ബിന്ദു മോഹന്‍
(മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷയാണ് ലേഖിക)
മഹിളാ ഐക്യവേദി പതിനൊന്നാം വര്‍ഷത്തിലേക്ക് കാലൂന്നുന്നു. ബാല്യം പിന്നിട്ട് കൗമാരത്തിലേക്കുള്ള പ്രയാണം. കേരള നവോത്ഥാനം ഹിന്ദു ഐക്യത്തിലൂടെ എന്ന ആശയവുമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു ഐക്യവേദിയുടെ ഒപ്പം യാത്ര തുടരുന്നു.
പാലക്കാട് ജില്ലയിലെ അട്ടപ്പാടി തായ്കുല സംഘത്തിന്റെ അധ്യക്ഷയായ ഭഗവതിയമ്മ കൊളുത്തിയ ദീപം ഏറ്റുവാങ്ങി ആയിരക്കണക്കിന് അമ്മമാരുടെ ഹൃദയങ്ങളെ തൊട്ടുണര്‍ത്തിയ നാരിമാരുടെ പുത്തന്‍ കാല്‍വയ്‌പ്പായിരുന്നു മഹിളാ ഐക്യവേദി. ഹിന്ദു ഐക്യത്തിന്റെ പ്രയോക്താവും വക്താവുമായ കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തില്‍ അദ്ദേഹം തന്നെ പേരിട്ട ഒരുമയുടെ ഒത്തുചേരല്‍. ഹൈന്ദവ പോരാട്ടങ്ങളില്‍ വഴികാട്ടിയായ ഹിന്ദുവിന്റെ അഭിമാനമായ കെ.പി.ശശികല ടീച്ചറുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ചലിക്കുന്ന സ്ത്രീ കരുത്ത്. ഹിന്ദു ഐക്യവേദിയോടൊപ്പം ചേര്‍ന്ന് അവര്‍ പകര്‍ന്നു നല്‍കുന്ന ആദര്‍ശാത്മകമായ വഴിത്താരയിലൂടെ പദം പദം മുന്നേറുന്ന മഹിളാ മുന്നേറ്റം. അതാണ് മഹിളാഐക്യവേദി.
‘സാമൂഹ്യ മുന്നേറ്റത്തിന് സ്ത്രീശക്തി ‘എന്നതാണ് നമ്മുടെ ആശയം. സാമൂഹ്യരാഷ്‌ട്രീയഭരണവിദ്യാഭ്യാസസേവന രംഗങ്ങളിലെല്ലാം കഴിവുറ്റ സ്ത്രീകള്‍ കടന്നു വരേണ്ടത് ആവശ്യമാണെന്ന ചിന്തയില്‍ നിന്നാണ് മഹിളാ ഐക്യവേദി രൂപം കൊണ്ടത്. അതോടൊപ്പം പ്രതികരണശേഷിയും നേതൃപാടവവുമുള്ളവര്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാവണമെന്നും മഹിളാ ഐക്യവേദി ആഗ്രഹിച്ചു.
ഹിന്ദുസ്വാഭിമാനം ഉയര്‍ത്താനും, ആചാര അനുഷ്ഠാന സംരക്ഷണത്തിനും, സാംസ്‌കാരിക വിദ്യാഭ്യാസം ഉറപ്പുവരുത്താനും, പുതുതലമുറയ്‌ക്ക് ദിശാബോധം നല്‍കാനും,
സാമൂഹ്യ പ്രശ്‌നങ്ങളില്‍ അവബോധവും, ചെറുത്തുനില്‍പ്പും സൃഷ്ടിക്കാനും മഹിളാ കൂട്ടായ്മകളിലൂടെ ഐക്യം സൃഷ്ടിക്കാനും പരിശ്രമിച്ചു വരുന്നു.
