1909 ജൂലൈ 5 . ലണ്ടനിലെ കാക്സ്റ്റൺ ഹോളിൽ ഒരു സമ്മേളനം നടക്കുകയാണ് . ബ്രിട്ടന്റെ മണ്ണിൽ നിന്ന് തന്നെ ബ്രിട്ടീഷ് അടിമത്തത്തിനെതിരെ വെടിയുണ്ട പായിച്ച് സമര പ്രഖ്യാപനം നടത്തിയ ധീര വിപ്ലവകാരി മദൻ ലാൽ ധിംഗ്രയുടെ നടപടിയെ അപലപിക്കുവാനായിരുന്നു ആ സമ്മേളനം .
സാമ്രാജ്യത്വത്തിന്റെ അരിക് പറ്റി നിന്ന , ജനനം കൊണ്ട് മാത്രം ഭാരതീയരായ ചിലരായിരുന്നു സമ്മേളനം സംഘടിപ്പിച്ചത് . ബ്രിട്ടീഷ് മേലാളന്മാരെ സുഖിപ്പിക്കാൻ വേണ്ടി എല്ലാവരും ധിംഗ്രയ്ക്കെതിരെ വിമർശനത്തിന്റെ കാഠിന്യം കൂട്ടി.
ആരോ പറഞ്ഞ് പഠിപ്പിച്ച് കൊടുത്തത് ഉരുവിടാൻ വേണ്ടി മാത്രം മദൻ ലാൽ ധിംഗ്രയുടെ സഹോദരനെ പോലും അവർ അവിടെയെത്തിച്ചിരുന്നു . ബ്രിട്ടീഷ് വിധേയത്വ ഭാഷണങ്ങളെല്ലാം അവസാനിച്ചപ്പോൾ സമ്മേളനത്തിന്റെ അദ്ധ്യക്ഷനായ ആഗാ ഖാൻ ഇങ്ങനെ പ്രഖ്യാപിച്ചു .
“മദൻ ലാൽ ധിംഗ്രയുടെ നടപടിയെ ഈ സമ്മേളനം ഏകകണ്ഠമായി അപലപിക്കുന്നു”
ഒരു നിമിഷം
സമ്മേളന ഹാളിന്റെ മൂലയിൽ നിന്നും സിംഹഗർജ്ജനം പോലെ ഒരു ശബ്ദം നിശബ്ദതയെ ഭേദിച്ചു.
അല്ല ; ഒരിക്കലും ഇത് ഏകകണ്ഠമായല്ല ..
സദസ്സിന്റെ ശ്രദ്ധ ശബ്ദം വന്ന ഭാഗത്തേക്ക് തിരിഞ്ഞു . ചിലർ ആക്രോശത്തോടെ ചാടിയെണീറ്റു .
“ആരാണത് ? അല്ല എന്ന് പറയാൻ ധൈര്യമുള്ള ആരാണിവിടെയുള്ളത് ” ഒരാൾ ഉച്ചത്തിൽ ആക്രോശിച്ചു..
ശാന്തവും സുദൃഢവുമായ മറുപടിയെത്തി
ഞാൻ ; വിനായക് ദാമോദർ സവർക്കർ !!
അതായിരുന്നു സവർക്കർ . വിപ്ലവകാരികൾക്കെതിരെയുള്ള ഒരു നിലപാടും ചോദ്യം ചെയ്യപ്പെടാതെ പോകരുതെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ശരിയായ ദേശാഭിമാനി.
1857 ലെ ഐതിഹാസികമായ സമരത്തെ ശിപായി ലഹളയാക്കി ഇടിച്ചു താഴ്ത്താൻ ശ്രമിച്ച ബ്രിട്ടീഷ് പാദ സേവകർക്ക് ചുട്ട മറുപടി കൊടുത്തു . 1857 ലെ പട്ടടകളിൽ ചാരമായത് കേവലം ചില ശിപായിമാരുടെ ലഹള മാത്രമായിരുന്നില്ലെന്നും സ്വാതന്ത്ര്യ സമരത്തിന്റെ തേജസ് അതിൽ കുടികൊള്ളുന്നുവെന്നും അദ്ദേഹം ലോകത്തോട് പറഞ്ഞു .ഭൂതകാലത്തെക്കുറിച്ചൊരു ബോധവുമില്ലാത്ത രാഷ്ട്രത്തിന് ഭാവിയുമില്ല .ഒരു ഭൂതകാലമവകാശപ്പെടാൻ മാത്രമല്ല , ഭാവിയെ സമുജ്ജലമാക്കിത്തീർക്കാൻ കൂടി ശേഷിയുള്ള ഒരു രാഷ്ട്രം നാം വളർത്തിയെടുക്കണം . രാഷ്ട്രം സ്വന്തം ചരിത്രത്തിന്റെ അടിമയാവുകയല്ല , യജമാനനാവുകയാണ് വേണ്ടതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
വീരസവർക്കറിലേക്കുള്ള വിനായക റാവുവെന്ന നാസിക്ക് കാരന്റെ പരിണാമം ഭാരതസ്വാതന്ത്ര്യസമരത്തിന്റെ ഒരു നിർണായക കാലഘട്ടത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് .
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാന വര്‍ഷങ്ങളിലൊന്നാണ് 1883 . ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം, രാമോഷി മൂവ്മെന്റിലൂടെ ബ്രിട്ടീഷ് സര്‍ക്കാരിനെ വിറപ്പിച്ച , ധീരനായ വാസുദേവ് ബല്‍വന്ത് ഫട്കെ ജയിലില്‍ രക്തസാക്ഷിയായത് 1883 ഫെബ്രുവരി 17 നായിരുന്നു. കൃത്യം രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാരതീയരുടെ സ്വാതന്ത്ര്യ സമ്മര്‍ദ്ദങ്ങളുടെ പ്രഷര്‍ വാല്‍വായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ജന്മമെടുക്കുന്നത് .
വാസുദേവ ബല്‍ വന്ത് ഫഡ്കേ രക്തസാക്ഷിത്വം വരിച്ച അതേ വര്‍ഷം മെയ് 28 നാണ് വീര്‍ സാവര്‍ക്കര്‍ എന്ന വിനായക റാവു നാസിക്കിനടുത്തുള്ള ഭാഗൂരീല്‍ ജനിക്കുന്നത് . ബാലനായിരിക്കുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ കവിതകള്‍ മറാത്താ വീക്കിലികളില്‍ സ്ഥാനം പിടിച്ചിരുന്നു . ഏറെത്താമസിയാതെ സായുധവിപ്ലവമാണ് തന്റെ മാർഗ്ഗമെന്ന് വിനായക റാവു തിരിച്ചറിഞ്ഞു. അതിനു കാരണമായത് ചാഫേക്കര്‍ സഹോദരന്മാരുടെ ബലിദാനമാണ് .
