ദേശചരിത്രം വസ്തുനിഷ്ഠമായിരിക്കണം. ഊഹാപോഹങ്ങളോ സങ്കല്‍പങ്ങളോ അതില്‍ സ്ഥാനം പിടിക്കരുത്. ചരിത്രം പിന്‍തലമുറയ്ക്ക് താരതമ്യ വിവേചനത്തിനുള്ള ഉപാധി മാത്രമാണ്. എന്നാല്‍ ഇതിനെതിരായി പലരും പ്രവര്‍ത്തിച്ചുകാണുന്നു. രാഷ്ട്രീയമോ സാമ്പ്രദായികമോ ആയ താത്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് മന:പൂര്‍വം ചിന്തിക്കുന്ന ചില ചരിത്രകാരന്മാര്‍ വസ്തുതകള്‍ വളച്ചൊടിക്കുന്നു; ദുര്‍വ്യാഖ്യാനം ചെയ്യുന്നു. കൃത്രിമ രേഖകള്‍ സൃഷ്ടിക്കുന്നു.
ചരിത്രം ഒരിക്കലും ആവര്‍ത്തിക്കുന്നില്ല. പക്ഷേ, ചരിത്രം നല്‍കുന്ന പാഠങ്ങള്‍ വിലപ്പെട്ടതാണ്. ഈ പാഠങ്ങള്‍ ഇന്നലെകളിലെ നമ്മുടെ തെറ്റുകുറ്റങ്ങളെ കണ്ടെത്തുവാനും അവയെ തിരുത്തി മുന്നേറുവാനും സഹായകമാകും. ഒപ്പം ഇന്നലെകളിലെ നേട്ടങ്ങളിലൂറ്റം കൊള്ളുകയുമാവാം. പ്രശസ്ത ആര്ഡക്കിയോളജിസ്റ്റായ കെ.കെ. മുഹമ്മദ് പറയുന്നു: ‘മധ്യഭരണകാലത്തെ മുസ്ലീം രാജാക്കന്മാര്‍ക്ക് തെറ്റുപറ്റിയെന്ന് പറയാന്‍ മുസ്ലീങ്ങളും ചരിത്രത്തില്‍ പിണഞ്ഞ തെറ്റുകള്‍ പൊറുക്കാന്‍ ഹിന്ദുക്കളും തയ്യാറായാല്‍ മാത്രമേ രാഷ്ട്രവികസനം സുഗമമാവുകയുള്ളൂ’. (കെ.കെ. മുഹമ്മദ്, ഞാനെന്ന ഭാരതീയന്‍, കോട്ടയം, 2015, പുറം 104). ഇതാണ് പരിഷ്‌കൃത സമൂഹങ്ങള്‍ക്ക് അഭികാമ്യമായത്. എല്ലാ പരിഷ്‌കൃത സമൂഹങ്ങളും ഇന്നോളം അവലംബിച്ചുപോരുന്ന രീതിശാസ്ത്രവും ഇതുതന്നെ. ഈ വിശിഷ്ട മാതൃകകളുടെ ഉത്തമ ദൃഷ്ടാന്തമാണ് ആധുനിക ജര്‍മനിയും ജപ്പാനും ഇറ്റലിയും ഒക്കെ. ലോകമഹായുദ്ധകാലത്ത് നാസിപട നടത്തിയ ജൂതഹത്യക്കു നേരെ കണ്ണടവച്ച വത്തിക്കാന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് 1998ല്‍ ഇസ്രായേലിനോട് പരസ്യമായി മാപ്പ് പറയാന്‍ തയ്യാറായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ചരിത്രം നല്‍കിയ പാഠങ്ങളും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ ആവശ്യകതയും ഉള്‍ക്കൊണ്ടുതന്നെയാണ് എന്നതിന് സംശയം വേണ്ട. പകരം ഇന്നലെകളിലെ സമൂഹത്തിന്റെ തെറ്റുകുറ്റങ്ങള്‍ക്ക് ന്യായീകരണങ്ങള്‍ കണ്ടെത്താനാണ് ചരിത്രത്താളുകളെ ഇന്ന് ചില കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നത്. അത്തരത്തില്‍ 1836 മുതല്‍ 1921 വരെയുള്ള 85 വര്‍ഷക്കാലത്ത് മലബാറില്‍ നടന്ന ഏതാണ്ട് നാല്‍പത്തിമൂന്നിലധികം വരുന്ന ചെറുതും വലുതുമായ വര്‍ഗീയ ലഹളകളെ (മാപ്പിള കലാപം) മഹത്വവല്‍ക്കരിച്ച് താത്കാലികമായ രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി സ്വാതന്ത്ര്യ സമരങ്ങളും കര്‍ഷക സമരങ്ങളും ഒക്കെയാക്കി മാറ്റിയാല്‍ ഇന്നലെകളിലെ തെറ്റുകള്‍ ന്യായീകരിക്കപ്പെടുകയാകും ഫലം. അത് രാഷ്ട്രനന്മയ്ക്ക് അനുഗുണമാവില്ലതാനും. നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ അമരക്കാരനും തികഞ്ഞ ഗാന്ധിയനുമായ കെ. കേളപ്പന്‍ 1921ലെ (അവസാനത്തെ) മാപ്പിള കലാപത്തെക്കുറിച്ച് കെ. മാധവന്‍ നായര്‍ എഴുതിയതും 1971ല്‍ പ്രസിദ്ധീകരിച്ചതുമായ ‘മലബാര്‍ കലാപം’ എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിന് ഇങ്ങിനെ തുടക്കം കുറിക്കുന്നു: ‘ദേശചരിത്രം വസ്തുനിഷ്ഠമായിരിക്കണം. ഊഹാപോഹങ്ങളോ സങ്കല്‍പങ്ങളോ അതില്‍ സ്ഥാനം പിടിക്കരുത്. ചരിത്രം പിന്‍തലമുറയ്ക്ക് താരതമ്യ വിവേചനത്തിനുള്ള ഉപാധി മാത്രമാണ്. എന്നാല്‍ ഇതിനെതിരായി പലരും പ്രവര്‍ത്തിച്ചുകാണുന്നു. രാഷ്ട്രീയമോ സാമ്പ്രദായികമോ ആയ താത്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് മന:പൂര്‍വം ചിന്തിക്കുന്ന ചില ചരിത്രകാരന്മാര്‍ വസ്തുതകള്‍ വളച്ചൊടിക്കുന്നു; ദുര്‍വ്യാഖ്യാനം ചെയ്യുന്നു. കൃത്രിമ രേഖകള്‍ സൃഷ്ടിക്കുന്നു’. ഈ പ്രസ്താവ്യത്തിന്റെ പശ്ചാത്തലത്തില്‍ മലബാറിലെ മാപ്പിള കലാപങ്ങളെക്കുറിച്ച് മൊത്തത്തിലും 1921ലെ കലാപത്തെക്കുറിച്ച് പ്രത്യേകിച്ചും ഉള്ള യഥാര്‍ഥ വസ്തുതകള്‍ കണ്ടെത്തേണ്ടതുണ്ട്. അതാണ് ഈ പരിശ്രമം കൊണ്ട് വിവക്ഷിക്കുന്നത്. പ്രത്യേകിച്ചും ഭാരതചരിത്രത്തിനേറ്റ കളങ്കത്തിന്റെ നൂറാം വര്‍ത്തിനടുത്തെത്തുന്ന അവസരത്തില്‍ ഒരു പുനഃപരിശോധന അനിവാര്യമാണ് എന്നു കരുതുകയും ചെയ്യുന്നു.
മലബാറിലെ മാപ്പിള- ഹിന്ദു ബന്ധം മുറിഞ്ഞതെവിടെ?