പഞ്ചായത്തുകള്‍ തോറും മഹിളാശാക്തീകരണമാണ് ലക്ഷ്യം. 2025 ഓടെ കേരളത്തിലെ അമ്പത് ശതമാനം പഞ്ചായത്തുകളെയെങ്കിലും സ്പര്‍ശിക്കാന്‍ സാധിക്കുന്ന സംഘടനാ സ്വരൂപം ആര്‍ജിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
ജില്ലകളിലും താലൂക്കുകളിലുമൊക്കെ വനിതാ നേതൃത്വങ്ങള്‍ വളര്‍ന്നു വരുന്നത് ആശാവഹമാണ്. ഭാവിയുടെ വാഗ്ദാനങ്ങളെ രൂപപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടത്തിയ സംസ്ഥാനതല കുമാരി സംഗമവും അതിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. വിവിധ സമുദായ സംഘടനകളുടെ വനിതാ നേതൃത്വങ്ങളും ഇന്ന് ഈ മഹിളാ കൂട്ടായ്മയുടെ ഭാഗമാണ്. അവരെല്ലാം ഈ സ്ത്രീകരുത്തിന്റെ ഭാഗമാകാന്‍ സ്വയമേവ മുന്നോട്ടു വരുന്ന കാഴ്ച പ്രകീക്ഷയേകുന്നു. അവര്‍ ഈശ്വശീയ കാര്യത്തിന്റെ സന്ദേശവാഹകരായി മാറുന്നു. പല ചുമതലകളും കൃത്യതയോടെ നിര്‍വ്വഹിക്കുന്നു.
മദ്യത്തിനും മയക്കുമരുന്നിനും എതിരായ ചെറുത്തു നില്‍പുകള്‍, ബോധന ക്ലാസ്സുകള്‍, അധികാര സമക്ഷം നിവേദനങ്ങള്‍ സമര്‍പ്പിക്കല്‍, പെണ്‍കുട്ടികളുടെ സുരക്ഷിതത്വം, സനാതനധര്‍മ്മം വെടിഞ്ഞവരെ തിരികെ എത്തിക്കുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ജനജാഗരണം എന്നീ ഉദ്യമങ്ങളിലെല്ലാം മഹിളാ ഐക്യവേദി മുന്‍പന്തിയിലുണ്ട്. അട്ടപ്പാടിയിലെ നിരവധി ഊരുകള്‍ സന്ദര്‍ശിച്ച് മഹിളാ ഐക്യവേദി തയ്യാറാക്കിയ സമഗ്രമായ പത്രിക ഇന്നും പ്രസക്തമാണ്. അന്നത്തെ സാമൂഹ്യക്ഷേമ വകുപ്പുമന്ത്രിയായിരുന്ന തവര്‍ചന്ദ് ഗെഹ്‌ലോട്ടിന് അത് സമര്‍പ്പിക്കുകയും ചെയ്തു. അവശതയും യാതനയും അനുഭവിക്കുന്ന നിരാലംബരും നിരാശ്രയരുമായ ഊരുകളില്‍ താമസിക്കുന്നവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഇന്ന് അമ്മമാരുടെ മനസ്സ് പാകപ്പെട്ടുവെങ്കില്‍ അതിന്റെ തുടക്കം അട്ടപ്പാടിയില്‍ നിന്നാണ്. ശബരിമലയില്‍ ആചാരലംഘനമുണ്ടായപ്പോള്‍ ഉയര്‍ന്നുവന്ന സ്ത്രീ ശക്തിയുടെ മുന്നിലും പിന്നിലും മഹിളാ ഐക്യവേദിയുണ്ടായിരുന്നു. ഇതിന്റെ പേരില്‍ സ്വന്തം ജോലിയുള്‍പ്പെടെ നഷ്ടപ്പെട്ടപ്പോഴും അവര്‍ പതറിയില്ല. ഒട്ടനവധി കഷ്ടനഷ്ടങ്ങള്‍ സഹിച്ചാണ് നിരവധി അമ്മമാര്‍ ഇന്നും മഹിളാ ഐക്യവേദിയുടെ കാവി പതാകയ്‌ക്ക് കീഴില്‍ അണിനിരക്കുന്നത്.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ സനാതന ധര്‍മ്മം പഠിപ്പിക്കാന്‍ മതപാഠശാലകള്‍ ഉണ്ടാകണമെന്ന് അമ്മമാര്‍ ആവശ്യപ്പെട്ടപ്പോള്‍ തത്വത്തില്‍ ദേവസ്വം ബോര്‍ഡ് അധികാരികള്‍ ഇതംഗീകരിച്ച് തുടര്‍ നടപടികളിലേക്ക് കടന്നതും മറക്കാനാവില്ല.
