തുവ്വൂര്‍ കൂട്ടക്കൊല മലബാര്‍ മാപ്പിളക്കലാപത്തിലെ ഏറ്റവും ക്രൂരമായ അധ്യായമാണ്. നിരപരാധികളായ ഒരു കൂട്ടം മനുഷ്യരെ കൊന്നുതള്ളിയ മതാവേശമായാണ് അത് ചരിത്രത്തില്‍ രേഖപ്പെടുത്തിയത്. കൂട്ടക്കൊല കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം തുവ്വൂരിലെ കിണര്‍ സന്ദര്‍ശിച്ച കെ. മാധവന്‍ നായര്‍, മലബാര്‍ കലാപം എന്ന തന്റെ വിഖ്യാതപുസ്തകത്തില്‍ സംഭവം വിവരിച്ചിട്ടുണ്ട്. ആംഗ്ലോ-മാപ്പിള യുദ്ധത്തില്‍ വീരകഥകളില്‍പ്പെടുത്തിയാണ് ഇടത് ഇസ്ലാമിക ചരിത്രകാരന്മാര്‍ ഇതിന്റെ ആഖ്യാനങ്ങള്‍ നല്‍കുന്നതെങ്കിലും മരിച്ചു വീണവരില്‍ ഒരൊറ്റ ബ്രിട്ടീഷുകാരനുമുണ്ടായിരുന്നില്ലെന്ന വാസ്തവം ഇത്തരം കെട്ടുകഥകളുടെ പൊള്ളത്തരം തുറന്നു കാട്ടുന്നതാണ്.
മതപരമായ തിട്ടൂരങ്ങള്‍ അനുസരിക്കാത്തവര്‍ക്ക് മതശിക്ഷ നല്‍കുന്ന കോടതികളും അത് നടപ്പാക്കുന്ന ‘സൈനിക’ വിഭാഗങ്ങളും അടങ്ങിയതായിരുന്നു ഖിലാഫത്ത് സമരത്തിന്റെ ഉള്ളടക്കം. പിഴയീടാക്കല്‍, ചാട്ടവാറടി, വീടുകള്‍ തീവെക്കല്‍, കൊലപാതകം തുടങ്ങി മതകോടതിയുടെ വിചാരണയും ശിക്ഷയും നിര്‍ബാധം നടന്നു. ഏകപക്ഷീയമായ വിചാരണയും ശിക്ഷയുമായിരുന്നു അത്. ഇസ്ലാമിക നിയമത്തിന്റെ അതിരുകള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ തീരുമാനിച്ചത് ചെയ്ത ‘കുറ്റകൃത്യത്തിന്റെ’ തീവ്രത പരിശോധിച്ചായിരുന്നു. ഖിലാഫത്ത് സമരത്തെ പിന്തുണയ്ക്കാത്ത മുസ്ലിങ്ങള്‍ക്കും ഇത്തരത്തില്‍ കലാപകാരികളുടെ ശിക്ഷയേറ്റു വാങ്ങേണ്ടിവന്നു. ഖിലാഫത്ത് സമരവുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധി കൊലപാതകങ്ങളും അക്കാലത്ത് നടന്നു. ഇസ്ലാമിക നിയമപ്രകാരം ജീവിക്കാന്‍ അര്‍ഹരല്ലെന്ന വിധി നടപ്പാക്കിയത് ഖിലാഫത്ത് നേതൃത്വമായിരുന്നു.
