ധ്രുവപ്രദേശത്തോടു ചേര്‍ന്ന് അതായത് ഉയർന്ന അക്ഷാംശ മേഖലകളിൽ രാത്രികാലങ്ങളില്‍ ഉന്നതാന്തരീക്ഷത്തില്‍ കാണപ്പെടുന്ന ഈ പ്രതിഭാസമാണ് അറോറ അഥവാ ധ്രുവദീപ്തി. ദക്ഷിണ ധ്രുവപ്രദേശത്ത് കാണുന്നതിനെ aurora australis അഥവാ സതേൺ ലൈറ്റ്‌സ് എന്നും ഉത്തര ധ്രുവപ്രദേശത്ത് കാണുന്നതിനെ aurora borealis അഥവാ നോര്‍ത്തേണ്‍ ലൈറ്റ്സ് എന്നും പറയുന്നു.
സൂര്യനിൽ നിന്ന് തുടർച്ചയായി പുറപ്പെടുവിക്കുന്ന ഊർജവും ചെറുകണികകളും നമ്മിലേക്ക് എത്താതെ ഭൂമിയുടെ കാന്തികവലയം സംരക്ഷിക്കുന്നു. എന്നാൽ ഇതിന്റെ അളവ് പലപ്പോഴും ഒരേപോലെയായിരിക്കണമെന്നില്ല. ചില സൗരവാതങ്ങൾ ഭൂമിയിലേക്കെത്തുന്ന ഊർജത്തിന്റെ അളവ് കൂട്ടുന്നു. അങ്ങനെയൊരു സൗര കൊടുങ്കാറ്റായ കൊറോണൽ മാസ് എജക്ഷൻ, ഉയർന്ന വേഗതയിൽ ബഹിരാകാശത്ത് സഞ്ചരിക്കാൻ കഴിയുന്ന വൈദ്യുതീകരിച്ച കണികകളുടെ ഒരു കൂട്ടത്തെ പുറംതള്ളുന്നു. ഇതിൽ ചില കണങ്ങൾ ഭൂമിയുടെ കാന്തികവലയം ഭേദിച്ച് അന്തരീക്ഷത്തിലേക്ക് എത്തുകയും, ഭൗമാന്തരീക്ഷത്തിലെ വാതക തന്മാത്രകളുമായി പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി വര്‍ണശബളമായ പ്രകാശം ആകാശത്ത് പ്രകടമാകുന്നു. ഓക്സിജൻ പച്ചയും ചുവപ്പും, നൈട്രജൻ നീലയും പർപ്പിൾ നിറവും നൽകുന്നു.
കഴിഞ്ഞ 20 വർഷത്തിനിടെ സൂര്യനിൽ നിന്നുണ്ടാകുന്ന ഏറ്റവും ശക്തമായ സൗരകൊടുങ്കാറ്റായിരുന്നു, മെയ് 10, 11 തീയതികളിൽ ലോകമെമ്പാടും പ്രകടമായ ധ്രുവദീപ്‌തിക്ക് (അറോറ ബോറിയാലിസ്) കാരണം. സെക്കന്‍ഡില്‍ 700 കിലോമീറ്റര്‍ ആയിരുന്നു ഇവയുടെ വേഗത എന്ന് കണക്കാക്കുന്നു. സാധാരണയായി ധ്രുവപ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന ധ്രുവദീപ്തി, ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടുവെന്ന് ഇന്ത്യൻ ജ്യോതിശാസ്ത്ര നിരീക്ഷണാലയം അവകാശപ്പെടുന്നു. ലഡാക്കിലെ ഹാൻലെ മേഖലയിലെ സരസ്വതി പർവതത്തിന് മുകളിലാണ് ഇന്ത്യൻ ജ്യോതിശാസ്ത്ര നിരീക്ഷണാലയം സ്ഥിതി ചെയ്യുന്നത്. ഉയർന്ന അക്ഷാംശങ്ങളിൽ സാധാരണ കാണപ്പടുന്ന പച്ച-നീല പ്രകാശങ്ങൾക്ക് വിരുദ്ധമായി ചുവപ്പ് നിറത്തിലുള്ള സ്റ്റേബിൾ അറോറൽ ആർക്ക് (SAR) ആണ് ഹാൻലെയിൽ പ്രകടമായത്. 2023 നവംബറിലും ഈ അത്യപൂർവ കാഴ്ചക്ക് ലഡാക്ക് സാക്ഷ്യം വഹിച്ചിരുന്നു.
വരും ദിവസങ്ങളിൽ സെക്കൻഡിൽ 1800 കിലോമീറ്റർ വേഗതയുള്ള കണങ്ങൾ കാന്തികവലയത്തിലേക്ക് എത്തുമെന്നും, അതുകാരണം ഈ പ്രതിഭാസം അടുത്ത ഒരാഴ്ചകൂടി ഉണ്ടാകുമെന്നും ശാസ്ത്രലോകം കണക്കാക്കുന്നു.
പുരാതന റോമൻ, ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞർ നോര്‍ത്തേണ്‍ ലൈറ്റ്സിനെ പറ്റി പഠനം നടത്തിയിരുന്നു. അതിന്റെ ഫലമായാണ് പ്രഭാതത്തിൻ്റെ റോമൻ ദേവതയായ അറോറയുടെയും, വടക്കൻ കാറ്റിൻ്റെ ഗ്രീക്ക് ദേവനായ ബോറിയസിൻ്റെയും പേര് കൂടിചേർത്ത് അറോറ ബോറിയാലിസ് എന്ന പേര് ഈ പ്രതിഭാസത്തിന് നൽകിയത്.
സഹസ്രാബ്ദങ്ങളായി ആളുകളെ ആകർഷിക്കുന്ന പ്രകാശത്തിൻ്റെ മന്ത്രികതയാണ് ധ്രുവദീപ്‌തി എന്ന് പറഞ്ഞാലും തെറ്റില്ല.
Discussion about this post