1897 ജൂണ്‍ 22 , വിക്ടോറിയ രാജ്ഞിയുടെ അധികാരമേറ്റതിന്റെ വജ്ര ജൂബിലി ഭാരതത്തിൽ ആഘോഷിക്കുന്നു . സാധാരണക്കാരാകട്ടെ പ്ലേഗെന്ന മഹാമാരിയാലും ബ്രിട്ടീഷ് കമ്മീഷണറായിരുന്ന റാന്‍ഡിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളാലും ദുരിതമനുഭവിക്കുന്നു . ജൂൺ 22 ന് തന്നെ സാമ്രാജ്യത്വത്തിനെതിരെ ആദ്യ വെടിയുതിർക്കാൻ ചാഫേക്കർ സഹോദരന്മാർ തീരുമാനിച്ചു. ദാമോദര്‍ ഹരി ചാഫേക്കറും ബാലകൃഷ്ണ ചാഫേക്കറും സര്‍ക്കാര്‍ മന്ദിരത്തിനു 500 മീറ്റര്‍ മാത്രം അകലെവച്ച് റാൻഡിനെ വെടിവെച്ചു കൊന്നു. 1857 ന് ശേഷമുള്ള സുപ്രധാനമായ ആദ്യ രാഷ്ട്രീയ കൊലപാതകം. ബാലകൃഷ്ണ ചാഫേക്കറിനെ ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുത്ത രണ്ടുപേരെ മൂന്നാമത്തെ സഹോദരന്‍ വാസുദേവ ചാഫേക്കറും സുഹൃത്ത് റാനഡേയും ചേര്‍ന്ന് വെടിവച്ചു കൊന്നു . ഈ മൂന്നു സഹോദരന്മാരെയും അവരുടെ സുഹൃത്തിനെയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റി.
ഐതിഹാസികമായ സായുധ വിപ്ലവം അവിടെ അവസാനിക്കുകയായിരുന്നില്ല . അത് പുതിയൊരു സമരത്തിന്റെ പ്രഥമ അദ്ധ്യായമായിരുന്നു. ചാഫേക്കര്‍ കുടുംബം മൂന്നുമക്കളെ കഴുമരത്തിലേക്കാണയച്ചതെങ്കില്‍ സവര്‍ക്കര്‍ കുടുംബം മൂന്നുപേരെ സ്വാതന്ത്ര്യ പഥത്തിനു വെളിച്ചം നല്‍കുന്ന തീപ്പന്തങ്ങളാക്കിത്തീര്‍ത്തു.ദാമോദര്‍ ചാഫേക്കര്‍ സ്വാതന്ത്ര്യ ബലിപീഠത്തില്‍ ഭൌതിക ശരീരമര്‍പ്പിച്ചപ്പോള്‍ തന്റെ ചൈതന്യം വിനായക് ദാമോദറിലേക്ക് പകര്‍ന്നു . വിനായക് റാവു , വീര സാവര്‍ക്കറിലേക്കുള്ള ആദ്യ ചുവടു വയ്പിനു തയ്യാറെടുത്തു.
ചാഫേക്കര്‍ സഹോദരന്മാരുടെ ബലിദാനം ബാലനായ വിനായക് റാവുവിനെ വേദനിപ്പിച്ചു . ചാഫേക്കർ സഹോദരന്മാരുടെ ബലിദാനത്തെ പ്രകീർത്തിച്ചു കൊണ്ട് ശക്തമായ ഭാഷയിൽ ഒരു വീരഗാഥ ഒറ്റ രാത്രി കൊണ്ട് അവന്‍ എഴുതിത്തീര്‍ത്തു . പതിനാലു വയസ് പ്രായമുള്ളപ്പോൾ വിനായക് റാവു എഴുതിയ ആ വീരഗാഥ പ്രസിദ്ധീകരിക്കാൻ ഭാരതം സ്വാതന്ത്ര്യത്തിലേക്ക് നടന്നടുത്ത 1946 വരെ കാത്തിരിക്കേണ്ടി വന്നു.
ചാഫേക്കര്‍ സഹോദരങ്ങള്‍ കൊളുത്തിയ അഗ്നിയെ ചിരന്തനമാക്കുക എന്ന ചിന്തയില്‍ നിന്ന് രൂപമെടുത്തത് ഒരു ബാല സംഘടനയാണ് . 1899 നവംബറില്‍ ഉടലെടുത്ത “രാഷ്ട്രഭക്ത സമൂഹ“മെന്ന സംഘടനയാണ് വിനായക റാവുവിന്റെ രാഷ്ട്രീയ പ്രവേശത്തിലേക്ക് വഴിതുറന്നത് .1900 ജനുവരി ഒന്നിന് രാഷ്ട്രഭക്ത സമൂഹം മിത്രമേള എന്ന പുതിയ സംഘടനയായി മാറി . ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ നിരന്തരം ശല്യം ചെയ്ത ഒരു കൂട്ടം വിപ്ലവകാരികള്‍ ഇവിടെയാണ് സൃഷ്ടിക്കപ്പെട്ടത് .
ഹേഗിലെ അന്താരാഷ്ട്ര നീതിന്യായക്കോടതിയില്‍ ബ്രിട്ടന്റെ കപടധാര്‍മ്മികതയുടെ മൂടുപടം പിച്ചിച്ചീന്തിയ വീര സാവര്‍ക്കറിലേയ്ക്കുള്ള വിനായകന്റെ പരിണാമം ഇവിടെത്തുടങ്ങുന്നു.. നാസ്സിക്കിലെ ഒട്ടുമിക്ക രാഷ്ട്രീയ വിഷയങ്ങളിലും സമര പോരാട്ടങ്ങളിലും മിത്രമേള സജീവമായി ഇടപെട്ടു . വിപ്ലവകാരികളുടെ നിരകളെ സൃഷ്ടിച്ചുകൊണ്ട് സാവധാനമെങ്കിലും ശക്തമായി മുന്നോട്ട് നീങ്ങി .
1904 ഇല്‍ നാസിക്കില്‍ നടന്ന ഒരു പ്രകടനത്തില്‍ വച്ച് സംഘടനയുടെ പേര് “അഭിനവ ഭാരത്“ എന്നായി.
ഛത്രപതി ശിവജിയുടേയും എന്റെ പവിത്രമായ ധർമ്മത്തിന്റെയും പേരിൽ , എന്റെ പൂർവ്വികരെ സ്മരിച്ചു കൊണ്ട് ഞാനിതാ ശപഥം ചെയ്യുന്നു . എന്റെ രാജ്യം പൂർണസ്വാതന്ത്ര്യം നേടിയാൽ മാത്രമേ ഐശ്വര്യ സമ്പൂർണമാകൂ എന്ന് ഞാൻ കരുതുന്നു . എന്റെ ആരോഗ്യവും ധനവും കഴിവുകളും ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പരിപൂർണമായ ഉത്ഥാനത്തിനും വേണ്ടി സമർപ്പിക്കുന്നു. എന്റെ അന്ത്യശ്വാസം വരെ ഇക്കാര്യത്തിനു വേണ്ടി ഞാൻ കഠിനാദ്ധ്വാനം ചെയ്യും. ഈ ദൗത്യത്തിൽ നിന്ന് ഞാൻ പിന്മാറുകയോ അലംഭാവം കാട്ടുകയോ ഇല്ല .”
എന്ന് അഭിനവ് ഭാരത് അംഗങ്ങൾ പ്രതിജ്ഞയെടുത്തു.