ഉയര്‍ന്നത് താലിബാന്‍ ചാട്ടവാറടി
1921 ഒക്‌ടോബര്‍ പത്തിന് ഇയ്യത്തുട്ടി ഉമ്മയെ പെരിന്തല്‍മണ്ണ കാര്യവട്ടത്ത് തലയറുത്ത് കൊന്നത് ദുര്‍ന്നടപ്പ് ആരോപിച്ചായിരുന്നു. ചെമ്പ്രശ്ശേരി തങ്ങളുടെ നേതൃത്വത്തിലായിരുന്നു നൂറോളം വരുന്ന സായുധസംഘം ഇയ്യത്തുട്ടി ഉമ്മ താമസിക്കുന്ന വീട് വളഞ്ഞത്. മുറ്റത്ത് ഒരു ശവക്കുഴി കുഴിച്ചുകൊണ്ടാണ് ക്രൂരകൃത്യം നടപ്പാക്കിയത്. താലിബാനില്‍ ഇന്ന് നടപ്പാക്കുന്ന ഇസ്ലാമിക ശിക്ഷയുടെ ചരിത്രമാണ് മലബാറിലെ താലൂക്കുകളില്‍ അന്ന് നടപ്പാക്കിയിരുന്നത്. നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും പ്രാകൃത നിയമങ്ങളുടെ പിടിയില്‍ നിന്നും മതമൗലികവാദ ശക്തികള്‍ പിന്മാറുന്നില്ലെന്ന് വര്‍ത്തമാനകാല ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
അഫ്ഗാനിസ്ഥാനില്‍ ബാനുനെഗാര്‍ എന്ന ഗര്‍ഭിണിയായ പോലീസ് ഓഫീസറെ വകവരുത്തിയതും ശരിയത്ത് നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. കടകളില്‍ പുരുഷന്മാരോടൊപ്പം വരാത്ത സ്ത്രീകള്‍ക്ക് സാധനം വില്‍ക്കാന്‍ കഴിയില്ലെന്ന വിധിയാണ് അവിടെ നടപ്പാക്കുന്നത്. നിയമം ലംഘിച്ചാല്‍ ചാട്ടവാറടിയാണ് ശിക്ഷ. 1921 ല്‍ ഏറനാടന്‍ ഗ്രാമങ്ങളില്‍ ഉയര്‍ന്ന ചാട്ടവാറടി ശബ്ദം തന്നെയാണ് ഇന്ന് അഫ്ഗാനിസ്ഥാന്‍ മണ്ണില്‍ നിന്നും ഉയരുന്നത്. മുഖം മറയ്ക്കാത്തതിനാണ് നെസാഹീന്‍ എന്ന ഇരുപത്തിയൊന്നുകാരിയെ കാറില്‍ വെടിവെച്ച് കൊന്നതെന്ന് അഫ്ഗാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1921ല്‍ മലയാളത്തില്‍ ഉണ്ടായിരുന്ന പത്രങ്ങളില്‍ ഇത്തരം നിരവധി വാര്‍ത്തകള്‍ കാണാം. വാര്‍ത്താവിനിമയ ശൃംഖലയില്ലാതിരുന്ന ഒരു കാലത്ത് എത്ര സംഭവങ്ങള്‍ വാര്‍ത്തയായി എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
1921 നവംബര്‍ ഏഴിന് ഇമ്പിച്ചന്‍ കുട്ടന്‍ പൂശാരിയെന്ന പിന്നാക്ക വിഭാഗത്തിലെ പൂജാരിയെ ഇസ്ലാമില്‍ ചേരാന്‍ വിസമ്മതിച്ചതിനാണ് കൊലപ്പെടുത്തിയത്. ജന്മിമാര്‍ക്കും പ്രഭുത്വത്തിനുമെതിരെ നടന്ന കലാപം എന്ന് ഇടത് ചരിത്രകാരന്മാരുടെ ചരിത്രാഖ്യാനത്തെ വെല്ലുവിളിക്കുന്ന കൊലപാതക പരമ്പരകളാണ് കലാപകാലത്ത് നടന്നതെന്ന് വ്യക്തം.