കൃത്യമായ വാര്‍ഷിക യോജന തയ്യാറാക്കി ‘മാതൃത്വം തന്നെ നേതൃത്വം’, ‘ഉണര്‍വ്വും നിനവും’ തുടങ്ങിയ നൂതന പരിപാടികളിലൂടെ കാലാകാലങ്ങളില്‍ പ്രവര്‍ത്തക ഗണത്തെ വാര്‍ത്തെടുക്കാന്‍ ഉതകുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് ആത്മാര്‍ത്ഥതയോടെയും കാര്യപ്രാപ്തിയോടെയും നിരവധി പേര്‍ ഒരുമയോടെ പ്രവര്‍ത്തിക്കുന്നതിനാലാണ് മഹിളാ ഐക്യവേദി വളര്‍ന്നു കൊണ്ടിരിക്കുന്നത്. ഹൈന്ദവ ആശയങ്ങള്‍ ഉയര്‍ത്തി സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ മഹിളാ സംഘടനകളെ അപേക്ഷിച്ച് അഖില ഭാരതീയതലത്തില്‍ ഹിന്ദു ജാഗരണ്‍ മഞ്ചിലും, കേരളത്തില്‍ പൊതുവായും ഏറ്റവും ശക്തമായ സ്ത്രീ സംഘടന എന്ന അംഗീകാരം നേടാനായതും അഭിനന്ദനാര്‍ഹമാണ്. 10 വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഫലമായി പുതുതലമുറയെ കൂട്ടിച്ചേര്‍ത്ത് ജൂലൈ 13 ന് ചാലക്കുടിയില്‍ നടത്തിയ കുമാരി സംഗമം ‘മുകുളം 2024’ ലൂടെ പുതു തലമുറയുടെ നേതൃത്വത്തെ രൂപപ്പെടുത്താന്‍ സാധിച്ചതും പ്രവര്‍ത്തകരുടെ ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.
ഗുരുവായൂര്‍ കണ്ണന്റെ മുന്നില്‍ നിന്ന് അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെയും കണ്ടിയൂര്‍ മഹാദേവന്റെയും ചെട്ടികുളങ്ങര അമ്മയുടെയും അനുഗ്രഹത്തിനായി അര്‍ത്ഥിച്ചുകൊണ്ട് മഹിളാ ഐക്യവേദിയുടെ 11-ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ആലപ്പുഴ ജില്ലയില്‍ മഹാബലിപുരത്തപ്പന്റെ മണ്ണില്‍ മാവേലിക്കരയില്‍ ഇന്ന് രാവിലെ 10 മണി മുതല്‍ 4 മണിവരെ ഹിന്ദു വനിതാ നേതൃ സമ്മേളനം നടക്കും. സ്വാഭിമാനം, സ്വാശ്രയത്വം, സുരക്ഷിതത്വം എന്നീ വിഷയങ്ങളില്‍ ഊന്നിയുള്ള ചര്‍ച്ചകളാണ് പ്രധാനമായും നടക്കുക. സമ്മേളനം നാളെ സമാപിക്കും.
സംസ്‌കാരസമ്പന്നയും സനാതന ധര്‍മ്മവിശ്വാസിയും സംഘാടകയും ഒക്കെയായിരുന്ന ധീര വനിത അഹല്യഭായ് ഹോള്‍ക്കറുടെ ത്രി ശതാബ്ദി ആഘോഷം രാജ്യമെങ്ങും നടക്കുന്ന കാലത്ത് ആ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 2025ലേക്ക് പുതിയ പന്ഥാവ് വെട്ടിത്തുറക്കാന്‍ അമ്മമാരെ നേതൃനിരയിലേക്ക് ഉയര്‍ത്താന്‍ ഉതകുന്നതാവട്ടെ ഈ സംസ്ഥാന സമ്മേളനം.
Discussion about this post