മലബാറിന് ഒരു മതസൗഹാര്‍ദത്തിന്റേതായ നല്ല ഇന്നലെകളുണ്ടായിരുന്നു. ഒമ്പതാം നൂറ്റാണ്ടിനുശേഷം അറബി കച്ചവടക്കാരോടൊപ്പം ഇവിടെ എത്തിയ ഇസ്ലാമിനെ രാജക്കന്മാരും ഹിന്ദു സമൂഹവും രണ്ടു കൈകളും നീട്ടിയാണ് സ്വീകരിച്ചതെന്ന് ചരിത്രം സാക്ഷീകരിക്കുന്നുണ്ട്. (കേരള മുസ്ലീം ഡയറക്ടറി, പുറം 123 & കെ. മാധവന്‍ നായര്‍, മലബാര്‍ കലാപം, പുറം 13). മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ പറയുന്നുണ്ട്, ഹിന്ദുക്കളായ മീന്‍പിടിത്തക്കാരുടെ കുടുംബങ്ങളില്‍ നിന്നും ഒന്നോ അതിലും അധികമോ പുരുഷന്മാര്‍ മുഹമ്മദീയ മതം സ്വീകരിക്കണം എന്ന് സാമൂതിരിമാരുടെ ശാസനം ഉണ്ടായിരുന്നു എന്ന്. (മലബാര്‍ മാന്വല്‍ ‘മലയാളം പതിപ്പ്, പുറം 210, 211). ഇങ്ങിനെയൊക്കെയ ആയിരുന്ന മലബാര്‍ 1836 മുതല്‍ എങ്ങിനെയാണ് മൃഗീയമായ വര്‍ഗീയ കലാപങ്ങളുടെ നാടായി മാറിയതെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. 1921ലെ കലാപ കാലത്തുപോലും ഈ സാമൂഹ്യ സൗഹാര്‍ദത്തിന്റെ വറ്റിവരളാത്ത നീരുറവുകളുണ്ടായിരുന്നു എന്ന വാസ്തവം ഇവിടെ വിസ്മരിക്കുന്നില്ല. ‘വളരെ നിരപരാധികളെ ഉപദ്രവിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന കൂട്ടത്തില്‍ തങ്ങള്‍ക്ക് സ്‌നേഹവും ബഹുമാനവും ഉള്ള ഹിന്ദുക്കളെ ഉപദ്രവിച്ചിട്ടുണ്ടായിരുന്നില്ല (കെ. മാധവന്‍ നായര്‍ പുറം 21). ഇതിനു സമാനമായ കഥകള്‍ മോഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് ‘ഖിലാഫത്ത് സ്മരണിക’യില്‍ (1965) പ്രതിപാദിച്ചിട്ടുണ്ട്. പക്ഷേ ഇതിനു വിപരീതമായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 1851ലെ കുളത്തൂര്‍ ലഹളയില്‍ കുളത്തൂര്‍ വാരിയത്തെ 79കാരനായ മൂപ്പില്‍ വാര്യരെ ഒളിപ്പിച്ചിരുത്തുന്ന സ്ഥലം ലഹളക്കാര്‍ക്ക് കാണിച്ചുകൊടുത്ത് അദ്ദേഹത്തെ വകവരുത്തിയതിനു പിന്നില്‍ വാരിയര്‍ മകനു തുല്യമായി സ്‌നേഹിച്ച് ചെറുപ്പം മുതല്‍ വളര്‍ത്തിയ മാപ്പിള ആയിരുന്നു (കെ. മാധവന്‍ നായര്‍, പുറം 27).
മലബാറിലെ മാപ്പിള- ഹിന്ദു ബന്ധം മുറിഞ്ഞതിന്റെ മൂലകാരണങ്ങള്‍ തേടിയുള്ള അന്വേഷണത്തിനിടയില്‍ മലബാറിലെ ശബ്ദം നഷ്ടപ്പെട്ട സമാധാനപ്രിയരായിരുന്ന ഒരു മുസ്ലീം സമൂഹം അക്കാലങ്ങളില്‍ ഉണ്ടായിരുന്നു എന്നു പറയാന്‍ വേണ്ടികൂടിയാണ് അന്യത്ര നടത്തയ പരാമര്‍ശങ്ങള്‍. കടലില്‍ പറങ്കികളുമായും ഡച്ചുകാരുമായും മത്സരിച്ചു വിജയിക്കാനാവാതെ വന്നപ്പോള്‍ കൃഷിവൃത്തിയിലേര്‍പ്പെട്ട് ജന്മിമാരും പ്രഭുക്കന്മാരും ആയി മാറിയ മാപ്പിളമാര്‍ കണ്ണൂരിലെ ആലി രാജാവുമായി ചേര്‍ന്ന് ഹൈദരാലിയെ കേരളത്തിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. 