ആഗസ്റ്റ് 21ന് കാലത്ത് നിലമ്പൂര്‍ കോവിലകം ആക്രമിക്കപ്പെട്ടതിന്റെ കാരണം അതൊരു ജന്മികുടുംബമായത് കൊണ്ടല്ലെന്ന് മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് തന്റെ ഖിലാഫത്ത് സ്മരണകളില്‍ വ്യക്തമാക്കുന്നുണ്ട്. കുടിയാന്മാരെ ദ്രോഹിച്ചതല്ല കോവിലകത്തോടുള്ള പ്രത്യേക വിരോധത്തിന് കാരണമെന്ന് നമ്പൂതിരിപ്പാട് സാക്ഷ്യപ്പെടുത്തുന്നു. ”ലഹളക്കാര്‍ കയറിച്ചെന്നപ്പോള്‍ കോവിലകത്തുള്ളവര്‍ അവിടെ ഉണ്ടായിരുന്നില്ല സ്ഥലം വിട്ടുപോയിരുന്നു. ദാസികളും ദാസന്മാരും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ലഹളക്കാര്‍ അവരെ ആബാലവൃദ്ധം ബലികഴിച്ചു” എന്നാണ് മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് തന്റെ പുസ്തകത്തില്‍ പറയുന്നത്. പാവപ്പെട്ട പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കോവിലകം ജോലിക്കാര്‍ ബ്രിട്ടീഷുകാരുടെ ഒറ്റുകാരാവാനും തരമില്ല. പിന്നെ എന്തിനായിരുന്നു ഈ കൂട്ടക്കൊല എന്നതിന് ഉത്തരം തേടുമ്പോഴാണ് ഖിലാഫത്ത് പ്രക്ഷോഭത്തിലെ മതപരമായ അസഹിഷ്ണുത വീണ്ടും പുറത്ത് ചാടുന്നത്. ഖിലാഫത്ത് ഭരണകൂടത്തിന് പിരിവ് നല്‍കിയില്ല ഖിലാഫത്ത് സാമ്രാജ്യത്വത്തിന്റെ മാര്‍ഷ്യല്‍ ലോ അനുസരിച്ചില്ല തുടങ്ങിയ നിരവധി കാരണങ്ങളാലാണ് മലബാര്‍ കലാപത്തില്‍ ഹിന്ദുക്കള്‍ രക്തസാക്ഷികളാകേണ്ടിവന്നത്. ഭൂപ്രഭുക്കന്മാരും ഭൂപ്രമാണിമാരുമല്ല, കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും പാവപ്പെട്ട പിന്നാക്കവിഭാഗക്കാരായ ഹിന്ദുജനസമൂഹമായിരുന്നു.
എന്നാല്‍ കൊല്ലപ്പെട്ട ഹിന്ദുക്കള്‍ അതിനിരയായത് ബ്രിട്ടീഷുകാര്‍ക്ക് ഖിലാഫത്ത് കലാപകാരികളെ ഒറ്റുകൊടുത്തതുകൊണ്ടാണെന്ന കടുത്ത വിദ്വേഷപ്രചാരമാണ് ഇടത്- ഇസ്ലാമിസ്റ്റ് കേന്ദ്രങ്ങള്‍ നടത്തുന്നത്. തുവ്വൂരില്‍ കൂട്ടക്കൊല നടത്തിയ മുസ്ലീം കലാപകാരികള്‍ ചെയ്തതിനേക്കാള്‍ ക്രൂരമായ മനോഭാവമാണ് ഇവര്‍ക്കുള്ളതെന്നു വ്യക്തമാവുന്നു. തുവ്വൂര്‍ പ്രദേശത്തെ ജനത മുഴുവന്‍ കലാപകാരികളെ ഒറ്റുകൊടുക്കുകയായിരുന്നുവെന്ന വ്യാഖ്യാനം എത്രമേല്‍ അപഹാസ്യമാണ്. എന്നാല്‍ എന്തായിരുന്നു സപ്തംബര്‍ 24 ന്റെ രാത്രി തെരഞ്ഞെടുക്കാന്‍ കാരണം? 23 ന് തുവ്വൂരില്‍ നിന്ന് പട്ടാളം ഒഴിഞ്ഞുപോയതിനുശേഷമാണ് കലാപകാരികള്‍ക്ക് ധൈര്യം ലഭിച്ചത്. അന്നുരാത്രിയാണ് പാവപ്പെട്ടവരുടെ കുടിലുകളിലേക്ക് കലാപക്കാര്‍ സായുധരായി ഇരച്ചു കയറിയത്.