1905 ല്‍ നടന്ന ബംഗാള്‍ വിഭജനത്തിനെതിരെ അഭിനവ ഭാരത് മഹാരാഷ്ട്രയിലെങ്ങും പ്രതിക്ഷേധക്കൊടുങ്കാറ്റുകളുയര്‍ത്തി. വിനായക റാവുവിന്റെ നേതൃത്വത്തില്‍ പൂനെയില്‍ വച്ച് സ്വാതന്ത്ര്യ സമരചരിത്രത്തിലെ ആദ്യ വിദേശവസ്ത്രദഹനം നടന്നത് ഈയവസരത്തിലാണ് .
ഗാന്ധിജിയുടെ നേതൃത്വത്തില്‍ അതൊരു സമരമാര്‍ഗ്ഗമായി മാറിയത് പിന്നീട് വളരെക്കഴിഞ്ഞ് 1921 ലാണ് . വിനായകറാവുവിന്റെ ഈ പ്രവൃത്തിയെ എതിര്‍ത്ത് “ഇന്ദുപ്രകാശില്‍“ ലേഖനമെഴുതിയ മിതവാദികൾ പിന്നീട് അതൊരു സമരമാർഗ്ഗമായി സ്വീകരിച്ചു. സവര്‍ക്കര്‍ എന്ന പേര് വിപ്ലവകാരികളുടെയിലും സ്വാതന്ത്ര്യസമര ഭടന്മാരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി . ഒപ്പം ബ്രിട്ടീഷ് രഹസ്യാന്വേഷണ പോലീസുകാര്‍ക്കിടയിലും . !!
അസാധാരണമായ ആർജ്ജവം, അപൂർവ്വ പ്രതിഭ, കൂർമ്മബുദ്ധി , ആക്രഷകമായ വ്യക്തിത്വം ,കല്ലിനെ ദ്രവിപ്പിക്കാനും മൃതനായവനെ പോരാടാൻ എഴുന്നേൽപ്പിക്കാനും കഴിയുന്ന വാഗ്വിലാസം . സവർക്കർ ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി മാറി .
1906 ഇല്‍ സവര്‍ക്കര്‍ ബി എ പാസ്സായി . നിയമം പഠിക്കാന്‍ ഇംഗ്ലണ്ടില്‍ പോകണമെന്നായിരുന്നു സംഘടനയുടെ തീരുമാനം .സായുധ വിപ്ലവത്തിന്റെ പ്രവര്‍ത്തന രംഗം ഇംഗ്ലണ്ടിലെ ഇന്ത്യന്‍ യുവാക്കളിലെത്തിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശ്യം. 1905 മുതല്‍ ഇന്ത്യന്‍ വിപ്ലവകാരികളുടെ കേന്ദ്രമായിരുന്ന ശ്യാം ജി കൃഷ്ണവര്‍മ്മയുടെ ഇന്ത്യാഹൌസ് ആയിരുന്നു സവര്‍ക്കറുടെ പ്രവര്‍ത്തന കേന്ദ്രമായി നിശ്ചയിക്കപ്പെട്ടിരുന്നത് . ലോകമാന്യ തിലകന്റെ ആശീര്‍വാദവും പിന്തുണയും സവർക്കറിനുണ്ടായിരുന്നു.
സവര്‍ക്കരുടെ സംഭവ ബഹുലമായ ലണ്ടന്‍ ജീവിതം ഇന്ത്യാഹൌസില്‍ നിന്നു തുടങ്ങി . സുശക്തമായ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അകത്തും പുറത്തും എതിര്‍ത്തുകൊണ്ട് അത് മുന്നേറുകയും ചെയ്തു .
1906 ഇല്‍ ഇന്ത്യാഹൌസിലെത്തിയപ്പോള്‍ മുതല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യപ്രശ്നം അന്തര്‍ദ്ദേശീയ തലത്തിലെത്തിക്കാന്‍ വീര സവര്‍ക്കര്‍ ശ്രമം തുടങ്ങിയിരുന്നു . അമേരിക്കന്‍ – ഐറിഷ് പത്രങ്ങളില്‍ അദ്ദേഹം രാഷ്ട്രീയ ലേഖനങ്ങളെഴുതി .ജര്‍മ്മനി, റഷ്യ, പോര്‍ച്ചുഗല്‍ , ഇറ്റലി , ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ അത് വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു . അന്തര്‍ദ്ദേശീയ രംഗങ്ങളില്‍ ബ്രിട്ടന്റെ കപടധാര്‍മ്മികത തുറന്നുകാട്ടാന്‍ മാഡം ബിക്കാജി കാമയേയും സര്‍ദാര്‍ സിംഗ് റാണയേയും ഇന്ത്യന്‍ പ്രതിനിധികളായി ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്സിലേക്ക് നിയോഗിച്ചതും മറ്റാരുമായിരുന്നില്ല . ബ്രിട്ടീഷ് സോഷ്യലിസ്റ്റ് റംസേ മക് ഡൊണാള്‍ഡിന്റെ കടുത്ത എതിര്‍പ്പിനിടയിലും സ്റ്റുഡ് ഗര്‍ട്ട് കോണ്‍ഗ്രസ്സ് ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രമേയത്തെയും പതാകയേയും അംഗീകരിച്ചു .
1907 ഓഗസ്റ്റ് 22 ന് ജര്‍മ്മനിയിലെ സ്റ്റുഡ്ഗര്‍ട്ടില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്സില്‍, ഭാരത സ്വാതന്ത്ര്യത്തിനു വേണ്ടി പ്രമേയമവതരിപ്പിച്ച് , സവര്‍ക്കര്‍ രൂപകല്പന ചെയ്ത പതാകയുയര്‍ത്തി മാഡം ബിക്കാജി കാമ ഇങ്ങനെ പ്രഖ്യാപിച്ചു
സുഹൃത്തുക്കളേ , ഭാരത സ്വാതന്ത്ര്യത്തിന്റെ പതാകയാണിത് . ശ്രദ്ധിക്കൂ അത് ജനിച്ചു കഴിഞ്ഞു . ഇന്ത്യന്‍ യുവത്വത്തിന്റെ ചോര കൊണ്ട് അത് പവിത്രമായിക്കഴിഞ്ഞു . മാന്യരെ ! ഭാരത സ്വാതന്ത്ര്യത്തിന്റെ ഈ പതാകയെ വന്ദിക്കാന്‍ ഞാന്‍ നിങ്ങളോടഭ്യര്‍ത്ഥിക്കുന്നു . ലോകമാസകലമുള്ള സ്വാതന്ത്ര്യ പ്രേമികളേ , ഈ പതാകയുടെ പേരില്‍ ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നു . സഹകരിക്കൂ ഞങ്ങളോടൊപ്പം . മനുഷ്യകുലത്തിലെ അഞ്ചിലൊന്നിനെ സ്വതന്ത്രമാക്കാന്‍ “
കേവലം 24 വയസ്സു മാത്രം പ്രായമുള്ള ആ യുവവിപ്ലവകാരി ഇന്ത്യയുടെ സ്വാതന്ത്ര്യ ഗര്‍ജ്ജനം ആഗോളവ്യാപകമായി ഉയര്‍ത്തുമ്പോള്‍ , ഇന്ത്യാഹൌസിന്റെ ഏഴയലത്തുപോലും ചെല്ലാതെ , ലണ്ടനില്‍ അച്ഛന്റെ സംരക്ഷണത്തില്‍ സുഖമായി കഴിഞ്ഞ ആളാണ് പിന്നീട് ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയായത്
1907 നു മറ്റൊരു പ്രാധാന്യം കൂടിയുണ്ടായിരുന്നു . നാനാ സാഹബും , ഝാന്‍സി റാണിയും , താന്ത്യ തോപ്പെയും , പീര്‍ അലിയും , ബീഗം ഹസ്രത്ത് മഹലും , കുൺവർസിംഗും ബഹദൂര്‍ ഷായും തേതൃത്വം കൊടുത്ത, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒന്നാം സായുധ വിപ്ലവം അരങ്ങേറിയിട്ട് കൃത്യം അന്‍പതുവര്‍ഷം പിന്നിടുന്ന സമയമായിരുന്നു അത്. “ സാമ്രാജ്യത്തെ രക്ഷപ്പെടുത്തിയ ധീരത “ എന്ന തലക്കെട്ടില്‍ ബ്രിട്ടനിലെ പത്രങ്ങള്‍ ഇംഗ്ലീഷ് ഹീറോയിസത്തെ വാഴ്ത്തി. ലണ്ടന്‍ തെരുവുകളില്‍ ഝാന്‍സി റാണിയെയും മറ്റു സമര നേതാക്കളേയും കള്ളന്മാരും കൊലപാതകികളുമാക്കി ചിത്രീകരിച്ചു കൊണ്ടുള്ള നാടകങ്ങള്‍ നടത്തപ്പെട്ടു .
