അധഃസ്ഥിത വിഭാഗങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ യാഥാസ്ഥിതികതക്കെതിരെ വൈക്കം ക്ഷേത്രം കേന്ദ്രമാക്കി സംഘടിപ്പിച്ച പ്രക്ഷോഭമാണ് വൈക്കം സത്യാഗ്രഹം. വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കുള്ള പൊതുവഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം.
സാമുദായിക അടിസ്ഥാനത്തിലും രാഷ്‌ട്രീയ അടിസ്ഥാനത്തിലും മാത്രം സംഘടിച്ചു വന്നിരുന്ന ഒരു സമൂഹം സമുദായത്തിന്റെ പുറത്തുള്ള ഒരു ഒത്തുചേരലിന്റെയും പ്രതിരോധത്തിന്റെയും സമര സന്ദര്‍ഭമായിരുന്നു വൈക്കം സത്യാഗ്രഹം. ബാധിക്കപ്പെട്ട സമൂഹത്തോടൊപ്പം ബാധിക്കാത്ത സമൂഹങ്ങളും അവരിലെ ഉന്നത ശീര്‍ഷരും ഒത്തുചേര്‍ന്നതായിരുന്നു സമരമുഖം. ഇത് ഹിന്ദുക്കള്‍ക്കിടയില്‍ സമരസതാഭാവം ഉണര്‍ത്തുകയും അതുവഴി ഹൈന്ദവ ഏകീകരണവും സാമൂഹിക മുന്നേറ്റവും സാധ്യമാക്കി. വൈക്കം സത്യാഗ്രഹം കേരള നോവോത്ഥാനത്തിനും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനും കരുത്തു വര്‍ദ്ധിപ്പിച്ചു. വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തില്‍ നിന്നും ക്ഷേത്രപ്രവേശനം എന്ന ആവശ്യത്തിലേക്കുള്ള പാത വെട്ടിത്തുറക്കാനും ക്ഷേത്ര പ്രവേശന വിളംബരത്തിനു നാന്ദി കുറിയ്‌ക്കാനും സാധിച്ചു.
നൂറ്റാണ്ടുകളായി തൊട്ടു കൂടാത്തവരും തീണ്ടി കൂടാത്തവരും ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളവരുമായി കഴിഞ്ഞിരുന്ന ഒരു ജനതയുടെ നിഷേധിക്കപ്പെട്ട അവകാശം വീണ്ടെടുക്കാനുള്ള കര്‍മ്മ സമരത്തിന്റെ ആരംഭവുമായിരുന്നു. ചരിത്രത്തില്‍ ആദ്യമായി ഈ പ്രക്ഷോഭം പിന്നാക്ക ജന സമൂഹങ്ങള്‍ക്ക് പൗര അവകാശങ്ങളെ കുറിച്ചുള്ള ചോദ്യം ദേശീയ രാഷ്‌ട്രീയത്തിലേക്ക് ഉയര്‍ത്തികൊണ്ട് വന്നു. 1865ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ എല്ലാ പൊതുവഴികളും എല്ലാ സമൂഹങ്ങള്‍ക്കുമായി തുറന്നു കൊടുക്കുന്ന വിജ്ഞാപനം പുറപ്പെടുവിച്ചു. രാജവീഥികള്‍, ഗ്രാമ വീഥികള്‍ എന്നിവ വേര്‍തിരിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. വൈക്കം ക്ഷേത്രത്തിനുചുറ്റുമുള്ള റോഡുകള്‍ ഗ്രാമവീഥികള്‍ എന്ന് പരിഗണിക്കപ്പെട്ടു. വൈക്കം ക്ഷേത്രത്തിലേക്കുള്ള നടവഴികള്‍ അക്കാലത്ത് നിലനിന്നിരുന്ന അയിത്തം, അസ്പര്‍ശ്യത, ഉച്ചനീചത്വം എന്നിവയുടെ പേരില്‍ പിന്നാക്ക സമൂഹങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. ക്ഷേത്രത്തിനു സമീപമുള്ള പൊതുവഴികളില്‍ വിലക്കേര്‍പ്പെടുത്തി യാഥാസ്ഥിക സമൂഹം ക്ഷേത്രത്തിലേക്കുള്ള നടവഴികളില്‍ തീണ്ടാപ്പലകയും സ്ഥാപിച്ചിരുന്നു. ഇതിനെതിരെയും വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടി ആയിരുന്നു 1924 മാര്‍ച്ച് 30ന് ശ്രീനാരയണ ഗുരുദേവ ശിഷ്യനായ ടി.കെ. മാധവന്‍ സമരനായകനായി വൈക്കം സത്യാഗ്രഹ സമരം ആരംഭിച്ചത്.
