സി.എം.രാമചന്ദ്രന്‍
ഓരോ വര്‍ഷവും കോടികള്‍ വനവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നു. എന്നാല്‍ അതിന്റെ ഫലം ഒരിടത്തും കാണുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ സേവാഭാരതി ദേശീയതലത്തില്‍ തന്നെ പദ്ധതി തയ്യാറാക്കി നടപ്പാക്കാന്‍ തുടങ്ങിയിരിക്കുന്നു. കേരളത്തിലും അത് ആരംഭിച്ചുകഴിഞ്ഞു.
ദേശീയ സേവാഭാരതിയുടെ കേരളഘടകം നടപ്പിലാക്കുന്ന സംയോജിത വനവാസി വികാസപദ്ധതിയാണ് വിദ്യാദര്‍ശന്‍. വയനാട്ടിലെ നൂല്‍പ്പുഴ പഞ്ചായത്തിലുള്ള ഗോത്രവര്‍ഗ്ഗ കോളനികളിലും പാലക്കാട്ടെ ഷോളയൂര്‍ പഞ്ചായത്തിലുള്ള അട്ടപ്പാടിയിലുമാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ സാമൂഹ്യ-സാമ്പത്തിക സാഹചര്യം മനസ്സിലാക്കി അവര്‍ക്ക് വിദ്യാഭ്യാസവും പോഷകാഹാര പിന്തുണയും ഉറപ്പുവരുത്തുന്നതിനുള്ള ആറ് പ്രധാന ഘടകങ്ങളാണ് പദ്ധതിയിലുള്ളത്. ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളില്‍ പെട്ട കുട്ടികള്‍ക്ക് പോഷകാഹാര പിന്തുണയും വിദ്യാഭ്യാസ പിന്തുണയും നല്‍കാന്‍ സേവാഭാരതി ഉദ്ദേശിക്കുന്നു. വിദ്യാലയങ്ങളിലെ പരീക്ഷകളിലും ദൈനംദിന ക്ലാസ്സുകളിലും നേരിടുന്ന ദയനീയമായ പ്രകടനം മൂലം ലജ്ജിതരും പരിഹാസ്യരുമായാണ് ഗോത്ര വര്‍ഗ്ഗവിഭാഗങ്ങളിലെ മിക്ക കുട്ടികളും കൊഴിഞ്ഞുപോകുന്നത് (drop out). നിത്യേനയുള്ള പിന്തുണയും ശ്രദ്ധയും നല്‍കുകയാണെങ്കില്‍ അവരില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതിക്ക് രൂപംനല്‍കിയിട്ടുള്ളത്.
ദൈനംദിന ക്ലാസ്സുകളും പോഷകാഹാര പിന്തുണയ്ക്കും പുറമെ വിദ്യാഭ്യാസത്തിനുവേണ്ടി മാസം തോറുമുള്ള പരിശീലന പദ്ധതികള്‍ക്കും കലാപരമായ കൂടിച്ചേരലുകള്‍ക്കുമുള്ള ഘടകങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. രക്ഷിതാക്കള്‍ക്കും ഗോത്രവര്‍ഗ്ഗ സമൂഹത്തില്‍ നിന്നുള്ള സാമൂഹ്യ സമിതി അംഗങ്ങള്‍ക്കുമുള്ള പരിശീലനവും പദ്ധതി വിഭാവനം ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സമൂഹത്തിന്റെ പിന്തുണ ലഭിക്കുന്ന തരത്തില്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഒരു ധാരണ സൃഷ്ടിക്കാന്‍ ഇത് സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു.
മൂന്നു തലത്തിലുള്ള സംഘങ്ങളാണ് പദ്ധതി നിര്‍വ്വഹണത്തില്‍ പങ്കാളികളാകുന്നത്. സംസ്ഥാന തലത്തില്‍ ദേശീയ സേവാഭാരതി രൂപം നല്‍കുന്ന പദ്ധതി നിര്‍വ്വഹണ സംഘമാണ് ആദ്യതലത്തിലുള്ളത്. അട്ടപ്പാടിയിലും നൂല്‍പ്പുഴയിലുമുള്ള ഓരോ പദ്ധതിയുടെയും നിര്‍വ്വാഹക സമിതിയെ അവര്‍ നിരീക്ഷിക്കുകയും പിന്തുണ നല്‍കുകയും ചെയ്യും. നിര്‍വ്വഹണകേന്ദ്രത്തിലുള്ള പദ്ധതി നിരീക്ഷണ സമിതിയില്‍ പ്രാദേശിക സേവാഭാരതി പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തനത്തില്‍ പരിശീലനം ലഭിച്ചിട്ടുള്ള ഒരു പ്രോജക്ട് ഓഫീസറും ഉണ്ടായിരിക്കും. മൂന്നാമത്തെ തലത്തില്‍ ഏഴ് അംഗങ്ങളുള്ള, കോളനി അടിസ്ഥാനമാക്കിയുള്ള ഗോത്രസേവാസമിതി ഉണ്ടായിരിക്കും. ഗോത്രസമിതി യോഗങ്ങളെ പ്രോജക്ട് ഓഫീസര്‍ സംഘടിപ്പിക്കും. കോളനിതലത്തില്‍ പദ്ധതി വിജയപ്രദമാക്കേണ്ടതിന്റെ ഉത്തരവാദിത്തം സമിതിക്കും സേവികയ്ക്കും സംയുക്തമായാണ്.
സേവാഭാരതി ഇത്തരം ആളുകളെ മനസ്സില്‍ കണ്ടുകൊണ്ടാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്.
ഓണ്‍ലൈന്‍, വെര്‍ച്വല്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത ഇത്തരം കുട്ടികളുടെ ആവശ്യങ്ങളെ നിറവേറ്റാനും പദ്ധതി ലക്ഷ്യമിടുന്നു. മലപ്പുറം ജില്ലയില്‍ സംഭവിച്ചതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുഴുവന്‍ സമൂഹവും ഇത്തരം കുട്ടികളെ സഹായിക്കുന്നതിനു വേണ്ടിയുള്ള പദ്ധതികളെ പിന്തുണക്കേണ്ടതാണ്. ഒന്നില്‍ കൂടുതല്‍ ഉപകരണങ്ങള്‍ സ്വന്തമായുള്ളവര്‍ അവയിലൊരെണ്ണം സേവാഭാരതി മുഖേന ആവശ്യമുള്ള കുട്ടികള്‍ക്ക് സംഭാവനയായി നല്‍കണമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികള്‍ക്കുവേണ്ടി ഒരെണ്ണം സ്‌പോണ്‍സര്‍ ചെയ്യാനും അവര്‍ക്കു കഴിയും. സേവാഭാരതി അതിന്റെ സന്നദ്ധ പ്രവര്‍ത്തകരിലൂടെ ഇത്തരം സഹായം ആവശ്യമായ കുട്ടികളുടെ എണ്ണം കൃത്യമായി എടുക്കും. ഈ പദ്ധതി വിജയിപ്പിക്കുന്നതിന് ഉദാരമനസ്‌കരും സമാനഹൃദയരുമായ എല്ലാവരുടെയും നിര്‍ലോപമായ പിന്തുണ സേവാഭാരതി തേടുകയാണ്.
പദ്ധതിയുടെ ഉദ്ദേശ്യങ്ങള്‍
- സമൂഹത്തില്‍ അങ്ങേയറ്റം അരികുവല്‍ക്കരിക്കപ്പെട്ട ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാന്‍ ആവശ്യമായ വിദ്യാഭ്യാസ പിന്തുണ നല്‍കുക.
- തെരഞ്ഞെടുത്ത ഗോത്രവര്‍ഗ്ഗ കോളനികളില്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ, വികസന ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന് സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പദ്ധതി വികസിപ്പിച്ചെടുക്കുക.
- പദ്ധതി പ്രദേശത്തെ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരെ പങ്കാളികളാക്കിക്കൊണ്ട് സാമൂഹ്യ പരിഹാര പഠന സൗകര്യങ്ങള്‍ ഒരുക്കുക.