ഈ അവഹേളനം സവർക്കർ സഹിക്കാവുന്നതിൽ അപ്പുറമായിരുന്നു. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ അന്‍പതാം വാര്‍ഷികം സമുചിതമായി ആഘോഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. 1908 മെയില്‍ ലണ്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സമ്മേളനങ്ങള്‍ നടന്നു. ധീരരായ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കപ്പെട്ടു . ഒന്നാം സ്വാതന്ത്ര്യ സമര നായകന്മാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ബാഡ്ജുകള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു . ബാഡ്ജുകള്‍ ഒഴിവാക്കാന്‍ പറഞ്ഞ കോളേജ് അധികൃതരോട് പ്രതിക്ഷേധിച്ച് ആര്‍. എം ഖാനും ഹര്‍ണാം സിംഗുമുൾപ്പെടുന്ന വിപ്ലവകാരികൾ കോളേജ് പഠനം ഉപേക്ഷിച്ചു.
ഇന്ത്യയ്ക്കകത്തും പുറത്തും ഒരു പോലെ വിപ്ലവപ്രവര്‍ത്തനങ്ങള്‍ ശക്തിയാര്‍ജ്ജിച്ചു . അഭിനവ് ഭാരത് മഹാരാഷ്ട്രയ്ക്ക് പുറത്തേക്ക് വ്യാപിച്ചു . ലണ്ടനില്‍ നിന്നും അഭിനവ ഭാരതംഗങ്ങള്‍ മറ്റു രാഷ്ട്രങ്ങളിലേക്ക് ചേക്കേറി അവിടെയുള്ള ഇന്ത്യക്കാരെ അണിനിരത്താൻ തുടങ്ങി. വിപ്ലവത്തിന്റെ ചൂട് ബ്രിട്ടീഷ് ഗോപുരങ്ങളിലെത്തിത്തുടങ്ങി . ബ്രിട്ടീഷ് ഡിപ്ലോമാറ്റ് വാലന്റൈന്‍ ചിറോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു . “ ബംഗാളികള്‍ ഗര്‍ജ്ജിക്കുന്നു , പക്ഷേ ആ ഗര്‍ജ്ജനത്തിന്റെ പിന്നിലെ തലച്ചോറ് പൂനെയിലാണ് “ ചിറോളിന്റെ ശ്രദ്ധേയമായ മറ്റൊരു അഭിപ്രായം വന്നത് “ഇന്ത്യ പഴയതും പുതിയതും” എന്ന പുസ്തകത്തിലാണ് .
സവർക്കർ : ആധുനിക വിപ്ലവ വിദ്യാലയത്തിലെ യഥാർത്ഥ ഗുരു …
1857 ലെ സ്വാതന്ത്ര്യസമരത്തിന്റെ സത്യസന്ധമായ ചരിത്രമെഴുതാൻ സവർക്കർ തീരുമാനിച്ചു . ഝാൻസിറാണിയും താന്ത്രിയ തോപ്പിയും നാനാസാഹബുമൊക്കെ പങ്കെടുത്ത ആ വീരേതിഹാസത്തിന്റെ ചരിത്രമറിയാൻ ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലും ലൈബ്രറികളിലും സവർക്കർ അലഞ്ഞു നടന്നു. ഒടുവിൽ പതിനെട്ടു മാസത്തെ പ്രയത്നത്തിനു ശേഷം പിൽക്കാലത്ത് വിപ്ലവകാരികളുടെ വിശുദ്ധ ഗ്രന്ഥമെന്നറിയപ്പെട്ട പുസ്തകം സവർക്കർ എഴുതിത്തീർത്തു . 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് പേരിട്ട ആ പുസ്തകത്തിന്റെ കയ്യെഴുത്ത് പ്രതിക്ക് ഒരു അപൂർവ്വ ബഹുമതിയും ലഭിച്ചു .
പ്രസിദ്ധീകരിക്കുന്നതിനു മുൻപ് നിരോധിക്കപ്പെട്ട ആദ്യ പുസ്തകം .
രണ്ടാം സ്വാതന്ത്ര്യ സമരത്തിനു വേണ്ടി ഭാരതീയരുടെ വികാരത്തെ ഉണർത്തുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് താനിതെഴുതിയതെന്ന് സവർക്കർ വ്യക്തമാക്കിയിട്ടുണ്ട് . ഇരുപത്തിനാലു വയസ്സു മാത്രം പ്രായമുള്ള ആ യുവാവ് എഴുതിച്ചേർത്ത സ്വാതന്ത്ര്യ സമര ചരിത്രം പിൽക്കാലത്ത് ആയിരക്കണക്കിന് വിപ്ലവകാരികൾക്ക് പ്രചോദനം നൽകി .
മറാഠിയിൽ എഴുതപ്പെട്ട പുസ്തകം പ്രസിദ്ധീകരിക്കാൻ ജ്യേഷ്ടനായ ബാബാറാവു സവർക്കർക്കാണ് അയച്ചു കൊടുത്തത്. കയ്യെഴുത്ത് പ്രതി തേടി ബ്രിട്ടീഷ് പോലീസ് വേട്ടനായ്ക്കളെപ്പോലെ പിന്നാലെയെത്തി . വിശ്വപ്രസിദ്ധ കുറ്റാന്വേഷണ സംഘമായ സ്കോട്ട്ലൻഡ് യാർഡ് ആ കയ്യെഴുത്ത് പ്രതിക്ക് വേണ്ടി ലണ്ടനിലും അലഞ്ഞു നടന്നു.എന്നാൽ പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവർത്തനം നടത്തിയ വിവിഎസ് അയ്യർ അത് ഹോളണ്ടിൽ ആദ്യമായി അച്ചടിപ്പിച്ചു. അങ്ങനെ 1909 ൽ ഹോളണ്ടിൽ, ഭാരത ജനതയുടെ ആദ്യ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം പുറത്തിറങ്ങി.
