വി.വി. വരുണ്‍
കൊറോണ മഹാമാരിയെ പ്രതിരോധിക്കാന്‍ കേരള സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നതില്‍ എല്ലാ മലയാളികള്‍ക്കും മറ്റുള്ളവരുടെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാം. ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്തപോലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ചില കാര്യങ്ങളിലൊഴികെ സുതാര്യമായാണ് പ്രവര്‍ത്തിച്ചതും. കൊറോണ പ്രതിരോധത്തിലെ മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെയും പോലീസ് ഉള്‍പ്പെടെയുള്ള മറ്റ് അവശ്യ സേവനങ്ങള്‍ നല്‍കുന്നവരുടെയും പ്രവര്‍ത്തനം തികച്ചും ശ്ലാഘനീയമാണ്. എന്നാല്‍ ഈ അസാധാരണ മഹാമാരിക്കിടയില്‍ അസാധാരണമായി ഒരു കരാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഒപ്പിട്ടു- അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളര്‍ എന്ന കമ്പനിയുമായി. തികച്ചും സര്‍ക്കാര്‍ നയങ്ങളെയും വിവിധ ചട്ടങ്ങളെയും നോക്കുകുത്തിയാക്കിയാണ് ഐടി സെക്രട്ടറി ശിവശങ്കര്‍ സ്പ്രിംഗ്‌ളറുമായി കരാറില്‍ ഏര്‍പ്പെട്ടത്. ഈ കരാര്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ഒറ്റക്കാരണത്താല്‍ കേരള ഹൈക്കോടതി റദ്ദാക്കാതിരുന്നതാണ് ഈ കരാര്‍. ഇവിടെ പ്രധാനമായും സാധാരണക്കാരന്റെ ഏറ്റവും പ്രധാനമായ വ്യക്തിഗത വിവരങ്ങള്‍ ഒരു ആഗോള കമ്പനിക്ക് യാതൊരു സുരക്ഷാമാനദണ്ഡങ്ങളുമില്ലാതെ നല്‍കുകയാണ് ചെയ്യുന്നത്. ഇത്തരമൊരു കരാര്‍ നടപ്പാക്കാന്‍ പോകുന്ന വിവരമോ നടപ്പാക്കിയതിനുശേഷം രണ്ടാഴ്ചയോളമോ കേരളത്തിലെ ആരും അറിഞ്ഞില്ല എന്നതാണ് സത്യം. കേരളത്തിലെ ഓരോ വ്യക്തികളുടെയും അതിരഹസ്യമായ വ്യക്തിഗത വിവരങ്ങള്‍ ആഗോള കമ്പനിക്ക് നല്‍കുമ്പോള്‍ ഭരണചക്രത്തില്‍ സാരഥ്യം വഹിക്കുന്നവരുടെ വ്യക്തിവിവരങ്ങള്‍ കമ്പനിക്കു കൈമാറേണ്ടതില്ല, ബാക്കി ആരുടെ വിവരങ്ങള്‍ അവര്‍ക്കു നല്‍കിയാലും യാതൊരു വിഷയവുമില്ലെന്ന രീതിയിലുള്ള ഒരു ഒഴുക്കന്‍ നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത് എന്നുവേണം അനുമാനിക്കാന്‍. കൊറോണ എന്ന മഹാമാരി പടര്‍ന്നു പിടിക്കുന്ന അസാധാരണ സന്ദര്‍ഭത്തില്‍ കമ്പനി ഇങ്ങോട്ട് വന്ന് ഫ്രീ ആയി ഡേറ്റ അനാലിസിസ്, ബിഗ് ഡേറ്റ അനാലിസിസ്, ക്ലൗഡ് കംപ്യൂട്ടിംഗ് എന്നൊക്കെയുള്ള ടെക്‌നിക്കല്‍ കാര്യങ്ങള്‍ പറഞ്ഞ് കൊറോണ പ്രതിരോധത്തിന് സഹായിക്കാം എന്ന് പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ മുന്‍പിന്‍ നോക്കാതെ ഇതിനു സമ്മതിക്കുകയായിരുന്നു.