- തെരഞ്ഞെടുത്ത കുട്ടികളുടെ കഴിവുകള്‍ വികസിപ്പിച്ച് ജീവിതത്തില്‍ അവരെ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാക്കി മാറ്റുന്നതിന് പലതരം പരിശീലന പദ്ധതികള്‍ നടപ്പാക്കുക.
എല്ലാ വ്യക്തികള്‍ക്കും/കൂട്ടായ്മകള്‍ക്കും തുല്യമായ അവസരങ്ങളും അവകാശങ്ങളും നല്‍കി അവരെ പ്രോത്സാഹിപ്പിക്കുക.
വയനാട് ജില്ലയിലെ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലും പാലക്കാട് ജില്ലയിലെ ഷോളയൂര്‍ ഗ്രാമപഞ്ചായത്തിലെ അട്ടപ്പാടിയിലുമുള്ള 30 വീതം ഗോത്രവര്‍ഗ കോളനികളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഗോത്രവര്‍ഗ കോളനിയായി ഗ്രാമപഞ്ചായത്ത് അംഗീകരിച്ച ഇത്തരം പ്രദേശങ്ങള്‍ കണ്ടെത്തുകയാണ് ആദ്യപടി. കോളനിയില്‍ 25 കുടുംബങ്ങള്‍ ഉണ്ടായിരിക്കണം. 9നും 18നും ഇടയില്‍ പ്രായമുള്ള 15 കുട്ടികള്‍ ഉണ്ടായിരിക്കണം. കോളനിയില്‍ എത്താനുള്ള ചുരുങ്ങിയ സൗകര്യം ഉണ്ടായിരിക്കണം.
തുടര്‍ന്ന് ഓരോ കോളനിയിലും ഒരു ഗോത്ര സേവാ സമിതിക്ക് രൂപം നല്‍കുന്നു. കോളനിയിലെ പ്രാദേശിക നേതാക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവരെ സമിതി അംഗങ്ങളാക്കാം. കുട്ടികളുടെ സമഗ്ര വികാസത്തിനാവശ്യമായ സാമൂഹ്യ പങ്കാളിത്തം ഉറപ്പുവരുത്തുകയും പദ്ധതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യേണ്ടത് ഗോത്ര സേവാ സമിതിയാണ്. സമിതിയില്‍ വിവിധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഏഴ് അംഗങ്ങള്‍ ഉണ്ടായിരിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഗോത്ര സേവികമാരെ നിയോഗിക്കുന്നതാണ്.
പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍ ഇവയാണ്. 1. സാമൂഹ്യ അധ്യാപന പദ്ധതി. 2. പഠനസാമഗ്രി വിതരണം. 3. പോഷകാഹാര വിതരണം. 4. സാമൂഹ്യ ഗ്രന്ഥാലയ കേന്ദ്രം. 5. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ പദ്ധതി. 6. രക്ഷിതാക്കള്‍ക്കുള്ള പരിശീലന പദ്ധതി. 7. വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലന പദ്ധതി.
ഗോത്രവര്‍ഗ മേഖലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസം നല്‍കി ജീവിതത്തില്‍ ശരിയായ ലക്ഷ്യത്തിലെത്തിച്ചേരാന്‍ അവരെ സഹായിക്കാനാണ് വിദ്യാദര്‍ശനിലൂടെ സേവാഭാരതി ഉദ്ദേശിക്കുന്നത്. ഇതിന്റെ ഒരു തുടക്കമായി ചില പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കുകയാണ് പ്രാഥമിക തലത്തില്‍ ഉടനെ ചെയ്യുന്നത്. ആയിരം വിദ്യാര്‍ത്ഥികളെ ആദ്യഘട്ടത്തില്‍ ഈ പദ്ധതിയില്‍ പങ്കാളികളാക്കാനും പഠനത്തില്‍ അവര്‍ കൊഴിഞ്ഞു പോകില്ലെന്ന് ഉറപ്പുവരുത്താനുമാണ് സേവാഭാരതി ശ്രമിക്കുന്നത്.
Discussion about this post