12000 ഭടന്മാരുമായി കണ്ണൂരിലെത്തിയെ ഹൈദരുടെ സേനാനായകരെ ആയുധധാരികളായ മാപ്പിള പടയാളികളും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് ഹര്‍ഷാരവത്തോടെ സ്വീകരിച്ചതായി അറക്കല്‍ കൊട്ടാര രേഖകളിലും തലശേരി ഫാക്ടറി ഡയറി രേഖകളിലും പറയുന്നുണ്ട്. ആലി രാജായുടെ ആള്‍ക്കാര്‍ പടയോട്ടം കണ്ട് ഭയന്നോടിയ ഹിന്ദുക്കളുടെ മേല്‍ ഭീകരവാഴ്ച നടത്തിയിരുന്നതായി വില്യം ലോഗന്‍ പറയുന്നു (മലബാര്‍ മാന്വല്‍, പുറം 447). മലബാറിലെ ഹിന്ദുക്കള്‍ക്ക് ഹൈദറിന്റെയും മകന്‍ ടിപ്പുവിന്റെയും പടയോട്ടങ്ങള്‍ അതിഭയാനകങ്ങളായ അനുഭവങ്ങളുടേത് ആയിരുന്നുവെന്ന് ഹെര്‍മിയോണ്‍ ഡി. അല്‍മേഡയും ജോര്‍ജ് എച്ച്. ഗില്‍പിനും കൂടി എഴുതിയ ‘ഇന്ത്യന്‍ റിനയസന്‍സ്: ബ്രിട്ടീഷ് റൊമാന്റിക് ആര്‍ട്‌സ് ആന്‍ഡ് പ്രോസ്പക്ടസ്’ (2005 പുറം 158) എന്ന പുസ്തകത്തില്‍ ബ്രിട്ടീഷ് നേവല്‍ ഓഫീസര്‍ ഡോണാള്‍ഡ് ക്യാംപെല്ലിനെ ഉദ്ധരിച്ചുകൊണ്ട് പറയുന്നുണ്ട്. പ്രസ്തുത പുസ്തകം ടിപ്പുവിനെ ‘ക്രൂരനും ബഹുമാന്യനുമായ പിതാവിന്റെ അതിക്രൂരനായ പുത്രന്‍’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. തുടര്‍ന്നു പറയുന്നു, ‘ടിപ്പു പൂര്‍ണമായും നിഷ്ഠുരനായിരുന്നു; ക്രൂരത ഇയാളുടെ ആത്മസ്വഭാവം മാത്രം ആയിരുന്നില്ല, എല്ലാ നടപടികളുടെയും വഴികാട്ടിയും, നയങ്ങളുടെ ചാലകശക്തിയും, പൊതുപ്രവര്‍ത്തനത്തിന്റെ നിയമവും ഒപ്പം ആനന്ദാനുഭൂതിയുടേതും കൂടിയായിരുന്നു.’ (പുറം 158). സൂക്ഷ്മമായി പരിശോധിച്ചാല്‍ ഹൈദറിന്റെയും ടിപ്പുവിന്റയും ഭരണപരിഷ്‌കാരങ്ങളുടെ ലക്ഷ്യം പ്രജാക്ഷേമത്തേക്കാളേറെ മലബാറിലെ മാപ്പിള- ഹിന്ദു ബന്ധങ്ങളുടെ ശിഥിലീകരണം ആയിരുന്നു എന്നു മനസിലാക്കാം. ഇതവരുടെ സാമ്രാജ്യ മോഹങ്ങളുടെ സാക്ഷാത്കാരത്തിന് അനുഗുണമാവുമെന്ന് അവര്‍ കരുതുകയും ചെയ്തു. ചുരുക്കത്തില്‍ ഇന്ത്യാ ചരിത്രത്തിലെ ടിമൂറിന്റെയും ചെങ്കിസ്ഖാന്റെയും യുദ്ധമുന്നേറ്റത്തെ അനുസ്മരിപ്പിക്കുന്ന ഒന്നായിരുന്നു ടിപ്പുവിന്റെ ആഗമനം കൊണ്ട് കേരളത്തിന് അനുഭവപ്പെട്ടത്. (പി.എ. സെയ്തുമുഹമ്മദ്, കേരള മുസ്ലീം ചരിത്രം, പുറം 199). കേരളത്തെ സംബന്ധിച്ചിടത്തോളം ടിപ്പുവിന്റെ നാമം മതപരമായ അസഹിഷ്ണുതയുടെയും ക്രൂരതയുടെയും കൂടി പര്യായമാണ്. മലബാറിലെ മാപ്പിള പടയാളികളുടേതില്‍ നിന്ന് ഏറെ വിഭിന്നമായിരുന്നു തിരുവിതാംകൂറിലെ മുസ്ലീം പടയാളികളുടെ മനോഭാവം. ഇതുപറഞ്ഞാല്‍ മാത്രമേ ആലി രാജാവിന്റെയും മാപ്പിള പടയാളികളുടെയും കാപട്യം മനസിലാകൂ. എന്നാല്‍ തിരുവിതാംകൂറിലെ മുസ്ലീം പടയാളികള്‍ ആക്രമണകാരികളായി സ്വദേശത്ത് എത്തുന്ന അധികാരവര്‍ഗങ്ങളോട് ഒരുവിധ മതപരിഗണനകളും കാണിച്ചിരുന്നില്ല. പി. ശങ്കുണ്ണി മേനോന്‍ തിരുവിതാംകൂര്‍ ചരിത്രത്തില്‍ തിരുവിതാംകൂറിലെ മുസ്ലീം പടയാളികളുടെ ഈ മനോഭാവം വ്യക്തമാക്കിയിട്ടുണ്ട്. 1680ല്‍ മുഗള്‍ സൈന്ം തിരുവിതാംകൂറിനെ ആക്രമിച്ചു പിടിച്ചടക്കി. അതിനുശേഷം പടയെ നയിച്ച മുഗള്‍ സൈന്യാധിപന്‍ (സദാര്‍ ഖാന്‍) തിരുവിതാംകൂറിനെ സനപൂര്‍ണമായി ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുകൊണ്ടുള്ള വിളംബരം ഇറക്കി. പക്ഷേ തിരുവിതാംകൂറിലെ ഭരണാധികാരിയായിരുന്ന റാണിയുടെ മുസ്ലീം പടയാളികളൊന്നായി ചേര്‍ന്ന് സര്‍ദാര്‍ ഖാന്റെ മേല്‍ സമ്മര്‍ദം ചെലുത്തുകയും, അയാളെ ഈ വലിയ സംസ്‌കാരഹത്യയില്‍ നിന്നും പിന്തിരിപ്പിക്കുകയും ചെയ്തതായി പി. ശങ്കുണ്ണി മേനോന്‍ പറയുന്നുണ്ട്. (പി. ശങ്കുണ്ണി മേനോന്‍, തിരുവിതാംകൂര്‍ ചരിത്രം, പുറം 87,88).