വിപ്ളവകാരികള്‍ക്ക് ആവേശം കൊടുക്കുക മാത്രമല്ല പുസ്തകം ചെയ്തത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനാഗമ മാര്‍ഗ്ഗമായും അത് മാറി .ബ്രിട്ടീഷുകാരാൽ നിരോധനം ഏറ്റുവാങ്ങിയെങ്കിലും പതിപ്പുകള്‍ക്ക് പഞ്ഞമുണ്ടായില്ല. 1857 ൽ നേടാൻ കഴിയാത്തത് അതിന്റെ ചരിത്രമെഴുതിയ പുസ്തകം നേടുക തന്നെ ചെയ്തു . മാതൃഭൂമിയുടെ മോചനത്തിനായി തങ്ങളുടെ പൂർവ്വികർ നടത്തിയ സമര പോരാട്ടത്തിന്റെ വീരകഥകൾ മന്ത്രങ്ങളായി ഉരുവിട്ട് ആയിരങ്ങൾ അടർക്കളത്തിലേക്കിറങ്ങി
ബ്രിട്ടീഷ് പോലീസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടു ഫ്രാന്‍സില്‍ താവളമടിച്ചിരുന്ന മുംബൈക്കാരി ഭിക്കാജി റസ്റ്റം കാമാ എന്ന ‘മദാം കാമ’ പുസ്തകത്തിന്റെ രണ്ടാം എഡിഷന്‍ യൂറോപ്പില്‍ പുറത്തിറക്കി. ഗദ്ദാര്‍ വിപ്ലവപാര്‍ട്ടിയുടെ നേതാവ് ലാലാ ഹര്‍ദയാല്‍ പുസ്തകത്തിന്റെ പതിപ്പ് അമേരിക്കയില്‍ പ്രസിദ്ധീകരിച്ചു. 1928 ലാണ് ഭഗത് സിംഗും കൂട്ടരും പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസ്, 1944 ല്‍ ജപ്പാനില്‍ പുസ്തകം പുറത്തിറക്കി. ഇന്ത്യൻ നാഷണൽ ആർമിയിലെ സൈനികരുടെ പാഠപുസ്തകങ്ങളിലൊന്നായി അത് മാറി. ഝാൻസിറാണി റെജിമെന്റ് രൂപീകരിക്കാൻ സുഭാഷ് ബോസിനെ പ്രേരിപ്പിച്ചതും സവർക്കറുടെ ഈ പുസ്തകമാണ്.
രാജാവിനെതിരെ കലാപത്തിനാഹ്വാനം ചെയ്തെന്ന് ആരോപിച്ച് സവർക്കറുടെ മൂത്ത സഹോദരനെ ആൻഡമാനിലേക്ക് നാടുകടത്തി . അദ്ദേഹത്തിന്റെ സ്വത്തു വകകൾ കണ്ടുകെട്ടി . വിപ്ലവകാരികളുടെ ചേതനെയെ കൂടുതൽ ജ്വലിപ്പിക്കാനാണ് ഈ സംഭവം കാരണമായത് . 1909 ജൂലൈ ഒന്നിന് ലണ്ടനിലെ ജഹാംഗീർ ഹാളിൽ വച്ച് മദൻ ലാൽ ധിംഗ്ര ബ്രിട്ടീഷ് ചാരപ്രവർത്തനത്തിന്റെ നേതാവായ കഴ്സൺ വാലിയെ വെടിവെച്ചു കൊന്നു . 1909 ആഗസ്റ്റ് 16 ന് അദ്ദേഹത്തെ തൂക്കിലേറ്റി .ബ്രിട്ടീഷ് പോലീസ് കിണഞ്ഞു പരിശ്രമിച്ചിട്ടും മദൻ ലാൽ ധിംഗ്രയുടെ അന്ത്യ പ്രസ്താവന പത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു .സ്വരാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരദേശാഭിമാനിക്ക് ആദരാഞ്ജലികളർപ്പിച്ച് കൊണ്ടുള്ള പ്രസ്താവനകൾ അമേരിക്കയിലും അയർലൻഡിലുമൊക്കെയുള്ള പത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു .
ഭാരതത്തിലും സ്ഥിതി വ്യത്യസ്തമായിരുനില്ല .1909 ഡിസംബർ 21 ന് നാസിക് കളക്ടറായിരുന്ന ജാക്സണെ അഭിനവ് ഭാരത് അംഗങ്ങൾ വെടിവെച്ചു കൊന്നു . ഈ കൃത്യം നടത്തിയതിന് അനന്ത ലക്ഷ്മൺ കാൻഹരേ , കൃഷ്ണാജി കാർവേ, വിനായകറാവു ദേശ്പാണ്ഡെ എന്നിവരെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി .. അഭിനവ ഭാരതിന്റെ നേതൃത്വത്തിൽ നടമാടുന്ന ബ്രിട്ടീഷ് വിരുദ്ധതയ്ക്ക് പിന്നിൽ ലണ്ടനിൽ പ്രവർത്തിക്കുന്ന വിനായക സവർക്കറാണ് കാരണമെന്ന് അവർ കണ്ടെത്തി.
നാസിക് ഗൂഢാലോചനക്കേസിൽ പ്രതി ചേർക്കപ്പെട്ട സവർക്കറെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു . ഭാരതത്തിൽ നടന്ന കുറ്റകൃത്യത്തിന് ഇംഗ്ലണ്ടിൽ നിന്നൊരാളെ നീക്കം ചെയ്യാൻ സർക്കാരിന് അധികാരമുണ്ടോ എന്ന ചോദ്യമുയർന്നെങ്കിലും സവർക്കറെ മോറിയ എന്ന കപ്പലിൽ ഭാരതത്തിലേക്കയയ്ക്കാൻ അധികൃതർ ഉത്തരവിട്ടു .
ഭാരതത്തിലേക്കുള്ള യാത്രയ്ക്കിടയിൽ ഫ്രാൻസിന്റെ തീരത്ത് വച്ച് സവർക്കറെ രക്ഷപെടുത്താൻ അഭിനവ് ഭാരത് തീരുമാനിച്ചു . കനത്ത കാവലിനെ മറികടന്ന് കപ്പലിലെ മെഴ്സെയിൽ തുറമുഖത്തിന് സമീപം കപ്പലിലെ കക്കൂസ് ദ്വാരത്തിലൂടെ സവർക്കർ നടുക്കടലിലേക്ക് ചാടി രക്ഷപ്പെട്ടു . നീന്തി കരയിലെത്തിയ അദ്ദേഹത്തെ പക്ഷേ ഭാഗ്യം പിന്തുണച്ചില്ല . സഹായിക്കാൻ ഏർപ്പാടാക്കിയ അഭിനവ് ഭാരത് അംഗങ്ങൾ എത്തുന്നതിനു മുൻപ് ബ്രിട്ടീഷുകാർ സവർക്കറെ പിടികൂടി .
