കാ.ഭാ. സുരേന്ദ്രന്‍
ഇന്ന് ഫാസിസം എന്ത് എന്ന് ഭാരതം തിരിച്ചറിഞ്ഞ ദിവസം. കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും എന്താണോ എക്കാലവും എതിര്‍ത്തു പറഞ്ഞു കൊണ്ടിരിക്കുന്നത് അതാണ് അവര്‍. അത് മറ്റുള്ളവര്‍ തിരിച്ചറിയാതിരിക്കാനാണ് അവര്‍ എപ്പോഴും എതിരാളികളെ ഫാസിസ്റ്റ് എന്നു വിളിക്കുന്നത്. ഒളിഞ്ഞും തെളിഞ്ഞും അവരെന്നും ഫാസിസ്റ്റുകളായിരുന്നു. അതു കൊണ്ടാണ് അടിയന്തിരാവസ്ഥക്കാലത്തും അവര്‍ തമ്മില്‍ ചേര്‍ന്നിരുന്നത്. ചേരാതെ ചിലര്‍ മിണ്ടാതിരുന്നതും. ‘ഇനം ഇനത്തില്‍ ചേരും, എരണ്ട വെള്ളത്തില്‍ പോകും’ എന്നാണല്ലോ ചൊല്ല്.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് വൈകാതെതന്നെ വരുംവരായ്കകള്‍ ഒന്നും ആലോചിക്കാതെ മറ്റുള്ളവരെപ്പോലെ കമ്മ്യൂണിസ്റ്റുകളില്‍ ചിലരും പ്രതിഷേധ പ്രകടനം നടത്തി. മറ്റെല്ലാവരുടെയും കൂടെ അവരെയും അറസ്റ്റ് ചെയ്തു. പക്ഷെ കമ്മ്യൂണിസ്റ്റുകളും ചില സംഘടന കോണ്‍ഗ്രസുകാരും ഒരു മാസത്തിനുള്ളില്‍ ജയിലില്‍ നിന്നു പുറത്തുവന്നു. അതിനിടയില്‍ പോലീസിനോ കരുണാകരനോ വ്യക്തി വൈരാഗ്യമുണ്ടായിരുന്ന ചില നക്‌സലൈറ്റുകള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും അടി കിട്ടി. അതിന്റെ പേരില്‍ വീരവാദം നടത്തുന്ന ചിലര്‍ ഇപ്പോള്‍ ഭരണത്തലപ്പത്തുണ്ട്. അവര്‍ അടിയന്തിരാവസ്ഥക്കെതിരെ ഒരിക്കല്‍ പോലും സത്യഗ്രഹം നടത്തിയിട്ടില്ല. 1975 നവംബര്‍ 14 മുതല്‍ രണ്ടു മാസമാണ് ദേശവ്യാപകമായി സത്യഗ്രഹം നടത്തിയത്. എന്നാല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് 16 ദിവസത്തിനു ശേഷം കമ്മ്യൂണിസ്റ്റുകള്‍ മാളത്തില്‍ നിന്നു പുറത്തിറങ്ങിയിട്ടില്ല. പക്ഷെ നമ്പൂതിരിപ്പാടിന് കേരളം മുഴുവന്‍ നടന്നു പ്രസംഗിക്കാന്‍ ആഭ്യന്തരമന്ത്രി കരുണാകരന്‍ മൈക്ക് അനുവദിക്കുകയും ചെയ്തു. അത്രക്കു ശക്തമായിരുന്നു അന്തര്‍ധാര. എന്നു മാത്രമല്ല വലിയൊരു വിഭാഗം കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും ചേര്‍ന്നായിരുന്നല്ലോ കേരളം ഭരിച്ചിരുന്നത്; ശ്രീമതി ഇന്ദിരക്കു ജയ് വിളിച്ചത്. എന്നിട്ടും അവര്‍ ജനാധിപത്യവാദികളെന്നാണ് അവകാശപ്പെടുന്നത്.