മൈസൂര്‍ സുല്‍ത്താന്മാരുടെ ആക്രമണവും ആലി രാജാവിന്റെയും തദ്ദേശിയരായ മുസ്ലീം സമൂഹങ്ങളുടെയും കൂറുമാറ്റവും ആയിരുന്നില്ലേ മലബാറിലെ മാപ്പിള- ഹിന്ദു ബന്ധം വേര്‍പിരിഞ്ഞതിന്റെ തുടക്കം? തുടര്‍ന്ന് കോട്ടയം രാജാവിന്റെ മാപ്പിള പടയാളികളും കണ്ണൂരിന്റെ പാത സ്വീകരിച്ച് ഹൈദരാലിയോട് കൂറ് പ്രഖ്യാപിച്ചു. (മലബാര്‍ മാന്വല്‍, പുറം 448). കണ്ണൂരിലെ മാപ്പിളമാരുടെ അന്ധമായ മതസ്‌നേഹത്തിലൂടെ ധീരന്മാരും കടല്‍ യോദ്ധാക്കളുമായ മലബാര്‍ മുസ്ലീങ്ങളുടെ സഹായം നിഷ്പ്രയാസം മൈസൂറിനു ലഭിച്ചതായി പി.എ. സെയ്ത് മുഹമ്മദ് (കേരള മുസ്ലീം ചരിത്രം, 1961, പുറം 180) പറയുന്നു. മലബാറിലെ പ്രബലമായ ഒരു രാജ്യമായിരുന്നു പഴശ്ശിയുടെ കോട്ടയം. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആയിരം യൂറോപ്യന്‍ പടയാളികളെയും രണ്ടായിരം ഇന്ത്യന്‍ ശിപായികളെയും വയനാടന്‍ മലനിരകളില്‍ നിലംപരിശാക്കിയ ശക്തിയായിരുന്നു പഴശ്ശി രാജാവ്. പഴശ്ശി രാജാവിന്റെ സൈനിക രഹസ്യങ്ങള്‍ ഫ്രഞ്ച് സൈന്യത്തലവനായ മാന്‍ ഗലോണുമായി ടിപ്പു പങ്കുവച്ചിരുന്നതായി ഫ്രഞ്ച് സൈനിക രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ഇത് ടിപ്പു എന്ന ധീരദേശാഭിമാനിയുടെ നായക പരിവേഷത്തെ സംശയത്തിന്റെ നിഴലിലാക്കുന്നില്ലേ?