തുവ്വൂരിന് ശേഷം അരീക്കോട്ടും തിരൂരങ്ങാടിയിലും കോഴിക്കോട് പുത്തൂരുമടക്കം കലാപം വ്യാപിച്ചിരുന്നു. താനൂരിനടുത്ത് കേരളാധീശപുരത്തുള്ള ചാലിയത്തെരുവില്‍ കലാപകാരികള്‍ അഴിഞ്ഞാടി. ആറേഴ് ചാലിയന്മാരെ കൊന്നുവെന്നും കുട്ടികളെ പോലും അക്രമത്തില്‍ നിന്ന് ഒഴിവാക്കിയില്ലെന്നും കെ. മാധവന്‍ നായര്‍ തന്റെ പുസ്തകത്തില്‍ കുറിക്കുന്നുണ്ട്. ഒക്‌ടോബര്‍ ആറാം തീയതി ചാലിയത്തെരുവില്‍ കാളരാത്രി തന്നെയായിരുന്നു. ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടവരാണ് കോഴിക്കോട്ടും തൃശ്ശൂരുമൊക്കെയായി ഇന്ന് കഴിഞ്ഞുകൂടുന്നത്. കോണ്‍ഗ്രസ്സ് റിലീഫ് കമ്മിറ്റി ആദ്യമായി സഹായം ചെയ്തത് താനൂരില്‍ നിന്ന് പലായനം ചെയ്ത ചാലിയന്മാര്‍ക്കായിരുന്നുവെന്ന് കെ. മാധവന്‍ നായര്‍ വിവരിക്കുന്നുണ്ട്.
ക്രൈസ്തവരും കൊല്ലപ്പെട്ടു
താനൂരിനടുത്ത് കൊടക്കലില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ കലാപകാരികള്‍ നടത്തിയ നരനായാട്ടും ഖിലാഫത്ത് കലാപത്തിന്റെ യഥാര്‍ത്ഥലക്ഷ്യം വ്യക്തമാക്കുന്നതാണ്. ബ്രിട്ടീഷ് പട്ടാളക്കാരെയല്ല മറിച്ച് തദ്ദേശീയരായ ക്രിസ്ത്യാനികളെയായിരുന്നു കലാപകാരികള്‍ ലക്ഷ്യമിട്ടത്. ഇവിടെ ആയിരത്തോളം ക്രിസ്ത്യാനികള്‍ അക്കാലത്ത് താമസമാക്കിയിരുന്നു. ഒക്‌ടോബര്‍ രണ്ടിന് രാത്രി പതിനൊന്ന് മണിയോടെ മുന്നൂറോളം മാപ്പിളമാര്‍ കൊടക്കലിനടുത്തുള്ള എടക്കുളം അങ്ങാടിയിലെത്തി. പിന്നീട് കൊടക്കലിലേക്ക് പുറപ്പെട്ട ലഹളസംഘം സുകുമാരനെന്നയാളുടെ ഉടമസ്ഥതയിലുള്ള ചായക്കടയുടെ കോലായയില്‍ കിടന്നുറങ്ങുകയായിരുന്ന ജേക്കബ്, ഐസക്ക് എന്നിവരെ കൊലചെയ്തു. അതിനുശേഷം യേശുമിത്രന്‍ എന്ന ഒരു സ്‌കൂള്‍ മാസ്റ്ററെയും അയാളുടെ അഞ്ചു മക്കളെയും ആക്രമിച്ചു. യേശുമിത്രന്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വീടുകള്‍ വളയുകയും കൊള്ള തുടരുകയും ചെയ്ത അക്രമിസംഘം തിരൂരില്‍ നിന്ന് പട്ടാളം വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് രക്ഷപ്പെട്ടത്. ”മാപ്പിളമാരുടെ ഈ അക്രമണം ക്രിസ്ത്യാനികള്‍ക്ക് എന്തെന്നില്ലാത്ത ഭയവും പരിഭ്രമവും ഉണ്ടാക്കി. അവരെല്ലാം പലവഴിക്കും ഓടിപ്പോയി. ചിലര്‍ കോഴിക്കോട്ടേക്കും ചിലര്‍ പാലക്കാട്ടേക്കും പോയി രക്ഷപ്രാപിച്ചു.” മാപ്പിളമാരും പട്ടാളക്കാരും തമ്മില്‍ ഒരു യുദ്ധമെന്ന് പറയത്തക്കവിധം യാതൊന്നും ഇക്കാലത്ത് നടന്നിരുന്നില്ലെന്ന് കെ. മാധവന്‍ നായര്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
കലാപം മതവെറി നിറഞ്ഞത്
മാപ്പിളക്കലാപത്തിന്റെ ഉള്ളടക്കം ആദ്യവസാനം മതവെറി നിറഞ്ഞതായിരുന്നു. അതില്‍ ജന്മി-കുടിയാന്‍ വര്‍ഗ്ഗസംഘര്‍ഷമോ സ്വാതന്ത്ര്യസമരത്തിന്റെ ദേശീയ ചിന്തയോ ഉണ്ടായിരുന്നില്ല. ഖലീഫയുടെ സ്ഥാനം നേടിയെടുക്കുന്നതിലൂടെ ഇന്നാട്ടിലും ഇസ്ലാമിക രാജ്യം സ്ഥാപിക്കാമെന്ന അതിമോഹമായിരുന്നു കലാപത്തിന്റെ ഉള്ളടക്കം. ഐഎസ്സും താലിബാനും അല്‍ഖ്വയ്ദയും ജമാഅത്തെഇസ്ലാമിയും മുസ്ലിംഭീകരസംഘടനകളും ലക്ഷ്യം വെയ്ക്കുന്നത് മതരാജ്യം തന്നെയാണ്. തുവ്വൂരില്‍ നിന്നും മലബാര്‍ കലാപകാലഘട്ടത്തില്‍ നിന്നും 2021 ഏറെയകലെയല്ലെന്ന് തെളിയിക്കുന്നതാണ് ആഗോളസാഹചര്യം. ജോസഫ് മാഷിന്റെ കൈവെട്ടു സംഭവം മുതല്‍ ബാനുെനഗാര്‍ എന്ന ഗര്‍ഭിണിയായ പോലീസ് ഓഫീസറുടെ കൊലപാതകം വരെ കെട്ടുപിണഞ്ഞുകിടക്കുന്ന മതമൗലികവാദത്തിന്റെ മുഖങ്ങളാണ് തെളിഞ്ഞുവരുന്നത്.
1921 ന്റെ യഥാര്‍ത്ഥ ചരിത്രം പഠിക്കേണ്ടത് ഈ സാഹചര്യത്തിലാണ്. ചരിത്രത്തിലെ തെറ്റുതിരുത്താനും ചരിത്രപാഠം ഉള്‍ക്കൊള്ളാനും തയ്യാറാവണമെന്നാണ് 1921 ഒരു നൂറ്റാണ്ടിനു ശേഷം നല്‍കുന്ന യഥാര്‍ത്ഥ പാഠം. മാപ്പിളക്കലാപത്തെ എതിര്‍ത്തുനിന്ന മുസ്ലീംധാര ഇന്നും കേരളത്തിലും ഭാരതത്തിലുമുണ്ട്. ഈ ധാര ശക്തിപ്പെടുകയും ചരിത്രത്തിലെ പിഴവുകളെ തിരുത്തുകയും ചെയ്യുകയെന്ന ദൗത്യം നിര്‍വ്വഹിക്കപ്പെടേണ്ടതുണ്ട്. മാപ്പിളക്കലാപത്തിലെ രക്തസാക്ഷികളുടെ ആത്മാക്കള്‍ ആഗ്രഹിക്കുന്നതും അതാണ്.
Discussion about this post