ഐടി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഈ സാങ്കേതിക പദങ്ങളുടെ അര്‍ഥമറിയാത്ത വെറും സാധാരണക്കാരാണ് എന്ന രീതിയിലാണ് ഐടി സെക്രട്ടറിയും ഉന്നതരും കാര്യങ്ങള്‍ നീക്കിയത്. മാത്രമല്ല ഇന്ത്യയില്‍ തന്നെ കംപ്യൂട്ടറിനെയും അതിന്റെ ടെക്‌നിക്കല്‍ കാര്യങ്ങളെയും കുറിച്ച് ആരും അറിയുന്നവരില്ല എന്നതിനാലാവാം ആരോഗ്യ ഡേറ്റയും വ്യക്തിഗത ഡേറ്റയും യാതൊരു സംരക്ഷണവുമില്ലാതെ സ്പ്രിംഗ്‌ളറിന് കൈമാറിയത്. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങള്‍ അറിയുന്നവര്‍ക്കുപോലും ഡേറ്റയുടെ പ്രാധാന്യം അറിയാം എന്ന കാര്യം ഐടി സെക്രട്ടറി മനപൂര്‍വം മറന്നുപോയി എന്നുതന്നെ കരുതേണ്ടി വരികയാണ് ഇവിടെ. അല്ലെങ്കില്‍ തന്റെയും തന്നെ ഭരിക്കുന്നവരുടെയും വ്യക്തിഗത- ആരോഗ്യ വിവരങ്ങള്‍ക്കൊഴിച്ച് ഒരു പ്രാധാന്യവുമില്ലെന്ന കാഴ്ചപ്പാടും ഇത്തരമൊരു തീരുമാനത്തിലെത്താന്‍ ഐടി സെക്രട്ടറിയെ സ്വാധീനിച്ചിട്ടുണ്ടാകണം. കരാര്‍ നിലവില്‍ വന്നതിനുശേഷം സര്‍ക്കാര്‍ മുഖ്യമായും ഉയര്‍ത്തുന്ന പ്രതിരോധം ബിഗ് ഡേറ്റ അനാലിസിസ് എന്നും ക്ലൗഡ് ഉപയോഗിക്കണമെന്നുമൊക്കെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. ബിഗ് ഡേറ്റ സേവ് ചെയ്യാനുള്ള മെമ്മറി സ്‌പേസ് കേരള സര്‍ക്കാരിനില്ലെന്നും അതിനില്‍ ആമസോണിന്റെ ക്ലൗഡ് ഉപയോഗിക്കണം എന്നും സര്‍ക്കാര്‍ പറയുന്നു. മാത്രമല്ല ഡേറ്റ അനലൈസ് ചെയ്ത സ്പ്രിംഗ്‌ളര്‍ തരുന്ന വിവരങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ത്വരിഗതഗതിയിലാക്കാനുള്ള ഏകമാര്‍ഗമാണെന്നും സര്‍ക്കാരും ഭരണപക്ഷവും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒരാളുടെ ഡേറ്റ കമ്പ്യൂട്ടറില്‍ സേവ് ചെയ്യാന്‍ പരമാവധി 2000 ബൈറ്റ്‌സ് മെമ്മറിയാണ് ആവശ്യം. ഇങ്ങിനെ കണക്കാക്കിയാല്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ഡേറ്റ സേവ് ചെയ്യാനായി 80 ജിബി ഡേറ്റ മെമ്മറി തന്നെ അധികമാണ്. സര്‍ക്കാര്‍ പറയുന്നതുപ്രകാരം നോക്കിയാല്‍ 65 മുതല്‍ 80 ലക്ഷം വരെ ആളുകളുടെ വിവരം ശേഖരിക്കേണ്ടി വരും എന്നാണ്. അങ്ങിനെയാണെങ്കില്‍ പരമാവധി 12 ജിബി മെമ്മറി മതിയാവും. യഥാര്‍ഥത്തില്‍ ഒരു പെന്‍ഡ്രൈവില്‍ എടുക്കാവുന്ന ഡേറ്റയെയാണ് ബിഗ് ഡേറ്റയെന്ന് സര്‍ക്കാരും