മൈസൂര്‍ സുല്‍ത്താന്മാരുടെ ആക്രമണങ്ങളെ ന്യായീകരിച്ചുകൊണ്ട് കെ.കെ.എന്‍. കുറപ്പ് പറയുന്നു, ‘ മലബാറിലെ കാര്‍ഷിക മേഖലയില്‍, പ്രത്യേകിച്ചും ഭൂ ഉടമകളുടെയും അടിയാന്മാരുടെയും ഉത്പാദന ബന്ധങ്ങളില്‍, വലിയ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച ഒന്നായിരുന്നു മൈസൂര്‍ ഭരണകാലം. ഉത്പാദകരും ഉത്പനോപാധികളുടെ ഉടമകളും തമ്മില്‍ പലപ്പോഴും വര്‍ഗസമരങ്ങള്‍ ഉടലെടുത്തു.’ (മലബാര്‍ കലാപം, ചരിത്രവും പ്രത്യയശാസ്ത്രവും, ചിന്ത പ്രസിദ്ധീകരണം, കോഴിക്കോട്, 1991, പറം 70). ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത ഭൂ ഉടമകളായ സവര്‍ണ ഹിന്ദുക്കള്‍ക്ക് എല്ലാ പദവികളും അവകാശങ്ങളും പൂര്‍വകാല പ്രാബല്യത്തോടെ പുനര്‍സ്ഥാപിച്ചു കൊടുക്കുന്നതായിരുന്നോ മൈസൂര്‍ ഭരണം നടപ്പിലാക്കിയ ഭൂ ഉടമകളുടെയും അടിയാന്മാരുടെയും ഉത്പാദനബന്ധങ്ങളില്‍ ഉണ്ടാക്കിയതായി പറയുന്ന വലിയ പരിവര്‍ത്തനങ്ങള്‍? 19, 20 നൂറ്റാണ്ടുകളിലെ മാപ്പിള കലാപങ്ങള്‍ കലുഷിതമാക്കിയ ഏറനാട്- വള്ളുവനാട് താലൂക്കുകളിലെ എട്ടു മുസ്ലീം ജന്മിമാരും ബാക്കി 94 ജന്മിമാരും (മലബാര്‍ കലാപം, ചരിത്രവും പ്രത്യയശാസ്ത്രവും, പുറം 47) തമ്മില്‍ ജന്മി പാട്ടക്കാരന്‍ ബന്ധങ്ങളില്‍ എന്തായിരുന്നു അന്തരം? കലാപങ്ങളില്‍ ബലിദാനികളായ ചെറുമന്മാരും ജന്മിമാരോ അതോ വെറും പാട്ടക്കാരന്മാരോ ആയിരുന്നുവോ? കെ.കെ.എന്‍. കുറുപ്പ് പറയുന്ന മൈസൂര്‍ സുല്‍ത്താന്മാര്‍ ആരംഭിച്ച ഭൂ ഉടമകളുടെയും അടിയാന്മാരുടെയും ഉത്പാദന ബന്ധങ്ങളിലെ വലിയ പരിവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനിയും 1836- 1852 കാലത്തും തുടര്‍ന്നുപോന്നത്. വില്യം ലോഗനെ (1887) ഉദ്ധരിക്കാം: ‘മലബാര്‍ ജില്ലയുടെ റവന്യൂ (നികുതി) പിരിവ് വ്യവസ്ഥ തുടക്കത്തില്‍ മൈസൂര്‍ ഭരണാധികാരികളുടെ കീഴിലായിരുന്നു ‘റയിത്ത്‌വാരി’ എന്ന പേരില്‍. ഇക്കാലത്തും അത് വളരെയെല്ലാം അങ്ങിനെത്തന്നെ തുടരുന്നു. (വില്യം ലോഗന്‍, മലബാര്‍ പ്രവിശ്യ, കോഴിക്കോട്, 2008, പുറം 210). മൈസൂര്‍ ഭരണകാലം പോലെയുണ്ടായിരുന്ന ഇക്കാലത്തെ കലാപങ്ങള്‍ തീര്‍ച്ചയായും കമ്പനിയുടെ ഭൂനയങ്ങളുടെ പേരിലായിരുന്നു എന്നു പറയുന്നതിന്റെ സാംഗത്യം എന്താണ്? സമാനമായ ഭൂബന്ധങ്ങളായിരുന്നില്ലേ കമ്പനിയുടെ ഇതരപ്രവിശ്യകളിലും? വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ വ്യക്തമായി പറയുന്നുണ്ട്, ടിപ്പു സുല്‍ത്താനാണ് നൂറ്റാണ്ടുകളായി മലബാറില്‍ കൂടിക്കൊണ്ടിരുന്ന നായര്‍- മാപ്പിള സൗഹൃദം നശിപ്പിച്ചതെന്ന്. (മാന്വല്‍, പുറം 515, 529). ഈ സത്യം വിസ്മരിച്ചുകൊണ്ട് ഇതഃപര്യന്തം ഉണ്ടായിട്ടുള്ള മാപ്പിള കലാപങ്ങളെ പഠിക്കന്നതിലര്‍ഥമില്ല.
