദ്ദേഹം അജാതശത്രുവായി തുടര്‍ന്നു. ”അഗാധമായ പാണ്ഡിത്യത്തോടൊപ്പം ഋഷിതുല്യമായ ജീവിതം നയിച്ച പരമേശ്വരന്‍” എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ അനുസ്മരിച്ചതെന്നോര്‍ക്കുക.
കേരളത്തില്‍ സംഘപ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്കാവശ്യമായ സാമൂഹ്യ ഇക്കോസിസ്റ്റം വളര്‍ത്തിയെടുക്കുന്നതില്‍ പരമേശ്വര്‍ജിയുടെ പങ്ക് നിസ്തുലമാണ്. ശ്രീനാരായണഗുരു സാഹിത്യം, അരവിന്ദദര്‍ശനം, മാര്‍ക്‌സില്‍നിന്ന് വിവേകാനന്ദനിലേക്ക് തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചും സെമിനാറുകള്‍ സംഘടിപ്പിച്ചും സാമൂഹ്യമായ മാറ്റത്തിന് തിരികൊളുത്തി. പിന്നീട് ഗീതാ സെമിനാറുകള്‍, ഗീതാ സ്വാദ്ധ്യായ സമിതികള്‍, ഗീതാ ശിബിരങ്ങള്‍ എന്നിവവഴി വലിയ മാറ്റമാണ് സൃഷ്ടിക്കാനായത്. മാധവജിയോടൊപ്പം വിശാലഹിന്ദു സമ്മേളനത്തിനും നേതൃത്വം നല്‍കി. അവര്‍ രണ്ടുപേരും ചേര്‍ന്നാണ് രാമായണമാസാചരണം കേരളീയന്റെ സംസ്‌കാരമാക്കി മാറ്റിയത്.
1984 മുതല്‍ ഭാരതീയ വിചാരകേന്ദ്രം വിവേകാനന്ദജയന്തി ദേശീയ യുവജന ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. പരമേശ്വര്‍ജിയുടെ ആ തീരുമാനം 1986 ല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. 1982 ലാണ് അദ്ദേഹം പഠന ഗവേഷണ സ്ഥാപനമായ ഭാരതീയ വിചാരകേന്ദ്രത്തിന് രൂപംകൊടുക്കുന്നത്. അതോടൊപ്പം 25 വര്‍ഷം കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ തലവനുമായിരുന്നു. വിചാരകേന്ദ്രത്തിന്റെ ഭാഗമായാണ് തുടക്കത്തില്‍ സ്വദേശി ശാസ്ത്രപ്രസ്ഥാനം അദ്ദേഹം ആരംഭിച്ചത്. പിന്നീടതിന് ഒരു അഖിലേന്ത്യാ രൂപം നല്‍കാന്‍ അതിനെ സ്വതന്ത്ര പ്രസ്ഥാനമാക്കി. ഭാരതീയ വിചാരകേന്ദ്രത്തിലൂടെ അദ്ദേഹം പല മേഖലകളിലും സൗമ്യവും ശക്തവുമായ ഇടപെടലുകള്‍ നടത്തിയിരുന്നു. രാമായണമാസാചരണം, ഗീതാശിബിരങ്ങള്‍, ഗീതാസ്വാദ്ധ്യായ സമിതികള്‍ എന്നിവ സമൂഹത്തില്‍ വലിയ മാറ്റമാണുണ്ടാക്കിയത്. മുസൂറിസ് പൈതൃക ഗവേഷണത്തെ തുറന്നുകാട്ടിയത് വലിയൊരു ഇടപെടലായിരുന്നു. ദേശീയ പരിപ്രേക്ഷ്യത്തിലുള്ള ചരിത്രരചനക്കും ചരിത്രക്ലാസുകള്‍ക്കും അദ്ദേഹം നേതൃത്വം കൊടുത്തു. തിരുവനന്തപുരത്ത് കവടിയാറില്‍ സ്വാമി വിവേകാനന്ദന്റെ വലിയ പ്രതിമ സ്ഥാപിക്കാനായത് പരമേശ്വര്‍ജിയുടെ സംഘടനാപാടവവും വ്യക്തിബന്ധങ്ങളും മൂലമാണ്. ഭാരതീയ വിചാരകേന്ദ്രത്തെ ഒരു മികച്ച പഠന-ഗവേഷണ സ്ഥാപനമാക്കുന്നതിലും അദ്ദേഹം വിജയിച്ചു. അദ്ദേഹം അറിവിന്റെ മഹാസാഗരമായിരുന്നു. എളിയ ജീവിതം, ഉയര്‍ന്ന ചിന്ത, സൗമ്യഭാവം, സ്‌നേഹസമ്പന്നത തുടങ്ങി അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം അലയടങ്ങാതെ മനസില്‍ തിരയടിക്കുന്നു.
Discussion about this post