ആദ്യ സത്യാഗ്രഹികളായി നിയോഗിക്കപ്പെട്ടത് വെന്നിയില്‍ ഗോവിന്ദപണിക്കര്‍, കുഞ്ഞാപ്പി, അബാഹുലേയന്‍ എന്നിവരായിരുന്നു. യഥാക്രമം നായര്‍, പുലയ, ഈഴവ സമൂഹങ്ങളില്‍പെട്ടവരായിരുന്നു. ടി.കെ. മാധവന്‍, മന്നത്തു പത്മനാഭന്‍, കെ.പി. കേശവ മേനോന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, കെ. കേളപ്പന്‍, ആലുംമൂട്ടില്‍ ചാന്നാന്‍, ആമചാടി ത്തേവര്‍, ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള, ബാരിസ്റ്റര്‍ എ.കെ. പിള്ള, ഡോ. കെ. വി. പണിക്കര്‍, ടി.ആര്‍. കൃഷ്ണ സ്വാമി അയ്യര്‍, കണ്ണന്‍ തൊട്ടയത്തു, വേലായുധ മേനോന്‍, ചിറ്റേഴത്തു ശങ്കുപിള്ള, രാമന്‍ ഇളയത്, ചെമ്പിത്തറ കേശവ തണ്ടാര്‍, ചിറക്കടവ് പാച്ചുപ്പിള്ള എന്നിവരാണ് സത്യഗ്രഹത്തിന് നേതൃത്വം കൊടുത്തത്.
മന്നത്തു പദ്മനാഭന്റെ നേതൃത്വത്തില്‍ നടന്ന സവര്‍ണ്ണ ജാഥ വൈക്കം സത്യാഗ്രഹത്തിന് അനുകൂലമായി മുന്നാക്ക പിന്നാക്ക സമൂഹങ്ങളില്‍ നിന്നുളള പിന്തുണ വര്‍ദ്ധിക്കുവാന്‍ കാരണമായി. ഹിന്ദു സമൂഹത്തില്‍ നിലനിന്നിരുന്ന സാമൂഹ്യജീര്‍ണതകള്‍ക്കു എതിരെ സവര്‍ണ അവര്‍ണ വത്യാസം ഇല്ലാതെ എല്ലാ സമൂഹത്തില്‍പ്പെട്ടവരും ഒന്നിച്ചു നടത്തിയ പോരാട്ടത്തിനു നവോത്ഥാന നായകരും സാമൂഹ്യപരിഷ്‌കര്‍ത്താക്കളും സംന്യാസിവര്യന്മാരും നേതൃത്വം നല്‍കി. എല്ലാ കാലത്തും സ്വയംതിരുത്തല്‍ പക്രിയക്കു സജ്ജമാക്കിയിട്ടുള്ള ഹിന്ദു സമൂഹത്തില്‍ നവീകരണ പക്രിയക്കാണ് സത്യാഗ്രഹ നായകര്‍ നേതൃത്വം കൊടുത്തത്.
കേരളീയ സമൂഹത്തെ അടി അളന്നു മാറ്റി നിര്‍ത്തിയ സാമൂഹിക സാഹചര്യങ്ങളില്‍ നിന്നും ഒന്നിച്ചു ചിന്തിക്കുവാനും പ്രവൃത്തിക്കുവാനും പ്രാര്‍ത്ഥിക്കുവാനും സജ്ജമാക്കിയെങ്കില്‍ സംസ്ഥാനത്ത് ഇന്നു നിലനില്‍ക്കുന്ന സാമൂഹിക സാഹചര്യങ്ങള്‍ അതിരൂക്ഷമായി തുടരുകയാണ്. ഹൈന്ദവ സമൂഹത്തെ ശിഥിലമാക്കാനും അനൈക്യത്തിലേക്കു നയിക്കുവാനും പല തട്ടുകളിലായി വേര്‍പിരിച്ചു രാഷ്രീയ ലാഭം കൊയ്യുവാനുള്ള ഇരുട്ടിന്റെ ശക്തികളുടെ ശ്രമങ്ങള്‍ തുടരുകയാണ് വൈക്കം സത്യാഗ്രഹ സമര ശതാബ്ദിയില്‍ എത്തുമ്പോള്‍. സമരത്തോടെ സംജാതമായ സൗഹാര്‍ദ്ദം, സാഹോദര്യം, സന്ദേശം എന്നിവ ഇന്ന് അതേ ശക്തിയില്‍ തുടരുന്നില്ല എന്നതാണ് വര്‍ത്തമാനകാല അനുഭവം. ക്ഷേത്ര ചടങ്ങുകളിലും സമുദായ ആഘോഷങ്ങളിലും ജാതീയ വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്ന പ്രവണതകള്‍ സംസ്ഥാനത്തു വര്‍ധിച്ചു വരുന്നതില്‍ നേതൃസമ്മേളനം ആശങ്കയോടെ ആണ് കാണുന്നത്. ഭക്തജനങ്ങള്‍ വിശ്വാസപൂര്‍വ്വം നടത്തുന്ന അനുഷ്ഠാനങ്ങളില്‍ ജാതീയ വേര്‍തിരിവ് സൃഷ്ടിക്കുന്ന പ്രവണതകളെ ഉന്മൂലനം ചെയ്യാന്‍ ഹൈന്ദവ നേതൃത്വം രംഗത്തു വരണമെന്ന് നേതൃസമ്മേളനം ആവശ്യപ്പെടുന്നു.
Discussion about this post