1836 മുതല്‍ 1921 വരെ നടന്ന മാപ്പിള കലാപങ്ങളില്‍ ഏതൊക്കെയായിരുന്നു ഉത്പാദകരും ഉത്പാദന ഉപാധികളുടെ ഉടമകളും തമ്മില്‍ നടന്ന വര്‍ഗസമരങ്ങള്‍? ഉത്പാദകരും ഉത്പാദനോപാധികളുടെ ഉടമകളും തമ്മില്‍ ബ്രിട്ടീഷ് ഭാരതത്തിലെല്ലായിടത്തേയും ബന്ധങ്ങള്‍ ഒരുപോലെ ആയിരുന്നിട്ടും അവിടങ്ങളിലൊന്നിലും മലബാറിലേതുപോലെ ഹിന്ദുക്കള്‍ വേട്ടയാടപ്പെട്ടില്ലല്ലോ? അങ്ങിനെയുള്ള നിരവധി ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. തിരുവിതാംകൂറില്‍ നിലവിലുണ്ടായിരുന്ന ‘മുക്കൂര്‍ ദേഹണ്ഡങ്ങള്‍’ മലബാറിലെ ഭൂ ബന്ധങ്ങള്‍ക്കു സമാനമായിരുന്നു. എന്തുകൊണ്ട് തിരുവിതാംകൂറിലേതുപോലെ ‘കാര്‍ഷിക ലഹള’ ഉണ്ടായില്ല? അതിന്റെ ഉത്തരം അന്യത്ര സൂചിപ്പിച്ചിട്ടുണ്ട്. ഇവിടെ ടിപ്പു വന്നില്ല. (പി. ശങ്കുണ്ണി മേനോന്‍, തിരുവിതാംകൂര്‍ ചരിത്രം, പുറം 87,88). ഹൈദറും ടിപ്പുവും ആണ് മലബാറിന്റെ മണ്ണില്‍ മതവൈര്യത്തിന്റെ കാളകൂടങ്ങള്‍ ഒഴുക്കിയത്. (മലബാര്‍ മാന്വല്‍, പുറം 515, 529). അതുകൊണ്ടല്ലേ ഈ മാപ്പിള കലാപങ്ങള്‍ക്ക് മലബാര്‍ സാക്ഷിയാകേണ്ടി വന്നതും? ഇന്ന് ആ കാളകൂടം കേരളം ആകെ പരന്നിരിക്കുന്നു. കാരണം നമ്മുടെ കപട സെക്യുലര്‍ ചരിത്രകാരന്മാര്‍ ആരേയോ ഒക്കെ തൃപ്തിപ്പെടുത്താനായി ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും മതഭ്രാന്തിനും വീരപരിവേഷം ചാര്‍ത്തി നല്‍കാനുള്ള വ്യഗ്രത അഥവാ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരുടെ അപകടകരമായ വെള്ള പൂശാനുള്ള ശ്രമം തന്നെയല്ലേ ഇതും? ഇനിയും 1989ല്‍ പുറത്തിറങ്ങിയ, അലിഗാര്‍ ജെഎന്‍യു ചരിത്രകാരനായ കെ.എന്‍. പണിക്കരുടെ മലബാറിലെ മാപ്പിള കലാപങ്ങള്‍ക്ക് കാര്‍ഷിക ലഹള പരിവേഷം ചാര്‍ത്തിക്കൊണ്ടുള്ള ആത്മനിഷ്ഠമായ രചനയായ ‘എഗെന്‍സ്റ്റ് ലോഡ് ആന്‍ഡ് സ്‌റ്റേറ്റ്: റിലിജന്‍ ആന്‍ഡ് പെസന്റ് അപ്‌റൈസിംഗ് ഇന്‍ മലബാര്‍ 1836’ 1921നെ പരിശോധിക്കാം. 1836 മുതല്‍ തുടങ്ങിയതും ഏതാണ്ട് 1921 ഓടുകൂടി പരിസമാപ്തി ആയി എന്നു വിശ്വസിക്കാവുന്നതുമായ 43 മാപ്പിള കലാപങ്ങള്‍, ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഉണ്ടായ സായുധ പോരാട്ടങ്ങളാണെന്നാണ് ഈ ചരിത്രകാരന്‍ പ്രസ്തുത പുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ സമരങ്ങള്‍ നടത്തിയ നമ്മുടെ നാഗലന്‍ഡുകാരെ കടത്തിവെട്ടി മലബാറിലെ മാപ്പിള കലാപകാരികള്‍ക്ക് ഭാരത സ്വാതന്ത്ര്യ സമരചരിത്രത്തിലിടം നേടി കൊടുക്കുന്നതില്‍ ഗ്രന്ഥകാരനൊരു വിജയമാണെന്നു പറയാതെ വയ്യ. ഈ ശ്രേഷ്ഠനായ ചരിത്രകാരന്‍ ഏറനാട്ടിലെ വെറും പാട്ടക്കാരായ മാപ്പിളമാരുടെ സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചു മാത്രമായി അന്വേഷണം ചുരുക്കിയിരിക്കുന്നു. (എഗെന്‍സ്റ്റ് ലോഡ് ആന്‍ഡ് സ്‌റ്റേറ്റ്, പുറം 7’48). എന്നാലിവിടുത്തെ ദരിദ്രരരും വെറും പാട്ടക്കാരുമായ ഹിന്ദുക്കളുടെ കാര്യം മറന്നിരിക്കുന്നു. സാമ്പത്തിക ബന്ദങ്ങളില്‍ അധിഷ്ഠിതമായിരുന്ന കലാപമെങ്കില്‍ എന്തുകൊണ്ട് ലഹള തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ 300 ഹിന്ദുക്കളെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കു വിധേയരാക്കി. (സി.എ. ഇന്നസ്, മലബാര്‍ ഡിസ്ട്രക്ട് ഗസറ്റിയര്‍ 1951, പുറം 8). 1921ലെ ലഹള ആരംഭിച്ചതുപോലും തിരൂരങ്ങാടിപ്പള്ളി പട്ടാളക്കാര്‍ തകര്‍ത്തു എന്ന കിംവദന്തിയുടെ പേരിലായിരുന്നു. ലഹള ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞല്ലേ പട്ടാളം എത്തിയത്? സാമ്പത്തിക ബന്ധങ്ങളിലധിഷ്ഠിതമായിരുന്നു കലാപമെങ്കില്‍ എന്തുകൊണ്ട് മാപ്പിളമാരായ ധനികരെ കലാപകാരികളായ മാപ്പിളമാര്‍ ആക്രമിച്ചില്ല? ശ്രേഷ്ഠനായ ഈ ചരിത്രകാരന്‍ പ്രധാനപ്പെട്ട പല ചോദ്യങ്ങളില്‍ നിന്നും വഴിമാറിയത് കൃത്യമായ അജണ്ടയുടെ ഭാഗമായാണ്. ഈ ലഹളകള്‍ ഒരു മാപ്പിള സ്ഥാനിനു വേണ്ടി ആയിരുന്നു എന്ന യാഥാര്‍ഥ്യം വിസ്മരിച്ചിട്ടു കാര്യമില്ല. ഭാരത വിഭജന കാലത്ത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ മാപ്പിളസ്ഥാന് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. പിന്നീടാണ് ‘കേരളം മലയാളികളുടെ മാതൃഭൂമി’യായത്. തുടര്‍ന്ന് അവര്‍ക്ക് മാപ്പിള ലഹളകള്‍ കര്‍ഷക ലഹളയും സ്വാതന്ത്ര്യസമരവുമൊക്കെയായി മാറി. കമ്മ്യൂണിസ്റ്റുകളുടെ ഈ നിലപാടാണ് രാഷ്ട്രസ്‌നേഹികളുടെ പ്രതിഷേധങ്ങളെ വകവയ്ക്കാതെ മലപ്പുറം ജില്ല സൃഷ്ടിയോളം എത്തിയത്. ലോകമഹായുദ്ധത്തിലൂടെ ബ്രിട്ടീഷ് സൈന്യത്തെ ജര്‍മനി നശിപ്പിച്ചു എന്ന ധാരണയായിരുന്നു ലഹളക്കാരെ ഇളക്കിവിട്ട മൗലിമാരുടെയും ഹാജിമാരുടെയും തങ്ങള്‍മാരുടെയും ഒക്കെ വിശ്വാസം. ഈ വാസ്തവം ഗ്രന്ഥകാരന്‍ സൗകര്യപൂര്‍വം വിസ്മരിച്ചു. ഈ അവസരം മുതലാക്കി ടിപ്പു, ഹൈദര്‍ യുഗത്തിന്റെ അഥവാ ദാറുള്‍ ഇസ്ലാമിന്റെ പുനര്‍സ്ഥാപനം മാപ്പിളസ്ഥാനിലൂടെ സ്വപ്‌നം കണ്ടവരും ആണ് പാവം മാപ്പിളമാരെ ലഹളയിലേക്കു നയിച്ചത്. (കെ. മാധവന്‍ നായര്‍, പുറം 87, 96). 1921ലെ കലാപത്തിന്റെ നാള്‍വഴി പരിശോധിച്ചാലും ഇതു വ്യക്തമാകും.
Discussion about this post