ഡോ. മേഘ ജോബി എഴുതുന്നു..
പ്രിയ സുഹൃത്തുക്കളേ,
മോഹിനിയാട്ടമെന്നത് കേരളത്തിൽ ക്ലാസിക്കൽ നൃത്യമായി അനവധിനിരവധി പരിണാമങ്ങളിലൂടെ വളർന്നുവന്ന ഒരു കലാ-മാധ്യമത്തിൻെറ പേരുമാത്രമായി കാണാനും ഉൾക്കൊളളാനുമുളള പക്വതയും തിരിച്ചറിവും ഉണ്ടാകേണ്ട കാലം കഴിഞ്ഞിരിയ്ക്കുന്നു.
ഉദാഹരണമായി ആന്ധ്രപ്രദേശിലെ ക്ലാസ്സിക്കൽ നൃത്യമായ കുച്ചുപ്പുഡി, കുച്ചുപ്പുഡി എന്ന് പേരായ അവിടുത്തെ ഒരു ഗ്രാമത്തിൻെറ നാമത്തിൽ തന്നെയാണ് അറിയപ്പെടുന്നത്. എന്ന് വച്ചാൽ കുച്ചുപ്പുഡി പ്രദേശവാസികൾ മാത്രമേ ആ നൃത്തം പരിശീലിയ്ക്കാവൂ എന്ന് ധരിച്ചാൽ, ശഠിച്ചാൽ എന്താവും സ്ഥിതി?
സംസ്കൃത പദമായ ലാസ്യത്തിൻെറ നിരുക്തി (etymology) എന്താണെന്ന് പരിശോധിച്ചാൽ ലാസ്യം പെണ്ണുടലിനാൽ മാത്രം ചെയ്യപ്പെടേണ്ടുന്നതാണെന്ന ധാരണ തെറ്റാണെന്ന് ബോധ്യപ്പെടുകയും ചെയ്യും. ലാസ്യത്തിനർത്ഥം ലസിയ്ക്കുക, നൃത്തം ചെയ്യുക എന്നിങ്ങനെയൊക്കെയാണ്. നാട്യശാസ്ത്രത്തിലെവിടെയും ലാസ്യം പെണ്ണുടൽ നൃത്തമാണെന്ന് പറയുന്നില്ല. പില്ക്കാല ഗ്രന്ഥങ്ങളിലെ പരാമർശങ്ങൾ ഗവേഷണമനസ്സോടെ നിരീക്ഷിച്ചാൽ മനസ്സിലാവും അവയിലും പെണ്ണുടൽ നൃത്തമായിട്ടല്ല ലാസ്യത്തെ നിർവ്വചിയ്ക്കുന്നത്. നാട്യശാസ്ത്രത്തിൽ പ്രദിപാദിയ്ക്കുന്ന ആവിദ്ധം (energetic/vigorous), സുകുമാരം (gentle /delicate) എന്നിങ്ങനെയുളള രണ്ട് വിധം ശരീരചലനങ്ങളെ സന്ദർഭത്തിനനുസരിച്ച് നർത്തകർ ഔചിത്യപൂർവ്വം സ്വീകരിയ്ക്കേണ്ടതാണ്. ഭരതമുനി നല്കുന്ന ഇത്തരം വിശാലമായ സ്വാതന്ത്ര്യത്തെ മനസ്സിലാക്കിയാൽ പല നൃത്താധ്യാപകരുടെയും സിദ്ധാന്തങ്ങൾ വെറും ശാഠ്യമാണെന്നത് വ്യക്തമാകും..
മോഹിനിയാട്ടമെന്ന കലാരൂപത്തെ സംബന്ധിച്ച് മോഹിനി എന്ന പദത്തെ സ്ത്രീയുടെ പര്യായമായിട്ടല്ല, മറിച്ച് മോഹനമായ ഭാവതലങ്ങളിലേയ്ക്കുളള നൈമിഷികമായ tranformation ന് ശ്രമിയ്ക്കുന്ന മാധ്യമമായിട്ടാണ് പരിഗണിയ്ക്കേണ്ടത്.. പുരാണങ്ങളിൽ പറയുന്ന മോഹിനീ രൂപം വിഷ്ണുവിൻെറ ഒരു നൈമിഷികമായ transformation മാത്രമായിരുന്നല്ലോ. വ്യത്യസ്ത കഥാപാത്രങ്ങളായി നർത്തകർ transformation നടത്തിക്കൊണ്ട് മനോഹരമായ ദൃശ്യാനുഭവം സഹൃദയർക്ക് പ്രദാനം ചെയ്യുന്ന കേരളീയ നൃത്യാവതരണം എന്ന് മോഹിനിയാട്ടത്തെ നിർവ്വചിയ്ക്കാം..
Dr Megha Joby
PhD holder in Mohiniyattam & Comparative Literature(2015).
[Rank holder in Pre Degree-Dance, BA Dance, MA Dance, MPhil Bharatanatyam & Comp.Lit, MA Linguistics, MA Education etc.]
Discussion about this post