എന്നാൽ ഫ്രഞ്ച് തീരത്ത് വച്ച് പിടികൂടിയ ആളെ കൊണ്ടു പോകാൻ ബ്രിട്ടീഷുകാർക്ക് അധികാരമില്ലെന്ന് സവർക്കർ വാദിച്ചു . പ്രശ്നം ഹേഗിലെ അന്താരാഷ്ട്ര നീതിന്യായക്കോടതിക്ക് മുൻപാകെയെത്തിയെങ്കിലും സവർക്കറെ ഭാരതത്തിലെത്തിക്കാൻ ബ്രിട്ടീഷുകാർക്കായി. ഭാരതത്തിലെത്തിച്ച സവർക്കറെ 1911 മാർച്ച് 22 ന് 50 കൊല്ലത്തേക്ക് തടവു ശിക്ഷയ്ക്ക് വിധിച്ചു. കാലാപാനി എന്ന പേരിൽ കുപ്രസിദ്ധമായ ആന്തമാൻ തടവറയിലേക്ക് അദ്ദേഹത്തെ അയച്ചു .
കാരിരുമ്പാണികളെ തൂലികയാക്കി കാലാപാനിയുടെ കരിങ്കൽ ഭിത്തികളിൽ രാഷ്ട്രഗീതങ്ങൾ കോറിയിട്ട് ആ വിപ്ലവകാരി നീണ്ട പതിനൊന്ന് വർഷം സെല്ലുലാർ ജയിലിൽ കഴിച്ചു കൂട്ടി . ക്രൂരമായ മർദ്ദനങ്ങളെ അതിജീവിച്ച് , അപഹസിക്കുന്ന ജയിൽ ജീവനക്കാരെപ്പോലും അനുയായികളാക്കി , ആന്തമാൻ ജയിലിന്റെ ഓരോ അണുവിലും സ്വാതന്ത്ര്യ സമരചിന്തകൾ പകർന്നു നൽകി അദ്ദേഹം മുന്നോട്ടു പോയി ..
സവർക്കറെ കാലാപാനിയിലടയ്ക്കാൻ കൊണ്ടുവന്നപ്പോൾ നടന്ന സംഭവം അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ ഇങ്ങനെ വർണ്ണിക്കുന്നു
സവർക്കർക്കായി നിശ്ചയിച്ച തടവറ തുറക്കവേ അദ്ദേഹത്തിന്റെ കഴുത്തിലെ ലോക്കറ്റിൽ എഴുതിയിരുന്ന മോചനദിനം 1961 മാർച്ച് 22 എന്ന് കണ്ട് ജയിലർ ഞെട്ടി . ” ദൈവമേ അൻപതു വർഷമോ ” എന്നയാൾ അത്ഭുതം കൂറി.
ദാർശനികനായ സ്വാതന്ത്ര്യവീര വിനായക ദാമോദർ സവർക്കർ മന്ദഹസിച്ചു കൊണ്ട് അതിന് ഇങ്ങനെ മറുപടി പറഞ്ഞു
” അൻപതുകൊല്ലമെന്ന് എന്തിനു വിലപിക്കണം . ബ്രിട്ടീഷ് ഭരണം ഈ അൻപതുവർഷം ഭാരതത്തിൽ നിലനിൽക്കില്ലെന്ന് എനിക്കുറപ്പുണ്ട് ”
ബ്രിട്ടീഷ് സാമ്രാജ്യത്വശക്തിയെ വിറപ്പിച്ച വീര സവർക്കറെ തടവറയിൽ കാത്തിരുന്നത് ദുരിതങ്ങളും മർദ്ദനങ്ങളുമായിരുന്നു . ആ ധീര വിപ്ലവകാരിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ ജയിലധികൃതർ പ്രത്യേകം ശ്രദ്ധവച്ചു .
എണ്ണയാട്ടുന്ന ചക്കിൽ പ്രവർത്തിക്കുന്നതുൾപ്പെടെയുള്ള കഠിന ജോലികൾ സവർക്കർക്ക് ലഭിച്ചു . വിദ്യാഭ്യാസമില്ലാത്ത മറ്റ് ക്രിമിനലുകൾക്ക് ഗുമസ്തപ്പണിയും വിപ്ലവകാരികൾക്ക് കഠിന ജോലികളും ഇതായിരുന്നു ജയിലിലെ രീതി . പക്ഷേ സ്വാതന്ത്ര്യ ചിന്ത ഓരോ നിമിഷവും ഉരുക്കഴിച്ച് പുതിയ പ്രഭാതം സ്വപ്നം കണ്ടിരുന്ന ആ യുവാവിനെ തളർത്താൻ ചങ്ങലകൾക്കോ , ഏകാന്തമായ ജയിൽ മുറികൾക്കോ , കഠിനമർദ്ദനങ്ങൾക്കോ കഴിഞ്ഞില്ല .. മറിച്ച് ഓരോ നിമിഷവും അത് കൂടുതൽ ശക്തിയാർജ്ജിക്കുകയായിരുന്നു
ഭരണഘടനാപരമായ അവകാശങ്ങളും ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രവും സാമ്പത്തിക ശാസ്ത്രവുമൊക്കെ അദ്ദേഹം തടവുകാരെ പഠിപ്പിച്ചു. പ്രതികരിക്കാൻ കഴിയാത്ത അറിവും അറിവിന്റെ പിന്തുണയില്ലാത്ത പ്രതികരണവും നിഷ്പ്രയോജനമാണെന്ന് സവർക്കർ പ്രഖ്യാപിച്ചു.
ജയിലിൽ പുസ്തകങ്ങൾ എത്തിക്കാനും ലൈബ്രറി തുടങ്ങാനുമുള്ള അവകാശം സവർക്കർ സമ്പാദിച്ചു . അത്ഭുതകരമായ മാറ്റമാണുണ്ടായത് . നിരവധി തടവുകാർ പഠിച്ചു , പരീക്ഷകൾ പാസ്സായി , കുറ്റവാളികൾ പിന്നീട് അദ്ധ്യാപകരുമായി .
ആൻഡമാനിൽ വിപ്ലവകാരികൾ അനുഭവിക്കുന്ന ക്രൂരതകൾ സവർക്കരുടെ പ്രയത്നത്താൽ ദേശീയ നേതാക്കളിലെത്തി . പത്രങ്ങൾ ഈ യാതനകൾ പ്രസിദ്ധീകരിച്ചു . പ്രതിഷേധങ്ങളുയർന്നു . ഒടുവിൽ ബ്രിട്ടീഷ് സർക്കാരിന്റെ നിർദ്ദേശപ്രകാരം ഒരു ഉദ്യോഗസ്ഥൻ ജയിൽ സന്ദർശിച്ചു . ക്രൂരതകൾക്ക് അൽപ്പം ശമനമുണ്ടായി.
സ്വാതന്ത്ര്യ ദാഹത്തിന്റെ തീജ്വാലകളെ രാഷ്ട്രഗീതങ്ങളായി അദ്ദേഹം ജയിൽ ഭിത്തികളിൽ കുറിച്ചിട്ടു . കാരിരുമ്പാണികൾ അദ്ദേഹത്തിന് തൂലികയായി . രാഷ്ട്രചിന്തയുടെ ഭാവധാരകൾ പകർത്തിവച്ച ആയിരക്കണക്കിന് വരികളാണ് തടവറയുടെ കരിങ്കൽ ഭിത്തികൾക്ക് അലങ്കാരമായത് . പിൽക്കാലത്ത് അതിലൊന്ന് പോകും ചോർന്നു പോകാതെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഈ തടവറയ്ക്കുള്ളിൽ വച്ച് വിപ്ലവകരമായ ഒരു സിദ്ധാന്തം അദ്ദേഹം ആവിഷ്കരിച്ചു.
