കെ. സുരേന്ദ്രന്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍
പി.പി.മുകുന്ദന്‍ സമൂഹത്തിനും അദ്ദേഹം വിശ്വസിച്ച പ്രസ്ഥാനത്തിനും നല്‍കിയ സംഭാവനകള്‍ കാലാതിവര്‍ത്തിയായി നിലനില്‍ക്കും. ഞാനടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ ആദരവോടെ മുകുന്ദേട്ടന്‍ എന്നു വിളിച്ചിരുന്ന അദ്ദേഹം കേരളത്തിലെ ഓരോ സംഘ, ബിജെപി പ്രവര്‍ത്തകന്റെ മനസ്സിലും കെടാത്ത ഓര്‍മ്മയാണ്. എല്ലാത്തിനെയും ഭൗതികനേട്ടങ്ങളുടെ കണ്ണിലൂടെ കാണുന്നവര്‍ക്ക് പി.പി.മുകുന്ദന്റെ സംഭാവനകളെ ശരിക്കും മനസ്സിലാക്കാന്‍ കഴിയില്ല. രാഷ്‌ട്രീയത്തിലൂടെ നേട്ടമുണ്ടാക്കാം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അദ്ദേഹം ഒരിക്കലും മാതൃകയല്ല. നാടിനുവേണ്ടി, ആദര്‍ശത്തിനായി നിസ്വാര്‍ത്ഥ സേവകനാവുക എന്നതായിരുന്നു മുകുന്ദേട്ടന്റെ പക്ഷം. ഒരിക്കലും അദ്ദേഹം സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി പരിശ്രമിച്ചിട്ടില്ല. എല്ലായ്‌പ്പോഴും പ്രസ്ഥാനത്തിന്റെ ആദര്‍ശധീരനായ പടയാളിയായി നിലകൊണ്ടു. പ്രവര്‍ത്തികളിലെ കാര്‍ക്കശ്യവും നിര്‍ബന്ധബുദ്ധിയുമൊക്കെ പ്രസ്ഥാനത്തിന്റെ കെട്ടുറപ്പിനുവേണ്ടിയായിരുന്നു. ആ കാര്‍ക്കശ്യം രുചിച്ചവര്‍ പിന്നീടതു മനസ്സിലാക്കി.
കൗമാര പ്രായത്തില്‍ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ ആളാണ് മുകുന്ദേട്ടന്‍. 60 വര്‍ഷത്തിലേറെ നീണ്ട സാമൂഹ്യ പ്രവര്‍ത്തനം. ഒരു പഞ്ചായത്തംഗം പോലും ആകാന്‍ കഴിയുമെന്നു ചിന്തിക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്തില്ല. അദ്ദേഹത്തിന്റെ അനന്തരാവകാശികള്‍, അദ്ദേഹം വളര്‍ത്തിയെടുത്ത പ്രസ്ഥാനത്തിലെ പ്രവര്‍ത്തകര്‍ മാത്രമാണ്. ഇന്നത്തെ രാഷ്ടീയ പ്രവര്‍ത്തനത്തെ നോക്കിക്കാണുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അത്ഭുതകരമായ കാര്യമാണിത്. അനേകം പേര്‍ യാതൊരു ലാഭേച്ഛയുമില്ലാതെ പി.പി.മുകുന്ദനെ പോലെ സാമൂഹ്യ പ്രവര്‍ത്തനം ചെയ്യുന്നുണ്ട്. അധികാര രാഷ്‌ട്രീയത്തിന്റെ നാലയലത്തുപോലും വരാതെ അവര്‍ രാഷ്‌ട്രനിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ അഭംഗുരം പ്രവര്‍ത്തിക്കുന്നു. പൊതുപ്രവര്‍ത്തനം ചെളിക്കുണ്ടായിയെന്ന് ചിലര്‍ ആരോപിക്കുമ്പോഴും ദേശീയ ജീവിതത്തെ കരുപ്പിടിപ്പിക്കാന്‍ ആരുമറിയാതെ, ആരെയുമറിയിക്കാതെ ജനങ്ങളുടെ ഇടയില്‍ നിസ്വാര്‍ത്ഥരായി ചിലര്‍ പ്രവര്‍ത്തിക്കുന്നുവെന്നതാണ് സമൂഹത്തിന്റെ വെള്ളിവെളിച്ചം. ആ ദീപങ്ങളിലൊന്നാണ് പി.പി.മുകുന്ദന്‍. പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ഹൃദയത്തില്‍ അദ്ദേഹം എന്നും ജീവിക്കും.
സാമൂഹ്യവും രാഷ്‌ട്രീയവുമായ കാരണങ്ങളാല്‍ ദേശീയ പ്രസ്ഥാനത്തിന് വലിയ കരുത്തില്ലാതിരുന്ന കേരളത്തിലാണ് അതിന്റെ മുന്നണിപ്പോരാളിയായി മുകുന്ദേട്ടന്‍ വരുന്നത്. പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍. സ്വാതന്ത്ര്യത്തിന് മുമ്പ് കോണ്‍ഗ്രസിലും പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റിലും നുഴഞ്ഞു കയറിയ കമ്യൂണിസ്റ്റുകാര്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നതില്‍ മുന്നില്‍ നിന്ന കണ്ണൂര്‍ ജില്ലയിലാണ് അദ്ദേഹം ജനിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം അവിടെ ഒതുങ്ങിയില്ല. കേരളത്തിലെ മുക്കിലും മൂലയിലും ദേശീയ പ്രസ്ഥാനത്തിന്റെ സന്ദേശവുമായി എത്തി, നേതാവായിട്ടല്ല. സാധാരണ സംഘാടകനായി. ഒരിക്കലും അധികാര രാഷ്ടീയത്തിന്റെ കേന്ദ്രബിന്ദുവാകാന്‍ മുകുന്ദേട്ടന്‍ ശ്രമിച്ചില്ല. ദേശീയബോധമുള്ള, രാജ്യസ്‌നേഹമുളള നിരയെ വാര്‍ത്തെടുക്കാനാണ് മുകുന്ദേട്ടനെ പോലുളളവര്‍ ശ്രമിച്ചത്. കഴിവുള്ളവരെ കണ്ടെത്തി, അവരെ പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ സ്‌നേഹവും പ്രചോദനവും സഹായവും ഏറ്റുവാങ്ങിയവര്‍ ജീവിതത്തിന്റെ നാനാതുറകളില്‍ ഇന്നും ജ്വലിച്ചു നില്‍പ്പുണ്ട്.