മിഷണറികളും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതല്ലാതെ സ്പ്രിംഗ്‌ളറിന് രഹസ്യമായി ഏതെങ്കിലും വിവരം കൈമാറുന്നുണ്ടോ എന്ന കാര്യം വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. സര്‍ക്കാര്‍ പറഞ്ഞതുപ്രകാരം ഇത് ഒരു ബിഗ് ഡേറ്റയേ അല്ല. ഒരു ദിവസം പരമാവധി അയ്യായിരം പേരുടെ ഡേറ്റയാണ് അപ്‌ലോഡ് ചെയ്യുന്നതെങ്കില്‍ ഇത് ഒരിക്കലും ബിഗ് ഡേറ്റ പരിധിയില്‍ വരില്ല. വരുന്ന ഡേറ്റ സ്ട്രക്‌ചേര്‍ഡ് ആയതിനാലും ബിഗ്‌ഡേറ്റ എന്ന കണ്‍സ്പറ്റിലുള്ള വറൈറ്റി കണ്ടീഷന്‍ പരിധിയില്‍ ഇത് വരികയുമില്ല. ഇപ്പോള്‍ ഉപയോഗിക്കുന്ന ഐ5 അല്ലെങ്കില്‍ ഐ7 കംപ്യൂട്ടറുണ്ടെങ്കില്‍ ഇക്കാര്യം വളരെ എളുപ്പം കൈകാര്യം ചെയ്യാവുന്നതേ ഉള്ളൂ. സര്‍ക്കാരിന്റെ കീഴിലുള്ള പല റിസര്‍ച്ച് സ്ഥാനപനങ്ങളിലും 64 ജിബിയും അതിലധികവും റാമുള്ള കംപ്യൂട്ടറുകള്‍ ഉണ്ട്. ഇവ ഉപയോഗിച്ച് ഈ ഡേറ്റ വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.
സര്‍ക്കാറും സ്പ്രിംഗ്‌ളറുമായി ഉണ്ടാക്കിയ കരാറില്‍ നമ്മള്‍ കൊടുക്കുന്ന ഡാറ്റാവെച്ച് ഏതുതരം ഇന്‍ഫര്‍മേഷന്‍ ആണ് അവര്‍ ഡേറ്റ അനാലിസിസ് വഴി ചെയ്തു തരികയെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. കമ്പനിയുടെ ഭാഗത്തുനിന്നും അങ്ങനെ ഒരു ഉറപ്പുതന്നതായി പ്രസിദ്ധീകരിച്ച എഗ്രിമെന്റുകളില്‍ എവിടെയും സൂചിപ്പിച്ചിട്ടുമില്ല. സാധാരണയായി കമ്പനികള്‍ തമ്മില്‍ ഇതുപോലുള്ള പ്രൊജക്റ്റ്കള്‍ ചെയ്യുമ്പോള്‍ അത്തരം കാര്യങ്ങള്‍ തുടക്കത്തിലെ ചര്‍ച്ചചെയ്ത് തീരുമാനിച്ച് വ്യക്തത വരുത്താറുണ്ട്. അതായത് സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്നും അതില്‍ എന്തെല്ലാം ചെയ്തു നല്‍കാന്‍ സ്പ്രിംഗ്്‌ളറിന് കഴിയുമെന്നുമുള്ള കാര്യങ്ങള്‍ എഗ്രിമെന്റില്‍ പ്രതിപാദിച്ചിട്ടില്ല. സ്പ്രിംഗ്‌ളര്‍ സൗജന്യമായി ഈ സേവനം നല്‍കുന്നതിനാല്‍ സര്‍ക്കാര്‍ ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെങ്കില്‍ കൂടി അവര്‍ ഏതെല്ലാം ഇന്‍ഫര്‍മേഷന്‍ സര്‍ക്കാരിന് നല്‍കും എന്ന കാര്യം എഗ്രിമെന്റില്‍ വ്യക്തമാക്കേണ്ടത് നിര്‍ബന്ധമാണ്. ചിലപ്പോള്‍ ഫ്രീ ആയതുകൊണ്ട് ഗവണ്മെന്റ് ആവിശ്യങ്ങള്‍ ഒന്നും പറഞ്ഞുകാണില്ല എന്നാലും സ്പ്രിംഗ്‌ളര്‍ എന്തൊക്കെ ഇന്‍ഫര്‍മേഷന്‍ കണ്ടെത്തിത്തരും എന്നുള്ളത് പറയേണ്ടതാണ്. ചിലര്‍ പറയുന്നത് ഡേറ്റ അനാലിസിസിലൂടെ രോഗവ്യാപനം തടയാനുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ്. എവിടെയൊക്കെ എന്തൊക്കെ സൗകര്യങ്ങള്‍ മുന്‍കൂറായി ഒരുക്കേണ്ടതുണ്ട്, എവിടെയാണ് രോഗികളുടെ എണ്ണം കൂടുവാന്‍ പോകുന്നത് എന്നൊക്കെ കണ്ടെത്താന്‍ കഴിയുമെന്നും അങ്ങിനെ ഒരു സാസ് (സോഫ്റ്റ്‌വെയര്‍ ആസ് എ സര്‍വീസ്) മോഡല്‍ സ്പ്രിംഗ്‌ളറിന്റെ പക്കലുണ്ടെന്നും പ്രചാരണമുണ്ട്. എന്നാല്‍ ഡേറ്റ അനാലിസിസിന്റെ ബാലപാഠം അറിയുന്നവര്‍ക്കാര്‍ക്കും ഈ ഡേറ്റ വച്ച് മേല്‍പ്പറഞ്ഞ രീതിയില്‍ ഒരു പ്രവചനം സാധ്യമാകും എന്ന് കരുതാനാവില്ല. മാത്രമല്ല ഡേറ്റ അനാലിസിസ് വഴി മുകളില്‍ പറഞ്ഞപോലുള്ള വിവരങ്ങള്‍ ലഭ്യമാക്കാനുള്ള സോഫ്ട്‌വെയര്‍ മോഡല്‍ ഉണ്ടാക്കുന്നതിന് കഴിഞ്ഞകാലത്തെ ഡേറ്റ അത്യാവശ്യമാണ്. ഇതിനുവേണ്ടി ഡേറ്റ ഹിസ്റ്ററി ഇപ്പോള്‍ ലഭ്യമാകാത്തതിനാല്‍ ഒരു മോഡല്‍ നിര്‍മിക്കാനും സാധ്യമല്ല. ഇക്കാരണങ്ങളെല്ലാം കൊണ്ടാണ് അമേരിക്കയിലും യൂറോപ്പിലുമെല്ലാം സ്പ്രിംഗ്‌ളറിനെപ്പോലെയുള്ള കമ്പനികളെ ഉപയോഗിക്കാതിരിക്കുന്നത്. സ്പ്രിംഗ്‌ളറിന്റെ കൈവശം ഇത്തരമൊരു സോഫ്ട്‌വെയര്‍ ഉണ്ടെങ്കില്‍ ആദ്യം ഉപയോഗിക്കുന്ന രാജ്യം അമേരിക്കയായിരിക്കുമെന്ന കൊച്ചുകുഞ്ഞിനുപോലും അറിയാവുന്ന കാര്യമാണ്. അതിനാല്‍ സ്പ്രിംഗ്‌ളറിന് ഇത്തരത്തില്‍ ഒരു മുന്‍പരിചയമോ സോഫ്ട്‌വെയറോ കൈവശമില്ലെന്ന് ഉറപ്പാക്കാവുന്നതാണ്. സ്പ്രിംഗ്‌ളര്‍ ലോകാരോഗ്യ സംഘടനയ്ക്ക് ചെയ്തു കൊടുക്കുന്നത് പലരാജ്യങ്ങളിലെ കൊറോണ രോഗികളുടെ എണ്ണത്തെ പലരീതിയില്‍ അവരുടെ ഡാഷ് ബോര്‍ഡില്‍ കാണിക്കുക എന്നതാണ്. അതിന് ആര്‍ക്കുവേണമെങ്കിലും സ്പ്രിംഗ്‌ളറിനെ സമീപിക്കാം. അതിന് ഒരാളുടെ വ്യക്തിവിവരമോ ആരോഗ്യവിവരമോ ആവശ്യമില്ല. വളരെ സുരക്ഷിതമാണ് എന്ന അവകാശവാദത്തോടെ എത്തുന്ന കമ്പനികളുടെ ഡേറ്റകള്‍ പലതും പല ഡാര്‍ക്ക് വെബുകളിലും വില്‍പനയ്ക്കു വച്ചിട്ടുണ്ടെന്ന കാര്യം കേരള സര്‍ക്കാര്‍ പരിഗണിക്കണം. കേരള സര്‍ക്കാരിന്റെ സ്ഥാപനങ്ങളില്‍ തന്നെ വിവിധ വിദഗ്ധരായ അനലിസ്റ്റുകള്‍ ഉണ്ടെന്നിരിക്കെ ഇ്ത്തരമൊരു ഡേറ്റ കൈമാറ്റത്തിന്റെ ഉദ്ദേശം സംശയാസ്പദമാണ്.
Discussion about this post