ഭാരതത്തെ മാതൃഭൂമിയായും പിതൃഭൂമിയായും പുണ്യഭൂമിയായും കാണുന്ന ഏതൊരാളും ഹിന്ദുവാണ് എന്ന് ..
ആൻഡമാൻ ജയിലിലെ പത്താൻ ഉദ്യോഗസ്ഥരുടെ പ്രലോഭനങ്ങളിലും ഭീഷണിയിലും പെട്ട് ഹിന്ദുക്കൾ മതം മാറ്റപ്പെടുന്നത് അദ്ദേഹത്തിന് അംഗീകരിക്കാനായില്ല . നിസ്സാരമായ കാര്യങ്ങൾ കൊണ്ട് തന്റെ മതം പോയി എന്ന് വിലപിക്കുന്ന ഹിന്ദുക്കൾക്ക് അദ്ദേഹം ആത്മവിശ്വാസം നൽകി . അതോടെ ആന്തമാൻ ജയിലിലെ മതപരിവർത്തനം അവസാനിക്കുകയും ചെയ്തു .
ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചതോടെ വിപ്ലവകാരികൾ തങ്ങളുടെ സകല ശക്തിയുമെടുത്ത് ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനം ആരംഭിച്ചു . സവർക്കറെ രക്ഷിക്കാൻ ജർമ്മനിയുടെ പിന്തുണ തേടി . പക്ഷേ നിർഭാഗ്യമെന്ന് പറയട്ടെ ആൻഡമാനിലേക്ക് നീങ്ങിയ ജർമ്മൻ കപ്പൽ ബ്രിട്ടീഷ് ആക്രമണത്തിൽ തകർന്നു .
ജയിൽ വിമോചനത്തിനായി ആൻഡമാനിലെ തടവുകാർ സവർക്കറുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് സർക്കാരിനോട് അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല . അകത്തുള്ളപ്പോൾ തന്നെ ഇത്രയും അപകടകാരിയായ സവർക്കറെ പുറത്ത് വിടാൻ ബ്രിട്ടീഷുകാർ ഒരു കാരണവശാലും തയ്യാറല്ലായിരുന്നു .
ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ പല രാഷ്ട്രീയ തടവുകാരും ജയിൽ മോചിതരായി . ആൻഡമാനിൽ നിന്ന് പലരേയും മോചിപ്പിച്ചു എന്നാൽ സവർക്കറെ അത്തവണയും മോചിപ്പിക്കാൻ ബ്രിട്ടീഷുകാർ തയ്യാറായില്ല. ഗാന്ധിജിയും തിലകനും മറ്റ് ദേശീയ നേതാക്കളും സവർക്കറെ മോചിപ്പിക്കാൻ ആവശ്യപ്പെട്ട് ബ്രിട്ടീഷ് സർക്കാരിന് നിവേദനങ്ങൾ സമർപ്പിച്ചു .
ഒടുവിൽ 1921 ൽ നീണ്ട പത്ത് വർഷങ്ങൾക്ക് ശേഷം സവർക്കറെ ഭാരതത്തിലേക്ക് കൊണ്ടു വന്നു . ആദ്യം ആലിപ്പൂർ ജയിലിലെത്തിച്ച അദ്ദേഹത്തെ പിന്നീട് രത്നഗിരി ജയിലിലേക്ക് മാറ്റി .
സവർക്കറെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ അഭ്യർത്ഥനകളുടെ പ്രളയം തന്നെയുണ്ടായി. ഒടുവിൽ ഉപാധികളോടെ വിട്ടയയ്ക്കാൻ ബ്രിട്ടീഷുകാർ തയ്യാറായി . അങ്ങനെ 1924 ജനുവരി 6 ന് സവർക്കർ മോചിതനായി . രത്നഗിരിയിൽ തന്നെ താമസിക്കണമെന്നും മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാതിരിക്കണമെന്നും യാതൊരു വിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും പങ്കെടുക്കരുതെന്നുമായിരുന്നു പ്രധാന ഉപാധികൾ .
ജയിലിൽ നിന്ന് പുറത്തിറങ്ങിയ സവർക്കർ കണ്ടത് ഖിലാഫത്ത് പ്രസ്ഥാനം ജന മനസ്സുകളിലുണ്ടാക്കിയ വിഘടനവാദത്താൽ കഷ്ടപ്പെടുന്ന ഭാരതത്തെയായിരുന്നു . മതത്തിന്റെ പേരിലുള്ള അവകാശവാദങ്ങളും ആക്രമണങ്ങളും അദ്ദേഹത്തെ സ്വാധീനിച്ചു . ജാതിയുടെ പേരിൽ തമ്മിൽ തല്ലി വിഘടിച്ച് നിൽക്കുന്ന ഹിന്ദു സമൂഹത്തിന് സംഘടിത മതശക്തിയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനാവില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി .
സ്കൂളുകളിൽ അവർണ ഹിന്ദുക്കളെ പ്രവേശിപ്പിക്കാത്തതിനെതിരെ അദ്ദേഹം പ്രതിഷേധമാരംഭിച്ചു . അങ്ങനെ സവർക്കറുടെ ശ്രമഫലമായി എല്ലാ ജാതിയിൽ പെട്ടവർക്കും രത്നഗിരിയിലെ സ്കൂളിൽ പ്രവേശനമുണ്ടായി . എല്ലാവർക്കും പ്രവേശനമുള്ള ക്ഷേത്രം പതിത പാവന മന്ദിർ അദ്ദേഹം നിർമ്മിച്ചു . ഒപ്പം പന്തിഭോജനങ്ങളും നടത്തി .
സവർക്കറിന്റെ വീട്ട് തടങ്കൽ ഓരോ അഞ്ചുവർഷം കൂടുന്തോറും ബ്രിട്ടീഷ് സർക്കാർ ദീർഘിപ്പിച്ച് കൊണ്ടിരുന്നു . 1935 ൽ സവർക്കറുടെ നിരുപാധിക മോചനത്തിനായി പ്രത്യേക സമിതി രൂപവത്കരിച്ചു . ലക്ഷക്കണക്കിന് ഒപ്പുകൾ സമിതി ശേഖരിച്ചു . ഒടുവിൽ 1937 മെയ് 10 ന് സവർക്കർ പൂർണ സ്വതന്ത്രനായി .
ഭാരതമെങ്ങും സഞ്ചരിച്ച സവർക്കറിന് ജനങ്ങൾ ഉജ്ജ്വല സ്വീകരണങ്ങളാണ് നൽകിയത് .