മൊറാര്‍ജി ദേശായിയുടെയും നാനാജി ദേശ്മുഖിന്റെയും അശോക് മേത്തയുടെയും രവീന്ദ്രവര്‍മയുടെയും മറ്റും നേതൃത്വത്തില്‍ സത്യഗ്രഹം നടത്താന്‍ തീരുമാനിച്ചു. അതില്‍ ചേരണമെന്നും കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം കൊടുക്കണമെന്നും പറയാന്‍ കെ. രാമന്‍ പിള്ള ഇഎംഎസിനെ കാണാന്‍ ചെന്നു. കാണണ്ട എന്ന് അച്യുതാനന്ദനും താത്പര്യമില്ലെന്നും നമ്പൂതിരിപ്പാടും പറഞ്ഞു. കേരളത്തിലെ സമരനായകനായ പ്രൊഫ. എം.പി. മന്മഥന്‍ ഇഎംഎസിനെ കണ്ടു. ഒരു സമരത്തിനും ഇല്ലെന്ന് സഖാവ് ഇഎംഎസും കൂട്ടരും. ജനാധിപത്യത്തെ പിന്നില്‍ നിന്നു കുത്തി. നാണംകെട്ട് മന്മഥന്‍ സാര്‍ മടങ്ങി. ദേശാഭിമാനി പത്രവും പാര്‍ട്ടിയും സുഗമമായി സമാധാനത്തോടെ പ്രവര്‍ത്തിച്ചു.
ഇടതുപക്ഷ ഏകോപന സമിതി കണ്‍വീനര്‍ എം.പി. വീരേന്ദ്രകുമാറായിരുന്നു. അദ്ദേഹം അടിയന്തിരാവസ്ഥയുടെ പിറ്റേന്നു തന്നെ നാടുവിട്ടു. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് നേതാവ് ശിവദാസമേനോനെ നാട്ടുകാര്‍ കാണുന്നത് അടിയന്തിരാവസ്ഥ പിന്‍വലിച്ചതിനു ശേഷമാണ്. രാജ്യത്തിന് ഭീഷണി ഉണ്ടായപ്പോള്‍ വിപ്ലവകാരികള്‍ കുണ്ടിലൊളിച്ചു. അധികാരം ആവശ്യമില്ലാത്ത രാഷ്ട്രീയ സ്വയംസേവക സംഘമെ മുന്നിലുണ്ടായിരുന്നുള്ളൂ. ഏതാനും ദിവസം കരുതല്‍ തടങ്കലില്‍ കിടന്ന നമ്പൂതിരിപ്പാട് അവിടെ ജയിലില്‍ സമരം നടത്താന്‍ തുടങ്ങി. അത് ജനാധിപത്യം തിരിയെ കൊണ്ടുവരാനായിരുന്നില്ല; കട്ടിലും തലയിണയും കിട്ടാനായിരുന്നു. എവിടെയാണെങ്കിലും ഉറക്കം നന്നായി കിട്ടണമല്ലോ.
പക്ഷെ അടിയന്തിരാവസ്ഥയുടെ 45 വര്‍ഷങ്ങള്‍ കടന്നു പോകുമ്പോള്‍ ‘മണ്ണും ചാരി നിന്നവന്‍ മാല വാങ്ങാന്‍ നില്‍ക്കുന്നു.’ പിണറായി വിജയന്‍ ഒരു മടിയും കൂടാതെ അത് തെളിയിച്ചിട്ടുണ്ട്. സമരം ഞങ്ങളാണ് നടത്തിയത്. ഞങ്ങള്‍ ജയിലില്‍ വന്നപ്പോള്‍ അഞ്ചാറ് ആര്‍എസ്എസുകാര്‍ അവിടെ ഉണ്ടായിരുന്നു. ഞങ്ങള്‍ വന്നതിനു ശേഷമാണ് എല്ലാവര്‍ക്കും ഉത്സാഹം തന്നെ ഉണ്ടായത്! അടിയന്തിരാവസ്ഥയ്ക്ക് എതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ സത്യഗ്രഹം എന്ന്, എവിടെ വച്ച്, ആരുടെ നേതൃത്വത്തില്‍ നടത്തി? എന്തെങ്കിലും ഒരു രേഖ അവതരിപ്പിക്കാന്‍ പാര്‍ട്ടിക്കു ധൈര്യമുണ്ടോ?
Discussion about this post