ബിജെപി പ്രവര്‍ത്തകന്‍ എന്ന നിലയ്‌ക്കാണ് മുകുന്ദേട്ടനുമായി ഇടപെടാന്‍ അവസരം ലഭിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയും വാത്സല്യവും സ്‌നേഹവുമെല്ലാം ആവോളം അനുഭവിക്കാന്‍ എനിക്കുമായി. ഇന്ന് ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി നേതാക്കളെ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. കഴിവുള്ളവരെ കണ്ടെത്താന്‍ അനിതര സാധാരണമായ വൈഭവം അദ്ദേഹത്തിനുണ്ടായിരുന്നു. അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചും ന്യൂനതകളെ കണ്ടെത്തി അവ പരിഹരിച്ചും നേതൃനിരയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം യത്‌നിച്ചു.
രാഷ്‌ട്രീയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാം, എന്നാല്‍ അയിത്തം പാടില്ല എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. പ്രായോഗിക രംഗത്തും അദ്ദേഹം അതുകാണിച്ചുകൊടുത്തു. വിപുലമായിരുന്നു അദ്ദേഹത്തിന്റെ സമ്പര്‍ക്ക വലയം. അധികാരത്തിന്റെ ശീതളിമ ഒട്ടുമില്ലാത്ത പാര്‍ട്ടിയായിട്ടും ഉദ്യോഗസ്ഥ മേധാവികള്‍ അദ്ദേഹത്തെ ബഹുമാനിച്ചു. കലാകാരന്മാരും സാഹിത്യകാരന്മാരും കായികതാരങ്ങളുമായും ശാസ്ത്ര സാങ്കേതിക രംഗത്തും ആതുരസേവന രംഗത്തുള്ളവരുമായിട്ടും അദ്ദേഹം നല്ല ബന്ധം സ്ഥാപിച്ചു. ബിജെപിയുടെയും ദേശീയ പ്രസ്ഥാനങ്ങളടെയും ജനകീയ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ മികച്ച പാടവമാണ് കാണിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തില്‍ ബിജെപി സംഘടനാ സെക്രട്ടറിയായിരിക്കേ മുകുന്ദേട്ടന്‍ കേരളത്തില്‍ ബിജെപിയുടെ സംഘടനാ ചുമതല വഹിച്ചിരുന്നു. ആ വ്യക്തിബന്ധം അദ്ദേഹം അവസാനംവരെ കാത്തുസൂക്ഷിച്ചു. അടിത്തട്ടിലുള്ള പ്രവര്‍ത്തകരുമായും ഊഷ്മള ബന്ധം നിലനിര്‍ത്താന്‍ അദ്ദേഹത്തിനായി. എത്രയോ കുടുംബങ്ങള്‍ക്ക് അദ്ദേഹം സ്വന്തം വീട്ടുകാരനായിരുന്നു.
രാഷ്‌ട്രീയ സംഘര്‍ഷം മൂലം സ്‌ഫോടനാത്കമായ സാഹചര്യമുണ്ടായപ്പോഴും സംഘടനയെ കാറ്റിലും കോളിലും മുങ്ങാതെ നയിച്ചു. അടിയന്തരാവസ്ഥക്കാലത്തെ പൗരാവകാശ ധ്വംസനങ്ങളെയും ജനാധിപത്യവിരുദ്ധതയെയും എതിര്‍ക്കാന്‍ അദ്ദേഹം മുന്നോട്ടു വന്നു. കുറേക്കാലം ജനങ്ങളുടെ ഇടയിലിറങ്ങി അടിയന്തരാവസ്ഥയ്‌ക്കെതിരായ ചെറുത്തുനില്പിന് നേതൃത്വം കൊടുത്ത അദ്ദേഹം പിന്നീട് ജയില്‍വാസവും വരിച്ചു. സ്വന്തം ജീവിതം നാടിനുവേണ്ടി ഉഴിഞ്ഞുവയ്‌ക്കുകയും ദേശീയ പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളിയായി പ്രവര്‍ത്തിക്കുകയും ചെയ്ത പി.പി.മുകുന്ദന്‍ എല്ലാപൊതുപ്രവര്‍ത്തകര്‍ക്കും മാതൃകയാണ്. മുകുന്ദേട്ടന്‍ ഇല്ലാത്ത ഒരു വര്‍ഷമാണ് കടന്നു പോയത്. ആ വിടവ് നികത്തുക സാധ്യമല്ല. എന്നാല്‍ അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍, സാമിപ്യത്തില്‍ വളര്‍ന്നുവന്ന വലിയനിര നേതാക്കളുടെയും പ്രവര്‍ത്തകരുടെ സാന്നിധ്യം മുകുന്ദേട്ടന്റെ കുറവ് നികത്തുക തന്നെ ചെയ്യും.
Discussion about this post