1910 ൽ ബ്രിട്ടീഷ് കാർ ലണ്ടനിൽ വച്ച് അറസ്റ്റ് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 27 വയസായിരുന്നു . നീണ്ട 27 വർഷം അസ്വാതന്ത്ര്യത്തിന്റെ തടവറയിൽ കിടക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി . പതിമൂന്ന് വർഷം ജയിലിലും പതിനാല് വർഷം വീട്ട് തടങ്കലിലും ..ഭാരതത്തിലെ ഒരു ദേശീയ നേതാക്കളും ഇത്ര തുടർച്ചയായി അസ്വാതന്ത്ര്യം അനുഭവിച്ചിട്ടുണ്ടോയെന്ന് സംശയമാണ് .1908 നു ശേഷം മൂന്ന് സവർക്കർ സഹോദരന്മാർ പരസ്പരം കണ്ടത് പോലും 1937 നു ശേഷമാണ് .
കോൺഗ്രസിന്റെ മുസ്ലിം പ്രീണനം അപകടകരമാണെന്ന ഡോ . അംബേദ്കറുടെ വാദം പൂർണമായും ശരിയാണെന്ന അഭിപ്രായക്കാരനായിരുന്നു സവർക്കർ . പ്രീണനം ഒരു പ്രശ്നവും പരിഹരിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . ഹിന്ദുക്കളോടെ സൈനിക പരിശീലനം നേടാൻ അദ്ദേഹം ആവശ്യപ്പെട്ടു .
പാകിസ്ഥാൻ വാദത്തെ കർക്കശമായി നേരീട്ട അദ്ദേഹം കശ്മീർ പ്രശ്നത്തിന്റെ അപകടം അന്നേ തിരിച്ചറിയുകയും ചെയ്തു . കശ്മീരി ഹിന്ദുക്കളുടെ ഭാവി അപകടത്തിലാണെന്ന് സവർക്കർ നിരീക്ഷിച്ചു . പിൽക്കാലത്ത് ആ നിരീക്ഷണം സത്യമാവുകയും ചെയ്തു .
1940 ൽ നേതാജി സുഭാഷ് ചന്ദ്രബോസ് സവർക്കറെ സന്ദർശിച്ചു . ദീർഘമായ ചർച്ചകൾക്കൊടുവിൽ സായുധ വിപ്ലവമാണ് ബ്രിട്ടീഷ് അധിനിവേശത്തെ അവസാനിപ്പിക്കാനുള്ള യഥാർത്ഥവഴിയെന്ന് തിരിച്ചറിഞ്ഞ് സുഭാഷ് ബോസ് ആറുമാസത്തിനുള്ളിൽ ഭാരതത്തിൽ നിന്ന് തിരോധാനം ചെയ്തു . ഇന്ത്യൻ നാഷണൽ ആർമിയുമായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറപ്പിക്കാൻ സുഭാഷ് ബോസിന് ലഭിച്ച ആദ്യ പ്രേരണ സവർക്കറിൽ നിന്നായിരുന്നു.
പാകിസ്ഥാൻ ലഭിച്ചില്ലെങ്കിൽ സ്വാതന്ത്ര്യസമരത്തിൽ നിന്നൊഴിഞ്ഞു നിൽക്കുമെന്ന് പ്രഖ്യാപിച്ച മുസ്ലിം ലീഗിന് സവർക്കർ ശക്തമായ മറുപടി നൽകിയത് ഇങ്ങനെ ..
നിങ്ങളുണ്ടെങ്കിൽ നിങ്ങളോടൊപ്പം , നിങ്ങളില്ലെങ്കിൽ നിങ്ങളില്ലാതെ , നിങ്ങളെതിർത്താൽ നിങ്ങളേയും എതിർത്ത് ഹിന്ദുക്കൾ ഭാരതത്തിന്റെ സ്വാതന്ത്ര്യം നേടുക തന്നെ ചെയ്യും .
വിഭജനത്തിന്റെ ഫലമായുണ്ടായ കൂട്ടക്കൊലകളിൽ സവർക്കർ ദുഖിതനായിരുന്നു . ഇങ്ങനെയൊരു പ്രതിസന്ധി ഉണ്ടാകുമെന്ന് അദ്ദേഹം മുൻ കൂട്ടി പറഞ്ഞിരുന്നു . എന്നാൽ ദേശീയ നേതാക്കന്മാർക്ക് അത് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് മാത്രം .
1948 ൽ നാഥുറാം വിനായക് ഗോഡ്സെ ഗാന്ധിജിയെ വെടിവെച്ചു കൊന്നു . ഗൂഢാലോചനയിൽ സവർക്കർക്കും പങ്കാളിത്തമുണ്ടെന്ന് പറഞ്ഞ് കോൺഗ്രസ് സർക്കാർ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടു . എന്നാൽ സവർക്കർക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് കോടതി വിധിച്ചു .
പിന്നീട് 1966 ൽ പ്രായോപവേശം ചെയ്ത് മരണം വരിക്കുന്നത് വരെ ഭാരതത്തിന്റെ നന്മയ്ക്കും വൈഭവത്തിനും വേണ്ടി വിശ്രമമില്ലാതെ അദ്ദേഹം പ്രവർത്തിച്ചു . നെഹ്റുവിന്റെ ചൈനീസ് സഹകരണം അപകടമാകുമെന്നും ചൈന ഭാരതത്തെ ആക്രമിക്കാൻ സാദ്ധ്യതയുണ്ടെന്നും സവർക്കർ അഭിപ്രായപ്പെട്ടിരുന്നു . സ്വാതന്ത്ര്യത്തിന്റെ പ്രവാചകനായ അദ്ദേഹത്തിന്റെ വാക്കുകൾ പിന്നീട് സത്യമായി ഭവിക്കുകയും ചെയ്തു .
1966 ഫെബ്രുവരി 26 ന് മരണത്തെ സ്വയം വരിച്ച് സവർക്കർ ലോകത്തോട് വിടപറഞ്ഞു. മത ചടങ്ങുകളൊന്നുമില്ലാതെ വൈദ്യുത ശ്മശാനത്തിലാകണം തന്റെ അന്ത്യകർമ്മങ്ങളെന്ന് വിൽ പത്രത്തിലെഴുതി മരണാനന്തരവും വിപ്ലവകാരിയാവാൻ അദ്ദേഹത്തിന് കഴിഞ്ഞു.
സ്വാതന്ത്ര്യ സമരാഗ്നിയിലേക്ക് വിപ്ലവകാരികളുടെ തലമുറകളെത്തന്നെ സമർപ്പിക്കാനാകും വിധം പ്രോജ്ജ്വലമായിരുന്നു സവർക്കറുടെ ജീവിതമെങ്കിലും സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ അദ്ദേഹത്തെ മറക്കാനായിരിക്കും ചരിത്ര കാപട്യങ്ങൾ കൂടുതൽ പഠിപ്പിച്ചിട്ടുള്ളത്.
എങ്കിലുമോർക്കുക ! ചാരം മൂടിയ കനലുകളിലെ സമരാഗ്നിയെ ഉത്തേജിപ്പിച്ച ആ വിപ്ലവകാരിയെ മറക്കാനും മായ്ക്കാനുമുള്ള ഓരോ ശ്രമങ്ങൾക്കുമെതിരെ ഏതെങ്കിലുമൊരു ഭാരതീയന്റെ മറുപടി ഉയരുക തന്നെ ചെയ്യും..
അല്ല ; ഒരിക്കലും ഇത് ഏകകണ്ഠമായല്ല !!
Discussion about this post